Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡോ. വി പി ഗംഗാധരൻ ഹൃദയാഘാതത്തിൽനിന്ന് സുഖം പ്രാപിക്കുന്നു; പ്രാർത്ഥനകളുമായി സുഹൃത്തുക്കളും രോഗികളും; ആശുപത്രിയിൽനിന്നു വീട്ടിലെത്തിയെങ്കിലും സന്ദർശകർക്ക് അനുമതിയും ഫോൺകോളുകളുമില്ല; ഒരു രോഗിക്കാവശ്യം ചിരി സമ്മാനിക്കുന്നതുപോലുള്ള വാക്കുകളാണെന്ന് കരുണയുടെ അവതാരമായ ഡോക്ടർ

ഡോ. വി പി ഗംഗാധരൻ ഹൃദയാഘാതത്തിൽനിന്ന് സുഖം പ്രാപിക്കുന്നു; പ്രാർത്ഥനകളുമായി സുഹൃത്തുക്കളും രോഗികളും; ആശുപത്രിയിൽനിന്നു വീട്ടിലെത്തിയെങ്കിലും സന്ദർശകർക്ക് അനുമതിയും ഫോൺകോളുകളുമില്ല; ഒരു രോഗിക്കാവശ്യം ചിരി സമ്മാനിക്കുന്നതുപോലുള്ള വാക്കുകളാണെന്ന് കരുണയുടെ അവതാരമായ ഡോക്ടർ

തിരുവനന്തപുരം: കരുണയുടെ അവതാരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രശസ്ത കാൻസർ ചികിത്സകൻ ഡോ. വി പി ഗംഗാധരൻ സുഖം പ്രാപിക്കുന്നു. ഹൃദയാഘാതത്തത്തെുടർന്നു എറണാകുളം ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞദിവസം വീട്ടിലേക്കു മാറി. രണ്ടാഴ്ചത്തേക്ക് പരിപൂർണ വിശ്രമമാണ് അദ്ദേഹത്തിന് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. കുറച്ചുകാലത്തേക്ക് വിവിധ ആശുപത്രികളിലെ സന്ദർശനം ഡോ. ഗംഗാധരൻ ഒഴിവാക്കുകയും  ചെയ്‌തേക്കും.

മൊബൈൽഫോണോ സന്ദർശകരോ ഇല്ലാതെ സമ്പൂർണ വിശ്രമത്തിലാണ് താൻ കഴിയുന്നതെന്ന് ഇന്നു മാതൃഭൂമി നഗരത്തിലെ പതിവ് പംക്തിയിൽ ഡോ. ഗംഗാധരൻ പറയുന്നു. രാജ്യത്താകമാനം വിവിധയിടങ്ങളിലായി ആയിരക്കണക്കിനുപേരാണ് ഡോ. ഗംഗാധരന്റെ ചികിത്സയിലൂടെ അർബുദമെന്ന മഹാമാരിയിൽനിന്നു രക്ഷനേടിയത്. അതുകൊണ്ടുതന്നെ കരുണയുടെ അവതാരമെന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ഡോ. ഗംഗാധരന് ഹൃദയാഘാതമുണ്ടായെന്ന് അറിഞ്ഞതുമുതൽ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്നാണ് അദ്ദേഹത്തിന്റെ ആരോഗ്യനില ആളുകൾ അന്വേഷിക്കുന്നത്. അദ്ദേഹത്തിന്റെ  ആയുരാരോഗ്യത്തിനായി പ്രാർത്ഥനകളും സജീവം.

നിരവധി സന്ദേശങ്ങളാണ് ഡോ. ഗംഗാധരന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കണമെന്നാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിലും  നിരവധി സന്ദേശങ്ങളാണു പ്രവഹിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച അപ്‌ഡേറ്റുകളും വാട്‌സ്ആപ്പിലും മറ്റു സോഷ്യൽമീഡിയകളിലും പ്രചരിക്കുന്നുണ്ട്. നേരിട്ടും പലരും ആശ്വാസം പകർന്ന് ഇ മെയിലുകൾ അയക്കുന്നതായും അദ്ദേഹം വ്യക്തമാക്കുന്നു. ഡോ. ഗംഗാധരൻ ഇങ്ങനെ എഴുതുന്നു; ഡിസ്ചാർജ് ചെയ്ത സമയത്ത് എന്റെ ഡോക്ടർമാർ തന്ന ഉപദേശം: 'രണ്ടാഴ്ച ഒട്ടും ആയാസപ്പെടരുത്. ഹൃദയത്തിലെ മസിലുകൾക്ക് വിശ്രമം ആവശ്യമുണ്ട്. അത് അവയ്ക്കു നൽകുക. പിന്നെ പതുക്കെ പതുക്കെ തിരികെ പഴയ ജീവിതത്തിലേക്കുവരാം. അത് ഞാൻ, രോഗിയായ ഗംഗാധരൻ, നേരത്തെ അംഗീകരിച്ച സത്യം. അതുകൊണ്ട് അതുൾക്കൊള്ളാൻ ബുദ്ധിമുട്ടൊന്നുമുണ്ടായില്ല'.

ഇ മെയിലുകളിലൂടെ ഡോ. ഗംഗാധരന് നിരവധിപേരാണ് സാന്ത്വനം പകരുന്നത്. ഒരു സഹപാഠി ഡോക്ടർ ഇങ്ങനെ പറയുന്നു, ' നീ റെസ്റ്റ് എടുക്കണം. ഒരു മൂന്നു മാസമെങ്കിലും കഴിഞ്ഞു ജോലിക്കു പോകുന്നതിനെക്കുറിച്ചു ചിന്തിച്ചാൽ മതി. ആറു മാസം വരെ ഒട്ടും ആയാസപ്പെടരുത്. ഒരു വർഷം കഴിഞ്ഞു മാത്രം യാത്രകളെക്കുറിച്ചും ഡോക്ടർ പ്രൊഫഷനെക്കുറിച്ചും ആലോചിച്ചാൽ മതി. Wish you a speedy recovery' ഈ സന്ദേശം വായിച്ചിട്ടു ചിരിയാണു വന്നതെന്നു ഗംഗാധരൻ പറയുന്നു. അദ്ദേഹം ഇങ്ങനെ തുടരുന്നു: ഒരു വർഷം വരെ എന്ന പോറ്റാൻ, ജോലിയുള്ള എന്റെ ഭാര്യക്കും മക്കൾക്കും വലിയ പ്രയാസമുണ്ടാകില്ല... മനസുമുണ്ടാകും. ജീവിതമെന്ന കൊച്ചു തോണി കരയ്ക്കടുപ്പിക്കാൻ ആയാസപ്പെടുന്ന കുറേ മനുഷ്യരുണ്ട് ഈ ലോകത്തിൽ. അവരിലേക്കാണ് ഈ സന്ദേശം... ഈ വാക്കുകൾ... ഇറങ്ങിച്ചെല്ലുന്നതെങ്കിലോ കുറേ ഹൃദയങ്ങൾക്ക് ആഘാതമുണ്ടാകും. ഹൃദയാഘാതത്തിന്റെ വക്കിലെത്തി നിൽക്കുന്ന രോഗിക്കു ഹൃദയാഘാതം തീർച്ച. ഇന്നല്ലെങ്കിൽ നാളെ...

സഹപാഠിയുടെ സന്ദേശത്തെ ഡോ. ഗംഗാധരൻ ഇങ്ങനെ മാറ്റിയെഴുതുന്നു: 'ഒരു മൂന്നു മാസം കുറച്ചു റെസ്റ്റ് എടുക്കടേയ്, അഞ്ചാറുമാസം കൊണ്ട് നീ കുട്ടപ്പനാകില്ലേ... 10-12 മാസം കൊണ്ട് പഴയതിനേക്കാൾ ആക്ടീവ് ആയിട്ടുള്ള ഡോ. ഗംഗാധരൻ' അതിന്റെ തുടർച്ചയായി Wish you a speedy recovery എന്ന് എഴുതേണ്ട ആവശ്യമേയില്ല.- ഈ വാക്കുകൾ മതി അതിവേഗം തിരികെ ജീവിതത്തിൽ എത്താൻ.

മറ്റൊരു സുഹൃത്തിന്റെ വാക്കുകൾ ഇങ്ങനെ: 'ഒരു മാസത്തേക്ക് ഒരു ഫോൺകോളും എടുക്കേണ്ട. ഒരാളെയും കാണാനും സംസാരിക്കാനും വേണ്ടി എഴുനേൽക്കരുത്. ഞങ്ങൾ കുഞ്ഞുകുട്ടികൾ അടക്കം മുട്ടേൽനിന്നു പ്രാർത്ഥിക്കുകയയാണ്. സാറിനെ ഞങ്ങൾ ആ വിശുദ്ധ കൈകളിൽ ഏൽപിക്കുകയാണ്...' ഇവിടെയും രോഗിക്കാവശ്യം ഈ രൂപത്തിലോ ഭാഷയിലോ അല്ലെന്നു പറയുന്ന ഗംഗാധരൻ സന്ദേശം ഇങ്ങനെ മാറ്റുന്നു: 'സാർ കുറച്ചു ഫോൺ കട്ട് ചെയ്യ് എന്റേതടക്കം... കത്തിവയ്ക്കാൻ ആരെയും കൂട്ടേണ്ട. ഞങ്ങളെല്ലാവരും സാറിന്റെ കൂടെയുണ്ട് സാറേ...' ഒരു രോഗിക്ക് ഇതുമതിയെന്നാണ് ഡോ. ഗംഗാധരൻ എഴുതുന്നത്.

ലഭിച്ച മറ്റു ചില സന്ദേശങ്ങളെക്കുറിച്ചും ഡോ. ഗംഗാധരൻ പറയുന്നുണ്ട്. മനസിനു കുളിർമയും ആത്മവിശ്വാസവും പകരുന്ന ധാരാളം വാക്കുകളുണ്ടായിരുന്നു. എല്ലാം രോഗിക്ക് ആശ്വാസമേകുന്ന വാക്കുകൾ... സന്ദേശങ്ങൾ. മകൾ ഉമയുടെ ചോദ്യത്തെക്കുറിച്ചു പറഞ്ഞാണ് ഗംഗാധരൻ കുറിപ്പ് അവസാനിപ്പിക്കുന്നത്. അതിങ്ങനെയാണ്:

'ഞാനൊരു കുസൃതിച്ചോദ്യം ചോദിക്കട്ടേ...?' ഉമയുടെ ഈ ചോദ്യം കേട്ടാണ് ഞാൻ തിരിഞ്ഞുനോക്കിയത്. 'ഐസിയുവിൽ കിടക്കുമ്പോൾ മരിക്കേണ്ടാ, എനിക്ക് തിരികെയെത്തണം എന്ന് ഏറ്റഴും ശക്തിയോടെ അച്ഛന്റെ മനസിനെ പിടിച്ചുവലിച്ചിരുന്നത്, സ്വാധീനിച്ചിരുന്നത് ആരായിരുന്നു.... എന്തായിരുന്നു?

'മരണത്തെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടേയില്ലായിരുന്നു... ആ ഒരു വിചാരം എന്റെ മനസിലില്ലായിരുന്നു എന്നാണ് ഗംഗാധരന്റെ പെട്ടെന്നുള്ള മറുപടി.

'പക്ഷേ, അച്ഛാ... ഐസിയുവിന്റെ പുറത്ത് ഞങ്ങളനുഭവിച്ചവേദന' - ഉമയുടെ ശബ്ദം പതറുന്നുണ്ടായിരുന്നു. ഇതൊന്നുമറിയാതെ അടുത്തു കളിച്ചുകൊണ്ടിരുന്ന കൊച്ചുമകൾ എന്നെ നോക്കി പല്ലില്ലാത്ത മോണി കാട്ടി ചിരിച്ചു. ഈ ഒരു ചിരി മതി ഹൃദയത്തിലെ ഒരായിരം കോശങ്ങൾ ഉണരാൻ... വീണ്ടും സജീവമാകാൻ.'

ഒരു രോഗിക്കാവശ്യം ഈ ചിരി സമ്മാനിക്കുന്നതുപോലെയുള്ള വാക്കുകളാണ്... സന്ദേശങ്ങളാണ്... ഹൃദയങ്ങളാണ്... മനസുകളാണ്... മുഖങ്ങളാണ്. എന്നെ കാണാൻ ആഗ്രഹിച്ചിരിക്കുന്ന ആയിരക്കണക്കിനാളുകൾ ഉണ്ടെന്ന് എനിക്കറിയാം... ഒരു ചെറിയ ഇടവേള അത്യാവശ്യമാണെന്ന് ഞാൻ മനസിലാക്കുന്നു.... പൂർവാധികം ശക്തിയോടെ മടങ്ങിയെത്താൻ എന്നാണ് ഡോ. ഗംഗാധരൻ പംക്തിയിൽ കുറിക്കുന്നത്.

ഏപ്രിൽ 23നു പുലർച്ചെ ഒന്നരയോടെയാണ് ഗംഗാധരന് ആദ്യമായി നെഞ്ചുവേദനയുണ്ടായത്. പത്തുമിനുട്ടിനകം അതു മാറുകയുംചെയ്തു. ആശുപത്രിയിൽ നടത്തിയ പരിശോധനകളിൽ വലിയ കുഴപ്പമില്ല. പിറ്റേന്ന് ആലപ്പുഴയിലും തിരുവനന്തപുരത്തും ചില പരിപാടികളുണ്ടായിരുന്നു. വൈകിട്ട് കൊച്ചിയിൽ കൊച്ചുമകളുടെ ഒന്നാം പിറന്നാൾ ആഘോഷമായിരുന്നു. പിറ്റേന്നും ആലപ്പുഴയിൽ ഒരു ക്ലാസും തൃശൂരിൽ ഒരു അവാർഡ് ഏറ്റുവാങ്ങലും. അവിടെവച്ചു പാട്ടു പാടാൻ ആവശ്യപ്പെട്ടെങ്കിലും സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. വൈകിട്ട് ശുപത്രിയിൽ പോയിരുന്നു. മെയ്‌ ഒന്നിനു കൊറോണറി ആൻജിയോഗ്രാം ചെയ്യണമെന്നും തീരുമാനിച്ചു. അന്നു രാത്രി തന്നെ വീണ്ടും നെഞ്ചുവേദനയുണ്ടായി.

അതു കാർഡിയാക് പെയ്ൻ ആണെന്നു വ്യക്തമായതോടെ ആശുപത്രിയിലേക്കു കുതിക്കുകയായിരുന്നു. ആംബുലൻസ് ഡ്രൈവറേക്കാൾ വേഗത്തിലാണ് ചിത്ര തന്നെ ആശുപത്രിയിൽ എത്തിച്ചതെന്ന് അദ്ദേഹം ഓർക്കുന്നു. എംബിബിഎസ് മൂന്നാം വർഷത്തിൽ ഡോ. ജോർജ് ജേക്കബ് പഠിപ്പിച്ച പെയിൻ വിത്ത് ഇംപെൻഡിങ് ഡെത്ത് എന്താണെന്ന് അറിയുകയായിരുന്നെന്നാണ് ഈ അനുഭവത്തെക്കുറിച്ച് അദ്ദേഹം പിന്നീട് പറഞ്ഞത്. മിനുട്ടുകൾക്കുള്ളിൽതന്നെ സ്റ്റെന്റിട്ടാണ് ഡോ. ഗംഗാധരൻ ജീവിതത്തിലേക്കു തിരികെ വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP