Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിനിമാ സ്‌റ്റൈലിൽ അതിവേഗം സ്പീഡ് ബോട്ടിൽ മരണവെപ്രാളപ്പെടുന്ന രോഗിയുമായി യാത്ര; ബോട്ട് കേടായതും ബ്ലെഡ് ബാഗ് തീർന്നതും ആശങ്ക ഇരട്ടിയാക്കി; എന്നിട്ടും ഡോക്ടറുടെ നിശ്ചയദാർഢ്യം യുവതിക്ക് ജീവൻ നൽകി; ലക്ഷദ്വീപിലെ പരിമിതമായ അവസ്ഥയിൽ ഡോ: മുഹമ്മദ് വാഖിദ് കാട്ടിയ ചങ്കൂറ്റം രക്ഷപ്പെടുത്തിയത് അമ്മയേയും കുഞ്ഞിനേയും; സോഷ്യൽ മീഡിയ കൈയടിക്കുന്ന ആശുപത്രിക്കഥ ഇങ്ങനെ

സിനിമാ സ്‌റ്റൈലിൽ അതിവേഗം സ്പീഡ് ബോട്ടിൽ മരണവെപ്രാളപ്പെടുന്ന രോഗിയുമായി യാത്ര; ബോട്ട് കേടായതും ബ്ലെഡ് ബാഗ് തീർന്നതും ആശങ്ക ഇരട്ടിയാക്കി; എന്നിട്ടും ഡോക്ടറുടെ നിശ്ചയദാർഢ്യം യുവതിക്ക് ജീവൻ നൽകി; ലക്ഷദ്വീപിലെ പരിമിതമായ അവസ്ഥയിൽ ഡോ: മുഹമ്മദ് വാഖിദ് കാട്ടിയ ചങ്കൂറ്റം രക്ഷപ്പെടുത്തിയത് അമ്മയേയും കുഞ്ഞിനേയും; സോഷ്യൽ മീഡിയ കൈയടിക്കുന്ന ആശുപത്രിക്കഥ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ലക്ഷദ്വീപിലെ പല ദ്വീപിലും പരിമിതമായ ആരോഗ്യ സംവിധാനങ്ങളേ ഉള്ളൂ. കൊച്ചിയിൽ എത്തിയാൽ മാത്രമേ വിദഗ്ധ ചികിൽസ കിട്ടൂ. അതിന് ഹെലികോപ്ടറാണ് ഏക ആശ്രയം. പക്ഷേ കാലാവസ്ഥാ പ്രശ്‌നങ്ങളുണ്ടെങ്കിൽ ഇത് നടക്കില്ല. ഇവിടെയാണ് ഡോക്ടർമാരുടെ ഇടപെടൽ നിർണ്ണായകമാകുന്നത്. പരിമിതമായ അവസ്ഥയിൽ പോലും ആത്മവിശ്വാസത്തോടെ പ്രവർത്തിക്കുക. അതാണ് ഡോക്ടർ മുഹമ്മദ് വാഖിദ് ചെയ്തത്. അത് അമ്മയുടേയും കുഞ്ഞിന്റേയും ജീവൻ രക്ഷിക്കുകയും ചെയ്തു. ഒറ്റപ്പെട്ട ആ തുരുത്തിൽ മരണവെപ്രാളത്താൽ പിടഞ്ഞ ഒരമ്മയ്ക്ക് മുന്നിൽ രക്ഷകനായി എത്തുകയായിരുന്നു ഡോക്ടർ മുഹമ്മദ് വാഖിദ്.

ഡോക്ടർമാർക്ക് വേണ്ടത് മനുഷ്യത്വമാണ്. അതുണ്ടെങ്കിൽ ആരുടെ ജീവിതവും രക്ഷിക്കാം. ഇതിന് തെളിവാണ് ഈ സംഭവമെന്ന് സോഷ്യൽ മീഡിയ പറയുന്നു. ഫെബ്രുവരി 19-ാനായിരുന്നു ആ സംഭവം. ലക്ഷദ്വീപിലെ കിൽത്താൻ ദ്വീപിൽ ഒരു ഗർഭിണി പ്രസവിച്ചു പക്ഷെ മറുപിള്ള പുറത്തു വരുന്നില്ല. രക്തം വാർന്നു പോയ്‌കൊണ്ടിരിക്കുന്നു. ഹീമോ ഗ്ലോബിൻ ചുരുങ്ങി കൊണ്ടിരിക്കുന്നു. കൂടുതൽ സൗകര്യങ്ങളുള്ള ഒരിടത്തേക്ക് എത്തിക്കുകയല്ലാതെ ഒരു വഴിയുമില്ല. സമയം രാത്രിയോടടുത്തതിനാൽ ദ്വീപിൽ ഹെലികോപ്ടർ ഇറങ്ങില്ല.

സാധാരണ ഡോക്ടർമാർ കൈകഴുകും. എന്നാൽ ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ വാഖിദ് ഏവരേയും ഞെട്ടിച്ചു. അവിടെയുണ്ടായിരുന്നു മെഡിക്കൽ സംഘത്തിലെ എല്ലാവരും കിണഞ്ഞു ശ്രമിച്ചു. അവസാനം ഡോക്ടർ വാഖിദ് ഒരു തീരുമാനമെടുത്തു. പ്രതിസന്ധികളെ അതിജീവിച്ച് കൂടുതൽ സൗകര്യങ്ങളുള്ള അഗത്തി ദ്വീപിൽ എത്തിക്കുക. സാഹസികമായി അത് ചെയ്യുകയും ചെയ്തു. സിനിമാക്കഥ പോലെ അമ്മയുടേയും മകളുടേയും ജീവൻ വീണ്ടെടുത്തു.

യുവതിക്ക് പഴയ രീതിയിൽ രക്തം നേരിട്ട് കൊടുത്തു കൊണ്ട് വാഖിദ്ക്കാന്റെ നേതൃത്വത്തിലുള്ള സംഘം ആ അമ്മയേയം കൊണ്ട് സ്പീഡ് ബോട്ടിൽ കാറ്റിനെയും കടലിനെയും വെല്ലു വിളിച്ചു അഗത്തി ദ്വീപിലേക്ക് തിരിച്ചു. ഡോക്ടർ വാഖിദിന്റെയും സംഘത്തിന്റെയും ഇടപെടലിൽ രണ്ട് ജീവനുകൾ രക്ഷപ്പെട്ടു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. സുഹൃത്തും ഡോക്ടറുമായ അനസ് സാലിഹാണ് ഇക്കാര്യം ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചത്. ഡോക്ടറുടെ സാഹസികത വിവരിക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാണ്. അഭിനന്ദനങ്ങളുടെ പ്രവാഹമാണ് അതിന് താഴെ.

ഫെയ്‌സ് ബുക്ക് കുറിപ്പ് ഇങ്ങനെ

ഇത് ഒരു സിനിമാക്കഥ അല്ല .ഇതൊരു ഹീറോയുടെ മാത്രം കഥ ആണ് . ഇന്നലെ ലക്ഷദ്വീപിലെ കിൽത്താൻ ദ്വീപിൽ ഒരു ഗർഭിണി പ്രസവിച്ചു പക്ഷെ മറുപിള്ള പുറത്തു വരുന്നില്ല . രക്തം വാർന്നു പോയ്‌കൊണ്ടിരിക്കുന്നു . ഹീമോഗ്ലോബിൻ 3 (അതായതു ആവശ്യമുള്ള രക്തത്തിന്റെ നാലിൽ ഒന്ന് ) ആയി കൊണ്ടിരിക്കുന്നു . ദ്വീപിൽ നിന്നും രോഗിയെ ഐർലിഫ്ട് ചെയ്യണം . പക്ഷെ സമയം 5 .30 രാത്രി ആയതു കൊണ്ട് ഹെലികോപ്റ്റർ ദ്വീപിൽ ഇറങ്ങില്ല.Dr wakid ആയിരുന്നു ഡ്യൂട്ടിയിൽ . അദ്ദേഹം മറ്റൊന്നും ആലോചിച്ചില്ല . രക്തം നേരിട്ട് കൊടുക്കന്ന പഴയ രീതിയിൽ രക്തം കൊടുക്കാൻ തുടങ്ങി . പിന്നെ അതി സാഹസികമായി രോഗിയെ സ്പീഡ് ബോട്ടിൽ കൂടെ കയറി. കാറ്റിനെയും കടലിനെയും വെല്ലു വിളിച്ചു ആ ബോട്ടിൽ രോഗിയെ കൂടുതൽ സൗകര്യങ്ങൾ ഉള്ള അഗത്തി ദ്വീപിൽ എത്തിച്ചു . അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു . ലെഫ്‌റ് ഫോർവേഡിൽ നിന്ന് ,കാലിൽ നിന്നും വെടിയുണ്ട പായിക്കുന്ന കോട്ടയം മെഡിക്കൽ കോളേജിലെ എന്റെ സീനിയർ wakid നെ മാത്രമേ ഞാൻ കണ്ടിട്ടുള്ളു . പക്ഷെ ഇത് കേട്ടപ്പോൾ എനിക്ക് ഒന്നേ പറയുന്നുള്ളു .... ബിഗ് സല്യൂട്ട് wakid ഭായ്. ഒരു ഡോക്ടറുടെ ജീവിതത്തിൽ ഉള്ള അഭിമാന നിമിഷം തന്നെ ആണിത്

28കാരിയായ യുവതിയുടെ രണ്ടാമത്തെ പ്രസവമായിരുന്നു ഇത്. ഫെബ്രുവരി 19ന് വൈകുന്നേരമാണ് സംഭവം. ക്വിൽത്താനിലെ ആ പ്രൈമറി ഹെൽത്ത് സെന്ററിൽ വാഖിദ് ഉൾപ്പെടെ മൂന്നു ഡോക്ടർമാർ. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു പ്രസവം. അരമണിക്കൂറിനു ശേഷം വനിതാ ഗൈനക്കോളജിസ്റ്റാണ് മറുപിള്ള പുറത്തുവരാത്ത വിവരം അറിയിക്കുന്നത്. സാധാരണയായി അരമണിക്കൂറിനകം ഇത് സംഭവിക്കേണ്ടതാണ്. യുവതിയുടെ ബിപി താഴ്ന്നു തുടങ്ങി. പൾസ് നിരക്കും ഉയർന്നു. ഇനി അഗത്തിയിലോ കവരത്തിയിലോ മാത്രമേ വിദഗ്ദ ചികിത്സ ലഭിക്കൂ. ക്വിൽത്താനിലെ ആശുപത്രിയിലാണെങ്കിൽ ബ്ലഡ് ബാങ്ക് പോയിട്ട് ഒരു ബ്ലഡ് ബാഗുപോലുമുണ്ടായിരുന്നില്ല..

അങ്ങനെയാണ് സ്പീഡ് ബോട്ടെന്ന ആശയം ഉടലെടുക്കുന്നത്. ആശുപത്രി അധികൃതരും സർക്കാർ പ്രതിനിധികളും താങ്ങായി ഒപ്പം നിന്നു. കഡ്മട്ട് ദ്വീപിൽ നിന്നും പൊലീസിന്റെ സ്പീഡ് ബോട്ട് ക്വിൽത്താനിലേക്കു കുതിച്ചെത്തി. മൂന്നു ബ്ലഡ് ബാഗുകളും കൊണ്ടായിരുന്നു പൊലീസിന്റെ വരവ്. ഇതിനിടെ രക്തദാതാക്കളെയും സംഘടിപ്പിച്ചു. അഗത്തിയിലേക്കുള്ള യാത്രയ്ക്ക് പൊലീസ് സംഘം ബോട്ട് തയ്യാറാക്കുന്ന സമയത്തിനിടയിൽ ആവശ്യമായ രക്തം സ്വീകരിച്ച് യുവതിയുടെ ശരീരത്തിലേക്കു കടത്തിവിട്ടു. ഒപ്പം ഡ്രിപ്പും നൽകി. വനിതാ ഗൈനക്കോളജിസ്റ്റ് ഡോ സുഹ്ര ഉൾപ്പെടെയുള്ള ഡോക്ടർമാർക്കൊപ്പം വാഖിദും സംഘവും കയറിയ ബോട്ട് പുലർച്ചെ 12.45ന് യുവതിയുമായി അഗത്തിയിലേക്കു കുതിച്ചു. ഒരു സംഘം പൊലീസുകാർ മറ്റൊരു ബോട്ടിൽ അനുഗമിച്ചു.

കോട്ടയം മെഡിക്കൽകോളേജിൽ നിന്നും പഠിച്ചിറങ്ങിയ ഡോ മുഹമ്മദ് വാഖിദ് മുംബൈയിലെയും തിരുവനന്തപുരത്തെയുമൊക്കെ സേവനങ്ങൾക്കൊടുവിൽ ഒന്നരമാസം മുമ്പാണ് ജന്മനാട്ടിലെ ഈ തുരുത്തിൽ ജോലിക്കെത്തുന്നത്. ഇപ്പോൾ ദ്വീപിലെ താരമാണ് വാഖിദ്. സബ് ഇൻസ്‌പെക്ടർ ഖലീലിെന്റയും നഴ്‌സ് സാറോമാതിയുടെയുമെല്ലാം അസാധാരണ സാഹസികതയും കൈയടി നേടുന്നു. ലക്ഷദ്വീപിലെ കിൽത്താൻ ദ്വീപിൽ താമസക്കാരിയായ സറീനയുടെ ജീവനാണ് ഡോക്ടർമാരും പൊലീസുകാരും ചേർന്ന് ഒരു രാത്രി മുഴുവൻ നീണ്ട സാഹസികയാത്രയിലൂടെ രക്ഷിച്ചത്.

19ന് വൈകീട്ട് അഞ്ച് മണിയോടെയാണ് കിൽത്താൻ ദ്വീപിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സറീന പെൺകുഞ്ഞിന് ജന്മം നൽകിയത്. അരമണിക്കൂർ കഴിഞ്ഞിട്ടും മറുപിള്ള പുറത്തുവരാത്തതിനാൽ ഗൈനക്കോളജിസ്റ്റിന്റെ സേവനമുള്ള അഗത്തി ദ്വീപിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാരായ മുഹമ്മദ് വാഖിദും മുഹ്‌സിനയും തീരുമാനിച്ചത്. ബോട്ടിൽവെച്ച് സറീനക്ക് ഇടക്കിടക്ക് രക്തം നൽകിക്കൊണ്ടിരുന്നു. ഇതിനിടെ, ബോട്ട് കേടായി നാല് മണിക്കൂറോളം യാത്ര തടസ്സപ്പെട്ടു. രക്തബാഗ്കൂടി തീർന്നതോടെ സംഘം അനുഭവിച്ച മാനസിക സമ്മർദം ചെറുതല്ലെന്ന് ഡോ. വാഖിദ് പറയുന്നു. പക്ഷേ, കാലാവസ്ഥയും കടലും കനിവ് കാട്ടി. പുലർച്ച മൂന്നിന് അഗത്തിയിലെത്തേണ്ട ബോട്ട് രാവിലെ ഏഴിനാണ് എത്തിയത്.

ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തി യുവതിയുടെ ജീവൻ വീണ്ടെടുത്തു. തൊട്ടുപിന്നാലെ കുഞ്ഞിനെ കിൽത്താനിൽനിന്ന് എയർ ആംബുലൻസിൽ അഗത്തിയിൽ എത്തിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP