Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരുവനന്തപുരത്ത് കടുവയെ പിടിക്കുന്ന കിടുവയായി ഡെങ്കിപ്പനി; തലസ്ഥാനത്തെ ജനറൽ ആശുപത്രിയിൽ ഒമ്പതു ഡോക്ടർമാരും രോഗബാധിതർ; ജില്ലയിൽ 3800 പേർക്കും ഡെങ്കി; ഡോക്ടർമാർ ആശുപത്രിക്കിടക്കയിലായിട്ടും പ്രതിരോധത്തിന് നടപടിയില്ല

തിരുവനന്തപുരത്ത് കടുവയെ പിടിക്കുന്ന കിടുവയായി ഡെങ്കിപ്പനി; തലസ്ഥാനത്തെ ജനറൽ ആശുപത്രിയിൽ ഒമ്പതു ഡോക്ടർമാരും രോഗബാധിതർ; ജില്ലയിൽ 3800 പേർക്കും ഡെങ്കി; ഡോക്ടർമാർ ആശുപത്രിക്കിടക്കയിലായിട്ടും പ്രതിരോധത്തിന് നടപടിയില്ല

അരുൺ ജയകുമാർ

തിരുവനന്തപുരം: കടുവയെ പിടിക്കുന്ന കിടുവ എന്ന് പറയുന്നത് പോലെയാണ് ഇപ്പോൾ തലസ്ഥാന നഗരത്തിലെ ജനറൽ ഹോസ്പിറ്റലിലെ ഡോക്ടർമാരുടെ അവസ്ഥ. ഡെങ്കിപ്പനിയുമായി നൂറു കണക്കിന് രോഗികൾ ചികിത്സയ്‌ക്കെത്തുന്ന ആശുപത്രിയിൽ ഇപ്പോൾ ഒമ്പത് ഡോക്ടർമാർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. തലസ്ഥാന ജില്ലയിൽ ഇതുവരെയുള്ള ഹെൽത് ഡയറക്ടറേറ്റ് കണക്കുകൾ പ്രകാരം 3700ൽപ്പരം പേർക്ക് ഡെങ്കിപ്പനി പിടിപെട്ടിട്ടുണ്ട്. അപകടകരമായ രീതിയിലാണ് ഡെങ്കിപ്പനി വ്യാപിക്കുന്നത്. ജില്ലയിലെ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ദിവസവും നിരവധിപേർ ചികിത്സതേടി എത്തുന്നത്.

നിരവധി രോഗികൾ ദിവസേന പനിയുടെ ചികിത്സയ്ക്കായി എത്തുന്ന ജനറൽ ആശുപത്രിയിലാണ് സ്ഥിതി ഏറ്റവും മോശമായി തുടരുന്നത്. ജനറൽ ഹോസ്പിറ്റൽ ഇപ്പോൾ ഡെങ്കിപ്പനി ഭീതിയിലാണ്. ആശുപത്രി ജീവനക്കാരൻ ഇന്നലെ പുലർച്ചെ ഡെങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു. ഒരു ഡോക്ടർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുമാണ്. കാമ്പസിനുള്ളിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ ആശുപത്രി അധികൃതർ തയ്യാറാവുന്നില്ലെന്നാണ് ഡോക്ടർമാരുടെ ആക്ഷേപം. തീരദേശ മേഖലകളിലും ചേരി പ്രദേശങ്ങളിലുമുൾപ്പടെയുള്ള നിരവധിപേർ ചികിത്സയ്ക്കായി ഇവിടെ എത്തുന്നുണ്ട്. കൃത്യമായ മാലിന്യ സംസ്‌കരണമോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്ത മേഖലകളിലാണ് ഡെങ്കിപ്പനി കൂടുതൽ വ്യാപിച്ചതായി ഡയറക്ടറേറ്റ് വൃത്തങ്ങൾ പറയുന്നത്.

കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ജനറൽ ആശുപത്രിയിലെ 11 ഡോക്ടർമാർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. പലരും ഇപ്പോഴും ചികിത്സയിലാണ്. ഒരു പീഡിയാട്രീഷ്യൻ ഇപ്പോൾ ഐ സി യുവിലാണ്. മറ്റ് ജീവനക്കാരിൽ 14 പേരും ഇതിനകം ഡെങ്കിക്ക് ചികിത്സ തേടി. ഡയാലിസിസ് ടെക്‌നീഷ്യൻ മലയിൻകീഴ് സ്വദേശി വിശാഖാണ് ഡെങ്കിപ്പനി ബാധിച്ചതിനെ തുടർന്ന് മരിച്ചത്. ദിവസം ആയിരക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന ജനറൽ ആശുപത്രി ഡെങ്കിപ്പനി പരത്തുന്ന കൊതുകുകളുടെ ആവാസകേന്ദ്രമായി മാറിയെന്നാണ് ഡോക്ടർമാർ പറയുന്നത്. സ്ഥിതി രൂക്ഷമായിട്ടും ആശുപത്രി പരിസരം ശുചിയായി സൂക്ഷിക്കാനോ കൊതുകുകളെ അകറ്റാനോ നടപടി സ്വീകരിക്കുന്നില്ല. സൂപ്രണ്ടിനും ഡി എം ഒക്കും പലതവണ പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും ഡോക്ടർമാർ പറയുന്നു.

ആരോഗ്യമന്ത്രിയുടെ ഇടപെടലുണ്ടാകുമെന്നാണ് ഡോക്ടർമാരുടെ പ്രതീക്ഷ. സുരക്ഷിതമായ അന്തരീക്ഷം ഒരുക്കാൻ തയ്യാറായില്ലെങ്കിൽ സമരമടക്കം ശക്തമായ പ്രതിഷേധവുമായി രംഗത്തുവരാനാണ് ഡോക്ടർമാർ ആലോചിക്കുന്നത്. കടുത്ത പനിയും ശരീരം വേദനയും വിറയലും ക്ഷീണവുമായി നൂറു കണക്കിന് ആളുകളാണ് ആശുപത്രിയിൽ എത്തുന്നത്. ഡോക്ടർമാർ ഭൂരിഭാഗവും ചികിത്സയിലായതു കൊണ്ടുതന്നെ രോഗികൾ കൃത്യമായ ചികിത്സ കിട്ടാത്ത അവസ്ഥയിലാണ്. മണിക്കൂറുകൾ ക്യൂ നിന്നാണ് പലരും ചികിത്സ നേടുന്നത്. ഡോക്ടർമാർ ഇല്ലാത്തതിനെ തുടർന്ന് ചെറിയതോതിൽ ആളുകൾ ബഹളം വയ്ക്കുകയും ചെയ്തു.

കനത്ത വെയിലിനെത്തുടർന്ന് വേനൽ മഴ ലഭിച്ചപ്പോൾ വെള്ളക്ഷാമം പരിഹരിക്കാനായി അശാസ്ത്രീയമായ രീതിയിൽ മഴവെള്ളം സംഭരിച്ചതും ഡെങ്കിപ്പനി പടർത്തുന്നതിന് കാരണമായ ഈഡിസ് പെൺ കൊതുക് പടരുന്നതിന് സാഹചര്യമായി. ഈഡിസ് പെൺ കൊതുകിന്റെ എണ്ണം ക്രമാതീതമായി വർധിക്കുന്നുമുണ്ട്. നഗരത്തിലെ നിരവധി സ്വകാര്യ ആശുപത്രികളിലും ഡെങ്കിപ്പനി ബാധിച്ചെത്തുന്നവരുടെ എണ്ണം ദിനം പ്രതി വർധിച്ചു വരികയാണ്. മഴക്കാലം കൂടി തുടങ്ങാനിരിക്കെ കനത്ത മുൻകരുതലെടുത്തില്ലെങ്കിൽ തലസ്ഥാനം പനിച്ച് വിറയ്ക്കുമെന്നതിന്റെ സൂചന തന്നെയാണ് ഇ്പപോൾ പുറത്ത് വരുന്നത്.

പനി വരികയാണെങ്കിലോ അതിന്റെ ലക്ഷണം കണ്ടാലോ അപ്പോൾ തന്നെ ചികിത്സ തേടണമെന്നാണ് പൊതു ജനങ്ങൾക്ക് ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശം. പനി വന്നാൽ എത്രയും വേഗം ചികിത്സ നേടുകയാണ് വേണ്ടത്. അതിനിടയിൽ ജനറൽ ഹോസ്പിറ്റലിൽ ഇപ്പോൾ ഡെങ്കി പനി പടരുന്നതിനെക്കുറിച്ച് പരാതികൾ വ്യാപകമായതിനാൽ അവിടെ അടിയന്തര പ്രാധാന്യം നൽകികൊണ്ട് ശുചീകരണ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകുമെന്ന് മേയർ വികെ പ്രശന്ത് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP