Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മമ്മൂട്ടിയെയും കാവ്യാ മാധാവനെയും അകത്താക്കാൻ നിങ്ങൾക്ക് സാധിക്കുമോ? തെറ്റായ പരസ്യങ്ങൾ അഭിനയിച്ചതിന്റെ പേരിൽ അഞ്ചുവർഷം വരെ താരങ്ങളെ ജയിയിലടയ്ക്കാൻ അനുവദിക്കുന്ന നിയമം പറയുന്നത് എന്ത്?

മമ്മൂട്ടിയെയും കാവ്യാ മാധാവനെയും അകത്താക്കാൻ നിങ്ങൾക്ക് സാധിക്കുമോ? തെറ്റായ പരസ്യങ്ങൾ അഭിനയിച്ചതിന്റെ പേരിൽ അഞ്ചുവർഷം വരെ താരങ്ങളെ ജയിയിലടയ്ക്കാൻ അനുവദിക്കുന്ന നിയമം പറയുന്നത് എന്ത്?

തിരുവനന്തപുരം: ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ നൽകുന്നത് മുമ്പുതന്നെ ശിക്ഷാർഹമാണ്. എന്നാൽ, അത്തരം പരസ്യങ്ങളിൽ അഭിനയിക്കുന്ന സൂപ്പർത്താരങ്ങൾക്കും ശിക്ഷ നേടിക്കൊടുക്കുന്ന തരത്തിൽ നിയമം അണിയറയിലൊരുങ്ങുന്നു. തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങൾ നൽകുന്നവർക്ക് 50 ലക്ഷം രൂപ പിഴയ്ക്ക് പുറമെ അഞ്ചുവർഷം തടവുശിക്ഷ കൂടി നൽകുന്ന തരത്തിൽ ഉപഭോക്തൃ സംരക്ഷണ നിയമം മാറ്റാനാണ് ഉപഭോക്തൃകാര്യ വകുപ്പിന്റെ നീക്കം.

ഇപ്പോഴും കരടുരൂപത്തിൽ മാത്രമെത്തിയിട്ടുള്ള നിയമത്തിലെ പരിഷ്‌കാരങ്ങളിൽ ശ്രദ്ധേയമായ കാര്യങ്ങളിലൊന്ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിൽ അഭിനയിക്കുന്ന സെലിബ്രിറ്റികളും ഈ ശിക്ഷയുടെ പരിധിയിൽ വരുമെന്നതാണ്. മുഖകാന്തി വർധിപ്പിക്കുന്ന ക്രീമിന്റെ പരസ്യം കണ്ട് ഉപഭോക്താവ് അതുപയോഗിച്ചാൽ മുഖകാന്തി വർധിച്ചിരിക്കണം. അല്ലെങ്കിൽ, കമ്പനിക്കൊപ്പം പരസ്യത്തിലഭിനയിച്ച സൂപ്പർത്താരവും അകത്താകും.

ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃ സംരക്ഷണ മേഖലകൾക്കുവേണ്ടി ഏർപ്പെടുത്തിയ പാർലമെന്ററി സമിതിയുടെ ശുപാർശ അനുസരിച്ചാണ് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾക്കെതിരെ കർശന നിലപാട് സ്വീകരിക്കാൻ മന്ത്രാലയം തീരുമാനിച്ചത്. എന്നാൽ, ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കുന്ന സെലിബ്രിറ്റികളെക്കൂടി ഉത്തരവാദികളാക്കുന്ന തരത്തിൽ നിയമപരിഷ്‌കരണം വേണമെന്ന നിർദ്ദേശം വന്നത് മാഗി ഉത്പന്നങ്ങൾ നിരോധിക്കപ്പെട്ട വേളയിലാണ്.

മോണോസോഡിയം ഗ്ലൂമേറ്റിന്റെ സാന്നിധ്യം കൂടുതലാണെന്ന് കണ്ടതോടെയാണ് മാഗി ന്യൂഡിൽസിന് ഇടക്കാലത്ത് വിലക്ക് വന്നത്. അതോടെ മാഗിയുടെ പരസ്യങ്ങളിൽ അഭിനയിച്ച അമിതാബ് ബച്ചനും മാധുരി ദീക്ഷിതിനും പ്രീതി സിന്റയ്ക്കുമൊക്കെ എതിരെ കോടതികളിൽ ഹർജി സമർപ്പിക്കപ്പെട്ടു. ഇന്ദുലേഖ സോപ്പിന്റെ പരസ്യത്തിൽ അഭിനയിച്ച മമ്മൂട്ടിക്കെതിരെയും ഹർജിവന്നു.

ഒരു സെലിബ്രിറ്റി പരസ്യത്തിലൂടെ പ്രചരിപ്പിക്കുമ്പോഴാണ് ആ ഉത്പന്നത്തിന് സമൂഹത്തിൽ സ്വീകാര്യതയും വിശ്വാസ്യതയും ലഭിക്കുന്നതെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ, പുതിയ നിയപരിഷ്‌കാരത്തിലും സെലിബ്രിറ്റികൾക്ക് പേടിക്കാതെ പരസ്യത്തിൽ പ്രത്യക്ഷപ്പെടാനുള്ള പഴുതുകളുണ്ടെന്നാണ് സൂചന.

പുതിയ ബില്ലിലെ 75ബി വകുപ്പ് പ്രകാരമാണ് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകുന്നവർക്ക് ആദ്യ ഘട്ടത്തിൽ രണ്ടുവർഷം തടവും പത്തുലക്ഷം രൂപ പിഴയും തെറ്റാവർത്തിച്ചാൽ അഞ്ചുവർഷം തടവും 50 ലക്ഷം രൂപ പിഴയും നല്കുമെന്ന നിർദ്ദേശമുള്ളത്. എന്നാൽ, മതിയായ മുൻകരുതലുകൾ സ്വീകരിച്ചശേഷം പരസ്യത്തിൽ അഭിനയിച്ചാൽ സെലിബ്രിറ്റിക്ക് അതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് രക്ഷപ്പെടാനും ഈ വകുപ്പിൽ പഴുതുണ്ട്.

ഉത്പാദകർ അവകാശപ്പെടുന്ന പൊള്ളയായ വാഗ്ദാനങ്ങൾ മനസ്സിലാക്കാതെ പരസ്യത്തിൽ അഭിനയിക്കുന്നവർ മാത്രമേ ഈ നിയമം അനുസരിച്ച് കുടുങ്ങുകയുള്ളൂ. മറിച്ച്, ശരിയായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിൽ തെറ്റില്ല. ഉത്പന്നം ശരിയായ രീതിയിൽ ഫലം ചെയ്തില്ലെങ്കിൽ അതിന് സെലിബ്രിറ്റി ഉത്തരവാദിയാകുന്ന തരത്തിലല്ല നിയമപരിഷ്‌കാരം നടത്തിയിട്ടുള്ളത്. എന്നാൽ, പരസ്യത്തിൽ അഭിനയിക്കാൻ തുനിയുന്നതിന് മുമ്പ് ഉത്പന്നത്തെക്കുറിച്ച് ശരിയായി മനസ്സിലാക്കിയിരിക്കാൻ സെലിബ്രിറ്റി ബാധ്യസ്ഥനാണ്.

ഉദാഹരണത്തിന്, ഒരു ഉത്പന്നത്തിന് നല്ല മധുരമുണ്ടെന്ന് പരസ്യത്തിലൂടെ പറയുന്നതിൽ തെറ്റില്ല. കാരണം, രുചിച്ചുനോക്കി മധുരമുണ്ടെന്ന് അതുറപ്പുവരുത്താവുന്നതേയുള്ളൂ. എന്നാൽ, ഈ ഉത്പന്നം ബാക്ടീരിയയിൽനിന്നും മറ്റ് അണുക്കളിൽനിന്നും മുക്തമാണ് എന്ന് പരസ്യത്തിൽ പറയുന്നതിന് മുമ്പ് അതിന്റെ ലാബ് റിപ്പോർട്ട് ഒന്നറിഞ്ഞിരിക്കണം. ഇത്തരം തെറ്റായ കാര്യങ്ങൾ പറയുന്നതിൽ മാത്രമേ സെലിബ്രിറ്റികൾ ശ്രദ്ധിക്കേണ്ടതുള്ളൂ.

ഒരു ഉത്പന്നം ശരിയായ രീതിയിൽ ഫലം കണ്ടില്ലെന്ന് പറഞ്ഞ് ഒരാൾ നൽകുന്ന ഹർജിയിൽ സെലിബ്രിറ്റി കോടതിയിൽപ്പോയി നിൽക്കേണ്ട സാഹചര്യവും പുതിയ നിയമത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര ഉഫഭോക്തൃ സംരക്ഷണ അഥോറിറ്റി നൽകുന്ന പരാതികളിൽ മാത്രമേ സെലിബ്രിറ്റി കോടതിയിൽ ഹാജരാകേണ്ടിവരൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP