Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പത്ത് ലക്ഷം നൽകാമെന്ന് ലീഗ് നേതാക്കൾ പറഞ്ഞതു കേട്ട് ഡോക്യുമെന്ററിക്കായി ഇറങ്ങിത്തിരിച്ചു; ഡോ. മന്മോഹൻസിങ്ങിനെ കൊണ്ട് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു ചിത്രീകരണം തുടങ്ങി; അണിയറയിൽ പ്രവർത്തിച്ചവർക്ക് ഒരു രൂപ പോലും ലഭിക്കാതെ വന്നതോടെ നിയമ നടപടിക്കൊരുങ്ങി സംവിധായകൻ; അന്തരിച്ച ലീഗ് നേതാവ് ഇ അഹമ്മദിനെ കുറിച്ചുള്ള ഡോക്യുമെന്ററി പാതിവഴിയിൽ നിലച്ചു

പത്ത് ലക്ഷം നൽകാമെന്ന് ലീഗ് നേതാക്കൾ പറഞ്ഞതു കേട്ട് ഡോക്യുമെന്ററിക്കായി ഇറങ്ങിത്തിരിച്ചു;  ഡോ. മന്മോഹൻസിങ്ങിനെ കൊണ്ട് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു ചിത്രീകരണം തുടങ്ങി; അണിയറയിൽ പ്രവർത്തിച്ചവർക്ക് ഒരു രൂപ പോലും ലഭിക്കാതെ വന്നതോടെ നിയമ നടപടിക്കൊരുങ്ങി സംവിധായകൻ; അന്തരിച്ച ലീഗ് നേതാവ് ഇ അഹമ്മദിനെ കുറിച്ചുള്ള ഡോക്യുമെന്ററി പാതിവഴിയിൽ നിലച്ചു

കോഴിക്കോട്: അന്തരിച്ച മുസ്ലിം ലീഗ് നോതവും മുൻകേന്ദ്ര മന്ത്രിയുമായിരുന്ന ഇ അഹമ്മദിന്റെ ജീവിതത്തെ കുറിച്ച് മുസ്ലിം ലീഗ് പിന്തുണയോടെ നിർമ്മിക്കൊനൊരുങ്ങിയിരുന്ന ഡോക്യുമെന്ററി പാതിവഴിയിൽ നിലച്ചു. നേതൃത്വം പണം തരാത്തതാണ് ഡോക്യുമെന്ററി നിലയ്ക്കാൻ കാരണമെന്നാണ് നിർമ്മാണ ചുമതലയുള്ളവരുടെ വാദം. എന്നാൽ 10 ലക്ഷം രൂപ നൽകി കഴിഞ്ഞതാണെന്നും ഡോക്യുമെന്ററി പൂർത്തിയാക്കി കഴിഞ്ഞാലേ ബാക്കി പണം നൽകാൻ കഴിയൂ എന്നുമാണ് ലീഗിന്റെ നിലപാട്. അണിയറയിൽ പ്രവർത്തിച്ചവർക്ക് പ്രതിഫലമായി ഒരു രൂപ പോലും കിട്ടാതായതോടെ ഡോക്യുമെന്ററിയുടെ നിർമ്മാണ ചുമതലയുള്ളവർക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ഡോക്യൂമെന്ററിയുടെ സംവിധായകനും സഹസംവിധായകനും.

കഴിഞ്ഞ മാർച്ചിലാണ് ഇ അഹമ്മദിന്റെ ജീവിതം ആസ്പദമാക്കി 'അഹമ്മദ് നാമ' എന്ന പേരിൽ നിർമ്മിക്കുന്ന ഡോക്യുമെന്ററിയുടെ സ്വിച്ച് ഓൺ കർമ്മം നടന്നത്. മുൻപ്രധാനമന്ത്രി മന്മോഹൻസിങ്ങായിരുന്നു സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചത്. മുസ്ലിം ലീഗിന്റെ എല്ലാ അനുഗ്രഹാശിസുകളും ഡോക്യുമെന്ററിക്ക് ഉണ്ടായിരുന്നു. മുസ്ലിം ലീഗ് നേതാവ് പാറയ്ക്കൽ അബ്ദുള്ള, റഹീം പാനൂർ തുടങ്ങിയവരാണ് ഡോക്യുമെന്ററിയുടെ നിർമ്മാണം ഏറ്റെടുത്തത്. മുസ്ലിം ലീഗ് ആസ്ഥാനമായ കോഴിക്കോട്ടെ ലീഗ് ഹൗസിന്റെ സെക്രട്ടറി ഹംസയുടെ ഭാര്യ നുസ്റത്ത് ജഹാനെയാണ് ഡോക്യുമെന്ററിയുടെ നിർമ്മാണ ചുമതല ഏൽപ്പിച്ചിരുന്നത്. മൊയ്തു താഴത്ത് സംവിധാനവും, ബോളിവുഡ് ക്യാമറാമാൻ രവി യാഥവ് ക്യാമറയും വിനോദ് കാഞ്ഞങ്ങാട് അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ചു.

എന്നാൽ ഷൂട്ടിങ്ങ് എല്ലാം കഴിഞ്ഞതോടെ ഡോക്യുമെന്ററി നിശ്ചലമാവുകയായിരുന്നു. സംവിധാകൻ മൊയ്തു താഴത്ത് പല തവണ നിർമ്മാണ ചുമതലയുള്ള നുസ്റത്ത് ജഹാനെ ബന്ധപ്പെട്ടെങ്കിലും നിർമ്മാതാക്കൾ പണം നൽകുന്നില്ലെന്നായിരുന്നു മറുപടി. എന്നാൽ 10 ലക്ഷം രൂപ നേരത്തെ നൽകിയിട്ടുണ്ടെന്നും ഇനി ഡോക്യുമെന്ററി പൂർത്തിയാക്കിയെങ്കിൽ മാത്രമേ ബാക്കി തുക നൽകാനാവൂ എന്നുമാണ് നിർമ്മാതാക്കൾ പറയുന്നത്. യാത്രാ ചെലവ് അല്ലാതെ ഡോക്യുമെന്ററിക്ക് പ്രവർത്തിച്ചതിൽ ഒരു രൂപ പോലും തങ്ങൾക്ക് പ്രതിഫലം നൽകിയിട്ടില്ലെന്ന് സംവിധായകൻ മൊയ്തു താഴത്തും അസോസിയേറ്റ് ഡയറക്ടർ വിനോദ് കാഞ്ഞങ്ങാടും പറയുന്നു. 10 ലക്ഷം രൂപ നൽകിയിട്ടുണ്ടെങ്കിൽ പിന്നെ അത് എന്തിന് ഉപയോഗിച്ചു എന്നും അവർ ചോദിക്കുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും പ്രതിഫലം തരാത്തതോടെ നിർമ്മാണ ചുമതലയുള്ളവർക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് മൊയ്തു താഴത്തും വിനോദ് കാഞ്ഞങ്ങാടും. അഭിഭാഷകനും ഡോക്യുമെന്ററിയുടെ ലീഗൽ അഡൈ്വസറുമായ വിനോദ് പയ്യട വഴിയാണ് ഇവർ നിയമ നടപടിക്കൊരുങ്ങുന്നത്.

കണ്ണൂർ മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ ഭാഗങ്ങളിൽ വെച്ച് 15 ദിവസത്തോളമെടുത്താണ് ഡോക്യുമെന്ററിയുടെ ഷൂട്ടിങ്ങ് പൂർത്തിയാക്കിയത്. കണ്ണൂരിൽ മുസ്ലിം ലീഗ് പ്രവർത്തകരും ഇ അഹമ്മദ് സ്ഥാപിച്ച യത്തീംഖാനയുടെ പ്രവർത്തകരുമാണ് ഡോക്യുമെന്ററിയുടെ അണിയറ പ്രവർത്തകർക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തത്. മലപ്പുറത്ത് ബഷീറലി ശിഹാബ് തങ്ങളുടെ നേതൃത്ത്വത്തിലായിരുന്നു അണിയറ പ്രവർത്തകർക്ക് സൗകര്യങ്ങൾ ഒരുക്കിയിരുന്നത്. ഇങ്ങനെ മുസ്ലിം ലീഗ് നേതൃത്വവും പ്രവർത്തകരും ഏറെ ആഗ്രഹിക്കുകയും പിന്തുണയക്കുകയും ചെയ്തിരുന്ന ഡോക്യുമെന്ററിയാണ് എങ്ങുമെത്താതെ നിൽക്കുന്നത്. ഇതിൽ ഒരു വിഭാഗം നേതാക്കൾക്കും അണികൾക്കും വലിയ അതൃപ്തി ഉണ്ട്.

ഡോക്യുമെന്ററിയുടെ ഭാഗമായി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, കോടിയേരി ബാലകൃഷ്ണൻ, പികെ കുഞ്ഞാലിക്കുട്ടി തുടങ്ങി നിരവധി പ്രമുഖരുടെ അഭിമുഖങ്ങൾ ഷൂട്ട് ചെയ്തിരുന്നു. വിദേശത്തുൾപ്പടെ ഷൂട്ടിങ്ങ് പറഞ്ഞിരുന്നെങ്കിലും കേരളത്തിന് പുറത്ത് ഡൽഹിയിൽ മാത്രമേ പോയൊള്ളൂ. ഷൂട്ടിങ്ങിന് റെഡ് ക്യാമറ ഉപയോഗിച്ചിട്ടുണ്ടെങ്കിലും അത് കേവലം ഒമ്പത് ദിവസം മാത്രമേ ഉപയോഗിച്ചിരുന്നൊള്ളൂ. 10 ലക്ഷം കിട്ടിയെങ്കിൽ അത് പിന്നെ എവിടെയാണ് ചിലവഴിച്ചതെന്ന് ഡോക്യുമെന്ററിയുടെ അണിയറ പ്രവർത്തകർ ചോദിക്കുന്നു.

ഡോക്യുമെന്ററി വെളിച്ചം കാണാത്ത സംഭവം അഹമ്മദിനോടും അദ്ദേഹത്തെ സ്നേഹിക്കുന്ന മുസ്ലിം ലീഗ് പ്രവർത്തകരോടും കാണിക്കുന്ന അനാദരവാണെന്ന് ഡോക്യുമെന്ററിയുടെ സംവിധായകൻ മൊയ്തു താഴത്ത് മറുനാടൻ മലയാളിയോട് പറഞ്ഞു. നിർമ്മാണ ചുമതലയുള്ള നുസ്റത്ത് ജഹാനാണ് ഡോക്യുമെന്ററി മുടങ്ങിയതിന് കാരണം. ഇ അഹമ്മദിനെതിരെ പാർലമെന്റിൽ നടന്ന അനാദരം ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബിജെപിക്കെതിരാവും എന്ന കാരണത്താൽ നുസ്റ്ത്ത് ജഹാൻ അതിന് അനുവദിച്ചില്ലെന്നും മൊയ്തു താഴത്ത് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP