Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജഡ്ജിയമ്മാവന്റെ മുമ്പിൽ തൊഴുകൈയുമായി നടൻ ദിലീപ്; അടനേദ്യവും കരിക്കഭിഷേകവും നടത്തി കണ്ണടച്ചു പ്രാർത്ഥിച്ച് നടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി; ഭാര്യ കാവ്യാ മാധവന്റെ നേർച്ച നിറവേറ്റാൻ നടൻ എത്തിയപ്പോൾ തടിച്ചു കൂടിയത് അനേകം ആരാധകർ; കേസിൽപ്പെട്ടവർക്ക് ആശ്രയമായ ഒരമ്പലത്തിൽ താരം എത്തിയത് വനിതാ ജഡ്ജിയെയും നിയമിച്ച് വിചാരണാ തുടങ്ങാനിരിക്കവേ

ജഡ്ജിയമ്മാവന്റെ മുമ്പിൽ തൊഴുകൈയുമായി നടൻ ദിലീപ്; അടനേദ്യവും കരിക്കഭിഷേകവും നടത്തി കണ്ണടച്ചു പ്രാർത്ഥിച്ച് നടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി; ഭാര്യ കാവ്യാ മാധവന്റെ നേർച്ച നിറവേറ്റാൻ നടൻ എത്തിയപ്പോൾ തടിച്ചു കൂടിയത് അനേകം ആരാധകർ;  കേസിൽപ്പെട്ടവർക്ക് ആശ്രയമായ ഒരമ്പലത്തിൽ താരം എത്തിയത് വനിതാ ജഡ്ജിയെയും നിയമിച്ച് വിചാരണാ തുടങ്ങാനിരിക്കവേ

മറുനാടൻ മലയാളി ബ്യൂറോ

പൊൻകുന്നം: നടിയെ ആക്രമിച്ച കേസിൽ നിന്നും തടിയൂരാൻ നടൻ ദിലീപിന് ജഡ്ജിയമ്മാവൻ തുണയാകുമോ? കേസിൽ പെട്ട അനേകം പ്രമുഖർ രക്ഷതേടി പ്രാർത്ഥിക്കാൻ എത്തുന്ന ക്ഷേത്രത്തിൽ അഭയം തേടി ദിലീപ് എത്തി. ഇന്നലെ രാത്രിയോടെയാണ് ചെറുവള്ളി ജഡ്ജിയമ്മാവൻ കോവിലിൽ താരം ദർശനത്തിനെത്തി. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ അടനേദ്യവും കരിക്കഭിഷേകവും നടത്തി. ഇവിടെ പ്രാർത്ഥിച്ചാൽ കേസുകളിൽ അനുകൂലവിധിയുണ്ടാകുമെന്നാണ് വിശ്വാസം. നടിയെ ആക്രമിച്ച കേസിൽ വിചാരണ തുടങ്ങാനിരിക്കവേയാണ് താരത്തിന്റെ ക്ഷേത്രദർശനം.

ചെറുവള്ളി ദേവീക്ഷേത്രത്തിലെ ഉപദേവാലയമായ ജഡ്ജിയമ്മാവൻ കോവിലിൽ ദിവസവും പ്രധാന ക്ഷേത്രത്തിലെ നടയടച്ചതിനുശേഷമാണ് പൂജ. രാത്രി എട്ടുമണിയോടെയാണ് ദിലീപ് ക്ഷേത്രത്തിലെത്തിയത്. ചെറുവള്ളിലമ്മയുടെ ശ്രീകോവിലിനു മുൻപിൽ പ്രാർത്ഥിച്ച് കാണിക്കയർപ്പിച്ചാണ് ജഡ്ജിയമ്മാവൻ കോവിലിൽ വഴിപാടിനെത്തിയത്. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ ഉൾപ്പെട്ട് ദിലീപ് റിമാൻഡിലായിരിക്കെ 2017 ജൂലായ് 19-ന് സഹോദരൻ അനൂപും കുടുംബാംഗങ്ങളും ജഡ്ജിയമ്മാവൻ കോവിലിൽ വഴിപാട് നടത്താനെത്തിയിരുന്നു. ഇപ്പോൾ എത്തിയത് ഭാര്യ കാവ്യാ മാധവന്റെ നേർച്ച നിറവേറ്റാനാണെന്നാണ് സൂചന.

ദിലീപ് ക്ഷേത്രദർശനം നടത്തിയത് അറിഞ്ഞ് ആരാധകർ തടിച്ചു കൂടിയിരുന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങളെടുക്കുന്നത് ഒപ്പമുള്ളവർ തടഞ്ഞു. ഫാൻസ് അസോസിയേഷൻ ഭാരവാഹികളെന്നാണ് ഒപ്പമുള്ളവർ പറഞ്ഞത്. പ്രാദേശിക ചാനൽ പ്രവർത്തകരെയും അവർ തടഞ്ഞു. നടന്റെ ചിത്രമെടുക്കാൻ ശ്രമിച്ച കുട്ടികളുടെ മൊബൈൽ ഫോൺ വരെ ഇക്കൂട്ടർ കൈക്കലാക്കി ചിത്രങ്ങൾ മായ്ച്ചുകളഞ്ഞു. പത്രങ്ങളിലോ ചാനലിലോ ദിലീപിന്റെ ക്ഷേത്രദർശനചിത്രങ്ങൾ വരാതിരിക്കാനായിരുന്നു ഇവരുടെ ശ്രമം. ചിത്രമെടുക്കാൻ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

രാത്രി പത്തുമണിയോടെ ദർശനം കഴിഞ്ഞ് ദിലീപ് പുറത്തിറങ്ങിയപ്പോൾ ഫോട്ടോയെടുക്കാൻ അനുവദിക്കാത്തതിൽ പ്രദേശവാസികളുടെ ഭാഗത്തുനിന്ന് പ്രതിഷേധമുയർന്നു. അവരുടെ പരാതി തീർക്കാൻ ദിലീപ് സെൽഫിക്ക് വഴങ്ങി. അനുവദിക്കേണ്ടെന്ന് സഹോദരൻ അനൂപ് പറഞ്ഞെങ്കിലും ആൾക്കാർ ചിത്രമെടുത്തു.

കേസിൽ പെട്ടവർക്ക് ആശ്രയമായ ജഡ്ജിയമ്മാവൻ ക്ഷേത്രം

ധർമരാജാവിന്റെ ഭരണകാലത്ത് തിരുവിതാംകൂർ സദർകോടതി ജഡ്ജിയായിരുന്ന തിരുവല്ല തലവടി രാമവർമപുരത്തുമഠം ഗോവിന്ദപ്പിള്ളയുടെ ആത്മാവിനെയാണ് ജഡ്ജിയമ്മാവനായി ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. കേസിൽപ്പെട്ടവർക്ക് വ്യവഹാരങ്ങളുമായി ബന്ധപ്പെട്ടവർക്കും പ്രാർത്ഥിക്കാനായാണ് ഈ ക്ഷേത്രം. ഈ അമ്പലത്തിൽപ്പോയി പ്രാർത്ഥിച്ചാൽ കേസുകളിൽ വിജയിക്കാനാകുമെന്നാണ് വിശ്വാസം. ക്രിമിനൽ കേസിൽ പെട്ടവരും വ്യവഹാരങ്ങളിൽ ഉൾപ്പെട്ടവരും കേസുകളുമായി ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിക്കുന്ന ജഡ്ജിമാരും പൊലീസുദ്യോഗസ്ഥന്മാരും ഒക്കെയാണ് ഈ അമ്പലത്തിൽ പ്രാർത്ഥിക്കാനെത്തുന്നത്. അമ്പലത്തിലെ പ്രതിഷ്ഠയുടെ പേര് ജഡ്ജിയമ്മാവൻ. പത്തനംതിട്ട ജില്ലയിൽ റാന്നി മണിമല പൊൻകുന്നം റൂട്ടിലാണ് ജഡ്ജിയമ്മാവന്റെ അമ്പലം സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ ഉടമസ്ഥതയിലുള്ള കാവുംഭാഗം ചെറുവള്ളി മേജർ ദേവീക്ഷേത്രത്തിലാണ് ജഡ്ജിയമ്മാവൻ ഉപദേവതയായ പ്രതിഷ്ഠയുള്ളത്. 

150 വർഷത്തിലേറെ പഴക്കമുള്ള കഥയാണ് ജഡ്ജിയമ്മാവന്റേത്. രാജഭരണകാലത്തിന്റെ അവസാനം ജീവിച്ചിരുന്ന പി. ഗോവിന്ദപ്പിള്ള എന്ന ജഡ്ജിയാണ് മരണശേഷം ജഡ്ജിയമ്മാവൻ എന്ന ദൈവമായത്. അന്നത്തെ സർദാർ കോടതി (ഇന്നത്തെ ഹൈക്കോടതിക്ക് തുല്യം) യിലെ ജഡ്ജിയായിരുന്നു ഗോവിന്ദപ്പിള്ള. സത്യസന്ധതയ്ക്ക് പേരുകേട്ട അദ്ദേഹം ഒട്ടേറെ വിധിന്യായങ്ങളിലൂടെ ശ്രദ്ധേയനായി. അങ്ങനെയിരിക്കെ ഒരുദിവസം ഗോവിന്ദപ്പിള്ളയ്ക്ക് ചില തെറ്റിദ്ധാരണകൾ തുടങ്ങി. ഭാര്യയെക്കുറിച്ച് സംശയങ്ങൾ ഉടലെടുത്തു. തന്റെ ഭാര്യയും അനന്തരവൻ പത്മനാഭപിള്ളയും തമ്മിൽ അവിഹിത ബന്ധമുണ്ടെന്നായിരുന്നു ജഡ്ജിയുടെ സംശയം. സംശയം ബലപ്പെട്ടതോടെ ജഡ്ജി അനന്തരവനെ അവിഹിതബന്ധത്തിന്റെ പേരിൽ തൂക്കിക്കൊല്ലാൻ വിധിച്ചു. വിധി നടപ്പാക്കി കാലം കഴിഞ്ഞപ്പോൾ ജഡ്ജിക്ക് ഒരുകാര്യം ബോധ്യമായി.

ഭാര്യയും അനന്തരവനും തമ്മിൽ ഒരുബന്ധവും ഇല്ലായിരുന്നു. സംശയിച്ചത് വെറുതെ. അനന്തരവനെ തൂക്കിക്കൊല്ലാനുള്ള വിധിന്യായം തെറ്റായിപ്പോയി. ഗോവിന്ദപ്പിള്ളയെന്ന ജഡ്ജി പശ്ചാപത്തിന്റെ തടവറയിലായി. കടുത്ത മാനസിക സംഘർഷവും മനപ്രയാസവും അദ്ദേഹത്തെ അലട്ടി. ജീവിക്കണം എന്ന ചിന്തതന്നെ നഷ്ടപ്പെട്ടു. ഒടുവിൽ അദ്ദേഹം മരിക്കാൻ തീരുമാനിച്ചു. അങ്ങനെ ജഡ്ജി രാജാവിനെ പോയിക്കണ്ടു. തന്റെ തെറ്റായ വിധിന്യായത്തെക്കുറിച്ച് രാജാവിനോട് പറഞ്ഞു. താൻ ചെയ്ത തെറ്റിന് തന്നെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. രാജാവ് വഴങ്ങിയില്ല. അങ്ങനെ രാജാവും ജഡ്ജിയും തമ്മിൽ തർക്കമായി. ഒടുവിൽ രാജാവ് ഒരു തീരുമാനം പറഞ്ഞു. ജഡ്ജിക്ക് സ്വയം ശിക്ഷവിധിക്കാം. ഭടന്മാരെവിട്ട് താൻ അത് നടപ്പാക്കിക്കൊള്ളാം. ഗോവിന്ദപ്പിള്ള അത് അംഗീകരിച്ചു. അങ്ങനെ അദ്ദേഹം സ്വന്തം കോടതിയിലെത്തി സ്വയം ശിക്ഷവിധിച്ചു. രണ്ടുകാലും മുറിച്ചുമാറ്റി തൂക്കിക്കൊല്ലാനായിരുന്നു ജഡ്ജിയുടെ ശിക്ഷാവിധി. രാജാവിന്റെ ഭടന്മാരെത്തി. ജഡ്ജിയുടെ കാലുകൾ മുറിച്ചു. ശേഷം തൂക്കിക്കൊന്നു. ജഡ്ജി ഗോവിന്ദപ്പിള്ള അങ്ങനെ സ്വയം ശിക്ഷവിധിച്ച ജഡ്ജിയായി ചരിത്രത്തിലേക്ക് നടന്നു. 

ആലപ്പുഴയ്ക്കടുത്ത് തലവടി എന്ന സ്ഥലത്താണ് ജഡ്ജി ഗോവിന്ദപ്പിള്ള താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ മൂലകുടുംബം പത്തനംതിട്ടയിലെ കാവുംഭാഗം ചെറുവള്ളിയിലായിരുന്നു. ചെറുവള്ളിയിൽ നിന്ന് തലവടിയിലേക്ക് കുടിയേറിപ്പാർത്തവരാണ് ജഡ്ജിയുടെ പൂർവ്വികർ. ജഡ്ജിയുടെ ദാരുണമായ മരണത്തിന് ശേഷം തലവടിയിൽ പലവിധ പ്രശ്‌നങ്ങൾ ഉണ്ടായതായാണ് ഐതിഹ്യം. നാട്ടുകാർക്ക് മുഴുവൻ പ്രശ്‌നങ്ങൾ. പെടുമരണങ്ങൾ. ദുരിതങ്ങൾ. അങ്ങനെ പലതും നാട്ടിൽ നടന്നു. ഒടുവിൽ നാട്ടുകാരെല്ലാവരും ചേർന്ന് ഒരു ജോത്സ്യനെപ്പോയിക്കണ്ടു. ജ്യോത്സ്യൻ കാരണം കണ്ടെത്തി. അറുകൊല സംഭവിച്ച ജഡ്ജിയുടെ ആത്മാവാണ് പ്രശ്‌നം. ആത്മാവിനെ നാട്ടിൽനിന്ന് അകറ്റണം. ആത്മാവിനെ ആവാഹിച്ച് ജഡ്ജിയുടെ മൂലകുടുംബം സ്ഥിതി ചെയ്യുന്ന ചെറുവള്ളിയിലെ ക്ഷേത്രത്തിൽ കുടിയിരുത്തണം. എന്നാലേ നാട്ടിലെ അനർത്ഥങ്ങൾ മാറൂ. അങ്ങനെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ജഡ്ജിയുടെ ആത്മാവിനെ ആവാഹിച്ച് പത്തനംതിട്ട കാവുംഭാഗം ചെറുവള്ളിയിലെ ദേവീക്ഷേത്രത്തിൽ കുടിയിരുത്തി. ഈ പ്രതിഷ്ഠയാണ് ജഡ്ജിയമ്മാവൻ. 

ജഡ്ജിയമ്മാവന്റെ മുന്നിൽ ചെന്ന് പ്രാർത്ഥിച്ചാൽ ഏത് കേസും ജയിക്കാമെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ വിവിധ കേസിൽപ്പെട്ടവരുടെ പ്രവാഹമാണ് ഈ അമ്പലത്തിലേക്ക്. വി.വി.ഐ.പികൾ മുതൽ പെരുങ്കള്ളന്മാർ വരെ ജഡ്ജിയമ്മാവന്റെ മുന്നിൽ പ്രാർത്ഥിക്കാനെത്തുന്നു. ഇടമലയാർ കേസിൽപ്പെട്ട സമയത്ത് ആർ ബാലകൃഷ്ണപിള്ള ജഡ്ജിയമ്മാവനെ കാണാനെത്തിയിരുന്നു. ആ സമയത്താണ് ആദ്യകേസിൽ പിള്ള ജയിക്കുന്നതെന്ന് ദേവസ്വം സെക്രട്ടറി മോഹനദാസൻ നായർ പറയുന്നു. ക്രിക്കറ്റ് വാതുവെയ്‌പ്പ് കേസിൽപെട്ട ശ്രീശാന്ത് ജഡ്ജിയമ്മാവനെ തൊഴുത് വഴിപാട് നടത്തി. പിറ്റേദിവസമാണ് കേസിൽ ജാമ്യം ലഭിക്കുന്നതെന്നാണ് മോഹനദാസൻ പറയുന്നത്. സോളാർകേസിൽപ്പെട്ട ശാലൂമേനോൻ, പ്രിയദർശനുമായി വിവാഹമോചനക്കേസ് നടക്കുന്ന സമയത്ത് ഭാര്യ ലിസി തുടങ്ങീ ഒട്ടേറെ പ്രമുഖർ ജഡ്ജിയമ്മാവനെ തൊഴാനെത്തിയിട്ടുണ്ട്. ദിവസവും കേസുകൾ കൈകാര്യം ചെയ്യുന്ന ഒട്ടേറെ ജഡ്ജിമാരും ജഡ്ജിയമ്മാവനെ പ്രാർത്ഥിക്കാനായി ഈ അമ്പലത്തിലെത്തുന്നു. ഇവർക്ക് പുറമേ ധാരാളം പൊലീസുദ്യോഗസ്ഥരും ജഡ്ജിയമ്മാവനെ കാണാനെത്തുന്നുണ്ട്. 

ജാതിമതഭേദമന്യേയാണ് കള്ളന്മാരുടെ വരവ്. ഇവരിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലിംകളും ഒക്കെയുണ്ട്. കേസിൽപ്പെട്ടവർ ജഡ്ജിയമ്മാവനെ പ്രാർത്ഥിച്ച് ക്ഷേത്രത്തിൽ അടനിവേദ്യം വഴിപാടായി സമർപ്പിക്കുന്നു. ഇതോടെ കേസിൽ അനുകൂല വിധിയുണ്ടാകാൻ ജഡ്ജിയമ്മാവൻ പ്രസാദിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം. ക്ഷേത്രത്തിലെ പ്രധാനനട അത്താഴ പൂജയ്ക്ക് ശേഷം അടച്ചുകഴിയുമ്പോൾ മാത്രമാണ് ജഡ്ജിയമ്മാവന്റെ നടതുറക്കുക. രാത്രി എട്ടുമണിയാകും ഇത്. പരമാവധി മുക്കാൽ മണിക്കൂർ മാത്രമാണ് നട തുറന്നിരിക്കുക. ഈ സമയത്ത് ജഡ്ജിയമ്മാവനെ പ്രാർത്ഥിക്കാം. കേസിൽ അനുകൂല വിധിസമ്പാദിക്കാം. 

നല്ല വരുമാനമാണ് ജഡ്ജിയമ്മാവന് ലഭിക്കുന്നത്. കേസിൽ ജയിക്കാൻ വഴിപാടിനത്തിൽ നല്ല തുക ലഭിക്കും. കേസിൽ ജയിച്ചുകഴിയുമ്പോൾ ആനന്ദത്തിലാറാടുന്ന പ്രതികൾ ആയിരങ്ങളുടെ നോട്ടുകെട്ടുകളാണ് ജഡ്ജിയമ്മാവന്റെ കാണിക്ക വഞ്ചിയിലിടുന്നതെന്ന് ക്ഷേത്രഭാരവാഹികൾ പറയുന്നു. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളാണ് ക്ഷേത്രത്തിൽ ഏറ്റവും പ്രധാനം. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിലേക്ക് ഭക്തർ ഒഴുകുയെത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP