Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഞ്ചേരി പ്രശാന്തി ആശുപത്രിയിൽ പ്രസവിച്ച യുവതിയെ നഗ്നയാക്കി ഫോട്ടോ എടുത്തുവെന്ന പരാതി കെട്ടിച്ചമച്ചത്; സംഭവം നിഷേധിച്ച് ആരോപണ വിധേയനായ ഡോക്ടറും ആശുപത്രി ഉടമയും; ജീവൻ പോകുമെന്ന ഘട്ടത്തിലിരുന്ന യുവതിയെ രക്ഷിച്ചിട്ടും കേൾക്കേണ്ടി വന്നത് പഴിമാത്രം; ദുരിതം മറുനാടനോട് വിവരിച്ച് ജനപ്രിയ ഡോക്ടർ

മഞ്ചേരി പ്രശാന്തി ആശുപത്രിയിൽ പ്രസവിച്ച യുവതിയെ നഗ്നയാക്കി ഫോട്ടോ എടുത്തുവെന്ന പരാതി കെട്ടിച്ചമച്ചത്; സംഭവം നിഷേധിച്ച് ആരോപണ വിധേയനായ ഡോക്ടറും ആശുപത്രി ഉടമയും; ജീവൻ പോകുമെന്ന ഘട്ടത്തിലിരുന്ന യുവതിയെ രക്ഷിച്ചിട്ടും കേൾക്കേണ്ടി വന്നത് പഴിമാത്രം; ദുരിതം മറുനാടനോട് വിവരിച്ച് ജനപ്രിയ ഡോക്ടർ

എം പി റാഫി

മലപ്പുറം: മഞ്ചേരി പ്രശാന്തി ആശുപത്രിയിൽ പ്രസവിച്ച യുവതിയെ ആൺ ഡോക്ടർ നഗ്‌നയാക്കി ഫോട്ടോയെടുത്തെന്ന പരാതി കെട്ടിച്ചമച്ചതോ? സംഭവം നിഷേധിച്ച് ആരോപണ വിധേയനായ ഡോക്ടറും പ്രശാന്തി ഡോക്ടർ ഉടമയുമായ ഡോ. എം.സി ജോയ് രംഗത്തെത്തിയതോടെയാണ് പരാതിയുടെ വിശ്വാസ്യതയിൽ സംശയം ജനിക്കുന്നത്.

പ്രസവ ശേഷം അപൂർവം സ്ത്രീകളിൽ കാണപ്പെടുന്ന ഗർഭപാത്രം ചുരുങ്ങാതെ അതിതീവ്രമായ രക്തസ്രാവം ഉണ്ടായ യുവതിയെ അപകടനിലയിൽ നിന്നും രക്ഷപ്പെടുത്തുകയും ശസ്ത്രക്രിയക്കു വിധേയമാക്കുകയുമാണ് ചെയ്തതെന്ന് ഡോക്ടർ മറുനാടൻ മലയാളിയോടു പറഞ്ഞു. ശരീരത്തിന്റെ വിവിധ അവയവങ്ങൾക്കു തകരാറ് സംഭവിക്കുന്നതും ജീവൻ വരെ നഷ്ടമാകുന്നതുമായ രക്തം വാർന്നൊഴുകുന്ന അവസ്ഥയിൽ ഒരു ഡോക്ടർക്ക് രോഗിയുടെ നഗ്‌നത കാണുകയെന്നതും ഫോട്ടോ പകർത്തുകയെന്നതും ഊഹിക്കാൻ പറ്റാത്ത കാര്യമാണ്.

രോഗിയുടെ ജീവൻ രക്ഷിച്ചതിനു പകരം ആശുപത്രിയുടെ സൽപ്പേര് കളങ്കപ്പെടുത്താൻ ശ്രമിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് ഡോ. എം.സി ജോയ് പറഞ്ഞു. ഡോക്ടർക്കെതിരെ ആരോപണം ഉന്നയിച്ച യുവതിയും ഭർത്താവും മഞ്ചേരി പൊലീസ്, ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകിയിരുന്നു.

അതേസമയം, ഡോക്ടർക്ക് പിന്തുണയുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും രംഗത്തെത്തി. പ്രശാന്തി ആശുപത്രിയിൽ നാലുമാസം മുമ്പ് നടന്ന ഒരു അത്യാഹിത ചികിത്സയെ സംബന്ധിച്ച് വളരെ മോശമായ രീതിയിൽ വ്യാജപ്രചാരണം ഉയർത്തികൊണ്ടുവരുന്നതിന്റെ ഉദ്ദേശ്യലക്ഷ്യം ആശുപത്രിയെ താറടിച്ചു കാണിക്കലാണെന്നും ഇത്തരം സംഭവം ഡോക്ടർമാരുടെ മനോവീര്യം കെടുത്തുന്നതാണെന്നും ഐഎംഎ ഭാരവാഹികൾ പറഞ്ഞു. ആരോപണം ഉന്നയിച്ചവർക്കെതിരെ മാനനഷ്ട കേസ് അടക്കമുള്ള നിയമനടപടിയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചതായും എം.എം.എ ഭാരവാഹികൾ പറഞ്ഞു.

കഴിഞ്ഞ നാൽപത് വർഷത്തോളമായി മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്തിട്ടുണ്ട് 64കാരനായ ഡോക്ടർ ജോയ്. ഭാര്യ ഡോക്ടർ ജെസ്സി ജോയ് ഇതേ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റാണ് . തനക്കെതിരെ ഉയർന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ പ്രശാന്തി ആശുപത്രി ഉടമകൂടിയായ ഡോക്ടർ എം.സി ജോയ് ആശുപത്രിയിൽ നടന്ന സംഭവങ്ങൾ ആദ്യാവസാനം വരെ മറുനാടൻ മലയാളിയോട് വിവരിച്ചു.

24കാരിയായ യുവതി തന്റെ രണ്ടാമത്തെ പ്രസവത്തിനായി കഴിഞ്ഞ നവംബർ എട്ടാം തിയ്യതിയാണ് ആശുപത്രിയിൽ എത്തിയത്. ഇവരുടെ ആദ്യ പ്രസവവും ഇവിടെ തന്നെയായിരുന്നു. സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ.ജെസ്സി ജോയ് രോഗിയെ പരിശോധിക്കുകയും തുടർന്ന് പ്രസവത്തിനായി അഡ്‌മിറ്റാക്കുകയും ചെയ്തു. ഈ ദിവസം രാവിലെ 10.40ന് യുവതി 3 കിലോഗ്രാം തൂക്കമുള്ള ഒരു പെൺകുട്ടിയെ പ്രസവിച്ചു. സുഖപ്രസവമായിരുന്നു. ഇതിനു ശേഷം പ്രസവമുറിയിൽ നിന്ന് പ്രസവാനന്തര നിരീക്ഷണ മുറിയിലേക്ക് മാറ്റുകയും ചെയ്തു. സാധാരണ എല്ലാവർക്കും പ്രസവശേഷം ഗർഭപാത്രം തനിയെ ചുരുങ്ങുകയും രക്തസ്രാവം വളരെ വളരെ കുറഞ്ഞ രീതിയിലേക്ക് മാറുകയും ചെയ്യും.

ചുരുക്കം ആളുകൾക്കു മാത്രം സംഭവിക്കുന്നതാണ് ഗർഭപാത്രം ചുരുങ്ങാതെ അതിതീവ്രമായ രക്തസ്രാവം. 'Postpartum Hemorrhage' എന്ന അത്യധികം ഗുരുതരമായ അവസ്ഥയാണിത്. മിനുട്ടുകൾ കൊണ്ട് രക്തം വാർന്നു രോഗിയെ നഷ്ടപ്പെടാവുന്ന ഈ അവസ്ഥ ആർക്കും ഉണ്ടാവരുതേ എന്നാണു എല്ലാവരും പ്രാർത്ഥിക്കുന്നത്. അത്തരം ഒരു അവസ്ഥയിൽ ഒരു ഡോക്ടറെ കൊണ്ട് മാത്രം കൈകാര്യം ചെയ്യാൻ സാധിക്കില്ല. രക്തം നഷ്ടപ്പെടുന്ന അളവിൽ തിരിച്ചു രക്തം കയറ്റണം. രക്തത്തിന്റെ ചില ഘടകങ്ങൾ, ഗ്ലൂക്കോസ് പോലുള്ള മറ്റു ദ്രാവകങ്ങൾ എന്നിവ പ്രത്യേകം പ്രത്യേകം അളവിൽ നൽകേണ്ടതിനു മാത്രം ഒരു ഡോക്ടറെ മാത്രം മതിയാവില്ല. ഈ സാഹചര്യത്തിലാണ് അത്യാഹിത വിഭാഗത്തിലെ ഞാനടങ്ങുന്ന ഡോക്ടർമാരും മറ്റു നഴ്സുമാരുമെല്ലാം യുവതിയുടെ ജീവൻ രക്ഷിക്കാനായി പരിശ്രമം തുടങ്ങിയത്.

നൂറിലേറെ യൂണിറ്റുകൾ വരെ രക്തം കയറ്റേണ്ട തീവ്രമായ അവസ്ഥയായിരുന്നു യുവതിക്ക്. വെറും അഞ്ച് ലിറ്റർ രക്തം ആവശ്യമുള്ള ആൾക്ക് ഇത്രയും ലിറ്റർ എന്തിനു കയറ്റുന്നു എന്ന് സംശയം തോന്നുക സ്വാഭാവികം. അതാണ് ഈ അവസ്ഥയുടെ ഭയാനകത. ഓട്ടയുള്ള ബക്കറ്റിൽ വെള്ളം കോരുന്ന പോലെയാണിത്. ഈ അത്യാഹിതം സംഭവിക്കുന്ന അവസ്ഥയിൽ എത്രയും പെട്ടെന്ന് രക്തസ്രാവം തടയുക, രക്തം കുറയുന്നതിനനുസരിച്ച് പകരം നൽകുക, രക്തം കട്ടപിടിക്കാതെ ആന്തരിക അവയവങ്ങളിലും തലച്ചോറിലുമൊക്കെ രക്തസ്രാവം ഉണ്ടാവാകിരിക്കാനുള്ള മരുന്നുകൾ നൽകുക.

ഹൃദയാഘാതം, ശ്വാസകോശത്തിൽ നീരുകെട്ടൽ തുടങ്ങിയ അവസ്ഥകൾ വരുന്നുണ്ടോയെന്ന് പരിശോധിക്കുക, കിഡ്നിയുടെ പ്രവർത്തനം നിലക്കാതെ നിയന്ത്രിക്കാൻ ശ്രമിക്കുക അങ്ങിനെ ഒരുപാട് കാര്യങ്ങൾ ഓരേസമയം കൊണ്ട് തെയ്തുതീർത്താൽ പോലും നമ്മെ പരാജയപ്പെടുത്തുന്ന ഒരു ഭീകരസാഹചര്യമാണ് അത്. ഇത്രയും കാര്യം ചെയ്യാൻ ഗൈനക്കോളജിസ്റ്റും മറ്റു വിഭാഗങ്ങളിലെ ഡോക്ടർമാരും സാധാരണ അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാരും നഴ്സുമാരും എല്ലാവരും ചേർന്ന ഒരു ടീമിനേ സാധിക്കൂ. എത്ര രക്തം നഷ്ടപ്പെട്ടൂ എന്ന് അതിവേഗം വിലയിരുത്തലാണ് ഇതിന്റെ ചികിത്സയുടെ തരവും വേഗവും എല്ലാം തീരുമാനിക്കുന്നത്.

ഇനി വിഷയത്തിലേക്കു വരാം.., ഏകദേശം ഉച്ചയ്ക്ക് ഒന്നരയോടെ രോഗിയെ ഡോക്ടർ ജെസ്സി ജോയ് പരിശോധിച്ച് വേണ്ട ശുശ്രൂഷകൾ നൽകി. ഭക്ഷണം കഴിക്കാൻ ഡോക്ടർ ജെസ്സി പോയ സമയത്ത് ഗർഭപാത്രം ചുരുങ്ങാത്തതു കൊണ്ട് അഥിക രക്തസ്രാവമുണ്ടാവുകയും, രോഗിയുടെ നില പെട്ടെന്ന് മോശമാവുകയും ചെയ്തതിനാൽ അത്യാഹിത വിഭാഗത്തിൽ നിന്നും എന്നെ വിളിച്ചു വരുത്തി. ഉടൻ രോഗിയുടെ ആരോഗ്യ നില പരിശോധിച്ച് രക്തസ്രാവം നിർത്താനും വളരെയധികം കുറഞ്ഞുപോയ ബ്ലഡ് പ്രഷർ ഉയർത്താനുമുള്ള മരുന്നുകൾ നൽകി. മറ്റു ചികിത്സകൾ തുടങ്ങുന്നതിനായി സ്റ്റാഫുകൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്തു. ഈ അവസരത്തിൽ രോഗി ബ്ലഡ് പ്രഷർ കുറഞ്ഞ് രക്തസ്രാവം മൂലം അർദ്ധബോധാവസ്ഥയിലായിരുന്നു.

സാഹചര്യം തിരിച്ചറിഞ്ഞ് ഞങ്ങൾ ഡോക്ടർമാർ തന്നെ സമീപ ആശുപത്രികളിൽ രക്തത്തിനായി ബന്ധപ്പെടുകയായിരുന്നു. പ്രസവമുറിയിൽ മൊബൈൽ ഉപയോഗിച്ചതായി പറയുന്നുണ്ടല്ലോ..?,ഞാൻ മൊബൈൽ ഉപയോഗിച്ചത് ബ്ലഡ് ബാങ്കിലേക്കും അനസ്തേഷ്യ ഡോക്ടറേയും ഡോ.ദെസ്സിയേയും അടിയന്തിരമായി വിളിക്കുന്നതിനു വേണ്ടിയാണ്. മാത്രമല്ല, ഈ സമയത്ത് നേഴ്സിംങ് സ്റ്റാഫുകളും, നേഴ്സിംങ് സൂപ്രണ്ടും, എർജൻസി ടീമും ഓപറേഷൻ തീയേറ്റർ സ്റ്റാഫുകളും രോഗിയുടെ സമീപത്തുണ്ടായിരുന്നു. ഈ സമയം രോഗിയുടെ രക്തസ്രാവം കൊണ്ട്് ഹൃദയസംബന്ധവും ശ്വാസകോശ സംബന്ധവുമായി തത്സമയ വിവരങ്ങൾ അറിയാൻ നിരവധി യന്ത്രങ്ങൾ നെഞ്ചിലേക്ക് ഘടിപ്പിച്ചിട്ടുണ്ട്. ആ അവസരത്തിൽ രോമം പോലും അതിലെ റീഡിംങ് തെറ്റിക്കുന്നത് കാരണം വടിച്ചു കളയാറുണ്ട്. അപ്പോൾ പരിമിതമായ രീതിയിലുള്ള വസ്ത്രം മാത്രമാണ് നൽകാറ്. അത് അത്യാഹിത ചികിത്സയുടെ പ്രാഥമിക കാര്യമാണ്.

രോഗിയുടെ രക്തസ്രാവത്തെ ഒരു തരത്തിലും നിയന്ത്രിക്കാൻ പറ്റാത്ത സാഹചര്യമാണ് ഭൂരിഭാഗം സമയത്തും ഉണ്ടാവാറ്. ഗർഭപാത്രത്തിലെ രക്തക്കുഴലുകൾ ഒരുതരത്തിലും ചുരുങ്ങാതെ വരുമ്പോൾ അവസാനത്തെ അത്താണിയാണ് ഗർഭപാത്രം നീക്കം ചെയ്യൽ. ഡോ.ജെസ്സി എത്തിയ ശേഷം രക്തസ്രാവം നിയന്ത്രിക്കാൻ മരുന്ന് കൊണ്ട് സാധിക്കാത്തത് മൂലം യുവതിയുടെ ഭർത്താവിനെ പ്രസവാനന്തര നിരീക്ഷണ മുറയിലേക്കു വിളിച്ചു വരുത്തി രോഗിയുടെ അവസ്ഥ കാണിച്ചു കൊടുക്കുകയും ഗർഭപാത്രം എടുത്ത് കളയുന്നതിനുള്ള ആവശ്യകത അദ്ദേഹത്തെ പറഞ്ഞു മനസിലാക്കുകയും, സമ്മതപത്രം ഒപ്പിട്ടുവാങ്ങുകയും ചെയ്തു. ശേഷം ഓപ്പറേഷൻ നടത്തുന്നതിനു വേണ്ടി രോഗിയെ ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റുകയും അടിയന്തിര ശസ്ത്രക്രിയ നടത്തി രോഗിയുടെ ജീവൻ രക്ഷിക്കുകയും ചെയ്തു. അതിനു ശേഷം രോഗിയെ വെന്റിലേറ്ററിന്റെ സഹായത്തോടെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.

ഇത്രയും കാര്യങ്ങളാണ് അവിടെ നടന്നത്. ആരോപണം ഉന്നയിച്ച രോഗിയുടെ ഭർത്താവിന് അത്തരം ഒരവസ്ഥയിൽ സ്വന്തം ഭാര്യയെ കാണേണ്ടതിൽ അവർക്കുണ്ടായ വിഷമം മൂലമാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. എന്നാൽ അവർക്കുണ്ടായ രോഗാവസ്ഥ ഈ രീതിയിൽ അല്ലാതെ കൈകാര്യം ചെയ്യാൻ ആധൂനിക വൈദ്യശാസ്ത്രത്തിൽ ഇന്നത്തെ അവസ്ഥയിൽ വേറെ വഴിയില്ലാ എന്നറിയിക്കട്ടെ. രക്തസ്രാവം ഉണ്ടായതിന്റെ അനന്തര ഫലമായി നവംബർ 10ന് രോഗിയുടെ വൃക്കകളുടെ പ്രവർത്തനം തകരാറിലായതു കൊണ്ട് രോഗിയെ നെഫ്രോളജിസ്റ്റിന്റെ അഭിപ്രായത്തോടെ ഡയാലിസിസ് നടത്താനുള്ള കാര്യങ്ങൾ ചെയ്യുന്നതിന് ഡോ.ജോണിയെ അനുവദിച്ച് കൊണ്ടുള്ള കൺസന്റ് ഫോം രോഗിയുടെ ഭാർത്താവ് ഒപ്പിട്ടു നൽകിയിരുന്നു. ഇതുപ്രകാരം ഒരു പ്രാവശ്യം ഡയാലിസിസിന് വിധേയയാക്കുകയും ചെയ്തു.

തൊട്ടടുത്ത ദിവസം ഭർത്താവിന്റെ ആവശ്യപ്രകാരം രോഗിയെ ഡിസ്ചാർജ് ചെയ്തു. ഇതാണ് സത്യത്തിൽ സംഭവിച്ച കാര്യങ്ങൾ. സംഭവം ഇങ്ങനെയാണെന്നിരിക്കെ നാലുമാസത്തിനു ശേഷം യുവതിയുടെ ഭർത്താവ് എന്നെ സമീപിച്ച് ആരോപണം ഉന്നയിച്ചു. ഈ രോഗത്തിന്റെ ഗൗരവവും മറ്റും ഞാൻ പറഞ്ഞു മനസിലാക്കിയെങ്കിലും അവർ അത് ഉൾകൊണ്ടില്ല. ഈ രോഗം അറിയാവുന്നവരേയോ മെഡിക്കൽ ഫീൽഡിലുള്ള ബന്ധുക്കളേയോ കൂട്ടിവരാൻ ഞാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പിന്നീട് എന്നെ തേജോവധം ചെയ്യും വിധം പൊലീസിൽ പരാതിപ്പെടുകയും നവമാധ്യമങ്ങളിൽ തെറ്റായ വാർത്ത പ്രചരിപ്പിക്കുകയുമാണ് ചെയ്തത്.

രോഗിയുടെ ജീവൻ രക്ഷിച്ചതിനു പകരം ആശുപത്രിയുടെ സൽപ്പേര് കളങ്കപ്പെടുത്താൻ ശ്രമിക്കുകയും, സമൂഹത്തിൽ അപകീർത്തിപ്പെടുത്തുവാനും, ഡോക്ടർമാരുടെ മനോവീര്യം നഷ്ടപ്പെടുത്തി മറ്റുള്ള രോഗികൾക്ക് നല്ല ചികിത്സ നൽകാൻ സാധിക്കാതെ വരുത്തുകയാണ് പരാതിക്കാരിയുടേയും ഭർത്താവിന്റേയും ലക്ഷ്യമെന്ന് കരുതുന്നു. ഇപ്പോൾ ഈ യുവതി പൂർണ ആരോഗ്യത്തോടെ അദ്ദേഹത്തിന്റെ കൂടെ ഉണ്ട് എന്നറിയുന്നതിൽ എല്ലാ ഡോക്ടർമാരും മാനേജ്മെന്റും അഭിമാനിക്കുന്നു. നാട്ടിലെ എല്ലാ ജനങ്ങളും ഈ ആരോപണത്തിലെ ശരിയും തെറ്റും തിരിച്ചറിയണമെന്നാണ് അപേക്ഷ. - ഡോക്ടർ ജോയ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP