Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പക്ഷപാതം ഇല്ലാതാക്കാൻ കൃത്രിമ ബുദ്ധി; ബ്രിട്ടനിലെ ബെൽഫാസ്റ്റ് യൂണിവേഴ്സിറ്റിയിലെ മലയാളി ശാസ്ത്രജ്ഞനും മദ്രാസ് ഐഐടിയും കൈകോർത്തപ്പോൾ പിറന്നത് പുത്തൻ കൃത്രിമ ബുദ്ധി അൽഗോരിതം; ഗവേഷണം പ്രയോഗികമായാൽ രക്ഷപ്പെടുന്നത് മോദിയും പിണറായിയും അടക്കമുള്ളവർ; പി എസ് സി പരീക്ഷകൾ നൊടിയിടയിൽ തീർപ്പാക്കാം; പൊലീസിനും തലവേദന മാറിക്കിട്ടും

പക്ഷപാതം ഇല്ലാതാക്കാൻ കൃത്രിമ ബുദ്ധി; ബ്രിട്ടനിലെ ബെൽഫാസ്റ്റ് യൂണിവേഴ്സിറ്റിയിലെ മലയാളി ശാസ്ത്രജ്ഞനും മദ്രാസ് ഐഐടിയും കൈകോർത്തപ്പോൾ പിറന്നത് പുത്തൻ കൃത്രിമ ബുദ്ധി അൽഗോരിതം; ഗവേഷണം പ്രയോഗികമായാൽ രക്ഷപ്പെടുന്നത് മോദിയും പിണറായിയും അടക്കമുള്ളവർ; പി എസ് സി പരീക്ഷകൾ നൊടിയിടയിൽ തീർപ്പാക്കാം; പൊലീസിനും തലവേദന മാറിക്കിട്ടും

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: കേരളം കണ്ട മഹാദുരന്തമായ 2018ലെ പ്രളയത്തിൽ സർവ്വതും നഷ്ടമായവർക്കു ഇനിയും സർക്കാർ പ്രഖ്യാപിച്ച അടിയന്തിര ധനസഹായം 10000 രൂപ കിട്ടാനുണ്ടെന്നു ഇടയ്ക്കിടെ വാർത്തകളിൽ എത്തുന്ന തലക്കെട്ടാണ്. സർക്കാരിന്റെ പിടിപ്പു കേടെന്നു പ്രതിപക്ഷവും ജീവനക്കാരുടെ കാര്യക്ഷമത ഇല്ലായ്മയെന്ന് സർക്കാരും ഒക്കെ പരസ്പരം കുറ്റപ്പെടുത്തുമ്പോഴും തങ്ങൾ എങ്ങനെ ഒഴിവാക്കപ്പെടുന്നു എന്നത് മാത്രമാണ് അർഹതയുള്ള സാധാരണക്കാരന്റെ വിഷമം. യഥാർത്ഥത്തിൽ ഇത്തരം കാര്യങ്ങളിൽ സർക്കാരോ ജീവനക്കാരോ ഒന്നും നേരിട്ട് ഇടപെട്ട് ഒരാളെയും മാറ്റി നിർത്തുന്നതാവില്ല, മറിച്ചു ആയിരക്കണക്കിന് ആളുകളിൽ നിന്നും അർഹതയുള്ളവരെ കടത്താനുള്ള പ്രായോഗിക പ്രയാസം തന്നെയാകും യഥാർത്ഥ വില്ലൻ.

ഇതേപരാതി അടുത്തിടെ കേന്ദ്രസർക്കാരും പ്രധാനമന്ത്രി മോദിയും കുറെ കേട്ടതാണ്. കർഷകർക്ക് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ആറായിരം രൂപ ഇനിയും കിട്ടിയില്ലെന്നു പരാതിപ്പെടുന്നവർ അനേകമാണ്. ലക്ഷക്കണക്കിന് ആളുകൾ സഹായം തേടി എത്തുമ്പോൾ അവരിൽ അർഹത ഉള്ളവരെ കണ്ടെത്താൻ ഏതു സർക്കാരും വിഷമിക്കും. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ മനുഷ്യ ഇടപെടൽ കുറച്ചു കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ അർഹരെ കണ്ടെത്താൻ സാധിക്കുമോ എന്ന് അന്വേഷിക്കുകയാണ് ബെൽഫാസ്റ്റ് ക്വീൻ യൂണിവേഴ്സിറ്റിയും മദ്രാസ് ഐഐടിയും ചേർന്ന് നടത്തുന്ന ഗവേഷണം.

കൃത്രിമ ബുദ്ധി ഉപയോഗിച്ച് നടത്തുന്ന ഗവേഷണങ്ങളിൽ ലോകം ഡ്രൈവർ ഇല്ലാത്ത കാറുകളും വീട്ടുജോലികൾ ചെയ്യാൻ മനുഷ്യ സാന്നിധ്യം കൂടാതെ ഉപകരണങ്ങളും നിർമ്മിക്കാൻ തയ്യാറെടുക്കുമ്പോൾ സാമൂഹ്യ സേവന രംഗത്ത് ഇതെങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ് ബെൽഫാസ്റ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകനും എറണാകുളം ഇടപ്പള്ളി സ്വദേശിയുമായ ഡോ. ദീപക് പത്മനാഭൻ ചിന്തിക്കുന്നത്. തൻ വളർന്നതും ജീവിച്ചതും അത്തരം സാഹചര്യങ്ങളിൽ ആയതിനാലും സാമൂഹ്യ സേവന രംഗത്ത് കേരളം നടത്തിയ മുന്നേറ്റവും ഒക്കെ കണ്ടു വളർന്ന ദീപക് തന്റെ ഗവേഷണം സാധാരണക്കാരിൽ സാധാരണക്കാർക്ക് പ്രയോജനപ്പെടണം എന്ന ചിന്തിയിലാണ് ഈ വഴിക്കു തിരിച്ചു വിടുന്നത്, പതിനായിരക്കണക്കിന് കോടി രൂപ സാമൂഹ്യ സേവന രംഗത്ത് ചിലവഴിക്കപ്പെടുന്ന ഇന്ത്യ പോലൊരു രാജ്യത്തു ദീപകും സംഘവും വേർതിരിച്ചെടുക്കുന്ന കൃത്രിമ ബുദ്ധി അൽഗോരിതം പ്രായോഗിക തലത്തിൽ നടപ്പാക്കാനായാൽ വിപ്ലവകരമായ മാറ്റങ്ങളാകും സൃഷ്ടിക്കപ്പെടുക. എന്തിനേറെ പതിനായിരങ്ങൾ അപേക്ഷ നൽകുന്ന പി എസ് സി പരീക്ഷകൾ പോലും നൊടിയിടയിൽ നടത്തിയെടുക്കാൻ സാധിച്ചേക്കും.

എറണാകുളം മോഡൽ എൻജിനിയറിങ് കോളേജിൽ നിന്നും ബിടെക് പൂർത്തിയാക്കി എംടെക്നു വേണ്ടി മദ്രാസ് ഐ ഐ ടിയിലാണ് ദീപക് എത്തിച്ചേർന്നത്. തുടർന്ന് അവിടെ നിന്നും ഗവേഷണ സ്വപ്നങ്ങളുമായി ബെൽഫാസ്റ്റ് ക്വീൻസ് യൂണിവേഴ്സിറ്റിയിലും. ഇതിനിടയിലും മദ്രാസ് ഐ ഐ ടീയിലെ വിസിറ്റിങ് ഫാക്കൽറ്റി മെമ്പർ ആയി തുടർന്ന ദീപക് ഇരു വിദ്യാഭ്യസ സ്ഥാപനങ്ങളും തമ്മിൽ കൈകോർക്കാനുള്ള കണ്ണിയായി പ്രവർത്തിച്ചാണ് പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അൽഗോരിതം പ്രബന്ധമായി അവതരിപ്പിച്ചിരിക്കുന്നത്. മദ്രാസ് ഐ ഐ ടിയിലെ ഗവേഷക വിദ്യാർത്ഥികളായ സൗമ്യ സുന്ദരം, സവിത എബ്രഹാം എന്നിവർ ചേർന്ന ടീമാണ് ദീപക്കിനോപ്പം ചേർന്ന് ഗവേഷണം പൂർത്തിയാക്കിയിരിക്കുന്നത്. ഇത് പ്രായോഗികമായി നടപ്പിലാക്കാനായാൽ സാമൂഹ്യ സേവന രംഗത്ത് ലക്ഷകണക്കിന് മനുഷ്യരുടെ ജീവിതത്തിൽ ആശ്വാസമായി മാറിയേക്കും എന്നാണ് ദീപക്കിന്റെ പ്രതീക്ഷ.

മനുഷ്യ ഇടപെടൽ പരമാവധി കുറച്ചു കൃത്രിമ ബുദ്ധിയെ ആശ്രയിച്ചു അർഹരായവരെ കണ്ടെത്തുക എന്നതാണ് ഗവേഷണത്തിന്റെ കാതൽ. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് ഇതിന്റെ ഉപയോക്താക്കളായി മാറാം എന്നതും പ്രധാനമാണ്. ഉദാഹരണമായി ജോലിക്കും മറ്റും പതിനായിരങ്ങൾ അപേക്ഷകരായി എത്തുമ്പോൾ അവരിൽ യോഗ്യത ഉള്ളവരെ മാത്രം കണ്ടെത്തുക എന്നത് ശ്രമകരമായ ദൗത്യമാണ്. ഇതിനു പരിഹാരമായി കൃത്രിമ ബുദ്ധി ഉപയോഗിച്ച് പൊതു മാനദണ്ഡത്തിൽ ഉൾപ്പെടുന്നവരെ ഓരോ ഗ്രൂപ്പായി കണ്ടെത്തി ഏറ്റവും വേഗത്തിൽ അർഹരെയും അനർഹരെയും കണ്ടെത്താൻ ഈ പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അൽഗോരിതം വഴി സാധിക്കുമെന്ന് ഗവേഷകർ പറയുന്നു. എന്നാൽ മനുഷ്യ ഇടപെടൽ ഉണ്ടാകാത്തതിനാൽ അതിന്റെതായ പോരായ്മകളും ഉണ്ടാകാനിടയുണ്ട്.

ഉദാഹരണമായി ഇത്തരം വേർതിരിക്കലുകളിൽ പുരുഷനോ സ്ത്രീയോ പൂർണമായോ ഒഴിവാക്കപ്പെടാനോ ഒരേ പ്രായത്തിൽ ഉള്ളവർ മാത്രം തിരഞ്ഞെടുക്കപ്പെടാനോ ഒക്കെ ഉള്ള സാദ്ധ്യതകൾ നിലനിൽക്കുന്നുണ്ട്. മാത്രമല്ല ഇന്ത്യ പോലെയുള്ള രാജ്യത്തു സംവരണം അടക്കമുള്ള കാര്യങ്ങൾ മാനദണ്ഡമാകുമ്പോൾ അത്രത്തിലും പ്രയാസം ഉണ്ടായേക്കാം. അഥവാ നോർത്തേൺ അയർലണ്ടിൽ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികൾക്ക് പ്രത്യേക പരിരക്ഷ നൽകുന്ന സാഹചര്യവും അമേരിക്കയിൽ വർഗങ്ങളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കൽ പ്രക്രിയ നടക്കുമ്പോഴും ഒക്കെ ഇതേ പ്രയാസങ്ങൾ കൃത്രിമ ബുദ്ധി ഉപയോഗിച്ചുള്ള മാനദണ്ഡത്തെ മറികടക്കാൻ കാരണമായി എത്താനിടയുണ്ട്. മനുഷ്യർ സ്വാഭാവിക ബുദ്ധിയിൽ കണ്ടെത്തുന്ന ധർമ്മിക ഘടകങ്ങൾ കൃത്രിമ ബുദ്ധിയിൽ നാം പ്രതീക്ഷിക്കരുതെന്നും ഡോ ദീപക് ഓർമ്മിപ്പിക്കുന്നു. എങ്കിലും ഒരു പൊതു മാനദണ്ഡം നിശ്ചയിക്കാൻ കഴിഞ്ഞാൽ അതനുസരിച്ചുള്ള വേർതിരികളും കണ്ടെത്തലും ഈ അൽഗോരിതത്തിൽ നിഷ്പ്രയാസം ചെയ്യാനാകും.

കേരളത്തിൽ വർദ്ധിച്ചു വരുന്ന സൈബർ കുറ്റകൃത്യങ്ങളിൽ പലപ്പോഴും ലക്ഷക്കണക്കിന് ഫോൺ കോളുകൾ പൊലീസിന് പിന്തുടരേണ്ടി വരുമ്പോഴും ദീപകും സംഘവും വേർതിരിച്ചെടുത്ത ഈ കൃത്രിമ ബുദ്ധി അൽഗോരിതം സഹായകമായേക്കും. വേഗതയും കൃത്യതയുമാണ് ഈ ഗവേഷണം വഴി ഉരുത്തിരിഞ്ഞ അൽഗോരിതം ഉറപ്പുനൽകുന്നത്. മാത്രമല്ല മൾട്ടി നാഷണൽ കമ്പനികളും മറ്റും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുമ്പോൾ വിവാഹിതരായ സ്ത്രീകളെയും മറ്റും ഒഴിവാക്കുന്ന പ്രവണതകൾ അവസാനിപ്പിക്കാനും കൃത്രിമ ബുദ്ധിയെ ആശ്രയിക്കുമ്പോൾ സാധിക്കും. പ്രസവാവധിയും മറ്റും തൊഴിലിനെ ബാധിക്കും എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇത്തരം വിവേചനങ്ങൾ നിലനിൽക്കുന്നതും. ഇതെല്ലം ഒഴിവാക്കിയെടുക്കുകയാണ് ഗവേഷണം വഴി ഉദ്ദേശിച്ചതെന്നും ഡോ. ദീപക് പറയുന്നു.

ബെൽഫാസ്റ്റിൽ ഭാര്യ അമൃതയും രണ്ടു വയസുകാരി മകൾ ദയയ്ക്കും ഒപ്പമാണ് ഡോ. ദീപക് കഴിയുന്നത്. ഈ വർഷം ഏപ്രിലിൽ കോപ്പൻഹേഗനിൽ നടക്കുന്ന ഇന്റർനാഷണൽ എക്സ്റ്റന്റിങ് ഡാറ്റ ബേസ് കോൺഫറൻസിൽ ഗവേഷണ കണ്ടെത്തൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഡോ. ദീപക്. ആധുനിക ലോകത്തിലെ സോഷ്യൽ ക്രമത്തിൽ ഏറ്റവും പ്രയോജനകരം എന്ന് വിശേഷിപ്പിക്കപ്പെടുകയാണ് ഈ കണ്ടെത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP