Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നസറുദ്ദീൻ എളമരവും കുഞ്ഞാലിക്കുട്ടിയും തമ്മിൽ ചർച്ച നടന്നോ? പൊന്നാനിയിൽ വോട്ടു മറിക്കണം എന്ന് ആവശ്യപ്പെടാൻ ആണോ ഇ ടി മുഹമ്മദ് ബഷീറും എത്തിയത്? കൊണ്ടോട്ടിയിലെ ടാമറിൻഡ് ഹോട്ടലിലെ 105-ാം നമ്പർ മുറിയിൽ നടന്നതെന്ത്? വിഷയം ലീഗിനെതിരെ ശക്തമായ വോട്ടുമറിക്കൽ ആയുധമാക്കി ചർച്ചചെയ്യാൻ സിപിഎം; വീഡിയോ പുറത്തുവന്നതോടെ ലീഗ് എന്തു വിശദീകരിച്ചാലും പൊന്നാനിയിൽ മത്സരം കടുക്കും; പി വി അൻവറിനെ ഇറക്കി പൊന്നാനിയിൽ ലീഗിനെ തൊപ്പി ഇടീക്കാൻ ഇറങ്ങുന്ന സിപിഎമ്മിന് ഇത് തുരുപ്പുചീട്ട്

നസറുദ്ദീൻ എളമരവും കുഞ്ഞാലിക്കുട്ടിയും തമ്മിൽ ചർച്ച നടന്നോ? പൊന്നാനിയിൽ വോട്ടു മറിക്കണം എന്ന് ആവശ്യപ്പെടാൻ ആണോ ഇ ടി മുഹമ്മദ് ബഷീറും എത്തിയത്? കൊണ്ടോട്ടിയിലെ ടാമറിൻഡ് ഹോട്ടലിലെ 105-ാം നമ്പർ മുറിയിൽ നടന്നതെന്ത്? വിഷയം ലീഗിനെതിരെ ശക്തമായ വോട്ടുമറിക്കൽ ആയുധമാക്കി ചർച്ചചെയ്യാൻ സിപിഎം; വീഡിയോ പുറത്തുവന്നതോടെ ലീഗ് എന്തു വിശദീകരിച്ചാലും പൊന്നാനിയിൽ മത്സരം കടുക്കും; പി വി അൻവറിനെ ഇറക്കി പൊന്നാനിയിൽ ലീഗിനെ തൊപ്പി ഇടീക്കാൻ ഇറങ്ങുന്ന സിപിഎമ്മിന് ഇത് തുരുപ്പുചീട്ട്

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: നാണക്കേടായി തിരഞ്ഞെടുപ്പു കാലത്ത് വലിയൊരു കോളിളക്കം സൃഷ്ടിക്കുന്ന വീഡിയോ പുറത്തുവന്നതോടെ മുസ്‌ളീം ലീഗ് ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശരിക്കും വെട്ടിലായി. ലീഗിന്റെ മലപ്പുറത്തേയും പൊന്നാനിയിലേയും സ്ഥാനാർത്ഥികളായ പികെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും പോപ്പുലർ ഫ്രണ്ടിന്റെ വോട്ടുമറിക്കാൻ ചർച്ച 
നടത്തി എന്ന മട്ടിൽ വാർത്ത പുറത്തുവന്നതോടെ വലിയ തിരിച്ചടിയാണ് ലീഗ് നേരിടുന്നത്.

പ്രത്യേകിച്ചും പൊന്നാനിയിൽ ഇക്കുറി മത്സരം കടുക്കുമെന്നും നിലമ്പൂർ എംഎൽഎ പി വി അൻവറിനെ സിപിഎം നിർത്തിയത് മണ്ഡലം പിടിക്കാനാണെന്നും ചർച്ചകൾ നടക്കുന്നതിനിടെയാണ് ഇത്തരമൊരു വാർത്ത പുറത്തുവന്നത്. വീഡിയോ ദൃശ്യങ്ങൾ കൂടെ വന്നതോടെ വരും ദിവസങ്ങളിൽ ലീഗും പോപ്പുലർഫ്രണ്ടും തമ്മിൽ ചർച്ച നടന്നോ ഇല്ലയോ എന്നകാര്യം പോലും നിഷേധിക്കാനാവാത്ത അവസ്ഥയിൽ ആയിരിക്കുകയാണ് ലീഗ്.

പോപ്പുലർഫ്രണ്ടിന് സിപിഎം എല്ലാ സഹായവും ചെയ്തുകൊടുക്കുന്നു എന്ന ആക്ഷേപം ഈ സർക്കാരിന്റെ കാലത്ത് ഉയർന്നതിനിടെയാണ് തിരഞ്ഞെടുപ്പുവേളയിൽ ഇത്തരമൊരു വീഡിയോ പുറത്തുവരുന്നത്. ഏതായാലും ഇക്കുറി പൊന്നാനി തിരിച്ചുപിടിക്കും എന്ന സിപിഎമ്മിന്റെ വാദം ശക്തമാകുന്നതിനിടെയാണ് ഇത്തരത്തിൽ ലീഗ്-പോപ്പുലർഫ്രണ്ട് അഥവാ എസ്ഡിപിഐ ബാന്ധവത്തിന്റെ തെളിവുകളായി കൂടിക്കാഴ്ചാ വിവാദം വരുന്നത്. പൊന്നാനിയിലെ ലീഗ് സ്ഥാനാർത്ഥി ഇ ടി തന്നെ ഇക്കാര്യം നിഷേധിച്ചിട്ടുണ്ടെങ്കിലും പക്ഷേ ലീഗിന് വലിയ തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പിൽ ഈ കൂടിക്കാഴ്ചാ വിവാദം.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ തന്നെ സിപിഎമ്മിന് വലിയ തിരിച്ചടിയെന്ന നിലയിൽ പോപ്പുലർഫ്രണ്ട് വോട്ടുകൾ തേടി രണ്ട് ലീഗ് സ്ഥാനാർത്ഥികളും പോപ്പുലർഫ്രണ്ട് നേതാവ് നസറുദ്ദീൻ എളമരവുമായി ചർച്ച നടത്തിയിരിക്കുന്നു എന്ന നിലയിലാണ് സിപിഎം ഇതിനെ കാണുന്നത്. ഇത്തരത്തിൽ സിപിഎം പ്രചരണവും ശക്തമാക്കി. കെടിഡിസി ഹോട്ടലിൽ വച്ച് ലീഗ് സ്ഥാനാർത്ഥികൾ ഒറ്റയ്‌ക്കെത്തി നസറുദ്ദീൻ എളമരത്തെ കണ്ടു എന്ന വിവരം പുറത്തുവന്നത് വലിയ സാധ്യതയാണ് സിപിഎമ്മിന് മുന്നിൽ തുറന്നിടുന്നത്. ഈ തിരഞ്ഞെടുപ്പിൽ മലപ്പുറത്തും പൊന്നാനിയിലും സിപിഎം പ്രയോഗിക്കാൻ പോകുന്ന ഏറ്റവും വലിയ പ്രചരണ ആയുധവും ഇതുതന്നെയാകും.

രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിനാൽ കേന്ദ്രസർക്കാർ നിരോധിക്കും എന്ന നിലയിലേക്ക് വരെ ചർച്ചയായ സംഘടനയാണ് എസ്ഡിപിഐ. അവർക്കെതിരെ വലിയ നിലയിൽ നിലപാടുകളുമായി നിലകൊണ്ട സംഘടനയാണ് ലീഗ്. എന്നിട്ടും തിരഞ്ഞെടുപ്പുകാലം ആയപ്പോൾ അവരുടെ വോട്ടുതേടി പോയി എന്നതാണ് ഇപ്പോൾ ചർച്ചാവിഷയമാകുന്നത്. കഴിഞ്ഞദിവസം പി വി അൻവറിനെ സന്ദർശിച്ച് മലപ്പുറത്തെ ലീഗ് നേതാവ് മടങ്ങുന്നു എന്ന മട്ടിലും വീഡിയോ പ്രചരിച്ചിരുന്നു. ഇത് പ്രദേശത്തെ ലീഗ് പ്രവർത്തകർ കാർ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ലീഗിന് തിരിച്ചടിയായി ഇത്തരമൊരു വീഡിയോ വന്നിട്ടുള്ളത്.

ഹോട്ടൽ ടാമറിൻഡിലെ ആ കൂടിക്കാഴ്ച

മലപ്പുറം കൊണ്ടോട്ടി തുറയ്ക്കലിൽ കെടിഡിസി നടത്തുന്ന ഹോട്ടൽ ടാമറിൻഡിൽ വച്ച് ലീഗിന്റെ രണ്ട് സ്ഥാനാർത്ഥികളും നസറുദ്ദീൻ എളമരവുമായി ചർച്ച നടത്തുന്ന വീഡിയോ ആണ് പുറത്തുവന്നത്. കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറും നസിറുദ്ദീൻ എളമരവുമായി ചർച്ച നടത്തി പുറത്തേക്ക് പോകുന്ന വീഡിയോ ആണ് ചർച്ചയായത്. മറ്റ് നേതാക്കളേയും പ്രവർത്തകരേയും ഒഴിവാക്കി ആയിരുന്നു ചർച്ച. ഹോട്ടലിലെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇക്കാര്യം ലീഗിനെ പ്രതിരോധത്തിലാക്കുമെന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.

മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറിയും മലപ്പുറം ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥിയുമായ പി കെ കുഞ്ഞാലിക്കുട്ടി, പൊന്നാനി മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഇ ടി മുഹമ്മദ് ബഷീർ എന്നിവർ കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ദീൻ എളമരവുമായി കൂടിക്കാഴ്ച നടത്താൻ എത്തുന്നു എന്ന രീതിയിലാണ് വീഡിയോ പ്രചരിക്കുന്നത്. കൊണ്ടോട്ടി തുറക്കലിലെ കെടിഡിസിയുടെ ഹോട്ടൽ ടാമറിൻഡിലാണ് രാത്രി ഒരുമണിക്കൂറോളം ചർച്ച നടന്നത്. ചർച്ചക്ക് ശേഷം ഇ ടി മുഹമ്മദ് ബഷീറും നസറുദ്ദീൻ എളമരവും പുറത്തേക്ക് പോകുന്ന വീഡിയോ ആണ് പുറത്തുവന്നത്. കൂടിക്കാഴ്ചയോട് എതിർപ്പുള്ള ഒരു വിഭാഗം പ്രവർത്തകരാണ് വീഡിയോ പുറത്തുവിട്ടതെന്നാണ് വിവരം. അതേസമയം, ഇ ടി മുഹമ്മദ് ബഷീർ ഇത്തരമൊരു കൂടിക്കാഴ്ച നടന്നില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

മറ്റ് നേതാക്കളെയും പ്രവർത്തകരെയും ഒഴിവാക്കിയാണ് പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും ഹോട്ടലിൽ എത്തിയതെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. അതേസമയം, നസറുദ്ദീൻ എളമരം അഞ്ചുപേർക്കൊപ്പം എത്തുന്നതാണ് ദൃശ്യങ്ങളിൽ. ബുധനാഴ്ച രാത്രി എട്ടുമണിയോടെ ആണ് നസറുദ്ദീൻ എളമരവും മറ്റ് അഞ്ചുപേരും ടാമറിൻഡ് റസ്‌റ്റോറന്റിൽ എത്തിയത്. ലഘുഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ 8.15ന് ഇ ടി മുഹമ്മദ് ബഷീർ എത്തി 105-ാം നമ്പർ മുറിയെടുത്തു.

അൽപ്പസമയത്തിനുശേഷം നസറുദ്ദീൻ എളമരവും സംഘവും ഈ മുറിയിലെത്തി ചർച്ച നടത്തിയെന്ന സൂചനകളാണ് പുറത്തുവരുന്നത്. പത്തു മിനുട്ടിനുശേഷം കുഞ്ഞാലിക്കുട്ടിയും മുറിയിലെത്തി. ചർച്ചക്കുശേഷം ഒമ്പതരയോടെയാണ് എല്ലാവരും ഹോട്ടൽ വിട്ടതെന്നും സൂചനകൾ വരുന്നു. നസറുദ്ദീൻ എളമരം മുമ്പ് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റും 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം മണ്ഡലത്തിൽ എസ്ഡിപിഐ സ്ഥാനാർത്ഥിയുമായിരുന്നു. ഇരു മണ്ഡലങ്ങളിലും എസ്ഡിപിഐ ദുർബല സ്ഥാനാർത്ഥികളെ നിർ ത്തി വോട്ട് മുസ്ലിംലീഗിന് മറിക്കുന്നു എന്ന ആക്ഷേപം ശക്തമാണ്. ഇതിനിടെയാണ് ഇത്തരമൊരു വീഡിയോ പുറത്തുവരുന്നത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം മണ്ഡലത്തിൽ എസ്ഡിപിഐ സ്ഥാനാർത്ഥിക്ക് 47,000 വോട്ടും പൊന്നാനിയിൽ 26,000 വോട്ടുമാണ് ലഭിച്ചത്. പൊന്നാനിയിൽ നിലവിലെ എംപി ഇ ടി മുഹമ്മദ് ബഷീറിന് ലഭിച്ച ഭൂരിപക്ഷത്തേക്കാൾ കൂടുതൽ വോട്ടാണിതെന്ന് ആക്ഷേപം ഉയർന്നിരുന്നു. മുൻ എംപി ഇ അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് മലപ്പുറം മണ്ഡലത്തിൽ 2016ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എസ്ഡിപിഐ സ്ഥാനാർത്ഥി മത്സരത്തിന് നിന്നതുമില്ല. കുഞ്ഞാലിക്കുട്ടിയുമായി എസ്ഡിപിഐ നേതാക്കൾ നടത്തിയ ചർച്ചയെത്തുടർന്നാണ് അന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാതിരുന്നതെന്ന ആക്ഷേപവും ഉയർന്നു. ഇതിനിടെയാണ് പുതിയ ചർച്ചാ വീഡിയോ പുറത്തുവരുന്നത്.

നിലവിൽ എറണാകുളം, ചാലക്കുടി, പൊന്നാനി, വയനാട്, വടകര, കണ്ണൂർ മണ്ഡലങ്ങളിൽ എസ്ഡിപിഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മറ്റുമണ്ഡലങ്ങളിൽ പ്രഖ്യാപനം വൈകുന്നു. നാലു മണ്ഡലങ്ങളിൽക്കൂടി 16ന് പ്രഖ്യാപിക്കുമെന്നാണ് എസ്ഡിപിഐ നേതൃത്വം പറഞ്ഞിട്ടുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിൽ വേങ്ങരയിൽ മത്സരിച്ച കെ സി നസീറാണ് പൊന്നാനിയിലെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചിച്ചിട്ടുള്ളത്. ഏതായാലും ഈ വിഷയം ലീഗിനെതിരെ സിപിഎം ശക്തമായ ആയുധമായി ഉന്നയിക്കും എന്ന് ഉറപ്പായിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP