Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൈവിലങ്ങിലാതെ എത്തിച്ച പ്രതികൾ ഏറ്റുമുട്ടൽ നടത്തിയത് 45 മിനിറ്റോളം; കല്ലും വടികളുമായി പൊലീസിനെ ആക്രമിച്ചവർ തോക്കും പിടിച്ചു വാങ്ങി; ആദ്യം നിറയൊഴിച്ചത് മുഹമ്മദ് ആരിഫെന്ന് പൊലീസ്; കീഴടങ്ങാൻ ആവശ്യപ്പെട്ടിട്ടും വഴങ്ങാത്തതോടെ എൻകൗണ്ടർ; പൊളിച്ചത് ഭീഷണിപ്പെടുത്തി രക്ഷപ്പെടാനുള്ള നീക്കമെന്ന് കമ്മീഷണർ സജ്ജനാർ; വാറങ്കൽ മോഡൽ ആവർത്തിച്ചെന്ന് സംശയിച്ച് വിവാദങ്ങളും; ദിശയുടെ ഘാതകരോട് നിയമം അതിന്റെ കടമ നിറവേറ്റുമ്പോൾ

കൈവിലങ്ങിലാതെ എത്തിച്ച പ്രതികൾ ഏറ്റുമുട്ടൽ നടത്തിയത് 45 മിനിറ്റോളം; കല്ലും വടികളുമായി പൊലീസിനെ ആക്രമിച്ചവർ തോക്കും പിടിച്ചു വാങ്ങി; ആദ്യം നിറയൊഴിച്ചത് മുഹമ്മദ് ആരിഫെന്ന് പൊലീസ്; കീഴടങ്ങാൻ ആവശ്യപ്പെട്ടിട്ടും വഴങ്ങാത്തതോടെ എൻകൗണ്ടർ; പൊളിച്ചത് ഭീഷണിപ്പെടുത്തി രക്ഷപ്പെടാനുള്ള നീക്കമെന്ന് കമ്മീഷണർ സജ്ജനാർ; വാറങ്കൽ മോഡൽ ആവർത്തിച്ചെന്ന് സംശയിച്ച് വിവാദങ്ങളും; ദിശയുടെ ഘാതകരോട് നിയമം അതിന്റെ കടമ നിറവേറ്റുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: ഉന്നാവയിൽ പീഡനത്തിന് ഇരയായ പെൺകുട്ടിയെ ചുട്ടു കൊന്നു. രാജ്യം നടുക്കലോടെയാണ് ഈ വാർത്ത ഉൾക്കൊള്ളുന്നത്. ഹൈദരാബാദിലെ സമാന പീഡകരെ പൊലീസ് വെടിവച്ച് കൊന്ന് 24 മണിക്കൂറിനകമാണ് രാജ്യത്തെ ഞെട്ടിച്ച് ഉന്നാവയിലെ പെൺകുട്ടിയുടെ മരണ വാർത്ത എത്തിയത്. കഴിഞ്ഞ നവംബർ 29നാണ് മൃഗഡോക്ടറെ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയ കേസിൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ രാജ്യത്താകെ വലിയ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെയാണ് നാലു പ്രതികളെയും പൊലീസ് വെടിവച്ചുകൊന്നത്.

ഹൈദരാബാദിലെ ഏറ്റുമുട്ടൽ കൊല ഉന്നാവയിലും ചർച്ചയാവുകയാണ്. മൃഗ ഡോക്ടറെ പീഡിപ്പിച്ച് കൊന്നവർക്ക് കിട്ടിയതിന് സമാന ശിക്ഷ ഉന്നാവയിലും നടപ്പാക്കണമെന്ന് പറയുന്ന പെൺകുട്ടിയുടെ അച്ഛൻ. ഇതിനിടെയിലും ഹൈദരാബാദിലെ പൊലീസ് കൊലപ്പെടുത്തലിലെ ന്യായ അന്യായങ്ങൾ ചർച്ചയാണ്. തെലങ്കാനയിൽ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതികളുമായി പൊലീസ് ഏറ്റുമുട്ടിയത് 45 മിനിറ്റോളം ആയിരുന്നു. വെള്ളിയാഴ്ച പുലർച്ചെ പ്രതികളെ പീഡനം നടന്ന സ്ഥലത്ത് എത്തിച്ചപ്പോഴായിരുന്നു പ്രതികൾ പൊലീസിനെതിരെ ആക്രമണം നടത്തിയത്. രാവിലെ 5.45ന് തുടങ്ങിയ എൻകൗണ്ടർ 6.30വരെ നീണ്ടുനിന്നു. ഇത് ഏറ്റുമുട്ടൽ കൊലപാതകമല്ലെന്ന് ഉറച്ച് ആവർത്തിക്കുകയാണ് തെലുങ്കാന പൊലീസ് ഇപ്പോഴും.

മൃഗഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിന്റെ 'പുനരാവിഷ്‌കരണത്തിന്' ഇടെയാണ് പ്രതികൾ പൊലീസിനെ ആക്രമിച്ചതെന്നാണ് ഉയരുന്ന വാദം. വെള്ളിയാഴ്ച പുലർച്ചെയാണു പ്രതികളെ സംഭവ സ്ഥലത്തെത്തിച്ചത്. ഇതിനു പിന്നാലെ കേസിലെ നാലു പ്രതികളും ചേർന്ന് കല്ല്, വടികൾ എന്നിവ ഉപയോഗിച്ചു പൊലീസിനെ ആക്രമിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരിൽനിന്ന് ആയുധങ്ങളും പ്രതികൾ പിടിച്ചെടുത്തു. കേസിലെ പ്രതിയായ മുഹമ്മദ് ആരിഫ് ആണ് ആദ്യം പൊലീസിനു നേരെ വെടിവച്ചത്. തുടർന്നു പൊലീസ് കീഴടങ്ങാൻപ്രതികൾക്കു താക്കീത് നൽകി. എന്നാൽ പ്രതികൾ ഇതിനു വഴങ്ങിയില്ല. ഇതോടെ പൊലീസ് തിരിച്ച് ആക്രമിക്കുകയായിരുന്നു. ആയുധം കാണിച്ചു ഭീഷണിപ്പെടുത്തി രക്ഷപ്പെടാനായിരുന്നു പ്രതികളുടെ നീക്കം. ഇതിനിടെ നാലു പ്രതികളെയും പൊലീസ് വെടിവച്ചുകൊന്നു.

എൻകൗണ്ടറിനിടെ പരുക്കേറ്റ 2 പൊലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പക്ഷേ ഇവരുടെ പരുക്ക് വെടിയേറ്റുണ്ടായതല്ലെന്നും പൊലീസ് പ്രതികരിച്ചു. സംഭവ സ്ഥലത്ത് പ്രതികളോടൊപ്പം 10 പൊലീസ് ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ മൊബൈൽ ഫോണും പ്രദേശത്തുനിന്നു കണ്ടെടുത്തിട്ടുണ്ട്. പ്രതികളിൽനിന്ന് 2 ആയുധങ്ങളും പിടിച്ചെടുത്തു. ഇതിന് ശേഷമായിരുന്നു സംഭവം പുനരാവിഷ്‌കരിക്കാനുള്ള ശ്രമം നടന്നത്. നിയമം അതിന്റെ കടമ ചെയ്‌തെന്നായിരുന്നു സംഭവത്തിനു ശേഷം സൈബരാബാദ് പൊലീസ് കമ്മിഷണർ വി സി. സജ്ജനാർ പ്രതികരിച്ചത്. മരിച്ച യുവതിയുടെ ഫോൺ കണ്ടെടുക്കാനാണു പ്രദേശത്തെത്തിയതെന്നും സജ്ജനാർ മാധ്യമങ്ങളോടു പറഞ്ഞു. പ്രതികൾ കർണാടകയിലും സമാനമായ നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതായി സംശയമുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. കൈവിലങ്ങില്ലാതെ തെളിവെടുപ്പിന് പ്രതികളെ എത്തിച്ചതാണ് പ്രശ്‌നങ്ങൾക്ക് കാരണം.

ഇതിനിടെ നിരവധി പ്രമുഖർ പൊലീസ് നടപടിയിൽ ആശങ്കയറിയിച്ച് രംഗത്തെത്തി. പൊലീസിന് അഭിനന്ദനറമിയിച്ചും നിരവധി പ്രമുഖരെത്തി. പൊലീസിന്റെ തെളിവെടുപ്പുനടപടികളിലുൾപ്പെടെ ദുരൂഹത നിലനിൽക്കുകയാണ്. ജനങ്ങളുടെ പ്രതിഷേധത്തിൽ തെലങ്കാന സർക്കാരിന്റെ നിലനിൽപ്പുപോലും അപകടത്തിലായ ഘട്ടത്തിലാണ് പ്രതികൾ കൊല്ലപ്പെടുന്നത്. വാറങ്കലിൽ മുമ്പ് സമാനരീതിയിൽ പ്രതികളെ കൊലപ്പെടുത്തിയ വി സി സജ്ജനാർ തന്നെയാണ് ഹൈദരാബാദിൽ പൊലീസ് സംഘത്തിന് നേതൃത്വം നൽകിയതെന്നതും സംശയം ബലപ്പെടുത്തുന്നു. സജ്ജനാരുടെ നേതൃത്വത്തിൽ വാറങ്കലിൽ നടന്ന ഏറ്റുമുട്ടൽ കൊലപാതത്തിനും ഹൈദരാബാദ് സംഭവത്തിനും സമാനതകൾ ഏറെയാണ്. അതിരാവിലെ പ്രതികളെ തെളിവെടുപ്പിനും കൊലപാതക പുനരാവിഷ്‌കരണത്തിനും സംഭവസ്ഥലത്തെത്തിച്ചപ്പോൾ ആവശ്യമായ സുരക്ഷ ഏർപ്പെടുത്തിയില്ലെന്ന് ആക്ഷേപമുണ്ട് . സാധാരണയായി രക്ഷപ്പെടാൻ ശ്രമിക്കുന്ന പ്രതികളുടെ മുട്ടിനുതാഴെ വെടിവയ്ക്കുകയാണ് പതിവ്. ഇവിടെ നാലുപ്രതികളും സംഭവസ്ഥലത്തുതന്ന മരിച്ചു.

ഒരു വിഭാഗം ജനങ്ങൾ സംഭവത്തോട് വികാരപരമായി പ്രതികരിക്കുകയും പൊലീസ് നടപടിയെ സ്വാഗതം ചെയ്യുകയും അതിൽ സന്തോഷിക്കുകയും ചെയ്തപ്പോൾ നിയമവിദഗ്ധരും മറ്റും പൊലീസ് നടപടിയെ വിമർശിക്കുകയും അത് ശരിയല്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും ദേശീയ മനുഷ്യാവകാശ കമ്മീഷനും തെലുങ്കാന സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. പീഡകർ കൊലപ്പെടുത്തിയ മൃഗ ഡോക്ടറെ ദിശയെന്ന് വിളിക്കാൻ നേരത്തെ തെലുങ്കാനാ പൊലീസ് തിരുമാനിച്ചിരുന്നു. അതിന് പിന്നാലെയാണ് പ്രതികളെ എൻകൗണ്ടറിലൂടെ കൊലപ്പെടുത്തുന്നതും.

മൃതദേഹ സംസ്‌കാരം തടഞ്ഞു

പ്രതികളെ തെലങ്കാനയിൽ പൊലീസ് വെടിവെച്ചു കൊന്ന സംഭവത്തിൽ പ്രതികളുടെ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നത് തെലങ്കാന ഹൈക്കോടതി തടഞ്ഞു. മൃതദേഹങ്ങൾ ഡിസംബർ 9, രാത്രി എട്ടു വരെ സംസ്‌കരിക്കരുതെന്നു സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി. പോസ്റ്റുമോർട്ടം വീഡിയോയിൽ പകർത്തണമെന്നും ശനിയാഴ്ച വൈകീട്ട് റിപോർട്ട് സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 10.നു കേസിൽ കോടതി വാദംകേൾക്കും.

ഇക്കഴിഞ്ഞ നവംബർ 28നാണ് 27 വയസ്സുകാരിയായ വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ ഷാഡ്നഗർ ദേശീയപാതയിൽ പാലത്തിനടുത്ത് കണ്ടെത്തിയത്. സംഭവത്തിൽ പിന്നീട് അറസ്റ്റിലായ ജൊല്ലു ശിവ, ജൊല്ലു നവീൻ, ചിന്താകുന്ത ചന്നകേശവുലു, മുഹമ്മദ് ആരിഫ് എന്നിവരാണ് വെള്ളിയാഴ്ച രാവിലെ കൊല്ലപ്പെട്ടത്. വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് വച്ചുതന്നെയാണ് പ്രതികളെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തിയത്.

'പ്രതികൾ ഞങ്ങളെ കല്ലും മൂർച്ചയുള്ള വസ്തുക്കളും ഉപയോഗിച്ച് ആക്രമിക്കുകയും ആയുധങ്ങൾ തട്ടിയെടുക്കുകയും ചെയ്തതിന് ശേഷമാണ് ഞങ്ങൾ വെടിയുതിർക്കേണ്ടി വന്നത്. പൊലീസ് സംയമനം പാലിക്കുകയും പ്രതികളോട് കീഴടങ്ങാൻ ആവർത്തിച്ച് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 10 അംഗ ടീമിലെ രണ്ട് പൊലീസുകാർക്ക് തലയ്ക്ക് പരിക്കേറ്റിട്ടുണ്ടെന്നും പൊലീസ് പറയുന്നതിനിടെയാണ് കോടതിയുടെ ഈ ഇടപെടൽ. പ്രതികളുടെ മൃതദേഹങ്ങൾ ഷാഡ്നഗർ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

വിമർശകരും സജീവം

പൊലീസ് നടപടിയെ വിമർശിച്ചും നിരവധി പേർ രംഗത്തെത്തി. സ്ത്രീകളുടെ സുരക്ഷയെ പറ്റിയുള്ള ഗൗരവതരമായ ആശങ്കകൾക്ക് നീതിന്യായ വ്യവസ്ഥയ്ക്ക് വെളിയിൽ നടത്തുന്ന കൊലപാതകങ്ങൾ പരിഹാരമല്ലെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ജനങ്ങൾക്ക് നീതിന്യായ സംവിധാനത്തിൽ വിശ്വാസം നഷ്ടപ്പെടുന്നത് ആശങ്കാജനകമാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പൊലീസ് നടപടിയെ വിമർശിച്ചു. നീതിന്യായ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന് എല്ലാ സർക്കാരുകളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പൊലീസിനെ പിന്തുണയ്ക്കരുതെന്ന് മനുഷ്യാവകാശപ്രവർത്തക ഇറോം ശർമിള പറഞ്ഞു. പൊലീസ് ചെയ്യുന്ന കൊലപാതകങ്ങൾക്ക് കയ്യടിക്കുന്നത് അന്ധത ബാധിച്ചവരാണ്. ഇത്തരം ഏറ്റുമുട്ടലുകളെ പിന്തുണയ്ക്കുന്നത് രാജ്യത്തെത്തന്നെ അപകടത്തിലാക്കുമെന്നും ആയുധമേന്തിയവരുടെ അധികാര ദുർവിനിയോഗം നേരിട്ട് അനുഭവിച്ചയാളാണെന്നും ഇറോം ശർമിള പറഞ്ഞു.

അഭിനന്ദിച്ച് സോഷ്യൽ മീഡിയ

ഇരയുടെ കുടുംബത്തിന് ഉടനടി നീതിനേടിക്കൊടുത്ത പൊലീസ് ഓഫിസറായി സജ്ജനാരെ വാഴ്‌ത്തുന്നതും നന്ദി പറയുന്നതുമായ പോസ്റ്റുകളും ട്വീറ്റുകളും നിരവധിയുണ്ട്. 'ബലാത്സംഗക്കാർ അർഹിക്കുന്നത് വെടിയേറ്റുള്ള മരണമാണ്', 'മനുഷ്യാവകാശം മനുഷ്യർക്കുള്ളതാണ്, ക്രൂരന്മാർക്കുള്ളതല്ല' തുടങ്ങിയ കമന്റുകൾ ആണ് ഏറ്റുമുട്ടൽ കൊലയെ ന്യായീകരിക്കുന്നവർ പോസ്റ്റ് ചെയ്യുന്നത്.

എന്നാൽ, കുറ്റാരോപിതരെ വെടിവെച്ചുകൊല്ലുന്നത് ഒരു തരത്തിലും സ്വീകാര്യമല്ലെന്ന് അഭിഭാഷകയും മനുഷ്യാവകാശ പ്രവർത്തകയുമായ വൃന്ദ ഗ്രോവർ തുറന്നടിച്ചു. നീതി നൽകാനെന്ന പേരിൽ തോന്നിയതുപോലെ അക്രമങ്ങൾ നടത്തുന്നതിന് ഇത് മുതൽകൂട്ടാവുമെന്നും അവർ പറഞ്ഞു. ഏത് ഏറ്റുമുട്ടൽ കൊലയിലും പൊലീസുകാർക്കെതിരെ നിർബന്ധമായും കേസ് എടുത്ത് അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവുള്ളതായും വൃന്ദ ചൂണ്ടിക്കാട്ടി.

'ഞങ്ങളുടെ പേരിൽ കസ്റ്റഡികൊല നടത്തരുതെന്ന്' പ്രമുഖ വനിത അവകാശ പ്രവർത്തകയായ കവിത കൃഷ്ണൻ പറഞ്ഞു. കസ്റ്റഡി മരണത്തിന്റെ എല്ലാ ലക്ഷണങ്ങളും തികഞ്ഞ ആക്രമണത്തെ 'ഏറ്റുമുട്ടൽ കൊല'യെന്ന വസ്ത്രമണിയിച്ച് കൊണ്ടുവന്നിരിക്കുകയാണെന്നും കവിത പ്രതികരിച്ചു. കൊല്ലപ്പെട്ട നാലുപേരും നിരപരാധികളാണെങ്കിൽ യഥാർത്ഥ പ്രതികൾക്ക് പിന്നീടെന്തു സംഭവിക്കാനാണ് എന്ന ചോദ്യമാണ് സുപ്രീംകോടതി അഭിഭാഷക കരുണ നന്ദി ഉന്നയിച്ചത്. ആ നാലു ക്രൂരന്മാരും സ്വതന്ത്രരായി വിലസി കൂടുതൽ സ്ത്രീകളെ കൊലപ്പെടുത്തുമെന്നും അവർ കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP