Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊന്നുകൊണ്ടു പുളിശേരി വെച്ചുതരാമെന്ന് പറഞ്ഞാലും അമ്മയിലെന്നല്ല ഒരു അസോസിയേഷനിലും ചേരില്ല! ദിലീപിനെ 'അമ്മ'യിൽ നിന്ന് പുറത്താക്കിയത് പൃഥ്വിയെ പ്രീണിപ്പിക്കാൻ; മമ്മൂട്ടി ചെയ്തത് വലിയ അപരാധമെന്ന് പറഞ്ഞ് ഗണേശ് കുമാർ; താരസംഘടനയിൽ ദിലീപിനെ വീണ്ടും സജീവമാക്കാൻ അണിയറയിൽ നീക്കം; പൃഥ്വിയും മഞ്ജുവും ഒറ്റപ്പെടും

പൊന്നുകൊണ്ടു പുളിശേരി വെച്ചുതരാമെന്ന് പറഞ്ഞാലും അമ്മയിലെന്നല്ല ഒരു അസോസിയേഷനിലും ചേരില്ല! ദിലീപിനെ 'അമ്മ'യിൽ നിന്ന് പുറത്താക്കിയത് പൃഥ്വിയെ പ്രീണിപ്പിക്കാൻ; മമ്മൂട്ടി ചെയ്തത് വലിയ അപരാധമെന്ന് പറഞ്ഞ് ഗണേശ് കുമാർ; താരസംഘടനയിൽ ദിലീപിനെ വീണ്ടും സജീവമാക്കാൻ അണിയറയിൽ നീക്കം; പൃഥ്വിയും മഞ്ജുവും ഒറ്റപ്പെടും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ 85 ദിവസത്തെ ജയിൽ വാസത്തിനൊടുവിൽ ദിലീപിന് ജാമ്യം ലഭിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി എംഎൽഎ കെബി ഗണേശ് കുമാർ. അറസ്റ്റിലായതിനു പിന്നാലെ നടൻ ദിലീപിനെ അമ്മയിൽ നിന്നും പുറത്താക്കിയ നടപടിയെയാണ് അമ്മ വൈസ് പ്രസിഡന്റ് ഗണേശ്‌കുമാർ പരസ്യമായി വിമർശിച്ചത്. അമ്മയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ദിലീപിനെ പുറത്താക്കണമെന്ന് പറഞ്ഞത് മമ്മൂട്ടിയാണെന്നും പൃഥ്വിരാജിനെപ്പോലുള്ളവരെ പ്രീണിപ്പിക്കാൻ വേണ്ടിയാണിത് ചെയ്തതെന്നാണ് താൻ കരുതുന്നതെന്നുമാണ് ഗണേശ്‌കുമാർ പറഞ്ഞത്. ഇതോടെ സിനിമയിലെ പോര് തുടരുമെന്ന് വ്യക്തമാവുകയാണ്. ദിലീപിനെ അനുകൂലിക്കുന്നവർ പൃഥ്വിരാജിനെതിരെ രംഗത്തുവരുന്നതിന്റെ സൂചനയാണ് ഇത്.

ദിലീപ് ജാമ്യത്തിൽ ഇറങ്ങിയതിനു പിന്നാലെയാണ് ഗണേശ് പ്രതികരിച്ചത്. 'ദിലീപിനെ അമ്മയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കണമെന്ന് പറഞ്ഞത് മമ്മൂട്ടിയാണ്. അമ്മയുടെ നിയമ പ്രകാരം ഇത് സാധ്യമല്ല. അദ്ദേഹത്തിന് ദിലീപിനെ അസോസിയേഷനിൽ നിന്നും സസ്പെന്റ് ചെയ്യാം. അതും അസോസിയേഷൻ രൂപംകൊടുത്ത അച്ചടക്ക നടപടിയുടെ അന്വേഷണത്തിന് ശേഷം മാത്രം.' ഗണേശ് പറയുന്നു. അതുകൊണ്ടുതന്നെ ദിലീപിനെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കണമെന്ന മമ്മൂട്ടിയുടെ വാദം അടിസ്ഥാന രഹിതമായിരുന്നെന്നും ഗണേശ് പറയുന്നു.' മമ്മൂട്ടി പറഞ്ഞത് അടിസ്ഥാന രഹിതമായിരുന്നു. അങ്ങനെ പറഞ്ഞുകൊണ്ട് അദ്ദേഹം പൃഥ്വിരാജിനെ പ്രീണിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് ഞാൻ കരുതുന്നത്.'

'അമ്മയുടെ ഭാഗമാകണോ വേണ്ടയോ എന്ന് ഇനി ദിലീപിന് തീരുമാനിക്കാം. അദ്ദേഹത്തിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ പൊന്നുകൊണ്ടു പുളിശേരി വെച്ചുതരാമെന്ന് പറഞ്ഞാലും അമ്മയിലെന്നല്ല ഒരു അസോസിയേഷനും ചേരില്ല. ദിലീപിന് ശക്തമായി നിലകൊണ്ട് സിനിമയിൽ മുന്നോട്ടുപോകാം.' അദ്ദേഹം പറഞ്ഞു. ദിലീപ് നിരപരാധിയാണെന്ന് തുടക്കം മുതൽ പറയുകയും നിലപാടിൽ ഉറച്ചു നിൽക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഗണേശ് കുമാർ. ഗണേശിന് പിന്നാലെ ഇനിയും പ്രമുഖർ ദിലീപിന് വേണ്ടി ശക്തമായി രംഗത്തുവരുമെന്നാണ് സൂചന. ഇതോടെ അമ്മയിൽ പിളർപ്പിനുള്ള സാധ്യതയും കൂടി. ദിലീപിനെ പുറത്താക്കിയ ശേഷം അമ്മയുടെ യോഗമൊന്നും ചേർന്നിരുന്നില്ല. ഇതിന് പിന്നിലും ദിലീപ് അനുകൂലികളായിരുന്നു. ഇതോടെ ഇനി അമ്മയുടെ യോഗത്തിനില്ലെന്ന് പൃഥ്വി രാജ് തീരുമാനമെടുത്തിരുന്നു. വിവാദങ്ങൾ തുടരുന്നതിനാൽ തൽകാലത്തേക്ക് മഞ്ജു വാര്യരും അമ്മയുടെ യോഗങ്ങളിൽ പങ്കെടുക്കില്ല.

ദിലീപ് ജയിലിലായതോടെ അമ്മ പിടിച്ചെടുക്കാൻ പൃഥ്വി ശ്രമിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. തന്റെ സിനിമകളെ ദിലീപ് കൂകി തോൽപ്പിച്ചെന്നും ആരോപിച്ചു. അമ്മയുടെ അവൈലബിൾ എക്‌സിക്യൂട്ടീവിൽ ദിലീപിനെ പുറത്താക്കിയേ മതിയാകൂവെന്ന് ആവശ്യപ്പെട്ടതും പൃഥ്വിയായിരുന്നു. മോഹൻലാൽ ഇടപെട്ടായിരുന്നു പൃഥ്വിയെ സമാധാനിപ്പിച്ചതും പൃഥ്വി പറഞ്ഞതുപോലെ തിരുമാനം എടുത്തതും. അതിന് ശേഷം അമ്മയുടെ യോഗം ചേരാനും ദിലീപിനെ പുറത്താക്കിയത് സ്ഥിരമാക്കാനും ശ്രമിച്ചു. എന്നാൽ ദിലീപ് അനുകൂലികളുടെ സമ്മർദ്ദത്തോടെ ഇത് പൊളിഞ്ഞു. യോഗം വിളിക്കാൻ മമ്മൂട്ടിക്കായില്ല. ദിലീപ് ജയിൽമോചിതനായ ശേഷം മാത്രം അമ്മ ചേർന്നാൽ മതിയെന്നായിരുന്നു ദിലീപ് അനുകൂലികളുടെ നിലപാട്. ഇതിന് വഴങ്ങേണ്ടിയും വന്നു. ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അതിൽപ്പെട്ടവരെ തുറന്നു കാട്ടുമെന്നും അമ്മയിലെ ദിലീപ് അനുകൂലികൾ പറയുന്നു. അടുത്ത യോഗത്തിൽ ദിലീപിനെ പുറത്താക്കിയ തീരുമാനം പിൻവലിക്കാൻ ഇവർ ആവശ്യപ്പെടും.

പൃഥ്വിരാജിന്റെ അഭിപ്രായമല്ല, ഭൂരിപക്ഷ തീരുമാനമാണ് വലുതെന്നും യോഗത്തിൽ ദിലീപ് അനുകൂലികൾ വാദിക്കും. ഇതിനെ മോഹൻലാലിനും അംഗീകരിക്കേണ്ട അവസ്ഥയുണ്ട്. ആലുവ ജയിലിൽ മോഹൻലാലിന്റെ വിശ്വസ്തനായ ആന്റണി പെരുമ്പാവൂർ ദിലീപിനെ സന്ദർശിച്ചിരുന്നു. ലാലിന്റെ പിന്തുണ അറിയിക്കുകയും ചെയ്തു. കൊച്ചിയിലെ ബഹഭൂരിഭാഗവും ദിലീപിന്റെ അടുപ്പക്കാരാണ്. ജയറാമും കെപിഎസി ലളിതയുമെല്ലാം ദിലീപിന് വേണ്ടി പരസ്യമായി രംഗത്തുവന്നു. ദിലീപിനെ തള്ളിപ്പറയുന്നത് സിനിമയ്ക്ക് ഗുണകരമല്ലെന്നാണ് ഇവരുടെ വാദം. സിനിമയെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന തീരുമാനം എടുക്കാനാകില്ല. മലയാള സിനിമയെ താങ്ങി നിർത്തുന്നതിൽ ദിലീപിന് പങ്കുണ്ട്. ഇതെല്ലാം അഴിക്കുള്ളിൽ ദിലീപ് കിടന്നപ്പോൾ കണ്ടതാണ്. രാമലീല വലിയ വിജയമായി. ദിലീപിന്റെ ജനപ്രിതയതാണ് ഇതിന് കാരണമെന്നും ദിലീപ് അനുകൂലികൾ വിശദീകരിക്കുന്നു. ഇതിനെ പ്രതിരോധിക്കാൻ പൃഥ്വിക്കും കഴിയാത്ത സാഹചര്യമാണ് ഉള്ളത്.

അതിനിടെ ദിലീപിന് ജാമ്യം കിട്ടിയതിന് പിന്നാലെ തിയ്യറ്ററുടമകളുടെ സംഘടനാ പ്രസിഡന്റ് സ്ഥാനത്ത് ദിലീപ് വീണ്ടും എത്തും. ജയിലിൽ നിന്നും പുറത്തിറങ്ങി മണിക്കൂറുകൾക്കകം യോഗം വിളിച്ചു ചേർത്ത് ദിലീപിനെ പ്രസിഡന്റാക്കി. തിയ്യേറ്റർ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള(ഫ്യൂയോക്) രൂപീകരിച്ചത് ദിലീപായിരുന്നു. നേരത്തെ താരം അറസ്റ്റിലായതിന് പിന്നാലെ ദിലീപിനെ പ്രസിഡന്റ് സ്ഥാനത്തു നിന്നും പുറത്താക്കിയിരുന്നു. തുടർന്ന് വൈസ് പ്രസിഡന്റായിരുന്ന ആന്റണി പെരുമ്പാവൂരിനെയായിരുന്നു താത്കാലിക പ്രസിഡന്റായി തിരഞ്ഞെടുത്തത്. ദിലീപിനായി ഇപ്പോൾ സ്ഥാനം ഒഴിയാൻ ആന്റണിയും താൽപ്പര്യപ്പെട്ടു. ദിലീപ് തന്നെ സംഘടനയെ നയിക്കട്ടേയെന്നതാണ് അ്‌ദ്ദേഹത്തിന്റേയും നിലപാട്. തിയേറ്റർ സംഘടന വീണ്ടും കിട്ടുന്നതോടെ ദിലീപ് അതിശക്തനാകും. റിലീസുകൾ പോലും തീരുമാനിക്കുക ദിലീപാണെന്ന അവസ്ഥ വരും.

ലിബർട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള തിയ്യറ്റർ ഉടമകളുടെ സംഘടന പിളർന്നതോടെ ദിലീപ് തന്നെ രൂപം കൊടുത്ത സംഘടനയാണിത്. ക്രിസ്മസ് കാലത്തെ സിനിമാ പ്രതിസന്ധിയെ തുടർന്നായിരുന്നു ഇത്. പ്രഡ്യൂസേഴ്‌സിന്റെ സംഘടനയും ദിലീപിന് പിന്തുണയുമായി എത്തും. ഇതിൽ നിന്നും ദിലീപിനെ പുറത്താക്കിയിരുന്നു. ഇതും പിൻവലിക്കും. ഇതോടെ ദിലീപിന് അമ്മയിലേക്കും വഴിയൊരുങ്ങും. കോടതി കുറ്റക്കാരനെന്ന് പ്രഖ്യാപിക്കും വരെ ദിലീപിനെ ക്രൂശിക്കരുതെന്നാണ് അമ്മയിലെ ബഹുഭൂരി ഭാഗവും വാദിക്കുന്നത്. 85 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ദിലീപ് ജാമ്യം നേടി പുറത്തിറങ്ങിയത്. ദിലീപ് പുറത്തിറങ്ങി മണിക്കൂറുകൾക്കമാണ് ദിലീപിന് അനുകൂലമായ തീരുമാനങ്ങളും പ്രസ്താവനകളും ഉണ്ടാകുന്നത്. സിനിമയിൽ ദിലീപുണ്ടാക്കിയ വ്യക്തിബന്ധങ്ങൾക്ക് തെളിവാണിതെന്ന് ഒരു പ്രമുഖൻ മറുനാടനോട് പ്രതികരിച്ചു. ആക്രമത്തിന് ഇരയായ പെൺകുട്ടിയ്‌ക്കൊപ്പം ഇനി സിനിമാക്കാർ ആരും ഉണ്ടാകില്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. സിനിമയിലെ വനിതാ കൂട്ടായ്മയും തകരുമെന്ന് തന്നെയാണ് ഇവരുടെ വിലയിരുത്തൽ.

നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന ദിലീപിന് സിനിമാ മേഖലയിലുള്ളവർ പിന്തുണ പ്രഖ്യാപിക്കണമെന്ന് ഗണേശ് കുമാർ നേരത്തേയും ആവശ്യപ്പെട്ടിരുന്നു. ആലുവ സബ് ജയിലിൽ ദിലീപിനെ സന്ദർശിച്ച ശേഷം ഗണേശ് നടത്തിയ പ്രസ്താവന ഏറെ ചർച്ചയായിരുന്നു. സ്നേഹബന്ധങ്ങളെ തകർക്കാൻ വിവാദങ്ങൾക്കാവില്ല. ആ സ്നേഹബന്ധം മറന്നു പോവുന്ന ചില സിനിമക്കാരെ കാണുമ്പോൾ ദുഃഖമുണ്ട്. സിനിമക്കാരോട് ഓരഭ്യർത്ഥനയുണ്ട്. സിനിമയിൽനിന്ന് ദിലീപിൽനിന്ന് ഉപകാരം പറ്റിയവർ, സൗഹൃദം സ്ഥാപിച്ചു നടന്നവർ, തോളിൽ കയ്യിട്ടു നടന്നവർ ഇവരെല്ലാം ദയവു ചെയ്ത് ദിലീപിന് പിന്തുണ പ്രഖ്യാപിക്കണമെന്നും ഗണേശ് ആവശ്യപ്പെട്ടിരുന്നു. പൊലീസുകാർ കള്ളക്കേസ് എടുക്കുമെന്നു പേടിച്ചോ ഫോൺ ചോർത്തുമെന്നു പേടിച്ചോ മാധ്യമങ്ങളിൽ അന്തിച്ചർച്ചയ്ക്ക് വരുന്ന ദിലീപിനോട് അസൂയയുള്ളവർ അധിക്ഷേപിക്കുമെന്നോ കരുതി ആരും ദിലീപിനെ കാണാതിരിക്കരുത്. ദിലീപിന് പിന്തുണ പ്രഖ്യാപിക്കണം-ഇതായിരുന്നു ഗണേശ് പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP