Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നഗരസഭയെ നോക്കുകുത്തിയാക്കി കടൽഭിത്തി കൈയേറി നിർമ്മാണം; വർക്കല പാപനാശത്തെ ബ്ലാക്ക് ബീച്ച് കൃഷ്ണ തീരം റിസോർട്ടുകളുടെ അനധികൃത നിർമ്മാണം അടിച്ചുതകർത്ത് ഡിവൈഎഫ്‌ഐ; ഉപരോധവും കൈയാങ്കളിയും എൽഡിഎഫ്-യുഡിഎഫ് ഹർത്താലിനിടെ

നഗരസഭയെ നോക്കുകുത്തിയാക്കി കടൽഭിത്തി കൈയേറി നിർമ്മാണം; വർക്കല പാപനാശത്തെ  ബ്ലാക്ക് ബീച്ച് കൃഷ്ണ തീരം റിസോർട്ടുകളുടെ അനധികൃത നിർമ്മാണം അടിച്ചുതകർത്ത് ഡിവൈഎഫ്‌ഐ; ഉപരോധവും കൈയാങ്കളിയും എൽഡിഎഫ്-യുഡിഎഫ് ഹർത്താലിനിടെ

ആർ പീയൂഷ്

തിരുവനന്തപുരം: നഗരസഭയുടെ അനുമതി ഇല്ലാതെ അനധികൃത നിർമ്മാണം നടത്തിയ റിസോർട്ടുകൾ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ അടിച്ചു തകർത്തു. വർക്കല പാപനാശം തിരുവമ്പാടി ബ്‌ളാക്ക് ബീച്ചിൽ നഗരസഭയുടെ അനുമതി ഇല്ലാതെയും കടൽഭിത്തി കൈയേറി നിർമ്മാണം നടത്തിവന്നിരുന്ന ബ്ലാക്ക് ബീച്ച്, കൃഷ്ണതീരം എന്നീ സ്വകാര്യ റിസോർട്ടുകളാണ് ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ചുതകർത്തത്. മൺവെട്ടിയും പിക്കാസും ഉൾപ്പെടെയുള്ള ആയുധങ്ങളുമായെത്തിയ പ്രവർത്തകർ റിസോർട്ടിന്റെ അനധികൃത നിർമ്മാണം പൊളിച്ചു മാറ്റി.

ഇന്ന് രാവിലെ പതിനൊന്നു മണിയോടെ പ്രകടനവുമായെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ റിസോർട്ടിനുള്ളിലേക്ക് ഇരച്ചു കയറുകയായിരുന്നു. മുദ്രാ വാക്യം വിളിച്ചു കൊണ്ട് അനധികൃത നിർമ്മാണം നടത്തിയ ഭാഗങ്ങൾ അടിച്ചു തകർത്തു. മൺവെട്ടിയും പിക്കാസുമുപയോഗിച്ച് പൊളിച്ചുമാറ്റുകയും ചെയ്തു. പിന്നീട് ഇരു റിസോർട്ടിന്റെയും ഗേറ്റുകൾ പൂട്ടി ഉപരോധവും നടത്തി. ഒടുവിൽ പൊലീസ് എത്തി ചർച്ച നടത്തുകയും ഇനി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തില്ല എന്ന് റിസോർട്ട് അധികൃതരുടെ ഉറപ്പ് വാങ്ങുകയും ചെയ്തിട്ടാണ് ഡിവൈഎഫ്ഐ ഉപരോധം അവസാനിപ്പിച്ചത്.

വർക്കലയിൽ എൽഡിഎഫും യുഡിഎഫും നടത്തിയ ഹർത്താലിനിടെയാണ് സംഭവം. കൗൺസിൽ യോഗത്തിനിടെ യു.ഡി.എഫിലെ എസ്. ജയശ്രീ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ബീച്ചിൽ നഗരസഭയുടെ അനുമതി ഇല്ലാതെയും കടൽഭിത്തി കൈയേറിയും നടത്തുന്ന അനധികൃത റിസോർട്ട് നിർമ്മാണം തടയണമെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് അവതരിപ്പിച്ച പ്രമേയത്തിൽ ചെയർപേഴ്‌സൺ മറുപടി പറയുന്നതിനിടെ പ്രകോപിതരായ കോൺഗ്രസ് - ബിജെപി അംഗങ്ങൾ പ്രതിഷേധവുമായി ഡയസിന് മുന്നിലെത്തി തുടർന്ന് എൽ.ഡി.എഫ് കൗൺസിലർമാരും എത്തിയതോടെയാണ് വാക്കേറ്റവും കൈയാങ്കളിയും ആരംഭിച്ചത്.

രംഗം വഷളായതോടെ ചെയർപേഴ്‌സൺ ചേംബറിലേക്ക് പോകാനായി ഡയസിൽ നിന്ന് ഇറങ്ങി. തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ അവരെ തടയുകയായിരുന്നു. പിന്നാലെ അംഗങ്ങൾ ചേരി തിരിഞ്ഞ് നടത്തിയ കൈയേറ്റം സംഘർഷത്തിൽ കലാശിച്ചു. പൊലീസെത്തിയാണ് പ്രശ്‌നം നിയന്ത്രണവിധേയമാക്കിയത്. കൂട്ടത്തല്ലിൽ ഇരു വിഭാഗങ്ങളിലേയും 16 കൗൺസിലർമാർക്ക് പരിക്കേറ്റിരുന്നു. ഇതിനെ തുടർന്ന് വർക്കലയിൽ ഇരു പാർട്ടികളും ഹർത്താൽ ആചരിക്കുകയായിരുന്നു. യുഡിഎഫ് പ്രകടനം കടന്ന് പോയതിന്റെ പിന്നാലെ ഡിവൈഎഫ്ഐ യുടെ അൻപതോളം പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി എത്തിയായിരുന്നു അടിച്ചു തകർത്തത്. മുൻ എംഎ‍ൽഎ വർക്കല കഹാറിന്റെ ബിനാമി യാണ് ഈ റിസോർട്ടുകളുടെ ഉടമ എന്ന് എൽഡിഎഫ് ആരോപിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP