Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വിജിലൻസ് അന്വേഷണം നേരിടുന്ന ഡിവൈഎസ്‌പി ഹരികൃഷ്ണൻ സോളാർ തെളിവുകൾ ശേഖരിച്ചതിന്റെ സൂത്രധാരൻ; സരിതയുടെ മൊഴിയിലെ തെളിവുകളെല്ലാം ശേഖരിച്ചു മുക്കിയെന്ന ആരോപണ വിധേയൻ; ബിജു രാധാകൃഷ്ണന്റെ ചിറ്റപ്പനെ ഖത്തറിൽ നിന്നും വിളിച്ച വരുത്തി ചോദ്യം ചെയ്ത ഉദ്യോഗസ്ഥൻ

വിജിലൻസ് അന്വേഷണം നേരിടുന്ന ഡിവൈഎസ്‌പി ഹരികൃഷ്ണൻ സോളാർ തെളിവുകൾ ശേഖരിച്ചതിന്റെ സൂത്രധാരൻ; സരിതയുടെ മൊഴിയിലെ തെളിവുകളെല്ലാം ശേഖരിച്ചു മുക്കിയെന്ന ആരോപണ വിധേയൻ; ബിജു രാധാകൃഷ്ണന്റെ ചിറ്റപ്പനെ ഖത്തറിൽ നിന്നും വിളിച്ച വരുത്തി ചോദ്യം ചെയ്ത ഉദ്യോഗസ്ഥൻ

ശ്രീലാൽ വാസുദേവൻ

കോട്ടയം: സോളാർ തട്ടിപ്പു കേസിൽ തെളിവുകൾ കൈക്കലാക്കുകയും അതു പിന്നീട് സമർഥമായി ഉപയോഗിക്കുകയും ചെയ്തയാളാണ് ഇപ്പോൾ വിജിലൻസ് അന്വേഷണം നേരിടുന്ന പെരുമ്പാവൂർ മുൻ ഡിവൈ.എസ്‌പി ഹരികൃഷ്ണൻ. യു.ഡി.എഫ് സർക്കാർ സോളാർ കേസ് അട്ടിമറിക്കുന്നതിനുള്ള ചുമതല ഏൽപിച്ച ഡിവൈ.എസ്‌പിമാരിൽ പ്രമുഖനാണെന്ന ആരോപണം നേരിടുന്ന വ്യക്തിയാണ്. സരിത ഉണ്ടെന്നു പറഞ്ഞ തെളിവുകൾ ഒന്നൊഴിയാതെ ശേഖരിക്കാൻ ഏറ്റവുമധികം വ്യഗ്രത കാണിച്ചതും ഇദ്ദേഹം തന്നെ.

മുൻകേന്ദ്രമന്ത്രി കെ.സി. വേണുഗോപാൽ മോശമായി പെരുമാറിയെന്ന ആരോപണം സരിത ഉന്നയിച്ചപ്പോൾ ഇതുമായി ബന്ധപ്പെട്ട തെളുവുകൾ മുക്കാൻ കൂടെ നിന്നത് ഈ ഉദ്യോഗസ്ഥനാണെന്നാണ് ആരോപണം ഉയർന്നത്. ടീം സോളാറിന്റെ പർച്ചേസ് മാനേജർ തിരുവല്ല തുകലശേരി ഇടക്കുളഞ്ഞിയിൽ മോഹൻദാസിന്റെ കൈയിലാണ് ഇതുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ ഉണ്ടായിരുന്നതെന്നാണ് സരിത പറഞ്ഞത്. ബിജു രാധാകൃഷ്ണന്റെ ചിറ്റപ്പനാണ് മോഹൻദാസ്. ടീം സോളാറിന്റെ എല്ലാ രഹസ്യവും അറിയാവുന്ന മോഹൻദാസ് സരിതയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായിരുന്നു. തട്ടിപ്പു പുറത്താകുമെന്ന് വന്നതോടെ സരിത തന്നെ മുൻകൈയെടുത്താണ് ഇയാളെ കൊല്ലത്തുള്ള പ്രമുഖ മലയാളി വ്യവസായിയുടെ, ഖത്തറിലെ കമ്പനിയിൽ ജോലി വാങ്ങിക്കൊടുത്തത്.

സോളാർ തട്ടിപ്പ് വിവാദം കൊടുമ്പിരിക്കൊള്ളുകയും മുഖ്യമന്ത്രി പ്രതിക്കൂട്ടിലാവുകയും ചെയ്ത സാഹചര്യത്തിൽ മോഹൻദാസിനെ ഖത്തറിൽ നിന്നും അന്വേഷണസംഘം വിളിച്ചു വരുത്തുകയുണ്ടായി. അന്വേഷണസംഘത്തിലുണ്ടായിരുന്ന ചെങ്ങന്നൂർ ഡിവൈ.എസ്‌പി ഖത്തറിലേക്ക് വിളിച്ച് മോഹൻദാസിനോട് നാട്ടിലെത്താൻ ആവശ്യപ്പെടുകയായിരുന്നു. ആദ്യം ഇയാൾ നാട്ടിലെത്താൻ മടിച്ചു. ഇതോടെ മോഹൻദാസിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി അന്വേഷണസംഘം നാട്ടിലെത്തിച്ചെന്നാണ് ആരോപണം.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി അടുത്തബന്ധം പുലർത്തുന്ന മധ്യതിരുവിതാംകൂറിലെ ഒരു യുവഅഭിഭാഷകൻ കേസിൽ ഇടപെട്ടു. അന്വേഷണസംഘവുമായി സംസാരിച്ച് ഒരു ധാരണയിൽ എത്തിയ ശേഷം ഇയാൾ ഖത്തറിൽ നിന്നു മോഹൻദാസിനെ വരുത്തി ചെങ്ങന്നൂർ ഡിവൈ.എസ്‌പിക്ക് മുൻപാകെ ഹാജരാക്കി. തുടർന്ന് ഇയാളെ ചോദ്യം ചെയ്ത ഡിവൈ.എസ്‌പി പ്രസന്നൻ നായർ, കോട്ടയം ഡിവൈ.എസ്‌പി, വി. അജിത്ത് എന്നിവർ കൈവശമുള്ള തെളിവുകൾ നല്കാൻ ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ, തന്റെ കൈയിൽ അങ്ങനെയുള്ള ഡിജിറ്റൽ തെളിവുകൾ ഇല്ലെന്നും ഇക്കാര്യം സരിത തന്നോടു മുൻപ് സൂചിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നുമാണ് മോഹൻദാസ് മൊഴി നൽകിയത്. പിന്നെയാണ് പെരുമ്പാവൂർ ഡിവൈ.എസ്‌പിയായിരുന്ന ഹരികൃഷ്ണന്റെ ചോദ്യം ചെയ്യൽ. കസ്റ്റഡിയിൽ വച്ച് ഒന്നര ദിവസമാണ് ഹരികൃഷ്ണൻ മോഹൻദാസിനെ ചോദ്യം ചെയ്തത്.

എന്നാൽ തെളിവുകളില്ലെന്ന് പൂർണബോധ്യം വന്നതിനു ശേഷമാണ് ഹരികൃഷ്ണൻ ഇയാളെ പോകാൻ അനുവദിച്ചത്. ഇടയ്ക്ക് റിമാൻഡ് ചെയ്യുമെന്നും ഭീഷണി മുഴക്കിയിരുന്നു. ഇതിന് മറുപടി നൽകിയതിനൊപ്പം തനിക്ക് അറിയാവുന്നതും പിന്നീട് പലരെയും കുഴപ്പത്തിലാക്കുന്നതുമായ നിരവധി കാര്യങ്ങൾ മോഹൻദാസ് വെളിപ്പെടുത്തി. എന്നാൽ, ഇതൊന്നും അന്വേഷണസംഘം രേഖപ്പെടുത്താൻ തയാറായില്ലെന്നും ആക്ഷേപമുണ്ട്. മൊഴി രേഖപ്പെടുത്തിയാൽ മോഹൻദാസിനെ അറസ്റ്റ് ചെയ്യേണ്ടി വരുമായിരുന്നു. അങ്ങനെ വന്നാൽ പല പ്രമുഖരുടെയും സ്ഥിതി കുഴപ്പത്തിലാകുമായിരുന്നു. ഇത് ഒഴിവാക്കാൻ വേണ്ടിയായിരുന്നു മോഹൻദാസിന്റെ മൊഴി ഒഴിവാക്കിയത്.

മൊഴി ഇങ്ങനെയായിരുന്നു: ബിജു രാധാകൃഷ്ണന്റെ ചിറ്റപ്പനാണ് മോഹൻദാസ്. ഖത്തറിൽ ജോലി ചെയ്യുകയായിരുന്ന ഇയാൾ മകളുടെ വിവാഹം കൂടാൻ 2010 ൽ തിരിച്ചു നാട്ടിൽ വന്നു. പിന്നീട് മടങ്ങിപ്പോകാൻ കഴിയാതെ നിന്ന മോഹൻദാസിനെ ബിജു രാധാകൃഷ്ണൻ വിളിച്ചു കൊണ്ടുപോയി ടീം സോളാറിന്റെ പർച്ചേസ്/സെയിൽസ് മാനേജർ ആക്കുകയായിരുന്നു. ഡോ. ആർ. ബി. നായർ എന്ന പേരിലാണ് ബിജു അന്ന് അറിയപ്പെട്ടത്.

ഈ ഡോക്ടർ ചേർത്തിരിക്കുന്നത് എന്തിനാണെന്ന് ചോദിച്ചപ്പോൾ റിന്യൂവബിൾ എനർജിയിൽ നിന്നും ഡോക്ടറേറ്റ് ലഭിച്ചതാണെന്നായിരുന്നു മറുപടി. അന്നു ലക്ഷ്മി നായർ എന്ന പേരിലാണ് സരിത കമ്പനിയിൽ ഉണ്ടായിരുന്നത്. പിന്നീടുള്ള സരിതയുടെയും ബിജു രാധാകൃഷ്ണന്റെയും യാത്രകളിലെല്ലാം മോഹൻദാസും ഒപ്പമുണ്ടായിരുന്നു. ഇടക്കാലത്ത് സരിതയിൽ ബിജുവിന് സംശയം വരികയും എവിടെപ്പോയാലും അവർക്കൊപ്പം നിഴൽ പോലെ മോഹൻദാസ് കാണണമെന്ന് ചട്ടം കെട്ടുകയും ചെയ്തു. രണ്ടു തവണ കേന്ദ്രമന്ത്രി ചിദംബരത്തെ കാണാൻ ഡൽഹിയിൽ പോയി. പക്ഷേ, കാണാൻ സാധിച്ചില്ല. മല്ലേലിൽ ശ്രീധരൻ നായർ, അദ്ദേഹത്തിന്റെ അഭിഭാഷകൻ അജിത്ത്കുമാർ, സരിത എന്നിവർക്കൊപ്പം മുഖ്യമന്ത്രിയെ കാണാൻ പോയപ്പോൾ താനും ഒപ്പമുണ്ടായിരുന്നു.

ജോസ് കെ. മാണി എംപി, മന്ത്രിമാരായ കെ.സി. വേണുഗോപാൽ, പി.കെ. ജയലക്ഷ്മി, ഹൈബി ഈഡൻ എന്നിവരെ സോളാർ കമ്പനിയുടെ ഉദ്ഘാടനത്തിന് ക്ഷണിക്കുന്നതിന് പോയിരുന്നു. വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദിനെയും സന്ദർശിച്ചിട്ടുണ്ട്. മന്ത്രി ഗണേശ്‌കുമാറിനെ നിരന്തരം ലക്ഷ്മി നായർ ബന്ധപ്പെട്ടിരുന്നു. ജിക്കുമോൻ, സലിംരാജ്, ജോപ്പൻ എന്നിവരുമായും ലക്ഷ്മി നായർ അടുത്ത ബന്ധം പുലർത്തിയിരുന്നു. മിക്കവരിൽ നിന്നും സരിത ലക്ഷങ്ങൾ വാങ്ങിയപ്പോൾ താൻ സാക്ഷിയായിരുന്നു. പലതിനും ധാരണാപത്രം ഒപ്പിട്ടതും തന്റെ പേരിലായിരുന്നു.

എന്നിങ്ങനെ മോഹൻദാസിന്റെ വെളിപ്പെടുത്തലുകൾ നീളുകയാണ്. കേസ് അട്ടിമറിക്കാൻ അന്വേഷണസംഘം വ്യഗ്രത കാട്ടിയെന്നും മോഹൻദാസിന്റെ പരാമർശത്തിലുണ്ട്. കേസിൽ മോഹൻദാസിന് നിർണായക പങ്കുണ്ടെന്ന് മനസിലാക്കിയ താമരശേരി ഡിവൈ.എസ്‌പി ജയ്സൺ കെ. ഏബ്രഹാം അറസ്റ്റിനൊരുങ്ങിയെങ്കിലും ഉന്നത സ്വാധീനം മൂലം വേണ്ടെന്നു വയ്ക്കുകയായിരുന്നു. മോഹൻദാസിന്റെ അഭിഭാഷകനും പൊലീസും ചേർന്നുള്ള ഒത്തുകളിയാണ് പിന്നീട് നടന്നത്.

അഭിഭാഷകന്റെ സാന്നിധ്യത്തിൽ ആർക്കും കുഴപ്പം വരാത്ത ഒരു തിരക്കഥയുടെ അടിസ്ഥാനത്തിൽ മൊഴി രേഖപ്പെടുത്തിയ അന്വേഷണസംഘം പെട്ടെന്ന് തന്നെ തിരിച്ചു ഖത്തറിന് പൊയ്ക്കൊള്ളാൻ മോഹൻദാസിനെ അനുവദിക്കുകയായിരുന്നു. പിന്നീട് കേസ് കോടതിക്കും ജുഡീഷ്യൽ കമ്മിഷനും മുന്നിലെത്തിയെങ്കിലും മോഹൻദാസിന്റെ കാര്യം ഇവിടെയെങ്ങും പരാമർശിക്കുന്നില്ല. മോഹൻദാസ് ഇപ്പോൾ എവിടെയാണ് എന്നതിനെപ്പറ്റിയും ആർക്കും സൂചനയില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP