Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാധാരണക്കാരന് അധികഭാരം ഏൽപ്പിക്കുന്ന ജെയ്റ്റ്‌ലിയുടെ നികുതി നിർദ്ദേശത്തിന് കൈയോടെ തടയിട്ടു; ആഡംബര നികുതി കൂട്ടുന്നതിൽ തെറ്റില്ലെന്ന് വാദിച്ചു; തർക്കിച്ച് തോൽപ്പിക്കാൻ ശ്രമിച്ച ധനകാര്യ വിദഗ്ദ്ധർ പോലും ഐസക്കിന് മുന്നിൽ സുല്ലിട്ടു; ജിഎസ്ടി കൗൺസിലിൽ താരമായി ഡോ. തോമസ് ഐസക്ക്; കേരള ധനമന്ത്രിയുടെ മിടുക്കിന് കൈയടിച്ച് ബിജെപി ധനമന്ത്രിമാരും

സാധാരണക്കാരന് അധികഭാരം ഏൽപ്പിക്കുന്ന ജെയ്റ്റ്‌ലിയുടെ നികുതി നിർദ്ദേശത്തിന് കൈയോടെ തടയിട്ടു; ആഡംബര നികുതി കൂട്ടുന്നതിൽ തെറ്റില്ലെന്ന് വാദിച്ചു; തർക്കിച്ച് തോൽപ്പിക്കാൻ ശ്രമിച്ച ധനകാര്യ വിദഗ്ദ്ധർ പോലും ഐസക്കിന് മുന്നിൽ സുല്ലിട്ടു; ജിഎസ്ടി കൗൺസിലിൽ താരമായി ഡോ. തോമസ് ഐസക്ക്; കേരള ധനമന്ത്രിയുടെ മിടുക്കിന് കൈയടിച്ച് ബിജെപി ധനമന്ത്രിമാരും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേരളത്തിലെ ഗ്രാമീണ മേഖലയുടെ ഉണർവിന് വിത്തുപാകിയ കുടുംബശ്രീ എന്ന വനിതാ കൂട്ടായ്മയുടെ ബുദ്ധികേന്ദ്രമാണ് ഡോ. തോമസ് ഐസക്. ഇന്ത്യ കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധൻ കൂടിയാണ് അദ്ദേഹമെന്നത് മുൻകാലങ്ങളിൽ കേന്ദ്രം ഭരിച്ചല പ്രഗത്ഭ ധനമന്ത്രിമാരും അംഗീകരിച്ച വസ്തുതയാണ്. സാമ്പത്തിക ഞെരുക്കത്തിൽ ഉഴറുന്ന കേരളത്തെ കരകയറ്റാനുള്ള തീവ്രശ്രമങ്ങളാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. ജിഎസ്ടി എന്ന പുതിയ നികുതി സമ്പ്രദായത്തോട് തുടക്കത്തിലുള്ള രാഷ്ട്രീയമായ എതിർപ്പുകളെ മാറ്റി നിർത്തി കേരള ധനമന്ത്രി ഇതിനെ അനുകൂലിച്ചതും ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ കേരളത്തിന് ഗുണം ലഭിക്കും എന്നതു കൊണ്ടാണ്. എന്തായാലും ജിഎസ്ടിയിലെ നേട്ടങ്ങൾ കൂടുതൽ ജനങ്ങൾക്ക് പ്രയോജനപ്പെടുത്താൻ തന്നാൽ ആവുന്ന കാര്യങ്ങളെല്ലാം ചെയ്യുന്നുമുണ്ട് അദ്ദേഹം. കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലും താരമായത് കേരള ധനമന്ത്രി ഡോ. തോമസ് ഐസക്ക് ആയിരുന്നു.

സംസ്ഥാനങ്ങൾക്കുള്ള ജി എസ് ടി നഷ്ടപരിഹാരതുക എങ്ങനെ കണ്ടെത്തണം? എന്നത് സംബന്ധിച്ചായിരുന്നു ഇന്നലെ ജിഎസ്ടിയിൽ നടന്ന പ്രധാന ചർച്ചാ വിഷയം. ഈ വിഷയത്തിൽ കേന്ദ്രധനകാര്യമന്ത്രാലയത്തിന് കൃത്യമായ നിലപാട് സ്വീകരിക്കാൻ കഴിയാതെ വന്നത് ഡോ. തോമസ് ഐസക്കിന്റെ ചോദ്യങ്ങൾക്ക് മുമ്പിലാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ധനമന്ത്രിമാർ യോഗത്തിൽ ഉണ്ടായിരുന്നെങ്കിലും എല്ലാവരും കാതോർത്തതും വിശ്വസിച്ചതും ഐസക്കിന്റെ വാക്കുകൾക്കായിരുന്നു. സാമ്പത്തിക വിദഗ്ദ്ധർ കൂടിയായ കേരള ധനമന്ത്രി ശരിക്കും കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ജിഎസ്ടിയിൽ ഒളിപ്പിച്ചുവച്ച് ചില കുരുക്കുകൾ പൊളിച്ചടുക്കി. ഇതിൽ പ്രധാനമായിരുന്നത് സംസ്ഥാനങ്ങൾക്കുള്ള നികുതിനഷ്ടം പരിഹരിക്കാൻ വേണ്ടി അധിക സെസ് ഏർപ്പെടുത്താനുള്ള തീരുമാനമായിരുന്നു.

ജി എസ് ടി യുടെ മേൽ ഒരു സെസ് ഏർപ്പെടുത്തി തുക കണ്ടെത്താമെന്നായിരുന്നു കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി നിർദ്ദേശിച്ചത്. എന്നാൽ, ഈ വിഷയത്തിൽ കൃത്യമായി തന്നെ ഐസക്ക് ഇടപെട്ടു. മറ്റ് ധനമന്ത്രിമാരൊന്നും ഇതേക്കുറിച്ച് ആശങ്ക ഉന്നയിക്കാതിരുന്നപ്പോൾ സാമ്പത്തിക വിദഗ്ധൻ കൂടിയായ ഐസക്കിന് അവിടെയും ചോദ്യങ്ങളുണ്ടായിരുന്നു. സംസ്ഥാനങ്ങളുടെ ചെലവിൽ നഷ്ടപരിഹാരം കണ്ടെത്താനുള്ള ശ്രമം സ്വീകാര്യമല്ലെന്നും കേന്ദ്രത്തിന്റെ വരുമാനത്തിൽ നിന്ന് ഈ തുക നൽകണം എന്നായിരുന്നു കേരളം ആവശ്യപ്പെട്ടത്. ഇക്കാര്യം കേരള ധനമന്ത്രി കൃത്യമായി വ്യക്തമാക്കിയതോടെ ഐസക്കിന് പിന്നിൽ അണിനിരക്കുകയായിരുന്നു മറ്റു ധനമന്ത്രിമാരും.

നിത്യോപയോഗ സാധനങ്ങളുടെനികുതി അഞ്ച് ശതമാനത്തിൽ നിന്നും കൂട്ടാൻ പറ്റില്ലെന്ന നിലപാടും കേരളത്തിന്റെ താൽപ്പര്യം മുൻനിർത്തി ഐസക്ക് യോഗത്തിൽ വ്യക്തമാക്കി. ഇത് കോടിക്കണക്കിന് വരുന്ന സാധാരണക്കാർക്ക് അധികബാധ്യത വരുത്തുന്ന ഇക്കാര്യത്തോട് അദ്ദേഹം യോജിച്ചില്ല. അവശ്യ സാധനങ്ങളുടെ നികുതി വർദ്ധിപ്പിക്കുന്നത് ഉപഭോക്തൃസംസ്ഥാനമായ കേരളത്തിന് ദോഷകരമാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തൽ. എന്നാൽ, ആഡംബര ഉത്പന്നങ്ങൾക്ക് ജി എസ് ടി നികുതി കുറച്ചു, അധിക സെസ് പിരിക്കാനുള്ള നീക്കത്തെ അദ്ദേഹം എതിർക്കുകയും ചെയ്തു. ആഡംബര വസ്തുക്കളോട് താൽപ്പര്യമുള്ളവർ എന്തുകൊണ്ടും ഇത്തരം വസ്തുക്കളുടെ പിന്നാലെ പായും. അതുകൊണ്ട് ഇത്തരം വസ്തുക്കളുടെ നികുതി വർദ്ധിപ്പിക്കുന്നതിൽ തെറ്റില്ലെന്നും ഐസക്ക് കൈക്കൊണ്ട നിലപാട്. വസ്തുതകൾ നിരത്ത് അദ്ദേഹം നിലപാട് വിശദീകരിച്ചതോടെ അരുൺ ജെയ്റ്റ്‌ലിക്കും കൂട്ടർക്കും കടുംപിടുത്തത്തിൽ നിന്നും പിന്നോട്ടു പോകേണ്ടി വന്നു. അവിടെ വിജയച്ചിരിയോടെ ഐസക്കുണ്ടായിരുന്നു. 

പുതിയ ജിഎസ്ടി നിയമപ്രകാരം കൗൺസിൽ അംഗീകാരമില്ലാതെ കേന്ദ്രത്തിന് ചരക്കുകളുടെ മേൽ ചുമത്താവുന്ന സെസ്സ് പുകയിലയുടെത് മാത്രമാണ്. ഈ പശ്ചാത്തലത്തിൽ പുതിയ നികുതിയധികാരം കൗൺസിൽ തീരുമാനപ്രകാരം ഏറ്റെടുക്കുന്ന സ്ഥിതി വിശേഷം ഒരിക്കലും അംഗീകരിക്കാനാവില്ല എന്ന നിലപാടാണ് കേരളം എടുത്തത്. ആഡംബര ഉത്പന്നങ്ങൾക്ക് 35 ശതമാനം വരെ നികുതിയാകാം എന്ന നിലപാടാണ് കേരളം മുന്നോട്ടുവച്ചത്. എന്നാൽ ഇത് 26 ശതമാനമായി കുറച്ചു പകരം കേന്ദ്രം അധിക സെസ് പിരിക്കുന്ന നിലപാടിനെയാണ് ധനമന്ത്രിമാരുടെ യോഗത്തിൽ തോമസ് ഐസക് എതിർത്ത് തോൽപ്പിച്ചത്. നിർദ്ദേശവുമായി മുന്നോട്ടുപോവുകയാണെങ്കിൽ കേരളം ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുമെന്നും വേണ്ടിവന്നാൽ വോട്ടെടുപ്പിന് തയ്യാറാണെന്നും തോമസ് ഐസക് അറിയിച്ചു. ഇതോടെ ഐസക് പറയുന്നതിൽ കാര്യമുണ്ടെന്ന് മറ്റ് ധനമന്ത്രമാർക്കും ബോധ്യമായി. ഇവർ ഐസക്കിന്റെ വാദങ്ങളെ പിന്തുണക്കുകയായിരുന്നു.

ഇത് സംബന്ധിച്ച് ജെയ്റ്റ്‌ലിയും കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ സെക്രട്ടറിമാരും ഐസക്കുമായി തർക്കിച്ചെങ്കിലും വാദങ്ങളൊന്നും വിലപ്പോയില്ല. അവസാനം പുകയിലയുടെ മേലുള്ള സെസ്സിൽ നിന്നും കൽക്കരിയുടെയും മറ്റും ഉപയോഗം നിരുൽസാഹപ്പെടുത്തുന്നതിനാവശ്യമായ കാർബൺ ടാക്‌സിന്റെയും വരുമാനം നഷ്ടപരിഹാരത്തിനായി നീക്കി വയ്ക്കാൻ തീരുമാനമായി. എന്നാൽ ഇങ്ങനെ കണ്ടെത്തുന്ന തുക അപര്യാപ്തമാകുമെന്ന കാര്യവും ഐസക്ക് ചൂണ്ടിക്കാട്ടി. ഈ രണ്ട് മാർഗ്ഗങ്ങളിലൂടെയും 44000 കോടി രൂപയെ കണ്ടെത്താനാവൂ. ബാക്കി 7000 കോടി രൂപ ചില ആഡംബര വസ്തുക്കളുടെ മേലുള്ള സെസ്സിലൂടെ കണ്ടെത്താമെന്ന് ഏതാണ്ട് എല്ലാവരും യോജിപ്പിലെത്തി. എന്നാൽ, ഇക്കാര്യത്തിലെ അവ്യക്തതകൾ നിലനിൽക്കുന്നതിനാൽ കേരളം ഇക്കാര്യത്ിൽ വിയോജിച്ചു.

ജിഎസിടുയെട ആദ്യ കൗൺസിലിൽ തന്നെ ഭിന്നാഭിപ്രായം രേഖപ്പെടുത്തിന്നിടത്ത് കാര്യങ്ങൾ എത്തിയപ്പോൾ കേന്ദ്രസർക്കാർ നിലപാട് മാറ്റുകയായിരുന്നു. ആഡംബര വസ്തുക്കളുടെ മേലുള്ള നികുതിക്ക് പകരം എങ്ങനെ ആവശ്യമായ അധികതുക കണ്ടെത്താമെന്ന് ഉദ്യോഗസ്ഥരുടെ സമിതി പരിശോധിക്കട്ടെയെന്ന സമവായം സ്വീകരിച്ചു. ആഡംബര വസ്തുക്കളുടെ മേൽ സെസ്സ് ചുമത്തുകയല്ല നികുതി നിരക്ക് ഉയർത്തുകയാണ് വേണ്ടത് എന്നാണ് കേരളത്തിന്റെ അഭിപ്രായമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ 26 ശതമാനം നികുതിയാണ് കേന്ദ്രം നിർദ്ദേശിച്ചിട്ടുള്ളത്.

ഈ ഉൽപ്പന്നങ്ങൾക്കെല്ലാം ഇപ്പോൾ വാറ്റ് + എക്‌സൈസ് നികുതി 30 48 ശതമാനം ആണ് . ഇവയുടെ നിരക്ക് 26 ൽ പരിമിതപ്പെടുത്തുന്നതിന് ഒരു ന്യായീകരണവും ഇല്ല. ഇപ്പോൾ തന്നെ സംസ്ഥാനങ്ങൾ 14.5 ശതമാനം വാറ്റ് നികുതി ചുമത്തുന്ന ഈ ചരക്കുകൾക്ക് ഇനിമേൽ 13 ശതമാനമേ ജി എസ് ടി വിഹിതമായി സംസ്ഥാനങ്ങൾക്ക് ലഭിക്കുകയുള്ളൂ. 26 ശതമാന നിരക്ക് ഉയർത്തുകയോ ഇപ്പോൾ ഉയർന്ന നിരക്കുകളുള്ള ഉൽപ്പന്നങ്ങൾക്കായി പ്രത്യേകം ഉയർന്ന ജി എസ് ടി നിരക്ക് ഏർപ്പെടുത്തുകയൊ വേണം എന്നതാണ് കേരളത്തിന്റെ നിലപാട്. ഈ വിഷയത്തിൽ കൂടുതൽ തീരുമാനങ്ങൾ കൈക്കൊള്ളാൻ വേണ്ടി അടുത്ത യോഗം ചേരാനിരിക്കയാണ്. അവിടെയും മറ്റ് സംസ്ഥാനങ്ങളിലെ ധനകാര്യമന്ത്രിമാർ ഉറ്റുനോക്കുക ഡോ. തോമസ് ഐസക്കിന്റെ നിലപാടിനെയാകും എന്ന കാര്യം ഉറപ്പാണ്.

നികുതിനിരക്ക് സംബന്ധിച്ച് ധാരണയിലെത്താൻ നവംബർ മൂന്നിനും നാലിനും ഒമ്പതിനും വീണ്ടും യോഗം ചേരാനാണ് തീരുമാനം. മൂന്നിലെയും നാലിലെയും യോഗത്തിൽ നികുതിനിരക്ക് സംബന്ധിച്ച് തീരുമാനമുണ്ടാക്കിയശേഷം, ഒമ്പതിനും പത്തിനും യോഗംചേർന്ന് നിയമത്തിന്റെ കരട് തയ്യാറാക്കും. നവംബർ 16ന് ചേരുന്ന പാർലമെന്റ് ശീതകാലസമ്മേളനത്തിൽ അവതരിപ്പിക്കുന്ന ജിഎസ്ടി ബില്ലിൽ നിരക്ക് ഉൾപ്പെടുത്തേണ്ടതിനാൽ അടുത്തയോഗത്തിൽ നിർണായക വിഷയങ്ങളിൽ സമവായമുണ്ടാകുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.

കോർപറേറ്റുകളെ സഹായിക്കാനാണ് കേന്ദ്രം ആഡംബരനികുതി 26 ശതമാനമാക്കി നിലനിർത്തുന്നതെന്ന് നിലപാടാണ് ധനമന്ത്രി ടി എം തോമസ് ഐസക് കൈക്കൊണ്ടത്. യോഗത്തിനെത്തിയ ധനമന്ത്രിമാരുടെയെല്ലാം പ്രശംസ ഏറ്റുവാങ്ങിയാണ് കേരളത്തിന്റെ ധനമന്ത്രി ഡൽഹിയിൽ നിന്നും മടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP