Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പച്ചരി വാങ്ങി പൊടിച്ച് തവിടും തവിടെണ്ണയും ചേർത്ത് ഉപഭോക്താക്കളെ കബളിപ്പിച്ച് കോടികൾ കീശയിലാക്കിയിട്ടും ഉളുപ്പോ നാണമോ ഇല്ലാതെ ഡബിൾ ഹോഴ്‌സ് ഉടമ; സത്യം വിളിച്ചു പറഞ്ഞ വീട്ടമ്മയോട് 20 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡബിൾ ഹോഴ്‌സിന്റെ വക്കീൽ നോട്ടീസ്; ജെസി നാരായണൻ മൂലം ആളുകൾ കൂട്ടത്തോടെ ഡബിൾ ഹോഴ്‌സിനെ കൈവിട്ടെന്നും കമ്പനിയുടെ പരാതി

പച്ചരി വാങ്ങി പൊടിച്ച് തവിടും തവിടെണ്ണയും ചേർത്ത് ഉപഭോക്താക്കളെ കബളിപ്പിച്ച് കോടികൾ കീശയിലാക്കിയിട്ടും ഉളുപ്പോ നാണമോ ഇല്ലാതെ ഡബിൾ ഹോഴ്‌സ് ഉടമ; സത്യം വിളിച്ചു പറഞ്ഞ വീട്ടമ്മയോട് 20 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡബിൾ ഹോഴ്‌സിന്റെ വക്കീൽ നോട്ടീസ്; ജെസി നാരായണൻ മൂലം ആളുകൾ കൂട്ടത്തോടെ ഡബിൾ ഹോഴ്‌സിനെ കൈവിട്ടെന്നും കമ്പനിയുടെ പരാതി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജെസി നാരായണന്റെ പോരാട്ടമാണ് ഡബിൾ ഹോഴ്‌സിന്റെ പൊടിയരിയിലെ മായം പുറത്തു കൊണ്ടു വന്നത്. ജെസി നാരായണൻ ഉയർത്തിയ വിഷയങ്ങളിൽ മറുനാടൻ നടത്തിയ ഇടപെടലുകളും നിർണ്ണായകമായി. ഇതോടെ എങ്ങനേയും കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളും ഉണ്ടായി. എന്നാൽ ഭക്ഷ്യ സുരക്ഷാ കമ്മീഷണറായ രാജമാണിക്യം ഉറച്ച നിലപാട് എടുത്തതോടെ ഇത് നടക്കില്ലെന്ന് ഡബിൾ ഹോഴ്‌സ് ഉടമയ്ക്ക് മനസ്സിലായി. ഇതോടെ പരാതിക്കാരെ സമ്മർദ്ദത്തിലാക്കാനും ഭീഷണിപ്പെടുത്താനും ശ്രമം തുടങ്ങി. 20 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വീട്ടുടമയ്ക്ക് നോട്ടീസും അയച്ചു. പരാതിക്കാരിയെ എന്നിട്ടും പിന്തരിപ്പിക്കാൻ ഡബിൾ ഹോഴ്‌സ് മുതലാളിക്ക് ആയില്ല. ഇതിനിടെ ലാബ് ഫലം വന്നു. കള്ളം തെളിയുകയും ചെയ്തു.

പൊലീസിൽ കേസു കൊടുക്കാനും കോടതിയിൽ കേസ് ഫയൽ ചെയ്യാനുമുള്ള നീക്കങ്ങളാണ് ജെസിക്കെതിരെ അവർ നടത്തിയത്. ജെസിയുടെ ഫെയ്‌സ് ബുക്കിലെ വീഡിയോ നിമിത്തം കമ്പനിക്കുണ്ടായ നഷ്ടം ചൂണ്ടിക്കാട്ടി 20 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീൽ നോട്ടീസും അയച്ചത്. അതും തവിട് കലർത്തിയ പച്ചരിയാണ് മട്ടയരിയെന്ന് ബോധ്യമുണ്ടായിരുന്നിട്ടും. ഇതിലൂടെ കോടികളുടെ ലാഭം കമ്പനി ഉണ്ടാക്കിയിരുന്നതായാണ് റിപ്പോർട്ട്. ഇതാണ് ജെസിയുടെ ഇടപെടലിലൂടെ പൊളിഞ്ഞത്. മറുനാടൻ നടത്തിയ അന്വേഷണത്തിലും ജെസി പറയുന്നത് ശരിയാണെന്ന് തെളിഞ്ഞിരുന്നു. ജെസിയുടെ വീഡിയോ വന്നപ്പോൾ തന്നെ തങ്ങളുടെ പൊടിയരി വിപണിയിൽ നിന്നും അവർ പിൻവലിക്കുകയും ചെയ്തു. സജീവ് മഞ്ഞളിയുടെ നേതൃത്വത്തിലെ ഡബിൾ ഹോഴ്‌സിന്റെ തട്ടിപ്പ് പുറത്തു വരാതിരിക്കാനുള്ള ശ്രമമായിരുന്നു ഇതെല്ലാം.

തനിക്ക് നേരിടേണ്ടി വന്ന മാനസിക സമ്മർദ്ദങ്ങൾ ജെസി തന്നെ വിശദീകരിക്കുന്നുണ്ട്. കുഞ്ഞുങ്ങളേ മാപ്പ്! അമ്മിഞ്ഞപ്പാലിലും വിഷമാണു പൈതലേ..മാപ്പിരക്കുന്നു ഞാനമ്മയാം ദ്രോഹി!-ഇതാണ് ജെസിക്ക് പറയാനുള്ളത്. അന്നത്തിലും വിഷംകലർത്തുന്ന ഈ ലോകത്തിരുന്ന് ഇങ്ങനെ പറയാൻ മാത്രമേ കേവലം ഒരമ്മയായ എനിക്കിപ്പോൾ ആവുന്നുള്ളൂ. ഇക്കഴിഞ്ഞ ജൂലൈ 7ന് വൈകിട്ട് അത്താഴത്തിന് കഞ്ഞിവെക്കാൻ നുറുക്കരി കഴുകുകയായിരുന്നു ഞാൻ. പതിമൂന്നു വയസുള്ളപ്പോൾ എന്റെ അമ്മ പഠിപ്പിച്ചുതന്നതുപോലെ മൂന്നു തവണ അരി കഴുകി. അപ്പോഴാണ് ഞെട്ടിക്കുന്ന ആ പ്രതിഭാസം കണ്ടത്. തവിടു മുഴുവനായും ഒലിച്ചുപോയി. എന്റെ വീട്ടിൽ മുമ്പ് നെൽക്കൃഷിയുണ്ടായിരുന്നതുകൊണ്ട് തവിടിനെക്കുറിച്ച് നന്നായറിയാം. സ്വാഭാവിക തവിട് മൂന്നു തവണ കഴുകിയാലും ഇളകിപ്പോകില്ല. അതിന്റെ കാടിയും കഞ്ഞിവെള്ളവുമൊക്കെ എത്ര കണ്ടിട്ടുള്ളതാണ്.

മട്ടയരി തുമ്പപ്പൂപോലെ വെളുത്തതുകണ്ടപ്പോൾ എനിക്കോർമ്മ വന്നത് ഉള്ളൂരിലെ കാരുണ്യാ ഗൈഡൻസ് സെന്ററിലെ ക്യാൻസർ രോഗികളായ കുട്ടികളെയാണ്. കഴിഞ്ഞ അഞ്ചു വർഷമായി ഞാൻ ആ സ്ഥാപനത്തിലെ രോഗികളെ, പ്രത്യേകിച്ചും കുഞ്ഞുങ്ങളെ സന്ദർശിക്കാറുണ്ട്. കീമോ തെറാപ്പിക്കായി ദൂരസ്ഥലത്തുനിന്നു വന്ന് താമസിക്കുന്ന ആ കുഞ്ഞുങ്ങൾക്ക് ഡോക്ടർമാർ നിർദ്ദേശിക്കുന്ന പ്രകാരം അവരുടെ അമ്മമാർ നൽകുന്നത് പൊടിയരിക്കഞ്ഞിയാണ്. പണ്ടുമുതൽക്കേ കേരളീയർ വയ്യാത്തവർക്കു കൊടുക്കുന്ന നേർത്ത ആഹാരമാണല്ലോ പൊടിയരിക്കഞ്ഞി. അമ്മിഞ്ഞപ്പാലുപോലെ വിശ്വസിക്കാവുന്ന പൊടിയരിക്കഞ്ഞിയിലും മായമുണ്ടെന്നറിയുമ്പോൾ പിന്നെ ക്യാൻസർരോഗികളായ ആ കുഞ്ഞുങ്ങൾക്ക് അമ്മമാർ എന്തു കൊടുക്കാനാണ്?

അന്നത്തിലും മായം കലർത്തുന്ന ഈ പ്രവണത അറിഞ്ഞിട്ടും അറിയാത്തവർക്കിടയിൽ, കണ്ടിട്ടും കാണാത്തവർക്കിടയിൽ ഒരു വീട്ടമ്മയ്ക്ക് എന്തു ചെയ്യാനാകും? എന്നിലെ ജേർണലിസ്റ്റ് ഉണർന്ന് പ്രവർത്തിച്ചപ്പോൾ ഒരു പോംവഴി തോന്നിയത് ഭക്ഷ്യസുരക്ഷാ കമ്മീണറെ അറിയിക്കുക എന്നതാണ്. അദ്ദേഹം സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനാണെന്ന് ഞാൻ നേരത്തേ മനസിലാക്കിയിരുന്നു. അതിനുവേണ്ടിയാണ് ആ വീഡിയോ തയ്യാറാക്കിയത്. എന്റെ കുട്ടികൾ ആ വീഡിയോ അവരുടെ സുഹൃത്തുക്കളുമായി പങ്കുവച്ചതോടെയാണ് കാര്യങ്ങളുടെ ഗതി മാറിയത്. നേരം ഇരുട്ടിവെളുത്തപ്പോഴേക്കും വീഡിയോ വൈറലായി.

ഒരു വശത്ത് നുറുക്കരിക്കമ്പനിക്കാർ തന്ത്രം മെനയാൻ തുടങ്ങിയപ്പോൾ മറുവശത്ത് എല്ലാ സപ്ലൈക്കോ ഔട്ട്‌ലെറ്റുകളിൽനിന്നും പ്രസ്തുത അരി നീക്കം ചെയ്തു. ഭക്ഷ്യസുരക്ഷാവകുപ്പ് അതിവേഗം നടപടി ആരംഭിച്ചതോടെ ചില പത്രങ്ങളും ദൃശ്യമാധ്യമങ്ങളും വാർത്ത പുറത്തുകൊണ്ടുവന്നു. ഇതിനു സമാന്തരമായി കമ്പനി പല രീതിയിലുള്ള നടപടികൾ എനിക്കെതിരെ നടത്തിക്കൊണ്ടിരുന്നു. ബ്രാന്റുപോരിന്റെ ഭാഗമായിട്ടാണ് വീട്ടമ്മ വീഡിയോ ഇറക്കിയതെന്നു കാണിച്ച് സോഷ്യൽ മീഡിയയിലും മലയാളത്തിലെ ഒരു പ്രമുഖ പത്രത്തിലും വാർത്ത കൊടുത്തു. ഞാൻ മൗനം പാലിച്ചതേയുള്ളൂ. അടിസ്ഥാനമില്ലാതെയാണ് ഞാൻ കമ്പനിയുടെ ഉല്പന്നത്തെ ചോദ്യംചെയ്തതെന്നായിരുന്നു അവരുടെ ആരോപണം.

പൊലീസിൽ കേസു കൊടുക്കാനും കോടതിയിൽ കേസ് ഫയൽ ചെയ്യാനുമുള്ള നീക്കങ്ങൾ അവർ നടത്തി. എന്റെ വീഡിയോ നിമിത്തം കമ്പനിക്കുണ്ടായ നഷ്ടം ചൂണ്ടിക്കാട്ടി 20 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസും അയച്ചു. നമ്മുടെ നാട്ടിൽ അഴിമതി തടയാൻ ഗവൺമെന്റിന് സംവിധാനങ്ങളുണ്ട്. നിയമങ്ങളുമുണ്ട്. പക്ഷേ, സാധാരണക്കാർക്ക് നിയമയുദ്ധം നടത്തി വിജയം നേടണമെങ്കിൽ വലിയ വില കൊടുക്കേണ്ടിവരും. ഇത്രയും വലിയ തുക അടയ്ക്കാനുള്ള ശേഷി ഇല്ലാത്തതുകൊണ്ട് ജയിൽശിക്ഷ അനുഭവിക്കാനാവും എന്റെ വിധി. എനിക്കതിൽ അഭിമാനമേയുള്ളൂ. കാരണം ക്യാൻസർരോഗികളായ കുഞ്ഞുങ്ങളുടെ അമ്മമാർ അനുഭവിക്കുന്ന വേദന കാണുമ്പോൾ ആ ശിക്ഷ എത്ര നിസാരം.

ഇതിനിടയിലാണ് സാമ്പിൾ പരിശോധനാഫലം പുറത്തുവന്നിരിക്കുന്നത്. വെള്ള അരിയിൽ തവിടും തവിടെണ്ണയും ചേർത്തുപിടിപ്പിച്ച് മാർക്കറ്റിൽ ഇറക്കിയ പൊടിയരിയായിരുന്നു അത്. ഭക്ഷ്യസുരക്ഷാ കമ്മീഷന് ആയിരം നന്ദി. എന്താണ് സംഭവിച്ചതെന്ന് അവർ കണ്ടെത്തിക്കഴിഞ്ഞല്ലോ. എങ്കിലും അന്നത്തിൽ വിഷം കലർത്തുന്ന ഈ ലോകത്ത് അമ്മമാരായ ഞങ്ങൾ നിസ്സഹായരാണ്. കുഞ്ഞുങ്ങളേ മാപ്പ്!-ജെസി കാര്യങ്ങൾ വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP