Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡോക്ടർമാരുടെ സമരത്തിനിടെ പനി പിടിച്ചു മരിച്ച നിഖിലിന്റെ കുടുംബത്തെ ദുരന്തം തേടിയെത്തുന്നതു രണ്ടാം തവണ; ചേച്ചി മരിച്ചതു ചെമ്പരത്തിപ്പൂവ് തൊണ്ടയിൽ കുരുങ്ങി

ഡോക്ടർമാരുടെ സമരത്തിനിടെ പനി പിടിച്ചു മരിച്ച നിഖിലിന്റെ കുടുംബത്തെ ദുരന്തം തേടിയെത്തുന്നതു രണ്ടാം തവണ; ചേച്ചി മരിച്ചതു ചെമ്പരത്തിപ്പൂവ് തൊണ്ടയിൽ കുരുങ്ങി

ആലപ്പുഴ: തീരത്തിന്റെ പൊന്നോമനയെ വിധി തട്ടിയെടുത്തു. ജോൺസണിന്റെ കുടുംബത്തിൽ വിധിയുടെ രണ്ടാം പ്രഹരം. ഇനി നിഥിൻ മാത്രം ബാക്കി. നേരത്തെ ഈ കുടുംബത്തിൽനിന്നും നിഖിലിന്റെ ചേച്ചി സോനയെ എട്ടുമാസം പ്രായമുള്ളപ്പോൾ തന്നെ മരണം തട്ടിയെടുത്തിരുന്നു.

നിഖിലിനു മുന്നിൽ വിധി പനിയായി അവതരിച്ചപ്പോൾ സോനയുടെ മുന്നിൽ മരണം ചെമ്പരത്തിപ്പൂവിന്റെ രൂപത്തിലാണ് എത്തിയത്. മൽസ്യത്തൊഴിലാളിയായ ജോൺസണിന് പെൺകുഞ്ഞ് പിറന്നപ്പോൾ ഏറെ ആഹ്ലാദമായിരുന്നു.

വീട്ടുകാർക്കും നാട്ടുകാർക്കും പൊന്നോമനായി മാറിയ അവൾക്ക് സോന എന്ന പേർ നൽകി. ആഹ്ലാദത്തിന്റെ ദിനങ്ങൾ ഏറെ നീണ്ടില്ല. മരണം അവൾക്കുമുന്നിൽ ഒരു ചെമ്പരത്തി പൂവായെത്തി. എട്ടുമാസം പ്രായമായ കുട്ടിയുടെ കൈയിൽ എവിടെനിന്നോ എത്തിപ്പെട്ട ചെമ്പരത്തിപ്പൂവ് തൊണ്ടയിൽ കുരുങ്ങി. സോനമോൾ ശ്വാസം കിട്ടാതെ മരിക്കുകയും ചെയ്തു. അവൾ ജീവിച്ചിരുന്നെങ്കിൽ ഇന്ന് ഒൻപത് വയസ് തികഞ്ഞേനെയെന്ന് നാട്ടുകാർ വേദനയോടെ പറയുന്നു. സോനയുടെ വേർപാടിൽനിന്നു മുക്തി നേടുന്നതിന് മുമ്പാണ് മകനെയും വിധി തട്ടിയെടുത്തത്.

ഓമനപ്പുഴയെന്ന കൊച്ചുഗ്രാമത്തിന്റെ മുഴുവൻ സന്തോഷമായിരുന്നു നിഖിലെന്ന കൊച്ചുമിടുക്കൻ. ആടിയും പാടിയും ചുറുചുറുക്കോടെ നടന്ന നിഖിലിനു പെട്ടെന്നാണ് ഇന്നലെ പുലർച്ചെ പനി ബാധിച്ചത്. പ്രദേശത്തെ വിവിധ ആശുപത്രികളിൽ എത്തിച്ചെങ്കിലും ഈ കുരുന്നിനെ രക്ഷിക്കാനായില്ല.

മൽസ്യതൊഴിലാളിയായ ജോൺസൺ മൽസ്യബന്ധനത്തിനായി ഇന്നലെ പുലർച്ചേ മൂന്നരയോടെ തന്നെ പുന്നപ്ര കടപ്പുറത്തേക്കു പോയിരുന്നു. കടലിലേക്ക് വള്ളം തള്ളാൻ തുടങ്ങവെയാണ് നിഖിലിന്റെ അസുഖവിവരം ഭാര്യ സൗമ്യ വിളിച്ചറിയിച്ചത്. വിവരം അറിഞ്ഞയുടനെ, വന്ന വാഹനത്തിൽ തന്നെ ജോൺസൺ വീട്ടിലേക്ക് തിരിച്ചെത്തി.

കാട്ടൂർ ഹോളിഫാമിലി പബ്ലിക്ക് സ്‌കൂളിലെ രണ്ടാം ക്ലാസുകാരനാണു നിഖിൽ. ആദ്യം ചെട്ടികാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലും തുടർന്ന് ആലപ്പുഴ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ച നിഖിലിനെ ഉച്ചയ്ക്ക് 2.30 ഓടെ മരണം തട്ടിയെടുത്തു.

ഡോക്ടർമാർ സംസ്ഥാനവ്യാപകമായി പണിമുടക്കുന്നതിനിടെ നിഖിലിന്റെ മരണം ആശുപത്രിയധികൃതരുടെ അനാസ്ഥയാണെന്ന് ആരോപിച്ച് ആശുപത്രിയും പരിസരവും നാട്ടുകാർ ഉപരോധിച്ചിരുന്നു. നിഖിലിന്റെ മരണത്തിന് കാരണക്കാരായവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിനായുള്ള അന്വേഷണ ഉത്തരവും ഇട്ടിട്ടുണ്ട്. നിഖിലിന്റെ സഹോദരൻ നിഥിനു മൂന്നുവയസുണ്ട്. മകന്റെ വേർപാടിനെത്തുടർന്ന് അമ്മ സൗമ്യ ഇപ്പോഴും അബോധാവസ്ഥയിൽ കഴിയുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP