Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചിലവന്നൂർ തീരം കയ്യേറി ഫ്‌ളാറ്റ് സമുച്ചയങ്ങൾ പണി തീർത്ത സംഭവം; കോടികൾ കൈപ്പറ്റിയത് ഉദ്യോഗസ്ഥർ; പ്രമുഖരുടെ തല ഉരുളും

ചിലവന്നൂർ തീരം കയ്യേറി ഫ്‌ളാറ്റ് സമുച്ചയങ്ങൾ പണി തീർത്ത സംഭവം; കോടികൾ കൈപ്പറ്റിയത് ഉദ്യോഗസ്ഥർ; പ്രമുഖരുടെ തല ഉരുളും

തിരുവന്തപുരം: ചിലവന്നൂർ തീരം കയ്യേറി ഡിഎൽഎഫ് ഫ്‌ളാറ്റ് സമുച്ചയങ്ങൾ നിർമ്മിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർ കോടികൾ കൈപ്പറ്റിയതായി റിപ്പോർട്ട്. ഇതോടെ സംഭവത്തിൽ പല പ്രമുഖരും തെറിക്കുമെന്നാണ് വാർത്തകൾ. ചിലവന്നൂർ പുഴയോരത്തുള്ള ഡി.എൽ.എഫ്. ഫ്‌ളാറ്റ് സമുച്ചയം നിർമിച്ചതു തീരസംരക്ഷണനിയമങ്ങൾ മറികടന്നാണെന്ന ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, വനംപരിസ്ഥിതി അഡീ. ചീഫ് സെക്രട്ടറി പി.കെ. മൊഹന്തിയെ മാറ്റാനാണ് സാധ്യത. സംഭവവുമായി ബന്ധപ്പെട്ട് തീരമേഖലാ നിയന്ത്രണ അതോറിട്ടി ചെയർമാൻ ഡോ. വി.എൻ. രാജശേഖരൻപിള്ളയ്ക്കും പരിസ്ഥിതി ഡയറക്ടർ ശ്രീകണ്ഠൻ നായർക്കും സ്ഥാനചലന സാധ്യതയുണ്ട്.

മൊഹന്തിയോടു ദീർഘാവധിയിൽ പ്രവേശിക്കാൻ മന്ത്രി നിർദേശിച്ചതായും സൂചനയുണ്ട്. പരിസ്ഥിതി വകുപ്പിന്റെ കൂടി ചുമതല ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറി നിവേദിതാ പി. ഹരനു നൽകിയേക്കും. സംഭവത്തിനു പിന്നിൽ കോടികളുടെ ക്രമക്കേടു സംശയിക്കുന്ന സാഹചര്യത്തിൽ വനംമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്നാണ് അറിയുന്നത്.

ഫ്‌ളാറ്റ് വിവാദമുയർന്നതോടെ അന്വേഷണത്തിനു നിയോഗിക്കപ്പെട്ട സമിതി തന്നെയാണ് പിന്നീടു നിർമാണാനുമതി നൽകിയത്. ഇത് അഡീ. ചീഫ് സെക്രട്ടറിയുടെ അറിവോടെയായിരുന്നു. എന്നാൽ അനുമതി നൽകിയ സമിതിതന്നെ അപ്രസക്തമാണെന്നും ഫ്‌ളാറ്റ് നിർമാണത്തിന്റെ വിവിധഘട്ടങ്ങളും തീരം കൈയേറ്റവും 15 ദിവസത്തിനകം വിദഗ്ധസമിതിയെക്കൊണ്ടു പരിശോധിപ്പിച്ചു മേൽനടപടി സ്വീകരിക്കണമെന്നു ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ ശിപാർശയുണ്ട്. വിദഗ്ധസമിതിയുടെ റിപ്പോർട്ട് വരുന്നതുവരെ ഫ്‌ളാറ്റിനു ലൈസൻസ് നൽകരുത്.

2008ൽ നിർമാണാനുമതി നൽകിയതിൽ ഉദ്യോഗസ്ഥർ ഉൾപ്പെട്ട വൻക്രമക്കേടുണ്ട്. പുഴയോരം നികത്തിയാണു ഫ്‌ളാറ്റ് കെട്ടിപ്പൊക്കിയതെന്ന് ഉപഗ്രഹചിത്രങ്ങളിൽനിന്നു വ്യക്തമാണ്. ഫ്‌ളാറ്റിന്റെ വിസ്തീർണം സംബന്ധിച്ചു വ്യാജരേഖകളാണു നഗരസഭയിൽ ഹാജരാക്കിയത്. കൊച്ചിയിലെ മുൻ മേയർ ദിനേശ്മണി ഇതു സംബന്ധിച്ചു പ്രതിക്കൂട്ടിലാണ്. ഇന്നലത്തെ മന്ത്രിസഭായോഗത്തിലും പ്രശ്‌നം ചർച്ചചെയ്തു. കടുത്ത നടപടികളുമായി മുന്നോട്ടുപോകാനാണു തന്റെ തീരുമാനമെന്നു മന്ത്രി തിരുവഞ്ചൂർ മുഖ്യമന്ത്രിയെ അറിയിച്ചു.

കായൽ പുറമ്പോക്ക് കൈയേറി ഡിഎൽഎഫ് ഫ്‌ളാറ്റ് നിർമ്മിച്ചത് ഗുരുതരമായ വീഴ്ച്ചയാണെന്ന് കാണിച്ച് ചീഫ് സെക്രട്ടറി ഇന്നലെയാണ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന് റിപ്പോർട്ട് സമർപ്പിച്ചത്. കായൽ കൈയേറിയാണ് ഡിഎൽഎഫിന്റെ ഫ്‌ളാറ്റ് നിർമാണമെന്ന വാദത്തെ ശരിവെക്കുന്നതാണ് റിപ്പോർട്ട്. ഭരത് ഭൂഷൺ നൽകിയ റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെയാണ്: 2005ലെ ഗൂഗിൽ മാപ്പ് പരിശോധിപ്പോൾ ഈ സ്ഥലം കായൽതീരമാണെന്ന് കാണുന്നു. എന്നാൽ ഇപ്പോൾ ഈ പ്രദേശം മണ്ണിട്ട് മൂടി ഫ്‌ളാറ്റ് നിർമ്മിച്ച നിലയിലാണ്. കായൽ കൈയേറിയാണ് ഫ്‌ളാറ്റ് നിർമ്മിച്ചതെന്ന് പ്രഭമദൃഷ്ട്യ ബോധ്യപ്പെടും. മാത്രമല്ല, തീരദേശ പരിപാലന നിയമം പൂർണ്ണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് ഫ്‌ളാറ്റ് നിർമ്മിച്ചിരിക്കുന്നത്. ഫ്‌ളാറ്റ് നിർമ്മാണത്തിന് അനുമതി നൽകിയ ഉദ്യോഗസ്ഥനായ മൊഹന്തി ഇത് പരിശോധിച്ചിട്ടില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായി. എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് ഫ്‌ളാറ്റ് നിർമ്മിച്ചിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഫ്‌ളാറ്റ് നിർമ്മിച്ച പ്രദേശത്ത് വിശദമായ പരിശോധന ആവശ്യമാണെന്നും ചീഫ് സെക്രട്ടറി ശിപാർശ ചെയ്യുന്നു. പരിസ്ഥിതി ശാസ്ത്രജ്ഞരടങ്ങിയ സംഘത്തെ പരിശോധനയ്ക്ക് നിയോഗിക്കണം. 15 ദിവസത്തിനകം റിപ്പോർട്ട് ലഭിക്കണമെന്നും ചീഫ് സെക്രട്ടറി ശിപാർശ ചെയ്യുന്നു.

എന്നാൽ സർക്കാർ നൽകിയ അനുമതിയുടെ അടിസ്ഥാനത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തിയതെന്നും നിർമാണം പൂർത്തീകരിക്കേണ്ട ഘട്ടത്തിൽ എതിർത്ത് രംഗത്തെത്തുന്നത് ശരിയല്ലെന്നുമുള്ള വാദമാണ് ഡിഎൽഎഫിനുള്ളത്. ഇത് സംബന്ധിച്ച ഹൈകോടതിയിൽ നിലനിൽക്കുന്ന കേസിൽ ഡിഎൽഎഫ് ഈ വാദം ഉന്നിയിക്കും. കഴിഞ്ഞ ദിവസം ഡിഎൽഎഫിന് വേണ്ടി മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരമാണ് കോടതിയിൽ ഹാജറായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP