Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

അശ്രദ്ധകാണിച്ചാൽ എന്തും സംഭവിക്കാവുന്ന അവസ്ഥ; രോഗവ്യാപനം വർധിക്കുന്നില്ല എന്നതുകൊണ്ട് സുരക്ഷിതരായി എന്ന തോന്നൽ സർക്കാരിനില്ല; ആകാശ മാർഗ്ഗം തുറന്നാൽ നാലാംഘട്ട വ്യാപനത്തിന് സാധ്യത ഏറെ; ലോക് ഡൗൺ പിൻവലിച്ചാൽ കോവിഡിനെ ചെറുക്കാൻ ഡിജിറ്റൽ പ്രതിരോധവുമായി കേരളം; കേരളത്തിലേക്ക് യാത്ര ചെയ്യുമ്പോൾ വിദേശത്ത് തന്നെ ഓൺലൈൻ രജിസ്ട്രേഷൻ വരും; വിമാനം ഇറങ്ങിയാൽ ക്വാറന്റൈനും; ഐടി വകുപ്പിനായി ഡിജിറ്റൽ പാസ് ഒരുക്കുന്നത് അമേരിക്കൻ മലയാളിയും

അശ്രദ്ധകാണിച്ചാൽ എന്തും സംഭവിക്കാവുന്ന അവസ്ഥ; രോഗവ്യാപനം വർധിക്കുന്നില്ല എന്നതുകൊണ്ട് സുരക്ഷിതരായി എന്ന തോന്നൽ സർക്കാരിനില്ല; ആകാശ മാർഗ്ഗം തുറന്നാൽ നാലാംഘട്ട വ്യാപനത്തിന് സാധ്യത ഏറെ; ലോക് ഡൗൺ പിൻവലിച്ചാൽ കോവിഡിനെ ചെറുക്കാൻ ഡിജിറ്റൽ പ്രതിരോധവുമായി കേരളം; കേരളത്തിലേക്ക് യാത്ര ചെയ്യുമ്പോൾ വിദേശത്ത് തന്നെ ഓൺലൈൻ രജിസ്ട്രേഷൻ വരും; വിമാനം ഇറങ്ങിയാൽ ക്വാറന്റൈനും; ഐടി വകുപ്പിനായി ഡിജിറ്റൽ പാസ് ഒരുക്കുന്നത് അമേരിക്കൻ മലയാളിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആദ്യം വുഹാനിൽ നിന്ന്. പിന്നെ ഇറ്റലിയിൽ നിന്നും. നിസാമുദ്ദീനിലെ കോവിഡുകാർ വലിയ ഭീഷണിയായില്ല. ഇനി നാലാം ഘട്ടമാണ്. ലോക് ഡൗൺ മാറ്റിയാൽ വിമാനങ്ങൾ എത്തി തുടങ്ങും. പ്രവാസികളായ മലയാളികൾ കൊറോണ പേടിയിൽ സ്വന്തം മണ്ണിലേക്ക് ഒഴുകിയെത്തും. ഇത് കേരളത്തിന് ഭീഷണിയാണ്. ഇത് മനസ്സിലാക്കി ലോക്ഡൗൺ പിൻവലിക്കുമ്പോൾ കോവിഡിന്റെ ചെറുക്കാൻ ഡിജിറ്റൽ പ്രതിരോധവുമായി കേരളം.

കേരളത്തിലേക്കു യാത്ര ചെയ്യുന്നവർക്ക് ഡിജിറ്റൽ പാസ്, രോഗസാധ്യതയുള്ളവരുടെ മാപ്പിങ്, വിവിധ രോഗങ്ങൾ ഉള്ളവരുടെ ഡേറ്റാ ബാങ്ക്, കോവിഡ് വിവരങ്ങൾ അറിയിക്കാനുള്ള മൊബൈൽ ആപ്, സമൂഹവ്യാപനമുണ്ടായാൽ ചികിത്സ ക്രമീകരിക്കാനുള്ള ഡേറ്റാ പ്ലാറ്റ്‌ഫോം എന്നിവയെല്ലാം കേരള സർക്കാർ തയ്യാറാക്കും. ഐടി വകുപ്പാണ് ഇതിന് പിന്നിൽ. വിമാന യാത്ര മൂന്നാഴ്ചയ്ക്കുള്ളിൽ തുടങ്ങേണ്ടി വരുമെന്നാണഅ വിലയിരുത്തൽ. ഇത് തിരിച്ചറിഞ്ഞാണ് കേരളം ഡിജിറ്റൽ പ്രതിരോധത്തിന് ഒരുങ്ങുന്നത്. യുഎസ് മലയാളിയായ റാഗി തോമസിന്റെ ഉടമസ്ഥതയിലുള്ള സ്പ്രിംക്ലർ എന്ന കമ്പനിയാണ് ഐടി മിഷനുവേണ്ടി ദൗത്യം നിർവഹിക്കുക.

വിദേശത്തുനിന്നുൾപ്പെടെ കേരളത്തിലേക്കുള്ള യാത്ര തുടങ്ങുമ്പോൾ തന്നെ മൊബൈൽ ഫോൺ വഴി വിവരം രജിസ്റ്റർ ചെയ്യുന്നതു നിർബന്ധമാക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ഡിജിറ്റൽ പാസ് അനുവദിക്കും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിൽ എത്തിയാലുടൻ ഇവരെ ക്വാറന്റീനിലാക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെ സാങ്കേതികവിദ്യകളുടെ അടിസ്ഥാനത്തിൽ ഈ വിവരങ്ങൾ ഏകോപിപ്പിക്കും. അങ്ങനെ ക്വാറന്റൈനിൽ നിന്ന് ഇവർ പുറത്തിറങ്ങുന്നോ എന്ന് പോലും പരിശോധിക്കും.

റേഷൻ കാർഡ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ രോഗസാധ്യതയുള്ളവരുടെ മാപ്പിങ് തയ്യാറാക്കിയാകും പ്രതിരോധം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതലുള്ള രോഗികളുടെ വിവരങ്ങൾ ഡിജിറ്റൽ രൂപത്തിലാക്കിയാകും ജീവിതശൈലീ രോഗികളുടെയും ഗുരുതര രോഗികളുടെയും ഡേറ്റ തയാറാക്കുക. പുതിയ മൊബൈൽ ആപ് വഴി പൊതുസമൂഹത്തിൽ നിന്നുള്ള വിവരങ്ങൾക്കൊപ്പം നിരീക്ഷണത്തിലുള്ളവരുടെ തത്സമയ വിവരങ്ങളും ലഭ്യമാകും. ടെലിമെഡിസിൻ ഉൾപ്പെടെ വൈദ്യസഹായങ്ങളും ലഭ്യമാക്കും. കോവിഡ് ഭീഷണി കഴിഞ്ഞാലും രോഗപ്രതിരോധ രംഗത്ത് ഈ സംവിധാനം ഉപയോഗിക്കും.

അശ്രദ്ധകാണിച്ചാൽ എന്തും സംഭവിക്കാവുന്ന അവസ്ഥ ഇപ്പോഴുമുണ്ടെന്ന് ആരും മറക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഓർമ്മിപ്പിച്ചിരുന്നു. കൊറോണ വൈറസ് രോഗവ്യാപനം വർധിക്കുന്നില്ല എന്നതുകൊണ്ട് സുരക്ഷിതരായി എന്ന തോന്നൽ ചിലർക്കൊക്കെയുണ്ടായിട്ടുണ്ട്. ഇത് ലോക്ഡൗൺ നിബന്ധനകൾ ലംഘിക്കുന്നതിന് ഇട വരുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഈസ്റ്ററും വിഷുവൊക്കെ എത്തുകയാണ്. വ്യാപാരികളും സന്നദ്ധ സേനകളും പൊലീസും ജാഗ്രതയോടെ ഇടപെടേണ്ട സമയമാണിത്. ഈ സമയത്ത് കർശനമായും ശാരീരിക അകലം പാലിച്ചിരിക്കണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ആത്മവിശ്വാസം എപ്പോഴും നല്ലതാണ്. എന്നാൽ സുരക്ഷിതരായി എന്ന തോന്നൽ ലോക്ക്ഡൗൺ ലംഘിക്കാൻ ഇടവരുത്തരുത്. ജാഗ്രത ഉപേക്ഷിക്കാൻ പറ്റില്ല. ഇപ്പോഴും രോഗ വ്യാപനത്തിന്റെ സാധ്യത ഇല്ലാതായിട്ടില്ല. മോശമായ കാര്യങ്ങൾ പ്രതീക്ഷിക്കുകയും അതിന്റെ ഭാഗമായിട്ടുള്ള കരുതൽ കർക്കശമായി എടുക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. : സംസ്ഥാനത്ത് നാലു ദിവസം കൊണ്ട് നാലു ലാബുകൾ പ്രവർത്തനസജ്ജമാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ പരിശോധനാ സംവിധാനങ്ങൾ വർധിപ്പിക്കുന്നുണ്ട്. നാലു ദിവസം കൊണ്ട് പുതിയ നാല് ലാബ് പ്രവർത്തന സജ്ജമാകും. 14 ജില്ലക്ക് 14 ലാബ് എന്നാണ് ഉദ്ദേശിക്കുന്നത്. സ്വകാര്യ ലാബുകളിൽ ടെസ്റ്റുകൾ നടത്താൻ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാസർകോട് അതിർത്തിയിലൂടെ രോഗികൾക്ക് പോകാൻ സാധിക്കാത്ത പ്രശ്നം കുറേ നാളുകളായി നമ്മുടെ ചർച്ചയിൽ ഉണ്ട്, ഇന്നും ചികിത്സ കിട്ടാതെ ഒരാൾ മരിച്ചു. അത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ രോഗികളെ സംസ്ഥാനത്തെ പ്രധാന ആശുപത്രികളിൽ എത്തിക്കാൻ ശ്രമിക്കും. ഇക്കാര്യത്തിൽ ആവശ്യമെങ്കിൽ ആകാശമാർഗവും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാർത്ഥികൾ അടക്കമുള്ളവർ വീട്ടിൽ കഴിയുന്നതിനാൽ സംസ്ഥാനത്തെ പുസ്തകക്കടകൾ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം തുറക്കുന്ന കാര്യം പരിഗണിക്കുന്നുണ്ട്. വളം, വിത്ത്, കീടനാശിനി തുടങ്ങിയവ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മണി മുതൽ 11 മണി വരെ പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വകാര്യ ആശുപത്രികളുടെ വൈദ്യുത നിരക്കും വെള്ളക്കരവും അടയ്ക്കേണ്ട തീയതികളിൽ മാറ്റം വരുത്തും. ആർസിസിയിൽ ചികിത്സിക്കുന്നവർക്ക് നിലവിൽ തിരുവനന്തപുരത്ത് എത്താൻ ബുദ്ധിമുട്ട് ഉണ്ട്. അതിനാൽ ഇതിന് പരിഹാരമായി സംസ്ഥാന ആരോഗ്യവകുപ്പും ആർസിസിയും ചേർന്ന് ഇവർക്ക് പ്രാദേശികമായി ചികിത്സാ സംവിധാനം ഒരുക്കും. തുടർചികിത്സ, ആവശ്യമായ മരുന്നുകൾ, സാന്ത്വനചികിത്സ തുടങ്ങിയവ ഇതിലൂടെ ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നാളികേര സംഭരണം നടക്കുന്നില്ലെന്ന പരാതി പരിശോധിച്ചു. ഇക്കാര്യത്തിൽ സഹായകരമായ നിലപാട് സ്വീകരിക്കും.

സർക്കസ് കലാകാരന്മാർക്ക് സഹായം നൽകും. ചില ബാങ്കുകൾ ഇപ്പോഴും ജപ്തി നടപടികളുമായി മുന്നോട്ടുപോകുന്നത് ദൗർഭാഗ്യകരമാണെന്നും ഈ ഘട്ടത്തിൽ എല്ലാ ജപ്തി നടപടികളും നിർത്തിവെയ്ക്കേണ്ടതാണെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP