Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിൽ മദ്യം; സർക്കാർ ഉത്തരവ് പുറത്തിറക്കി; പിൻവാങ്ങൽ ലക്ഷണമുള്ളവർ സർക്കാർ ഡോക്ടറുടെ കുറിപ്പടി എക്സൈസ് ഓഫീസറുടെ ഓഫീസിൽ ഹാജരാക്കണം; എക്സൈസ് ഓഫീസിൽ നിന്ന് ലഭിക്കുന്ന പാസ് ഉപയോഗിച്ച് മദ്യം വാങ്ങാം; ഒരാൾക്ക് ഒന്നിൽ അധികം പാസുകളും ലഭിക്കില്ലെന്നും ഉത്തരവ്; മദ്യവിതരണത്തിനായി ബീവറേജസ് ഷോപ്പുകൾ തുറക്കുകയില്ല; മദ്യം ലഭിക്കാത്തതിനെ തുടർന്നുള്ള ആത്മഹത്യകൾ തുടരുമ്പോൾ മദ്യപാന രോഗികൾക്കായി സർക്കാറിന്റെ ഇടപെടൽ, എതിർപ്പുമായി കെജിഎംഒ

ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിൽ മദ്യം; സർക്കാർ ഉത്തരവ് പുറത്തിറക്കി; പിൻവാങ്ങൽ ലക്ഷണമുള്ളവർ സർക്കാർ ഡോക്ടറുടെ കുറിപ്പടി എക്സൈസ് ഓഫീസറുടെ ഓഫീസിൽ ഹാജരാക്കണം; എക്സൈസ് ഓഫീസിൽ നിന്ന് ലഭിക്കുന്ന പാസ് ഉപയോഗിച്ച് മദ്യം വാങ്ങാം; ഒരാൾക്ക് ഒന്നിൽ അധികം പാസുകളും ലഭിക്കില്ലെന്നും ഉത്തരവ്; മദ്യവിതരണത്തിനായി ബീവറേജസ് ഷോപ്പുകൾ തുറക്കുകയില്ല; മദ്യം ലഭിക്കാത്തതിനെ തുടർന്നുള്ള ആത്മഹത്യകൾ തുടരുമ്പോൾ മദ്യപാന രോഗികൾക്കായി സർക്കാറിന്റെ ഇടപെടൽ, എതിർപ്പുമായി കെജിഎംഒ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഡോക്ടർമാരുടെ എതിർപ്പ് അവഗണിച്ചും കടുത്ത മദ്യപാന രോഗികൾക്ക് ആശ്വാസം പകരാനുള്ള ഉത്തരവുമായി സംസ്ഥാന സർക്കാർ. ഡോക്ടറുടെ കുറിപ്പടിയിൽ മദ്യം ലഭിക്കുന്നതിനുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. പിൻവാങ്ങൽ ലക്ഷണമുള്ളവർ സർക്കാർ ഡോക്ടറുടെ കുറിപ്പടി എക്സൈസ് ഓഫീസറുടെ ഓഫീസിൽ ഹാജരാക്കണം. എക്സൈസ് ഓഫീസിൽനിന്ന് ലഭിക്കുന്ന പാസ് ഉപയോഗിച്ച് മദ്യം വാങ്ങാം. ഒരാൾക്ക് ഒന്നിൽ അധികം പാസുകളും ലഭിക്കില്ല.

സംസ്ഥാനത്തെ നിലവിലെ സാഹചര്യം പരിഗണിച്ച് ഈ മാർഗം മാത്രമേ ഉള്ളൂവെന്നാണ് സർക്കാരിന്റെ നിലപാട്. തിങ്കളാഴ്ചയും മദ്യം ലഭിക്കാത്തതിനെ തുടർന്നുള്ള ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് നികുതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നിശ്ചിത അളവിലാകും മദ്യം നൽകുക. മദ്യം ലഭിക്കാത്തതു മൂലം അസ്വസ്ഥതകൾ ഉണ്ടാവുകയാണെങ്കിൽ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ ചെല്ലുകയും അവിടെനിന്ന് കുറിപ്പടി വാങ്ങി എക്സൈസ് ഓഫീസിൽ ഹാജരാക്കുകയും വേണം.

ഡോക്ടറുടെ കുറിപ്പ് എക്സൈസ് ഓഫിസിൽ ഹാജരാക്കി നിശ്ചിത ഫോമിലാണ് അപേക്ഷിക്കേണ്ടത്. ഡോക്ടർ നൽകുന്ന രേഖയ്ക്കൊപ്പം തിരിച്ചറിയൽ രേഖകൾ നൽകണം. പിൻവാങ്ങൽ ലക്ഷണമുള്ളവർക്ക് കുറിപ്പടി നൽകുന്ന കാര്യത്തിൽ ഡോക്ടർമാരുടെ സംഘടനകൾ ഉയർത്തിയ എതിർപ്പ് മറികടന്നാണു സർക്കാരിന്റെ ഉത്തരവ്. ഇഎസ്ഐ അടക്കമുള്ള പിഎച്ച്സി-എഫ് എച്ച്സി, ബ്ലോക്ക് പിഎച്ച്സി-സിഎച്ച്സി, താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ, സ്പെഷ്യാലിറ്റി ആശുപത്രികൾ, മെഡിക്കൽ കോളജുകൾ തുടങ്ങിയ സർക്കാർ ആശുപത്രികളിൽ ആൽക്കഹോൾ വിഡ്രോവൽ ലക്ഷണങ്ങളുള്ളവർ ബന്ധപ്പെട്ട ആശുപത്രികളിൽനിന്നും ഒപി ടിക്കറ്റ് എടുത്ത് പരിശോധനയ്ക്ക് വിധേയരാകണം.

പരിശോധിക്കുന്ന ഡോക്ടർ പ്രസ്തുത വ്യക്തി ആൾക്കഹോൾ വിഡ്രോവൽ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ആളാണെന്ന് രേഖ നൽകിയാൽ അയാൾക്ക് നിശ്ചിത അളവിൽ മദ്യം നൽകാം. ഡോക്ടർ നൽകുന്ന രേഖ രോഗിയോ രോഗി സാക്ഷ്യപ്പെടുത്തുന്നയാളോ സമീപത്തുള്ള എക്സൈസ് റേഞ്ച് ഓഫിസ്‌സർക്കിൾ ഓഫിസ് എന്നിവിടങ്ങളിൽ ഹാജരാക്കണം. ഈ രേഖയോടൊപ്പം ആധാർ, ഇലക്ഷൻ ഐഡി കാർഡ്, ്രൈഡവിങ് ലൈസൻസ് ഇവയിലേതെങ്കിലും ഹാജരാക്കണം. നിശ്ചിത ഫോറത്തിൽ വിവരങ്ങൾ രേഖപ്പെടുത്തിയശേഷം എക്സൈസ് ഓഫിസിൽനിന്ന് മദ്യം അനുവദിക്കണമെന്നും ഉത്തരവിൽ പറയുന്നു.

ഒരാൾക്ക് ഒന്നിലധികം പാസ് നൽകരുത്. പാസിന്റെ വിവരം ബവ്റിജസ് കോർപ്പറേഷൻ എംഡിയെ അറിയിക്കണം. മദ്യം നൽകുന്നതിന് ബവ്റിജസ് കോർപ്പറേഷൻ എംഡി നടപടി സ്വീകരിക്കണം. ഇതിനായി ബവ്റിജസ് ഔട്ട്ലെറ്റുകൾ തുറക്കരുത്. പാസിന്റെ അടിസ്ഥാനത്തിൽ വിതരണം ചെയ്യുന്ന മദ്യത്തിന്റെ അളവ് അതത് ദിവസം എക്സൈസ് വകുപ്പിനെ അറിയിക്കണം. എക്സൈസ് ഐടി സെൽ വിതരണം ചെയ്യുന്ന പാസിൽ ക്രമക്കേടോ, ഇരട്ടിപ്പോ ഉണ്ടാകുന്നില്ലെന്നു പരിശോധിച്ച് ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.

ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിൽ മദ്യം നൽകാമെന്ന് എക്‌സൈസ് കമ്മീഷണറാണ് നിലപാട് കൈക്കൊണ്ടത്. മദ്യാസക്തിയുള്ളവർക്ക് സർക്കാർ ഡോക്ടർമാർ കുറിപ്പടി നൽകിയാൽ മദ്യം നൽകാമെന്നാണ് എക്‌സൈസ് കമ്മീഷണർ സർക്കാറിന് നൽകിയ ശുപാർശയിൽ പറഞ്ഞത്. ഈ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഇപ്പോൾ നടപടി കൈക്കൊണ്ടിരിക്കുന്നത്. അതേസമയം പുതിയ ഉത്തരവിനെതിരെ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ അടക്കം നിരവധിപേർ രംഗത്തെത്തിയിരുന്നു. മദ്യത്തിന് കുറിപ്പടി നൽകാനാവില്ലെന്നും തീരുമാനം അശാസ്ത്രീയവും അധാർമികവും ആണെന്നുമാണ് കെജിഎംഒഎ അഭിപ്രായപ്പെടുന്നത്.

അത്യന്തം ദൗർഭാഗ്യകരമായ തീരുമാനമെന്നായിരുന്നു കെജിഎംഒഎയുടെ പ്രതികരണം. അശാസ്ത്രീയവും അധാർമികവുമായ തീരുമാനം പുനഃപരിശോധിക്കണമെന്നും ഡോക്ടർമാരുടെ സംഘടനകൾ ആവശ്യപ്പെടുന്നു. മദ്യത്തിന് കുറിപ്പടി നൽകാനാവില്ലെന്നു ഐഎംഎയും വ്യക്തമാക്കിയിട്ടുണ്ട്. മദ്യാസക്തിക്ക് മരുന്ന് ലഭ്യമാണെന്നും, നടപടി പ്രൊട്ടോക്കോൾ ലംഘനമാണെന്നും ഐഎംഎ വ്യക്തമാക്കിയിരുന്നു.

അതിനിടെ മദ്യം ലഭിക്കാത്തതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്നും ഒരാൾ ആത്മഹത്യ ചെയ്തിരുന്നു. കായംകുളം പുതുപ്പള്ളിയിൽ രമേശ് എന്നയാളാണ് തൂങ്ങിമരിച്ചത്. മദ്യം ലഭിക്കാത്തതിനെ തുടർന്ന് ഇയാൾ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. തൃശൂർ വെങ്ങിണിശേരി സ്വദേശി ഷൈബുവും മദ്യം ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്തിരുന്നു. മദ്യം ലഭിക്കാത്തതുമൂലം സംസ്ഥാനത്ത് ഇതിനോടകം ഏഴു പേരാണ് ആത്മഹത്യ ചെയ്ത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP