Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

16 യുദ്ധ വിമാനങ്ങളുമായി പാക്കിസ്ഥാൻ എത്തിയത് ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ ചുട്ടെരിക്കാൻ; ഇന്ത്യൻ വ്യോമസേന നേരിട്ടത് എട്ട് വിമാനങ്ങളുമായി; അതിർത്തി കടന്ന മൂന്ന് വിമാനങ്ങളെ തിരിച്ചോടിക്കാൻ ആകാശയുദ്ധം നടത്തി വൈമാനികർ; വകവെക്കാതെ ആക്രമണത്തിന് കോപ്പ് കൂട്ടിയപ്പോൾ ഒരു വിമാനം തകർത്ത് ഇന്ത്യ; തിരിച്ചടിയായി ഇന്ത്യൻ വിമാനത്തിലൊന്ന് പാക്കിസ്ഥാൻ വീഴ്‌ത്തുകയും വൈമാനികനെ തടവിലാക്കുകയും ചെയ്തതോടെ സംഘർഷം ഒഴിഞ്ഞു; ഇന്ത്യാ-പാക് സംഘർഷത്തിന്റെ വിശദാംശങ്ങൾ പുറത്തു വരുമ്പോൾ

16 യുദ്ധ വിമാനങ്ങളുമായി പാക്കിസ്ഥാൻ എത്തിയത് ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ ചുട്ടെരിക്കാൻ; ഇന്ത്യൻ വ്യോമസേന നേരിട്ടത് എട്ട് വിമാനങ്ങളുമായി; അതിർത്തി കടന്ന മൂന്ന് വിമാനങ്ങളെ തിരിച്ചോടിക്കാൻ ആകാശയുദ്ധം നടത്തി വൈമാനികർ; വകവെക്കാതെ ആക്രമണത്തിന് കോപ്പ് കൂട്ടിയപ്പോൾ ഒരു വിമാനം തകർത്ത് ഇന്ത്യ; തിരിച്ചടിയായി ഇന്ത്യൻ വിമാനത്തിലൊന്ന് പാക്കിസ്ഥാൻ വീഴ്‌ത്തുകയും വൈമാനികനെ തടവിലാക്കുകയും ചെയ്തതോടെ സംഘർഷം ഒഴിഞ്ഞു; ഇന്ത്യാ-പാക് സംഘർഷത്തിന്റെ വിശദാംശങ്ങൾ പുറത്തു വരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബാലാകോട്ടിലെ ജെയ്‌ഷെ മുഹമ്മദിന്റെ ഭീകരക്യാമ്പ് ഇന്ത്യ തകർത്തത് അതിർത്തിയിൽ നിന്ന് 54 കിലോമീറ്റർ അകത്തു കടന്നാണ്. 12 യുദ്ധവിമാനങ്ങൾ നടത്തിയ പോരാട്ടത്തിൽ ഇന്ത്യ സമ്പൂർണ്ണമായും വിജയിച്ചു. മിറാഷ് പോർ വിമാനത്തിന്റെ കരുത്തിലായിരുന്നു ഇത്. പുൽവാമയിലെ ആക്രമണത്തിന് ശക്തമായ താക്കീത്. ഇത് പാക്കിസ്ഥാനെ പ്രശ്‌നത്തിലാക്കി. ആഭ്യന്തര തലത്തിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വെട്ടിലായി. ഇതോടെ ഇന്ത്യയെ പാക് വ്യോമസേന ആക്രമിച്ചു. രണ്ട് കൂട്ടർക്കും ഒരോ പോർ വിമാനം നഷ്ടമായി. പിന്നെ ഇന്ത്യയുടെ നയതന്ത്ര കരുത്തിൽ പാക് പിടിയിലായ സൈനികൻ അഭിനന്ദൻ വർത്തവന്റെ തിരിച്ചു മടക്കവും.

വ്യോമാതിർത്തി ലംഘിച്ചു പാക്കിസ്ഥാൻ യുദ്ധവിമാനങ്ങൾ നടത്തിയ ആക്രമണത്തെ ഇന്ത്യ ധീരമായി നേരിട്ടതിന്റെ വിശദാംശങ്ങൾ പുറത്തായി കഴിഞ്ഞു. ഏറെ അഭിമാനമുണ്ടാക്കുന്നതാണ് ആ വിശദാംശങ്ങൾ. ഇരുരാജ്യങ്ങളും ആകാശക്കരുത്ത് പ്രകടമാക്കി. ഇതിനിടെയിൽ ഇന്ത്യൻ വൈമാനികന് പാക്കിസ്ഥാനിൽ പാരച്യൂട്ടിലൂടെ ഇറങ്ങേണ്ടി വന്നു. അഭിനന്ദിനെ പിടികൂടിയത് വിജയമായി പാക്കിസ്ഥാൻ വ്യാഖ്യാനിക്കുന്നു. ബാലാകോട്ടിൽ ലക്ഷ്യം നേടിയ ഇന്ത്യ ഉപാധികളൊന്നുമില്ലാതെ അഭിനന്ദനെ നാട്ടിലെത്തിക്കുകയും ചെയ്തു. ഇതോടെ രണ്ട് കൂട്ടർക്കും അവകാശപ്പെടാൻ വിജയമായി. അതുകൊണ്ട് തന്നെ അതിർത്തിയിലെ സംഘർഷം പതിയെ കുറയുമെന്നാണ് വിലയിരുത്തൽ. ജെയ്‌ഷെ മുഹമ്മദിനേയും മസൂദ് അസ്ഹറിനേയും ലക്ഷ്യമിട്ട് ഇന്ത്യ പോരാട്ടം തുടരുകയും ചെയ്യും. 16 യുദ്ധ വിമാനങ്ങളാണ് ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാൻ അണിനിരത്തിയത്. എട്ട് വിമാനങ്ങൾ ഉപയോഗിച്ച് ഇന്ത്യ തിരിച്ചടിക്കുകയും ചെയ്തു.

8 എഫ് 16, 4 വീതം ജെഎഫ് 17, മിറാഷ് 5 യുദ്ധവിമാനങ്ങൾ എന്നിവ വിന്യസിച്ചായിരുന്നു പാക്ക് ആക്രമണം. ഇതു നേരിടാൻ 2 വീതം മിഗ് 21 ബൈസൺ, മിറാഷ് 2000 എന്നിവയും 4 സുഖോയ് 30 എംകെഐയുമായി ഇന്ത്യ അണിനിരന്നു. 3 എഫ് 16 വിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചു കടന്നുകയറിയപ്പോൾ മറ്റുള്ളവ നിയന്ത്രണ രേഖയ്ക്ക് അപ്പുറത്ത് നിലയുറപ്പിച്ചു. ഇതിലൊന്നിനെയാണ് ഇന്ത്യ വെടിവച്ചിട്ടത്. രാവിലെ 9.45 ന് പാക്ക് വിമാനങ്ങൾ നിയന്ത്രണ രേഖയുടെ 10 കിലോമീറ്റർ വരെ അടുത്തെത്തിയപ്പോഴാണ് ആക്രമണം സംബന്ധിച്ച വിവരം ഇന്ത്യൻ വ്യോമസേനയ്ക്കു ലഭിച്ചത്. മേഖലയിൽ നിരീക്ഷണപ്പറക്കൽ നടത്തുകയായിരുന്ന മിഗ് 21 ബൈസൺ വിമാനങ്ങൾ അതിർത്തിയിലേക്കു കുതിച്ചു. ഇതോടെ ആകാശ യുദ്ധമായി. ഡോഗ് ഫൈറ്റിന് അതിർത്തി സാക്ഷിയായി. അതിർത്തിയിലെ സംഘർഷം കണക്കിലെടുത്ത് ശ്രീനഗർ ഉൾപ്പെടെയുള്ള വ്യോമത്താവളങ്ങളിൽ നിലയുറപ്പിച്ചിരുന്ന സുഖോയ്, മിറാഷ് വിമാനങ്ങൾ പിന്നാലെ പാഞ്ഞു. ഇതിന് മുമ്പ് തന്നെ ഇന്ത്യയുടെ മിഗ് വിമാനങ്ങൾ പാക് ആക്രമണത്തിന്റെ മുനയൊടിച്ചു.

1971നുശേഷം ആദ്യമായാണ് ഇത്തരമൊരു വ്യോമാക്രമണമുണ്ടാകുന്നത്. നിയന്ത്രണരേഖ കടന്നിട്ടില്ലെന്ന പാക് അവകാശവാദം തള്ളുന്നതാണ് പുറത്തുവന്ന റിപ്പോർട്ട്. ഇന്ത്യയുടെ ബ്രിഗേഡ്, ബറ്റാലിയൻ ആസ്ഥാനങ്ങൾ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയെത്തിയ പാക്ക് വിമാനങ്ങളെ മിഗ് 21 നേരിട്ടു. ഇന്ത്യയുടെ ശക്തമായ പ്രതികരണത്തിൽ പിന്തിരിഞ്ഞ പാക്ക് വിമാനങ്ങൾ പടിഞ്ഞാറൻ രജൗറിയിൽ ബോംബുകൾ വർഷിച്ചു. ഇവ സേനാ കേന്ദ്രങ്ങളുടെ അടുത്താണ് പതിച്ചെങ്കിലും നാശനഷ്ടങ്ങളുണ്ടായില്ല. സേനയുടെ വിവിധ യുദ്ധവിമാനങ്ങൾ അവന്തിപ്പുര, ശ്രീനഗർ താവളങ്ങളിൽ സജ്ജമാക്കിയിട്ടുണ്ടെന്നും മുൻനിര പ്രതിരോധമുറപ്പിക്കാനുള്ള ചുമതല വിവിധ സമയങ്ങളിൽ ഓരോ വിമാനത്തിനുമാണു നൽകുന്നതെന്നും സേനാ വൃത്തങ്ങൾ പറഞ്ഞു. പാക്ക് ആക്രമണം നടന്നതിന്റെ തലേ രാത്രി സുഖോയ്, മിഗ് 29 എന്നിവ ആകാശ നിരീക്ഷണത്തിലായിരുന്നു. രാവിലെ മിഗ് 21 ബൈസൺ നിരീക്ഷണ ചുമതല ഏറ്റെടുത്തു. ഈ സമയത്തായിരുന്നു പാക്ക് ആക്രമണം. ജമ്മുകശ്മീരിലെ സൈനികകേന്ദ്രങ്ങളിൽ ലേസർ ബോംബുകൾ വർഷിക്കലായിരുന്നു പാക് വ്യോമസേനയുടെ ശ്രമം.

അതിർത്തി ലംഘിച്ച് പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിന്റെ തെളിവുകളും ഇന്ത്യൻ സേന പുറത്തു വിട്ടിട്ടുണ്ട്. എഫ് 16 വിമാനത്തിൽ നിന്നും വിക്ഷേപിച്ച മിസൈലിന്റെ അവശിഷ്ടങ്ങളാണ് സൈനിക ഉപമേധാവികൾ പുറത്തുവിട്ടത്. ആക്രമണത്തെ കുറിച്ച് പാക്കിസ്ഥാന്റെ വാദങ്ങൾ പരസ്പരവിരുദ്ധമാണെന്നും കര, നാവിക, വ്യോമ സേനകളുടെ സംയുക്ത വാർത്താസമ്മേളത്തിൽ പറഞ്ഞു. അതേസമയം ആക്രമണത്തെ കുറിച്ചുള്ള പാക്കിസ്ഥാന്റെ അവകാശവാദങ്ങൾ സൈന്യം തള്ളി. പാക് ആക്രമണങ്ങൾ ഇന്ത്യയിൽ വലിയ നാശമുണ്ടാക്കിയിട്ടില്ല. പാക്കിസ്ഥാന്റെ എഫ് 16 വിമാനം ഇന്ത്യ വെടിവെച്ചിട്ടു. ഏത് പ്രകോപനവും നേരിടാൻ തയ്യാറാണെന്നും സേന വ്യക്തമാക്കി. ഇന്ത്യയുടെ വ്യോമാക്രണത്തിൽ പാക്കിസ്ഥാനിലെ ഭീകരകേന്ദ്രം തകർന്നിട്ടുണ്ട്. എന്നാൽ എത്ര ഭീകരർ കൊല്ലപ്പെട്ടെന്ന് പറയുന്നത് ഉചിതമല്ല. പ്രത്യാക്രമണത്തിലാണ് അഭിനന്ദൻ പാക് പിടിയിലായത്. പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ തുടർച്ചയായി ലംഘിക്കുകയാണെന്നും ഇന്ത്യൻ സൈന്യം വിമർശിച്ചു. എങ്കിലും അഭിനന്ദനെ വിട്ടയയ്ക്കുന്നത് അതിർത്തിയിലെ സംഘർഷം കുറയ്ക്കുമെന്നാണ് ലോകരാജ്യങ്ങളുടെ വിലയിരുത്തൽ.

ഇന്ത്യയുടെ അതിർത്തിഗ്രാമങ്ങളിൽ ഭീതി മാറുന്നില്ല. ആക്രമണ ഭീതിയിൽ കടകൾ ദിവസങ്ങളായി അടഞ്ഞു കിടക്കുകയാണ്. സ്‌കൂളുകളെല്ലാം നേരത്തേ അടച്ചു, ജനങ്ങളാരും അധികം പുറത്തിറങ്ങാറില്ല. വീടൊഴിഞ്ഞ് സുരക്ഷിത കേന്ദ്രങ്ങളിലേക്കാണ് പോകാനാണ് അവർക്കുള്ള നിർദ്ദേശം. അതിർത്തിക്കടുത്തുള്ള പൂഞ്ച്, ലാംബേരി, നൗഷേര, രജൗരി എന്നിവിടങ്ങളിലെല്ലാം സാഹചര്യം സമാനമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP