Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കേരളം കണ്ട ഏറ്റവും വലിയ മഴക്കെടുതിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തം; കേരളം ഇതുവരെ ഇങ്ങനെയൊരു ദുരന്തം കണ്ടിട്ടില്ലെന്നു കേന്ദ്രം ഇടപെടണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്; പറ്റില്ലെന്ന് പറഞ്ഞ് കൈയൊഴിഞ്ഞ് കേന്ദ്ര സർക്കാർ; ദുരിതാശ്വാസ പ്രവർത്തനത്തിന് പണം കണ്ടെത്താൻ ജനങ്ങളോട് സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രിയും; പ്രവാസി പണമൊഴുക്ക് കുറഞ്ഞ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വെന്റിലേറ്ററിലാക്കി ഓഖിക്കും നിപ്പക്കും പിന്നാലെ എത്തിയ തോരാമഴയും

കേരളം കണ്ട ഏറ്റവും വലിയ മഴക്കെടുതിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തം; കേരളം ഇതുവരെ ഇങ്ങനെയൊരു ദുരന്തം കണ്ടിട്ടില്ലെന്നു കേന്ദ്രം ഇടപെടണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്; പറ്റില്ലെന്ന് പറഞ്ഞ് കൈയൊഴിഞ്ഞ് കേന്ദ്ര സർക്കാർ; ദുരിതാശ്വാസ പ്രവർത്തനത്തിന് പണം കണ്ടെത്താൻ ജനങ്ങളോട് സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രിയും; പ്രവാസി പണമൊഴുക്ക് കുറഞ്ഞ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വെന്റിലേറ്ററിലാക്കി ഓഖിക്കും നിപ്പക്കും പിന്നാലെ എത്തിയ തോരാമഴയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളംകണ്ട ഏറ്റവും വലിയ മഴക്കെടുതിയിലൂടെയാണ് നാം നടക്കുന്നു പോകുന്നത്. ഓഖി ചുഴലിക്കാറ്റ് നാശംവിതച്ചതിന് പിന്നാലെയെത്തിയ പ്രകൃതിക്ഷോഭം സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥയെ കൂടുതൽ ദുർബലമാക്കുകയാണ്. ഗൾഫ് നാടുകളിലെ പ്രതിസന്ധികൾ മൂലം കേരളത്തിലേക്കുള്ള പണമൊഴുക്കും നിലച്ച മട്ടാണ്. ഇതിനിടെ മഴ കനത്തത് സംസ്ഥാനത്തെ ടൂറിസം മേഖലയെയും ബാധിക്കുന്ന അവസ്ഥയിൽ എത്തി. കനത്ത മഴയിൽ പലയിടത്തും ഉരുൾപൊട്ടലും മറ്റും ഉണ്ടായതോടെ മലയോര മേഖലയിലെ കാർഷിക രംഗം ഏതാണ്ട് താറുമാറായ അവസ്ഥയിലാണ്. കുട്ടനാട്ടിലെ അവസ്ഥയും വ്യത്യസ്തമല്ല. മുൻപെങ്ങും ഇല്ലാത്ത വിധം മഴക്കെടുതി മൂലം മരണവും ഉണ്ടായി. ഇതോടെ കേരളത്തിലെ ഇപ്പോഴത്തെ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ഇക്കാര്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി.

കേരളത്തിലെ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യേണ്ടതെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേരളം ഇതുവരെ ഇങ്ങനെയൊരു ദുരന്തം കണ്ടിട്ടില്ല. വിലപ്പെട്ട ജീവനുകൾ നഷ്ടമാകുകയും കൃഷി നശിക്കുകയും വീടുകൾ തകരുകയും ചെയ്തു. ദുരന്തത്തെ നേരിടുന്ന പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും ദുരന്തനിവാരണത്തിന് ചെലവഴിക്കാൻ പണമില്ല. ജില്ലാ കളക്ടർമാർ വഴി സർക്കാർ ഉടൻ പണം എത്തിച്ചു നൽകണം. സൈന്യം ഉൾപ്പെടെ ഇറങ്ങിയതിനാൽ ആരും ആശങ്ക പെടേണ്ട കാര്യമില്ല. എന്നാൽ ജാഗ്രത പാലിക്കണം. നമുക്ക് ഒറ്റകെട്ടായി നിന്ന് ഈ ദുരന്തത്തെ മറികടക്കാം എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം സംസ്ഥാനത്തെ പ്രളയക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗാണ് ഇക്കാര്യം അറിയിച്ചത്. പ്രളയ ദുരന്തം വിലയിരുത്താൻ രാജ്നാഥ് സിങ് ഞായറാഴ്ച കൊച്ചിയിൽ സംസ്ഥാനത്ത് എത്തുന്നുണ്ട്. കേന്ദ്രസഹായം എത്രകണ്ട് ലഭിക്കുമെന്ന കാര്യത്തിലും സംശയമാണ്. കാര്യമായ തോതിൽ ഇത്തവണ കേരളത്തിന് സാമ്പത്തിക സഹായം ലഭിച്ചില്ലെങ്കിൽ സംസ്ഥാനത്തിന്റെ അവസ്ഥ ഗുരുതരമാകും.

ഓഖി ദുരന്തത്തിനും നിപ്പ െൈവറസ് ബാധയ്ക്കും ശേഷമാണ് സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കി കാലവർഷക്കെടുതിയും എത്തിയത്. കനത്ത മഴയാണ് പെയ്യുന്നത് എന്നതിനാൽ മലയോര മേഖലയിലെ നിരവധി കുടുംബങ്ങളാണ് ഇത് ബാധിച്ചത്. ഇവർക്ക് സഹായം എത്തിക്കാൻ തന്നെ വലിയൊരു തുക കണ്ടെത്തേണ്ട അവസ്ഥയുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക നില ഭദ്രമല്ലാത്ത അവസ്ഥയിൽ ദുരിതാശ്വാസ പ്രവർത്തനത്തിനും മറ്റും വലിയ തുക കണ്ടെത്തേണ്ട അവസ്ഥയുണ്ട്. ഈ സാഹചര്യത്തിൽ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം സംഭാവന ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഏവരോടും അഭ്യാർത്ഥിച്ചിട്ടുണ്ട്.

മനുഷ്യജീവനും വീടുകൾക്കും മറ്റു വസ്തുവകകൾക്കും റോഡുകൾക്കും ഭീമമായ നഷ്ടമാണ് കുറച്ചുദിവസങ്ങൾക്കകമുണ്ടായത്. ദുരന്തം നേരിടാൻ എല്ലാവരും കൈകോർത്തു നിൽക്കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു അഭ്യർത്ഥനയുമില്ലാതെ ധാരാളം വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും സംഭാവന നൽകുന്നുണ്ട്. അവരോടെല്ലാം മുഖ്യമന്ത്രി നന്ദി പ്രകടിപ്പിച്ചു. ദുരിതാശ്വാസത്തിന് കർണാടക സർക്കാർ 10 കോടി രൂപയും തമിഴ്‌നാട് 5 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇരു സർക്കാരുകളെയും മുഖ്യമന്ത്രി നന്ദി അറിയിച്ചു. ജൂലൈ 26 മുതൽ ഓഗസ്റ്റ് 9 വരെയുള്ള ദിവസങ്ങളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 1.75 കോടി രൂപ സംഭാവനയായി ലഭിച്ചിട്ടുണ്ട്.

സംഭാവനകൾ താഴെ ചേർത്ത അക്കൗണ്ടിലേക്കാണ് അയക്കേണ്ടത്

അക്കൗണ്ട് നം. 67319948232, എസ്.ബി.ഐ. സിറ്റി ബ്രാഞ്ച്, തിരുവനന്തപുരം, IFSC: SBIN0070028. CMDRF ലേക്കുള്ള സംഭാവന പൂർണ്ണമായും ആദായ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ദുരിതബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി ഹെലികോപ്ടറിൽ സന്ദർശിക്കും

പ്രളയബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ സന്ദർശിക്കും. രാവിലെ 7.30നാണ് സന്ദർശനം. ഹെലികോപ്റ്ററിൽ മുഖ്യമന്ത്രിക്കൊപ്പം റവന്യുമന്ത്രി, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരും ഉണ്ടാകും. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച് സംസ്ഥാനത്തെ മഴക്കെടുതി സംബന്ധിച്ച് ചർച്ച ചെയ്തു. കേന്ദ്രത്തിൽനിന്ന് ആവശ്യമായ സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം മുഖ്യമന്ത്രിക്ക് ഉറപ്പു നൽകി.

ഇടമലയാർ, ഇടുക്കി അണക്കെട്ടുകൾ തുറന്നതിനെ തുടർന്ന് പെരിയാറിലും കൈവഴികളിലും ജലനിരപ്പുയർന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായ സാഹചര്യത്തിൽ രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. അടിയന്തര സാഹചര്യങ്ങളെ നേരിടാനും ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുമുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു.

ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ശക്തവും കാര്യക്ഷമവുമായി ഏകോപിപ്പിക്കാൻ ജില്ല ഭരണകൂടത്തിന് കഴിയുന്നുണ്ട്. ആശങ്കയ്ക്ക് അടിസ്ഥാനമില്ല. വെള്ളപ്പൊക്കത്തിൽ നിന്നും മഴക്കെടുതിയിൽ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിന് സർക്കാർ എല്ലാ സഹായവും നൽകും. പ്രളയബാധിത മേഖലകളിൽ അർഹതയുള്ള എല്ലാ കുടുംബങ്ങൾക്കും സൗജന്യ റേഷൻ ലഭ്യമാക്കുമെന്ന് റവന്യു മന്ത്രി അറിയിച്ചു. അർഹരായവരെ കണ്ടെത്താൻ വില്ലേജ് ഓഫീസർമാരെ ചുമതലപ്പെടുത്തും. ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നവർക്ക് മാത്രമല്ല ദുരിതബാധിത മേഖലയിലുള്ളവർക്കെല്ലാം സഹായധനം വിതരണം ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP