Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഴിക്കുള്ളിലെ നായകൻ പുറത്തിറങ്ങുന്നത് കാത്തിരുന്ന് ടോമിച്ചന് മടുത്തു; കൈനഷ്ടമുണ്ടായാലും 'രാമലീല' റിലീസ് ചെയ്യാനുറച്ച് മുളകുപാടം ഫിലിംസ്; കമ്മാരസംഭവവുമായി മുന്നോട്ട് പോകേണ്ടെന്ന തീരുമാനത്തിൽ ഗോകുലം ഗോപാലനും; രാമചന്ദ്രബാബുവിന്റെ പ്രൊഫ ഡിങ്കനും ഉപേക്ഷിച്ചു; ദിലീപിനെ വിശ്വസിച്ച് കുടുങ്ങിയ സിനിമാക്കാരുടെ തീരുമാനങ്ങൾ ഇങ്ങനെ

അഴിക്കുള്ളിലെ നായകൻ പുറത്തിറങ്ങുന്നത് കാത്തിരുന്ന് ടോമിച്ചന് മടുത്തു; കൈനഷ്ടമുണ്ടായാലും 'രാമലീല' റിലീസ് ചെയ്യാനുറച്ച് മുളകുപാടം ഫിലിംസ്; കമ്മാരസംഭവവുമായി മുന്നോട്ട് പോകേണ്ടെന്ന തീരുമാനത്തിൽ ഗോകുലം ഗോപാലനും; രാമചന്ദ്രബാബുവിന്റെ പ്രൊഫ ഡിങ്കനും ഉപേക്ഷിച്ചു; ദിലീപിനെ വിശ്വസിച്ച് കുടുങ്ങിയ സിനിമാക്കാരുടെ തീരുമാനങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഓണ ചിത്രങ്ങൾക്ക് തൊട്ടു പിറകേ ദിലീപിന്റെ രാമലീല തിയേറ്ററിലെത്തും. നേരത്തെ ദിലീപ് ജയിൽ മോചിതനായ ശേഷം രാമലീല പ്രദർശനത്തിന് എത്തിച്ചാൽ മതിയെന്നായിരുന്നു ധാരണം. എന്നാൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് രണ്ടാം തവണയും ജാമ്യം നിഷേധിച്ചതോടെ രാമലീല വെട്ടിലായി. ചിത്രത്തിന്റെ റിലീസ് വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. പുലിമുരുകന്റെ വൻ വിജയത്തിന് ശേഷം ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന ചിത്രം നവാഗതനായ അരുൺ ഗോപിയാണ് സംവിധാനം ചെയ്യുന്നത്. എന്തുവന്നാലും ഒക്ടോബറിൽ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം. ഇനി ഇക്കാര്യത്തിൽ ദിലീപിന്റെ ഉപദേശം തേടില്ല. ദിലീപിന്റെ ജാമ്യേപേക്ഷ വീണ്ടും കോടതി തള്ളിയ സാഹചര്യത്തിലാണ് ആ നീക്കം. ഇതു സംബന്ധിച്ച് ടോമിച്ചൻ മുളകുപാടവും അരുൺ ഗോപിയും യോജിപ്പിലെത്തിയതായാണ് സൂചന.

രാമലീലയുടെ റിലീസ് എന്ന് എന്ന ചോദ്യത്തിന് ടോമിച്ചൻ മുളകുപാടം മറുപടി പറയുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒന്നും പറയാനാകില്ല. ഓണം റിലീസായി ചിത്രം പ്ലാൻ ചെയ്തിരുന്നില്ല. ചിലപ്പോൾ അടുത്ത മാസം റിലീസ് ഉണ്ടായേക്കാം. തീയതി നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ദിലീപിന്റെ ജാമ്യവുമായി ബന്ധപ്പെട്ടല്ല റിലീസ് നീളുന്നത് വർക്കുകൾ തീരാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ദിലീപിനെ അരുൺ ഗോപി ജയിലിൽ സന്ദർശിച്ചിരുന്നു. താൻ ജയിൽ മോചിതനായ ശേഷം ചിത്രം ഇറക്കാമെന്നായിരുന്നു സംവിധായകനോട് ദിലീപ് പറഞ്ഞത്. ഓണത്തിന് മുമ്പ് പുറത്തിറങ്ങുമെന്നും പറഞ്ഞു. എന്നാൽ ഒന്നും നടന്നില്ല. ദിലീപ് വിചാരണ തടവുകാരനായി മാറുമെന്നാണ് സൂചന. ഈ സാഹചര്യത്തിൽ രാമലീല തിയേറ്ററിലിറക്കി കിട്ടുന്ന കളക്ഷൻ നേടാനാണ് ടോമിച്ചന്റെ തീരുമാനം. സിനിമ റിലീസ് ചെയ്യാത്തത് വലിയ പ്രതിസന്ധി തനിക്കുണ്ടാക്കുമെന്ന് ടോമിച്ചൻ തിരിച്ചറിയുന്നു. അതുകൊണ്ടാണ് രാമലീല തിയേറ്ററിലെത്തിക്കുന്നത്.

ദിലീപിന്റെ ജയിൽ വാസം തുടരുന്നതോടെ കമ്മാരസംഭവം എന്ന സിനിമ ഇനി മുന്നോട്ട് പോകില്ലെന്നും സിനിമാ പ്രവർത്തകർ തിരിച്ചറിയുന്നു. രാമലീലയ്ക്ക് ഇരുപത് കോടിയോളം മുതൽമടുക്കുണ്ടായിരുന്നു. വൻ ബജറ്റിൽ തയ്യാറാക്കിയ കമ്മരാസംഭവത്തിന് ഇതുവരെ 12 കോടിയോളം മുടക്കുകയും ചെയ്തു. ഗോകുലം ഗോപാലനാണ് ഈ ചിത്രത്തിന്റെ നിർമ്മാതാവ്. പോയത് പോയി എന്ന അഭിപ്രായത്തിലേക്ക് ഗോകുലം എത്തിക്കഴിഞ്ഞു. വമ്പൻ സാമ്പത്തിക കരുത്തുള്ള വ്യക്തിയായതിനാൽ ഈ സിനിമ മുടങ്ങുന്നത് ഗോകുലം ഗോപാലനെ അലട്ടുന്നുമില്ല. എന്നാൽ ഈ ചിത്രത്തിന്റേതും പുതുമുഖ സംവിധായകനാണ്. രതീഷ് അമ്പാട്ടിന് ഈ സിനിമ മുടങ്ങുന്നത് ഒരു തരത്തിലും ഉൾക്കൊള്ളാനാകില്ല. ദിലീപിന്റെ പ്രഫസർ ഡിങ്കനും വേണ്ടെന്നു വച്ചതായാണ് സൂചന.

ജൂലൈ മാസം ആദ്യമായിരുന്നു രാമലീലയുടെ റിലീസ് നിശ്ചയിച്ചത്. ഇതിന് തൊട്ടുമുമ്പായിരുന്നു ദിലീപിന്റെ അറസ്റ്റ്. ഇതോടെ നീട്ടിവച്ചു. ദിലീപിന് അനുകൂല സഹതാപ തരംഗ ഉണ്ടാക്കാനായി ചില പൊടിക്കൈകളുമായി ടീസർ പുറത്തിറങ്ങി. നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റമൊന്നും ചെയ്തില്ലെന്ന് പറഞ്ഞു വയ്ക്കുന്നതായിരുന്നു ടീസർ. എന്നാൽ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ തള്ളി. രാമലീലയുടെ ടീസർ പങ്കുവച്ച വികാരത്തിന് എതിരായ വിധിയാണ് പുറത്തുവന്നത്. ഇതോടെ രാമലീല വമ്പൻ പ്രതിസന്ധിയിലായി. അഴിക്കുള്ളിൽ ദിലീപ് കിടക്കുമ്പോൾ ഈ സിനിമ ഇറക്കിയാൽ നാലു നിലയിൽ പൊട്ടും. അങ്ങനെ പുലിമുരുകനിൽ കിട്ടിയ ലാഭം രാമലീലയിലൂടെ മുകളുപാടത്തിന് നഷ്ടമാകുന്നു. ദിലീപിന് ജാമ്യം കിട്ടില്ലെന്ന് ഉറപ്പായതോടെ കാര്യങ്ങൾ കൈവിട്ടു പോയെന്ന് ടോമിച്ചൻ തിരിച്ചറിയുന്നു.

ഇത് തന്നെയാണ് ഗോകുലം ഗോപാലന്റേയും അവസ്ഥ. കമ്മാര സംഭവം നിലച്ച മട്ടാണ്. കന്നി ചിത്രത്തിന് എന്തെങ്കിലും സംഭവിച്ചാൽ തീരുന്നത് സംവിധായകന്റെ കരിയറാണെന്നാണ് സിനിമയിലെ പൊതു വിശ്വാസം. ഇവിടെ പ്രതിസന്ധിയിലായ മൂന്ന് ചിത്രങ്ങളുടേയും സംവിധായകർ അവരുടെ കന്നിചിത്രത്തിനായാണ് ദിലീപിനെ നായകനാക്കിയത്. രാമലീലയുടെ അരുൺ ഗോപിയും പ്രഫസർ ഡിങ്കന്റെ സംവിധായകൻ രാമചന്ദ്രബാബുവും അണിയറയിൽ ഒരുക്കുന്നത് അവരുടെ കന്നി സംവിധായക ചിത്രങ്ങളാണ്. ക്യാമറാമാനെന്ന നിലയിൽ ദേശീയ ശ്രദ്ധ നേടിയ രാമചന്ദ്രബാബു പ്രഫസർ ഡിങ്കനുമായെത്തുന്നതിനെ സിനിമാ ലോകം പ്രതീക്ഷയോടെയാണ് കണ്ടത്. ഇതെല്ലാം കൂടി മലയാള സിനിമയ്ക്ക് ഉണ്ടാക്കുന്നത് താങ്ങാവാത്തതിലും വലിയ തിരിച്ചടിയാണ്.

ഇതിൽ ഏറ്റവും വലിയ പ്രതിസന്ധി കുമ്മാരസംഭവത്തിനാണ്. ദിലീപില്ലാതെ ഈ ചിത്രം ഒരിക്കലും പൂർത്തിയാക്കാൻ കഴിയില്ല. ദിലീപും മുരളീഗോപിയും മുഖ്യവേഷത്തിലെത്തുന്ന കുമാരസംഭവം ഏതാണ്ട് ചിത്രീകരണം പൂർത്തിയാവുകയും ചെയ്തു. മുരളീ ഗോപി തന്നെ രചന നിർവഹിക്കുന്ന ചിത്രത്തിൽ തമിഴ്നടൻ സിദ്ധാർത്ഥും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഐ വി ശശി, ലാൽജോസ്, ശ്യാമപ്രസാദ്, രഞ്ജിത്ത് തുടങ്ങിയ സംവിധായകരോടൊപ്പം അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട് സംവിധായകൻ രതീഷ് അമ്പാട്ട്. ഏറെ പ്രതീക്ഷയുമായാണ് ജനപ്രിയ നായകന്റെ ചിത്രത്തിലേക്ക് രതീഷ് അമ്പാട്ട് കാര്യങ്ങളെത്തിച്ചത്.

ദിലീപിന്റെ മറ്റൊരു ചിത്രം പ്രൊഫസർ ഡിങ്കനാണ്. ഒരാഴ്ചത്തെ ഷൂട്ടിങ്ങാണ് നടന്നത്. ഒരു കോടിയിലേറം രൂപ ഈ ബിഗ് ബജറ്റ് സിനിമയ്ക്കായി മുടക്കി കഴിഞ്ഞു. എന്നാൽ ഇനിയെന്ന് ഈ സിനിമ തുടങ്ങാനാകുമെന്ന് ആർക്കും ഉറപ്പില്ല. ഡിങ്കോയിസ്റ്റുകൾ ഇതിനെ ഡിങ്ക ദൈവത്തിന്റെ കോപമായും ചിത്രീകരിക്കുന്നു. ഡിങ്കന്റെ പേര് ദുരുപയോഗം ചെയ്താൽ ഇതുണ്ടാകുമെന്ന് അവർ നേരത്തെ പറഞ്ഞിരുന്നതുമാണ്. ഈ പരിഹാസത്തിനേക്കാൾ നിർമ്മാതാവിനെ ചിന്തിപ്പിക്കുന്നത് ചിത്രത്തിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്കകളാണ്. ഈ സിനിമ ഉപേക്ഷിക്കുന്നതിനെ കുറിച്ചു പോലും നിർമ്മാതാവ് ചിന്തിക്കുന്നുണ്ട്. ഇനി ചിത്രവുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന ഉപദേശമാണ് പലരും നിർമ്മാതാവിന് നൽകുന്നത്. ഇതോടെ കൈനഷ്ടം നിർമ്മാതാവിന് ഉറപ്പായി കഴിഞ്ഞു. മറ്റൊരു നടനെ നായകനാക്കി ഉടനെ ചിത്രം ചെയ്യുന്നതും മോശം ചർച്ചകളിലേക്ക് കാര്യങ്ങളെത്തിക്കും. അതുകൊണ്ട് തന്നെ പ്രൊഫസർ ഡിങ്കനെന്ന സിനിമയുടെ കഥ കഴിയുകയാണ്.

ദിലീപ് പ്രൊഫസർ ഡിങ്കനായി എത്തുന്ന ത്രിഡി ചിത്രം ഛായാഗ്രഹണം നിർവഹിച്ച് സംവിധാനം ചെയ്യുന്നത് രാമചന്ദ്രബാബുവാണ്. പ്രശസ്ത കാമറമാനായിരുന്ന രാമചന്ദ്രബാബു ആദ്യമായി സംവിധായകനാകുന്ന ഈ ചിത്രത്തിൽ നയികയായി നിശ്ചയിച്ചിരുന്നത് നമിത പ്രമോദാണ്. കുമാര സംഭവത്തെ പോലെ ഇവിടേയും സംവിധാകൻ അരങ്ങേറ്റക്കാരനാണ്. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലാദ്യമായി നിശ്ചല ഛായാഗ്രഹണവും ത്രിഡിയിൽ ചിത്രീകരിക്കുന്ന സിനിമകൂടിയായിരുന്നു് പ്രൊഫസർ ഡിങ്കൻ. സ്റ്റിൽ ഫോട്ടോഗ്രാഫർ ആർ. ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ പത്തോളം പേർ അതിനായി ഈ സിനിമയിലുണ്ട്. സഞ്ചരിക്കുന്ന ലാബ് അടക്കമുള്ള പ്രത്യേക സംവിധാനങ്ങൾ ഒരുക്കി. ഇതിനിടെയാണ് ദിലീപ് അഴിക്കുള്ളിലായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP