Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വനിതാ ജഡ്ജി ഹണി എം വർഗ്ഗീസിനുള്ളത് മികച്ച ട്രാക്ക് റിക്കോർഡ്; ഒരു കോടതിയിൽ മൂന്നു വർഷം പൂർത്തിയാക്കിയവരുടെ സ്ഥലംമാറ്റ പട്ടികയിലുള്ള അഡീ സെഷൻസ് ജഡ്ജി സ്ഥലം മാറി പോകും വരെ വിധി ഉണ്ടാകില്ലെന്ന് ഉറപ്പിക്കാൻ വിടുതൽ ഹർജി; നടിയെ ആക്രമിച്ച കേസിൽ ഇന്നും കോടതിയിൽ എത്താതെ നടൻ; വിടുതൽ ഹർജിയിലുള്ളത് ഇരയെ അപമാനിക്കുന്ന ആരോപണങ്ങൾ; ചർച്ച അരുതെന്ന് കോടതി; ദിലീപിനെ എങ്ങനേയും രക്ഷപ്പെടുത്താൻ സർവ്വ അടവും പയറ്റി രാമൻപിള്ള വക്കീൽ

വനിതാ ജഡ്ജി ഹണി എം വർഗ്ഗീസിനുള്ളത് മികച്ച ട്രാക്ക് റിക്കോർഡ്; ഒരു കോടതിയിൽ മൂന്നു വർഷം പൂർത്തിയാക്കിയവരുടെ സ്ഥലംമാറ്റ പട്ടികയിലുള്ള അഡീ സെഷൻസ് ജഡ്ജി സ്ഥലം മാറി പോകും വരെ വിധി ഉണ്ടാകില്ലെന്ന് ഉറപ്പിക്കാൻ വിടുതൽ ഹർജി; നടിയെ ആക്രമിച്ച കേസിൽ ഇന്നും കോടതിയിൽ എത്താതെ നടൻ; വിടുതൽ ഹർജിയിലുള്ളത് ഇരയെ അപമാനിക്കുന്ന ആരോപണങ്ങൾ; ചർച്ച അരുതെന്ന് കോടതി; ദിലീപിനെ എങ്ങനേയും രക്ഷപ്പെടുത്താൻ സർവ്വ അടവും പയറ്റി രാമൻപിള്ള വക്കീൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിപ്പട്ടികയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് നടൻ ദിലീപ്. വിചാരണ കോടതിയിലാണ് ദിലീപ് വിടുതൽ ഹർജി നൽകിയത്. പ്രതിയായി തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ തെളിവില്ലെന്നാണ് ദിലീപിന്റെ വാദം. വിചാരണയ്ക്ക് മുന്നോടിയായുള്ള വാദത്തിന് ശേഷമാണ് ഹർജി നൽകിയത്. ഹർജിയിലെ വിവരങ്ങൾ പരസ്യപ്പെടുത്തരുതെന്ന് കോടതി നിർദ്ദേശിച്ചു. അക്രമത്തിനിരയായ നടിയെ പൊതു സമൂഹത്തിൽ അപമാനിക്കും വിധമുള്ള പരാമർശങ്ങൾ ഹർജിയിൽ ഉണ്ടെന്നാണ് സൂചന. ഇനി വിടുതൽ ഹർജിയിൽ തീരുമാനം വരും വരെ വിചാരണ തുടങ്ങാൻ കഴിയാത്ത സാഹചര്യമുണ്ടാകും. വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് ഈ നിയമവഴി തേടലെന്ന് സൂചനയുണ്ട്.

ആറു മാസം കൊണ്ട് കേസിൽ വിചാരണ പൂർത്തിയാക്കണമെന്ന നിർദ്ദേശം സുപ്രീംകോടതിയിൽ നിന്ന് വിചാരണ കോടതിക്ക് ലഭിച്ചിരുന്നു. കേസിലെ ഗൂഢാലോചനയിൽ എട്ടാം പ്രതിയാണ് ദിലീപ്. ചൊവ്വാഴ്ച ദിലീപ് കോടതിയിൽ ഹാജരായില്ല. അഭിഭാഷകനാണ് ദിലീപിനു വേണ്ടി ഹർജി സമർപ്പിച്ചത്. കുറ്റപത്രത്തിന്മേലുള്ള പ്രാരംഭ വിചാരണയാണ് ഇന്ന് നടക്കുന്നത്. ഇതിനിടെയാണ് വിടുതൽ ഹർജി നൽകിയത്. ഹർജിയിലെ വിശദാംശങ്ങൾ പരസ്യപ്പെടുത്തരുതെന്നു കോടതി നിർദ്ദേശിച്ചു. നടിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട പരാമർശം ഹർജിയിൽ ഉള്ളതിനാലാണ് നടപടി. അടച്ചിട്ട മുറിയിലാണ് കോടതി വാദം കേൾക്കുന്നത്.

തനിക്ക് ഈ കുറ്റകൃത്യത്തിൽ പങ്കില്ലെന്നും തന്നെ പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കണമെന്നുമാണ് ദിലീപ് ഹരജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ആക്രമിക്കപ്പെട്ട നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നതിനാൽ ഹരജിയിലെ വിവരങ്ങൾ പരസ്യപെടുത്താൻ പാടില്ലെന്നാണ് കോടതിയുടെ നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിൽ വിചാരണ കോടതിയിലെ അടിച്ചിട്ട മുറിയിലാണ് വാദം നടക്കുന്നത്.കേസുമായി ബന്ധപ്പെട്ട് നേരത്തെയും ദിലീപ് നിരവധി ഹരജികൾ നൽകിയിരുന്നു.ആറു മാസത്തിനകം കേസിന്റെ വിചാരണ പൂർത്തിയാക്കണമെന്നാണ് സുപ്രിം കോടതിയുടെ നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിൽ നടപടി ക്രമങ്ങൾ തുടരുന്നതിനിടയിലാണ് പുതിയ ഹരജിയുമായി ദിലീപ് കോടതിയെ സമീപിച്ചിരിക്കുന്നത്.

പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. കൊച്ചിയിലെ വിചാരണ കോടതിയിലാണ് ഹർജി നൽകിയിരിക്കുന്നത്. കേസിലെ വിചാരണ നടപടികളുടെ ഭാഗമായാണ് പ്രതിയായ ദിലീപ് വിടുതൽ ഹർജി നൽകിയിരിക്കുന്നത്. വിചാരണയുടെ പ്രാരംഭ നടപടികളാണ് ഇപ്പോൾ കോടതിയിൽ നടക്കുന്നത്. ആ പ്രാരംഭ ഘട്ടത്തിൽ തന്നെയാണ് വിടുതൽ ഹർജി നൽകിയത്. നിലവിലുള്ള കുറ്റങ്ങൾ തനിക്കെതിരേ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ദിലീപ് ഇപ്പോൾ വിചാരണ കോടതിയിൽ വിടുതൽ ഹർജി നൽകിയത്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലെ വനിത ജഡ്ജിയാണ് ഹർജി പരിഗണിക്കുന്നത്. നേരത്തെ കേസുമായി ബന്ധപ്പെട്ട നിർണ്ണായക ഡിജിറ്റൽ തെളിവുകൾ ദിലീപ് കോടതിയിലെത്തി അഭിഭാഷകനൊപ്പം പരിശോധിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് വിടുതൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. ഹർജിയിലെ വിശദാംശങ്ങൾ പുറത്ത് പോവരുതെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ രഹസ്യ വിചാരണയാണ് നടക്കുന്നത്. നടിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ അടച്ചിട്ട കോടതി മുറിയിലാണ് കേസ് പരിഗണിക്കുന്നത്. വിടുതൽ ഹർജി കോടതി തള്ളിയാൽ ദിലീപിന് തുടർ വിചാരണ നടപടി നേരിടേണ്ടി വരും. 

നടിയെ തട്ടിക്കൊണ്ടു പോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ ഇനി ഓരോ ദിനവും നിർണ്ണായകമാണ്. അതിവേഗ വിചാരണയാണ് സുപ്രീംകോടതിയും നിർദ്ദേശിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ വിചാരണ കോടതി പരമാവധി വേഗത്തിൽ നടപടികൾ പൂർത്തിയാക്കാൻ ശ്രമിക്കും. കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങൾ കേന്ദ്ര ഫൊറൻസിക് ലാബിൽ പരിശോധിച്ച ശേഷം വാദം തുടരാമെന്ന പ്രതി ദിലീപിന്റെ ആവശ്യം കോടതി അനുവദിച്ചിട്ടില്ല. പ്രശസ്ത ക്രിമിനൽ അഭിഭാഷകനായ അഡ്വക്കേറ്റ് ബി രാമൻപിള്ളയാണ് ദിലീപിന്റെ അഭിഭാഷകൻ. എങ്ങനേയും വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് ദിലീപിന്റെ ശ്രമം. വിചാരണ കോടതിയിലെ വിടുതൽ ഹർജി തള്ളിയാൽ ദിലീപ് ഈ ആവശ്യവുമായി ഹൈക്കോടതിയിലും എത്തും. അവിടെ നിന്ന് സുപ്രീംകോടതിയിലും. പ്രതിക്കുള്ള ഈ നിയമപരമായ അവകാശമെല്ലാം ഉപയോഗിക്കുമെന്ന സൂചനയാണ് വിചാരണ കോടതിയിലെ വിടുതൽ ഹർജിയിലൂടെ ദിലീപ് നൽകുന്നത്.

കേസ് വനിതാ ജഡ്ജിനു കൈമാറണമെന്ന, അതിക്രമത്തിന് ഇരയായ യുവനടിയുടെ അഭ്യർത്ഥന അനുവദിച്ചാണു വനിതാ ജഡ്ജി ഹണി എം.വർഗീസിനു ഹൈക്കോടതി കേസ് കൈമാറിയത്. മികച്ച ട്രാക്ക് റിക്കോർഡുള്ള ഹണി എം വർഗീസിന് വിചാരണക്കാലം മുഴുവൻ ഈ കോടതിയിൽ തുടരനാകുമോ എന്നത് സംശയത്തിലാണ്. അഡീ.സെഷൻസ് ജഡ്ജിയായ ഹണി എം.വർഗീസിനു സിബിഐ പ്രത്യേക കോടതിയുടെ ചുമതലയുമുണ്ട്. ഒരു കോടതിയിൽ മൂന്നു വർഷം പൂർത്തിയാക്കിയ ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ താൽക്കാലിക സ്ഥലംമാറ്റ പട്ടികയിൽ ഹണി എം.വർഗീസിന്റെ പേരുണ്ട്. ഈ സ്ഥലം മാറ്റം നടപ്പാകുന്നതിന് വേണ്ടി കൂടിയാണ് പരമാവധി കേസ് നീട്ടാനുള്ള നീക്കം. കേസിന്റെ വിചാരണ 6 മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന സുപ്രീംകോടതിയുടെ നിർദ്ദേശം നിലനിൽക്കെ ഈ കേസ് പരിഗണിക്കുന്ന വനിതാ ജഡ്ജിക്കു സ്ഥലം മാറ്റമുണ്ടായാൽ പകരം വനിതാ ജഡ്ജിയെ നിയമിക്കണം. ഇതിനെല്ലാം കാലതാമസം നേരിടും.

നേരത്തെ തന്നെ കേസിൽ കുടുക്കിയതാണെന്നും സത്യം തെളിയിക്കാൻ കേസ് അന്വേഷണം സിബിഐയെ ഏൽപിക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് സംസ്ഥാന അഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചിരുന്നു. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും എഡിജിപി ബി.സന്ധ്യയും ചേർന്നാണ് തന്നെ കേസിൽ കുടുക്കിയതെന്നാണ് കത്തിൽ ദിലീപ് ആരോപിച്ചിരുന്നു. കേസ് അന്വേഷിക്കുന്ന അന്വേഷണസംഘത്തെ പാടെ മാറ്റി നിർത്തി അന്വേഷിച്ചാൽ യഥാർത്ഥ പ്രതികൾ കുടുങ്ങുമെന്ന് കത്തിൽ വിശദീകരിക്കുയും ചെയ്തു. ഇതിന് ശേഷമാണ് അന്വേഷണം പൊലീസ് പൂർത്തിയാക്കി കുറ്റപത്രം നൽകിയത്. പിന്നീട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയേയും സമീപിച്ചു. ഇത് കോടതി തള്ളുകയും ചെയ്തു.

നടിയെ ആക്രമിച്ച ഗൂഢാലോചനയിൽ തന്നെ കുടുക്കിയതെന്നാണ് ദിലീപ് ഹൈക്കോടതിയിലും മറ്റും വാദിക്കാൻ ശ്രമിച്ചത്. പൾസർ സുനിയുടെ ബ്ലാക് മെയിൽ പൊലീസിനെ നേരത്തെ അറിയിച്ചിട്ടും കേസിൽ പ്രതിയായത് താൻ. ഇതിനെല്ലാം പിന്നാൽ പൊലീസിലെ ഉന്നതയാണെന്നും ആരോപിച്ചിരുന്നു. നേരത്തെ പന്ത്രണ്ട് പേജുള്ള കത്തായിരുന്നു ദിലീപ് അഭ്യന്തരസെക്രട്ടറിക്ക് അയച്ചത്. കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് ദിലീപ് കത്തയച്ചത്. കേസുമായി ബന്ധപ്പെട്ട് തന്നെ ബ്ലാക്ക് മെയിൽ ചെയ്ത കാര്യം സമയബന്ധിതമായി ലോക്നാഥ് ബെഹ്റയെ അറിയിച്ചിരുന്നു. ബ്ലാക്ക് മെയിൽ ചെയ്യുന്നുണ്ടെന്ന കാര്യം താനാണ് പൊലീസിനെ അങ്ങോട്ട് അറിയിച്ചത്. ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും താൻ പൊലീസിന് കൈമാറിയിരുന്നു എന്നാൽ ഇതെല്ലാം മറച്ചുവച്ച് തന്നെ പ്രതിയാക്കാനാണ് പൊലീസ് ശ്രമിച്ചത്.

റൂറൽ എസ്‌പി എവി ജോർജ്, ക്രൈംബ്രാഞ്ച് എസ്‌പി സുദർശൻ, ഡിവൈഎസ്‌പി സോജൻ വർഗ്ഗീസ്, ആലുവ സിഐ ബൈജു പൗലോസ് തുടങ്ങിയ ഉദ്യോഗസ്ഥരെ അന്വേഷണത്തിൽ നിന്നും മാറ്റി നിർത്തണമെന്നും കത്തിൽ ദിലീപ് ആവശ്യമുന്നയിച്ചിരുന്നു. ഒക്ടോബർ 18നാണ് 12 പേജുള്ള കത്ത് ആഭ്യന്തര സെക്രട്ടറിക്ക് അയച്ചത്. യുവനടി ആക്രമിക്കപ്പെട്ടതിനുശേഷമുള്ള സംഭവങ്ങൾ കത്തിൽ അക്കമിട്ടു നിരത്തിയിരുന്നു. ആ വാദങ്ങൾ തന്നെയാണ് ദിലീപ് ഹൈക്കോടതിയിലും ഉയർത്തിയത്. 2017 ഏപ്രിൽ പത്തിനാണ് പൾസർ സുനിയുടെ ആളുകൾ തനിക്കെതിരെ ഭീഷണിയുയർത്തി സംവിധായകൻ നാദിർഷായെ വിളിച്ചത്. അന്നുതന്നെ ഇക്കാര്യം ഡിജിപിയെ വിളിച്ചറിയിച്ചു. ദിവസങ്ങൾക്കുള്ളിൽ നേരിട്ടുകണ്ട് പരാതി നൽകുകയും ചെയ്തു. ഏപ്രിൽ 18, 20, 21 ദിവസങ്ങളിലുണ്ടായ ബ്ലാക്ക് മെയിൽ ഫോൺ വിളികളുടെ ശബ്ദരേഖയും ഡിജിപിക്കു കൈമാറി. ഇതുവരെയും ഇവ പരിശോധിക്കാൻ പൊലീസ് തയാറായിട്ടില്ലെന്നും കത്തിൽ പറയുന്നു. പൾസർ സുനിയെ അറിയില്ലെന്ന നിലപാടിൽ താൻ ഉറച്ചുനിൽക്കുകയാണ്. അതാരും ഇതുവരെ നിഷേധിച്ചിട്ടില്ല. സത്യമിതായിരിക്കെ മറ്റൊരു തരത്തിലാണ് ഡിജിപിയും അന്വേഷണ സംഘവും പെരുമാറിയത്. വ്യാജ തെളിവുകളുണ്ടാക്കി തന്നെ കുടുക്കുകയായിരുന്നുവെന്നാണ് ദിലീപിന്റെ പക്ഷം.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ തന്നെ അറസ്റ്റ് ചെയ്തത് ആസൂത്രിത നീക്കത്തിന്റെ ഫലമെന്ന് ദിലീപ് പലപ്പോഴും ആരോപിക്കുന്നു. നടി മഞ്ജുവാര്യർ, പരസ്യ സംവിധായകൻ ശ്രീകുമാർ മേനോൻ, എ.ഡി.ജി.പി. ബി. സന്ധ്യ, ലിബർട്ടി ബഷീർ എന്നിവരും സിപിഎമ്മിന്റെ ചില ഉന്നത നേതാക്കളെയും ഗൂഢാലോചനക്കാരായി ദിലീപ് ജാമ്യഹർജിയിലും എടുത്തു കാട്ടിയിരുന്നു. എഡിജിപി സന്ധ്യയും മഞ്ജുവും അടുത്ത ബന്ധമുണ്ട്. അതുകൊണ്ടാണ് കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ഗൂഢാലോചന എന്ന ആരോപണം മഞ്ജു ഉന്നയിച്ചതെന്ന് ദിലീപ് ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു.

പരസ്യ സംവിധായകൻ ശ്രീകുമാർ മേനോനും തനിക്കെതിരേയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ദിലീപ് ആരോപിക്കുന്നത്. ഒരു പരസ്യത്തിന്റെ കരാർ ശ്രീകുമാർ മേനോന് നഷ്ടപ്പെട്ടത് താൻ കാരണമാണെന്ന് തെറ്റിദ്ധാരണയുടെ പുറത്താണ് ശ്രീകുമാർ മേനോന് തന്നോട് വിരോധം തോന്നാൻ കാരണമെന്നും ദിലീപ് ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP