Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നട്ടെല്ലിന്റെ നീരെടുത്തു പരിശോധിച്ചപ്പോൾ സംശയകരമായി ഒന്നുമില്ല; മുൻപൊരു മരണം നടന്നെന്നറിഞ്ഞപ്പോൾ സംശയമായി; മറ്റുള്ളവരെ കൂടി വിളിപ്പിച്ചു പരിശോധിച്ചപ്പോൾ ശരീരത്തിന്റെ ചില ഭാഗങ്ങൾ മാത്രം വിയർക്കുന്നതും മിടിക്കുന്നതും ശ്രദ്ധിച്ചു; ബംഗ്ലാദേശ് മൂന്ന് കൊല്ലം കൊണ്ട് കണ്ടെത്തിയ നിപ്പയെ രണ്ട് ദിവസം കൊണ്ട് ഡോക്ടർ ജയകൃഷ്ണൻ തിരിച്ചറിഞ്ഞത് ഇങ്ങനെ; നിപ്പ പടരാതിരിക്കാൻ തുണയായത് ബേബി മെമോറിയൽ ഡോക്ടർമാരുടെ ജാഗ്രത

നട്ടെല്ലിന്റെ നീരെടുത്തു പരിശോധിച്ചപ്പോൾ സംശയകരമായി ഒന്നുമില്ല; മുൻപൊരു മരണം നടന്നെന്നറിഞ്ഞപ്പോൾ സംശയമായി; മറ്റുള്ളവരെ കൂടി വിളിപ്പിച്ചു പരിശോധിച്ചപ്പോൾ ശരീരത്തിന്റെ ചില ഭാഗങ്ങൾ മാത്രം വിയർക്കുന്നതും മിടിക്കുന്നതും ശ്രദ്ധിച്ചു; ബംഗ്ലാദേശ് മൂന്ന് കൊല്ലം കൊണ്ട് കണ്ടെത്തിയ നിപ്പയെ രണ്ട് ദിവസം കൊണ്ട് ഡോക്ടർ ജയകൃഷ്ണൻ തിരിച്ചറിഞ്ഞത് ഇങ്ങനെ; നിപ്പ പടരാതിരിക്കാൻ തുണയായത് ബേബി മെമോറിയൽ ഡോക്ടർമാരുടെ ജാഗ്രത

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മരണത്തെ മുന്നിൽ കണ്ട് വെന്റിലേറ്ററിൽ കിടന്ന നിപ്പാ ബാധിതനെ ചികിത്സിക്കാൻ പണം ചോദിച്ച് പുലിവാല് പിടിച്ച ആശുപത്രിയാണ് ബേബി മെമോറിയൽ. പണത്തിന്റെ പേരിൽ മന്ത്രിയുടെതടക്കം ഉഗ്രശാസനയ്ക്ക് വിധേയരായെങ്കിലും നിപ്പാ വൈറസ് പനി പെട്ടെന്ന് കണ്ട് പിടിക്കാൻ സാധിച്ചത് ബേബി മെമോറിയൽ ആശുപത്രിയിലെ ഡോക്ടർമാരുടെ മിടുക്ക് ഒന്നുകൊണ്ട് മാത്രമാണ്. ബംഗ്ലാദേശ് മൂന്ന് കൊല്ലം കൊണ്ട്് കണ്ടെത്തിയ നിപ്പയെ ആണ് ഡോക്ടർ ജയകൃഷ്ണൻ രണ്ട് ദിവസം കൊണ്ട് തിരിച്ചറിഞ്ഞത്. ഒരു പക്ഷേ ബേബി മെമോറിയൽ ഹോസ്പിറ്റലിലെ ഡോക്ടർമാർ നിർണായക പങ്കുവഹിച്ചില്ലായിരുന്നെങ്കിൽ നിപ്പ വൈറസിനെ ഇനിയും കണ്ടെത്താനാകുമായിരുന്നില്ല. കണ്ടെത്തി വരുമ്പോഴേക്കും ഇത് കൂടുതൽ ആളുകളിലേക്ക് ബാധിച്ച് സംഭവം വഷളായി മാറുകയും ചെയ്‌തേനെ.

ഡോക്ടർ ജയകൃഷ്ണൻ അടക്കം ബേബി മെമോറിയൽ ആശുപത്രിയിലെ മൂന്ന് ഡോക്ടർമാരാണ് പേരാമ്പ്രയിൽ പനി പരത്തിയ നിപ്പ വൈറസിനെ അതിവേഗം തിരിച്ചറിയുന്നതിൽ നിർണായക പങ്കുവഹിച്ചത്. ബംഗ്ലാദേശിൽ മൂന്നുവർഷമെടുത്ത നിപ്പയെ രണ്ടാമത്തെ മരണമുണ്ടായി രണ്ടുദിവസത്തിനുള്ളിലാണ് തിരിച്ചറിഞ്ഞത്. കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ. എ.എസ്.അനൂപ് കുമാർ, ന്യൂറോളജി വിഭാഗത്തിലെ ഡോ. സി.ജയകൃഷ്ണൻ, മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളജ് വൈറൽ സ്റ്റഡീസ് വിഭാഗം മേധാവി ഡോ. ജി.അരുൺകുമാർ എന്നിവരാണു നിപ്പയെ കണ്ടെത്തുന്നതിൽ പ്രധാന പങ്കുവഹിച്ചത്.

നിപ്പ ബാധിച്ച് മരണതതിന് കീഴടങ്ങിയ മൂസയുടെ മകൻ മുഹമ്മദ് സാലിഹിന്റെ രോഗ ലക്ഷണത്തിൽ നിന്നുമാണ് ഡോക്ടർമാർ നിപ്പയെ തിരിച്ചറിഞ്ഞത്. 17നു പുലർച്ചെ രണ്ടരയ്ക്ക് ബേബിയിലെത്തിച്ച മുഹമ്മദ് സാലിഹിനെ ഡോ. അജിത് കെ.ഗോപാൽ, ഡോ. ജി.ഗംഗപ്രസാദ് എന്നിവരാണ് ആദ്യം നോക്കുന്നത്. മസ്തിഷ്‌കജ്വരത്തിന്റെ ലക്ഷണങ്ങൾ കണ്ടതിനാൽ എംആർഐ സ്‌കാൻ എടുത്തു. നട്ടെല്ലിലെ നീരെടുത്തു പരിശോധിച്ചു. എന്നാൽ, സംശയകരമായി ഒന്നും കണ്ടെത്തിയില്ല.

പിന്നീടാണ് കുടുംബത്തിലെ ഒരാൾ രണ്ടാഴ്ച മുൻപ് പനി ബാധിച്ചു മരിച്ചതായി സാലിഹ് ഡോക്ടർമാരോട് പറയുന്നത്. ഇതറിഞ്ഞ ഡോക്ടർമാർ കൂടുതൽ വിവരങ്ങൾ തിരക്കി. തുടർന്നാണു ഡോ. അനൂപും ജയകൃഷ്ണനും പരിശോധനയ്ക്കിറങ്ങുന്നത്. സാലിഹിന്റെ പിതാവ് മൂസയെയും അടുത്ത ബന്ധുവിനെയും മൂസയുടെ ഭാര്യ മറിയത്തെയും ആശുപത്രിയിലേക്കു വിളിപ്പിച്ചു.

സാലിഹിനെ ഡോക്ടർമാർ കൂടുതലായി നിരീക്ഷിച്ചു. യുവാവിന്റെ രക്തസമ്മർദം കൂടുന്നു. ഹൃദയമിടിപ്പു കൂടുന്നു. ശരീരത്തിന്റെ ചില ഭാഗങ്ങൾ മാത്രം വിയർക്കുന്നു. ചില ഭാഗങ്ങളിൽ മാത്രം മിടിപ്പു കൂടുന്നു. സാധാരണ പനി വരുമ്പോൾ രക്തസമ്മർദവും മറ്റും താഴുന്നതാണു പതിവെങ്കിലും ഇവിടെയെല്ലാം വിപരീതം. പഠനത്തിന്റെ ഭാഗമായി രണ്ടുദിവസം മുൻപു താൻ വായിച്ച പുസ്തകത്തിലെവിടെയോ കണ്ട നിപ്പ എന്നൊരു വൈറസിനെപ്പറ്റിയുള്ള പരാമർശം ജയകൃഷ്ണന്റെ മനസ്സിലെത്തി. അനൂപുമായി പങ്കുവച്ചപ്പോൾ സംശയം ബലപ്പെട്ടു. തുടർന്നു സാലിഹിന്റെ ബന്ധുവിന്റെ കൈവശം ഉടൻതന്നെ സ്രവം മണിപ്പാലിലേക്ക് അയച്ചു. വൈകുന്നേരമായപ്പോൾ മൂസ, മറിയം എന്നിവരുടെ നില ഗുരുതരമായി.

പിറ്റേദിവസം ഉച്ചയോടെ സാലിഹ് മരിച്ചു. മണിപ്പാലിലെ പരിശോധനയിലൂടെ നിപ്പയാണു വൈറസെന്ന് ഏറെക്കുറെ ഉറപ്പിച്ചു. അന്നു രാത്രിതന്നെ ഡോ. അരുൺ പേരാമ്പ്രയിലെത്തി തുടർപഠനങ്ങൾ നടത്തി. ഞായർ വൈകുന്നേരത്തോടെ പുണെയിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് നിപ്പ സാന്നിധ്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇങ്ങനെയാണ് മൂന്ന് വർഷം കൊണ്ട് ബംഗ്ലാദേശ് മനസ്സിലാക്കിയ നിപ്പയെ രണ്ട് ദിവസം കൊണ്ട് ബേബി മെമോറിയലിലെ ഡോക്ടർമാർ തിരിച്ചറിഞ്ഞത്.

അതേസമയം ചികിത്സാ കൊള്ളയുടെ പേരിൽ ബേബി മെമോറിയൽ ആശുപത്രി സർക്കാരിന്റെ കോപത്തിന് ഇരയാകുകയും ചെയ്തു. ഇന്നലെ മരിച്ച മൂസയെ വെന്റിലേറ്ററിൽ കിടത്തുന്നതിന് ഒന്നര ലക്ഷം രൂപ കെട്ടിവെയ്ക്കാനാണ് ആശുപത്രി അധികൃതർ വീട്ടുകാരോട് ആവശ്യപ്പെട്ടത്. പണം അടച്ചില്ലെങ്കിൽ ഉടൻ തന്നെ വെന്റിലേറ്ററിൽ നിന്നും മാറ്റുമെന്നും ആശുപത്രി അധികൃതരുടെ അറിയിപ്പ് വന്നു. ഇത്രയുംം വലിയ ഒരു മഹാമാരിയുടെ മുന്നിലും കാശിന് വേണ്ടി ആർത്തി കാണിച്ച ആശുപത്രിക്കെതിരെ പൊടുന്നനെ ജനരോഷം ഉയരുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP