Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

77 കോടി രൂപ വായ്പാകുടിശ്ശികയുടെ പേരിൽ എം.കെ.രാഘവൻ എംപിയുടെ പേരിൽ കേസെടുത്ത സർക്കാരിന് 500 കോടി വായ്പാകുടിശ്ശികയുള്ള റബ്‌കോയ്‌ക്കെതിരെ കേസെടുക്കാൻ മുട്ടിടിക്കുന്നു; സിപിഎം ഭരണസമിതിക്കു കീഴിലുള്ള റബ്‌കോയുടെ ബാധ്യത പൂർണമായി ഏറ്റെടുത്ത സർക്കാർ കുടിശ്ശിക അടയ്ക്കാൻ 238.35 കോടി രൂപ ഒറ്റത്തവണയായി അനുവദിച്ചു; പുറുത്തുവരുന്നത് സർക്കാരിന്റെ ഇരട്ടത്താപ്പ്

77 കോടി രൂപ വായ്പാകുടിശ്ശികയുടെ പേരിൽ എം.കെ.രാഘവൻ എംപിയുടെ പേരിൽ കേസെടുത്ത സർക്കാരിന് 500 കോടി വായ്പാകുടിശ്ശികയുള്ള റബ്‌കോയ്‌ക്കെതിരെ കേസെടുക്കാൻ മുട്ടിടിക്കുന്നു; സിപിഎം ഭരണസമിതിക്കു കീഴിലുള്ള റബ്‌കോയുടെ ബാധ്യത പൂർണമായി ഏറ്റെടുത്ത സർക്കാർ കുടിശ്ശിക അടയ്ക്കാൻ 238.35 കോടി രൂപ ഒറ്റത്തവണയായി അനുവദിച്ചു; പുറുത്തുവരുന്നത് സർക്കാരിന്റെ ഇരട്ടത്താപ്പ്

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ; 77 കോടി രൂപ വായ്പാകുടിശ്ശികയുടെ പേരിൽ എം.കെ.രാഘവൻ എംപിയുടെ പേരിൽ കേസെടുത്ത സർക്കാരിന് 500 കോടിയിലേറെ രൂപ കുടിശ്ശിക വരുത്തിയ റബ്‌കോയുടെ കാര്യത്തിൽ മിണ്ടാട്ടമില്ല. സിപിഎം ഭരണസമിതിക്കു കീഴിലുള്ള റബ്‌കോയുടെ 408.97 കോടി രൂപയുടെ ബാധ്യത പൂർണമായി ഏറ്റെടുത്ത സർക്കാർ കുടിശ്ശിക അടയ്ക്കാൻ 238.35 കോടി രൂപ ഒറ്റത്തവണയായി അനുവദിക്കുകയും ചെയ്തു.

അതേസമയം അഗ്രീൻകോ അഴിമതി കേസിൽ കോഴിക്കോട് എംപി എം കെ രാഘവനെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. കണ്ണൂർ അഗ്രീൻകോ സൊസൈറ്റിയുടെ പേരിൽ എംകെ രാഘവൻ എംപിയും സംഘവും 77 കോടി രൂപ തട്ടിയെടുവെന്നതാണ് കേസ്. കേസിൽ എം കെ രാഘവൻ ഒന്നാം പ്രതിയായാണ്. കൂടാതെ ഗ്രീൻകോയിൽ നടന്ന കോടികളുടെ സാമ്പത്തിക വെട്ടിപ്പിൽ പ്രതിയായ എം കെ രാഘവൻ എംപി സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് പ്രകടനവും പൊതുയോഗവും നടത്തിയിരുന്നു.

യുഡിഎഫ് ഭരണ കാലത്ത് നടന്ന അഴിമതി സഹകരണ വിജിലൻസ് അന്വേഷണത്തിലാണ് തെളിഞ്ഞത്. രാഘവനടക്കമുള്ള കമ്പനി ഡയറക്ടർമാരുടെ പേരിലാണ് കേസെടുത്തത്.അഗ്രീൻകോയുടെ മറവിൽ പൊതുസ്ഥാപനങ്ങളിൽനിന്ന് 77 കോടി രൂപയാണ് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടുന്ന സംഘം തട്ടിയെടുത്തതെന്നാണ് സഹകരണ വിജിലൻസ് കണ്ടെത്തിയത്. കൃഷിക്കാരെ പ്രോത്സാഹിപ്പിക്കാനെന്ന പേരിൽ കണ്ണൂർ ആസ്ഥാനമായി ആരംഭിച്ച അഗ്രീൻകോ എന്ന സ്ഥാപനത്തിന് കീഴിൽ 2004 ഡിസംബറിൽ അഗ്രീൻകോ റബ്ബർ ടെക്നോളജീസ് ലിമിറ്റഡ് ആരംഭിക്കുകയും ഈ കമ്പനിയുടെ മറവിൽ അഴിമതി നടത്തുകയുമായിരുന്നു. മലേഷ്യൻ കമ്പനിയുമായി സഹകരിച്ച് അഗ്രീൻ കേർ ലാറ്റക്സ് എന്ന മറ്റൊരു സ്വകാര്യ കമ്പനിക്കും രൂപം നൽകി.

എല്ലാം സഹകരണസ്ഥാപനങ്ങളാണെന്ന് വരുത്തി, ഭരണത്തണലിൽ സഹകരണ ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തിയായിരുന്നു തട്ടിപ്പ്. കാനറാ ബാങ്കിന്റെ ആലുവ ബ്രാഞ്ചിൽനിന്ന് എട്ട് കോടി രൂപ വായ്പയെടുത്തായിരുന്നു തുടക്കം. തുടർന്ന് മറ്റു ബാങ്കുകളിൽനിന്നും കോടികൾ സമാഹരിച്ചു. പണം തട്ടിയെടുക്കുകയെന്ന ദൗത്യം പൂർത്തിയാക്കിയശേഷം കണ്ണൂർ നഗരത്തിന് സമീപം പള്ളിക്കുന്നിലുണ്ടായിരുന്ന അഗ്രീൻകോ ഹെഡ് ഓഫീസടക്കം ഒഴിവാക്കി. വായ്പയെടുത്ത തുക ബാങ്കുകൾക്ക് തിരിച്ചു നൽകിയില്ല. ഓഹരിയായും മറ്റും പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും സമാഹരിച്ച തുക സംബന്ധിച്ച് കണക്കുപോലുമില്ല.

സർക്കാരിൽനിന്ന് ഓഹരിയായി 4.50 കോടി രൂപ തട്ടിയെടുത്തതായും കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന സഹകരണ ബാങ്കിൽനിന്ന് 35.45 കോടി എംപി സ്വാധീനം ഉപയോഗിച്ച് ഈ സ്ഥാപനത്തിലെത്തിച്ചു. പൊതുമേഖലാ സ്ഥാപനമായ എൻസിഡിസിയിൽനിന്ന് 13.13 കോടിയും നേടിയെടുത്തു, കാനറാ ബാങ്കിന്റെ ആലുവ ശാഖയിൽനിന്ന് എടുത്ത എട്ടു കോടിയടക്കം കാനറാ ബാങ്കിനുള്ള 2002 മുതൽ 2013വരെയുള്ള കാലയളവിലെ സാമ്പത്തിക ബാധ്യത 22.11 കോടിയാണ്, ഇതിനുപുറമേ സംഘങ്ങളിൽനിന്ന് ഡെപ്പോസിറ്റായി 1.64 കോടി രൂപ വേറയും സമാഹരിച്ചതായി കണ്ടെത്തിയതായി അറിയുന്നു.

അഗ്രീൻകോയുടെ പേരിൽ കൈതച്ചക്ക സംസ്‌കരണ ഫാക്ടറി സ്ഥാപിച്ചിരുന്നു. എന്നാൽ ഉദ്ഘാടനം പോലും നടക്കും മുമ്പ് പടിയൂർ പഞ്ചായത്തിലെ പെരുമണ്ണിൽ സംഘത്തിന്റെ പേരിലുള്ള അഞ്ചേക്കർ സ്ഥലവും ഫാക്ടറിയും അഗ്രീൻ ഹാഷ്‌കോ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് പൈനാപ്പിൾ പ്രോസസിങ് ഫാക്ടറി നിർമ്മിക്കുന്നതിനായി 50 വർഷത്തേക്ക് പാട്ടത്തിന് നൽകി. ഈ കമ്പനി പിൻവാങ്ങിയതോടെ ഭൂമി ഇപ്പോൾ സ്വകാര്യവ്യക്തിയുടെ കൈവശമാണ്.

സഹകരണനിയമം പാലിക്കാതെയും സാമ്പത്തിക ഇടപാടുകളുടെ രേഖകൾ സൂക്ഷിക്കാതെയുമാണ് എം.കെ. രാഘവൻ ചെയർമാനായ സ്ഥാപനം പ്രവർത്തിച്ചതെന്നും കോടികളുടെ തട്ടിപ്പ് നടത്തിയതായുമാണ് സഹകരണ വിജിലൻസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഘവന്റെയും കോൺഗ്രസ് പ്രവർത്തകരുടേയും പേരിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തിരിക്കുന്നത്

പൈനാപ്പിൾ കൃഷിക്കായി സ്വകാര്യ കമ്പനിയുമായി ചേർന്ന് അഗ്രീൻകോ സഹകരണ സംഘം ആരംഭിച്ച സംരംഭം നഷ്ടത്തിലായതിനെ തുടർന്നു പൂട്ടിപ്പോയിരുന്നു. സർക്കാർ ഷെയറായി 4.50 കോടി രൂപ, സംസ്ഥാന സഹകരണ ബാങ്കിന് 35.45 കോടി രൂപ, നാഷനൽ കോഓപ്പറേറ്റീവ് ഡവലപ്‌മെന്റ് കോർപറേഷൻ(എൻസിഡിസി)ക്ക് 13 കോടി രൂപ, കാനറാ ബാങ്കിന് 22 കോടി രൂപ എന്നിങ്ങനെ വൻ ബാധ്യതകളുണ്ടാകുകയും ചെയ്തു. ഈ വായ്പകൾ തിരിച്ചടച്ചില്ലെന്ന പേരിലാണു അഗ്രീൻകോ ചെയർമാനായിരുന്ന കോഴിക്കോട് എംപി എം.കെ. രാഘവനെതിരെയും 13 ഭരണസമിതി അംഗങ്ങൾക്കെതിരെയും കേസെടുത്തത്.

എന്നാൽ, റബ്‌കോ എടുത്ത വായ്പകൾ ഇതിനേക്കാൾ വർഷങ്ങൾ പഴക്കമുള്ളതും വലുതുമാണ്. സംസ്ഥാന സഹകരണ ബാങ്കിനു മാത്രം 162.87 കോടി രൂപയാണു ബാധ്യതയുണ്ടായിരുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലാ ബാങ്കുകൾക്കായി 246.10 കോടി രൂപയും റബ്‌കോ തിരിച്ചടയ്ക്കാനുണ്ടായിരുന്നു. കിട്ടാക്കടം പെരുകിയതോടെ സംസ്ഥാന സഹകരണ ബാങ്ക് റബ്‌കോയുടെ ആസ്ഥാന മന്ദിരം ജപ്തി ചെയ്യാൻ തീരുമാനിച്ചെങ്കിലും 20 കോടി രൂപ പോലും ആസ്തിയില്ലെന്നു കണ്ട് ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് കോടതി ഇടപെട്ട് നാമമാത്രമായ തുക തിരിച്ചടപ്പിച്ചാണു ജപ്തി നടപടികൾ ഒഴിവാക്കിയത്.

ഇതിനു പുറമേ സംസ്ഥാനത്തെ ഒട്ടേറെ സഹകരണ സ്ഥാപനങ്ങളിൽ നിന്നും ബാങ്കുകളിൽ നിന്നും റബ്‌കോ ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ചിരുന്നു. എന്നാൽ, ഇവരിൽ ഭൂരിഭാഗത്തിനും പിന്നീടു തുക തിരിച്ചു നൽകിയിട്ടുമില്ല. കേരള ബാങ്ക് രൂപീകരണത്തിന് റബ്‌കോയുടെ കിട്ടാക്കടം തടസ്സമാകുമെന്നു കണ്ടതോടെ ഒരു മാസം മുൻപ് കടം ഏറ്റെടുത്ത് ഒറ്റത്തവണയായി അടച്ചുതീർക്കാൻ സർക്കാർ തുക അനുവദിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP