Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പഠനച്ചെലവിനും മത്സരങ്ങൾക്കു പോകാനുള്ള യാത്രാപ്പടിയും കണ്ടെത്താൻ മാർഗമില്ല; അവധിക്കാലത്തു നാട്ടിലെത്തി സ്വകാര്യ ബസിൽ കണ്ടക്ടർ ജോലി ചെയ്തു ഡോഡ്ജ് ബോൾ ദേശീയ താരം

പഠനച്ചെലവിനും മത്സരങ്ങൾക്കു പോകാനുള്ള യാത്രാപ്പടിയും കണ്ടെത്താൻ മാർഗമില്ല; അവധിക്കാലത്തു നാട്ടിലെത്തി സ്വകാര്യ ബസിൽ കണ്ടക്ടർ ജോലി ചെയ്തു ഡോഡ്ജ് ബോൾ ദേശീയ താരം

രഞ്ജിത് ബാബു

കണ്ണൂർ: ഡോഡ്ജ് ബോൾ ദേശീയതാരം വിദ്യാഭ്യാസ ചെലവിനുവേണ്ടി സ്വകാര്യ ബസ്സിലെ കണ്ടക്ടറായി ജോലിനോക്കുന്നു. നാഗർകോവിൽ സത്യൻ എഞ്ചിനീയറിങ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ അഭി സുകുമാരനാണ് അവധിക്കാലത്ത് നാട്ടിലെത്തി ജോലി ചെയ്യുന്നത്.

കണ്ണൂർ ആറ്റടപ്പ പൊക്കന്മാവിലെ സുകുമാരന്റേയും നിഷയുടേയും മൂന്നു മക്കളിൽ മൂത്തവനാണ് അഭി. തേങ്ങ പറിക്കൽ തൊഴിലാളിയായ സുകുമാരന്റെ വരുമാനം കൊണ്ട് മാത്രം മൂന്നുമക്കളുടെ വിദ്യാഭ്യാസ ചെലവ് നിറവേറ്റാനാവാത്തതിനാലാണ് അഭി അവധിക്കാലത്ത് കണ്ണൂരിലെത്തി സ്വകാര്യ ബസ്സിൽ കാക്കി അണിയുന്നത്.

+2 കഴിഞ്ഞ് ഉപരിപഠനത്തിനു ശ്രമിക്കുന്ന ഒരനിയത്തിയും ജെ.ടി.എസിൽ പഠിക്കുന്ന ഒരനിയനുമാണ് അഭിക്ക് താഴെയുള്ളത്. കഴിഞ്ഞ വർഷം സ്‌ക്കൂൾ തലത്തിൽ പഞ്ചാബിൽ നടന്ന ഡോഡ്ജ് ബോൾ ദേശീയമത്സരത്തിൽ അഭി കേരളത്തിനു വേണ്ടി ജെഴ്‌സി അണിഞ്ഞിരുന്നു. സോഫ്റ്റ് ബോൾ കൊണ്ട് കൈകൊണ്ടെറിഞ്ഞു കളിക്കുന്നതാണ് ഡോഡ്ജ് ബോൾ.

ബാൾ ബാഡ്മിന്റൺ, ഹാന്റ് ബാൾ എന്നിവയിലും അഭി കഴിവ് തെളിയിച്ചിട്ടുണ്ട്. ബാഡ്മിന്റൺ സംസ്ഥാന സെലക്ഷന് ഒരുക്കം നടക്കവേ മുട്ടിന് പരിക്കേറ്റ് കിടപ്പിലായി. അതിനാൽ സെലക്ഷനിൽ പങ്കെടുക്കാനായില്ല. ജൂൺ 2 ാം തീയതി മദ്ധ്യപ്രദേശിൽ നടക്കുന്ന ദേശീയ സീനിയർ മത്സരത്തിൽ പങ്കെടുക്കാൻ വേണ്ടുന്ന ചെലവിനാണ് ഇപ്പോൾ കണ്ടക്ടറായി ജോലി ചെയ്യുന്നത്. കേരളാ ഡോഡ്ജ് ബോൾ അസോസിയേഷൻ യാത്രാ ചെലവിനും ജെഴ്‌സിക്കും പണം നൽകുന്നുണ്ടെങ്കിലും മറ്റ് ചെലവുകളും അവിടത്തെ ഡ്രസ്സുമൊക്കെ സ്വന്തം നിലക്ക് വാങ്ങണം. സാമ്പത്തികപ്രശ്‌നം കാരണം ചില മത്സരങ്ങളിൽ നിന്ന് അഭി ഒഴിഞ്ഞുനിൽക്കാറാണ് പതിവ്.

കണ്ണൂർ പള്ളിക്കുന്ന് ഗവ. ഹയർ സെക്കന്ററി സ്‌ക്കൂളിൽ പഠിക്കുമ്പോൾ ഗീത എന്ന അദ്ധ്യാപികയാണ് അഭിയെ ഡോഡ്ജ് ബോൾ രംഗത്തേക്ക് കൊണ്ടുവന്നത്. അതുവരെ ഹാന്റ് ബോളിലും ബാഡ്മിന്റണിലും കളിച്ചിരുന്ന അഭിയെ പയ്യന്നൂർ കോളേജിലെ രൂപേഷ് എന്ന കോച്ചിന്റെ കീഴിൽ പരിശീലനത്തിന് എത്തിച്ചതും അവരായിരുന്നു. മദ്ധ്യപ്രദേശിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ പോകുന്ന ദേശീയതാരം അതുവരേയും ജോലി ചെയ്യേണ്ട അവസ്ഥയിലാണ്. 2 ാം തീയ്യതി യാത്ര തിരിക്കുന്നതിന് തൊട്ടു മുമ്പ് വരേയും കണ്ടക്ടറുടെ ജോലി ചെയ്യാൻ നിർബന്ധിതനായിരിക്കയാണ് ഈ യുവതാരം. ഡോഡ്ജ് ബോളിൽ റൈറ്റ് വിങിലാണ് അഭി സുകുമാരൻ കളിക്കുന്നത്. സ്വന്തം ദാരിദ്ര്യവും വിഷമവും മറച്ച് വച്ച് ബസ്സ് യാത്രക്കാർക്ക് ടിക്കറ്റ് നൽകുമ്പോൾ അഭിയുടെ മുഖത്ത് പുഞ്ചിരി മായാറില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP