Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കരച്ചിലടക്കാനാവാത്ത കൃഷ്ണന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ച് മന്ത്രി ഇ.ചന്ദ്രശേഖരൻ; ശരത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ബന്ധുക്കൾ; മക്കൾ നഷ്ടപ്പെട്ട വേദനയിൽ കഴിയുന്ന രക്ഷിതാക്കളുടെ ദുഃഖം മനസ്സിലാക്കുന്നുവെന്ന് മന്ത്രി; വീട് സന്ദർശനത്തിനെതിരെ വിമർശനവുമായി എ.വിജയരാഘവൻ; കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനുള്ള ഉത്തരവാദിത്വം തനിക്കുണ്ടെന്ന് ഇ.ചന്ദ്രശേഖരൻ

കരച്ചിലടക്കാനാവാത്ത കൃഷ്ണന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ച് മന്ത്രി ഇ.ചന്ദ്രശേഖരൻ; ശരത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ബന്ധുക്കൾ; മക്കൾ നഷ്ടപ്പെട്ട വേദനയിൽ കഴിയുന്ന രക്ഷിതാക്കളുടെ ദുഃഖം മനസ്സിലാക്കുന്നുവെന്ന് മന്ത്രി; വീട്  സന്ദർശനത്തിനെതിരെ വിമർശനവുമായി എ.വിജയരാഘവൻ; കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനുള്ള ഉത്തരവാദിത്വം തനിക്കുണ്ടെന്ന് ഇ.ചന്ദ്രശേഖരൻ

രഞ്ജിത്ത് ബാബു

 കാസർഗോഡ്: യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‌ലാലിന്റെയും കൃപേഷിന്റെയും കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ബന്ധുക്കൾ. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ഇവരുടെ വീടുകൾ സന്ദർശിച്ചപ്പോഴാണ് ഈ ആവശ്യം ഉന്നയിച്ചത്്. താൻ പ്രതിനിധീകരിക്കുന്ന ജില്ലയിൽ ദാരുണമായ സംഭവങ്ങൾ നടക്കുമ്പോൾ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനുള്ള ഉത്തരവാദിത്വം തനിക്കുണ്ടെന്നും അതിന്റെ ഭാഗമായാണ് കൃപേഷിന്റേയും ശരത്ത് ലാലിന്റേയും വീടുകൾ സന്ദർശിച്ചതെന്നും മന്ത്രി പറഞ്ഞു. എന്നാൽ സിബിഐ. അന്വേഷണം സംബന്ധിച്ച് മന്ത്രി വ്യക്തമായ മറുപടി നൽകിയില്ല. 

മക്കൾ നഷ്ടപ്പെട്ട വേദനയിൽ കഴിയുന്ന മാതാപിതാക്കൾ ഇത്തരത്തിൽ ഉയർന്ന അന്വേഷണം ആവശ്യപ്പെടുന്നത് സ്വാഭാവികമാണ്. രക്ഷിതാക്കളുടെ ദുഃഖം സർക്കാർ മനസ്സിലാക്കുന്നുവെന്നും മന്ത്രി പറഞ്ഞു. സമീപകാലത്ത് ആദ്യമായാണ് ഭരണകക്ഷി പ്രതിസ്ഥാനത്തു നിൽക്കുമ്പോഴും കൊലപാതകത്തിന് ഇരയായവരുടെ വീടുകളിൽ മന്ത്രി സന്ദർശനം നടത്തുന്നത്. മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ടപ്പോൾ അന്ന് കണ്ണൂരിൽ നിന്നുള്ള മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നാല് മന്ത്രിമാരും വീട് സന്ദർശിച്ചിരുന്നില്ല. അത് ഏറെ പ്രതിഷേധങ്ങൾക്ക് ഇടവരുത്തിയിരുന്നു. അതിൽ നിന്നും ഭിന്നമായാണ് കാസർഗോഡ് ജില്ലയെ പ്രതിനിധീകരിക്കുന്ന റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചത്.

പെരിയയിലെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ കൊലപ്പെടുത്തിയ സംഭവത്തിൽ സിബിഐ. അന്വേഷണം വേണമെന്ന നിലപാട് തൊട്ടടുത്ത ദിവസം തന്നെ കോൺഗ്രസ്സ് പ്രഖ്യാപിച്ചിരുന്നു. ശരത്ത് ലാലിന്റേയും കൃപേഷിന്റേയും കുടുംബങ്ങളും സിബിഐ. അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ഇന്നാണ് തീരുമാനമെടുത്തത്. കൊലയ്ക്ക് പിന്നിൽ കണ്ണൂരിലെ ക്രിമിനൽ സംഘമാണെന്നും നിലവിലുള്ള പൊലീസ് അന്വേഷണങ്ങൾ തൃപ്തികരമല്ലെന്ന് ഉന്നയിച്ചാണ് ബന്ധുക്കൾ ഹൈക്കോടതിക്ക് പരാതി നൽകാൻ ഒരുങ്ങുന്നത് ഉദുമ എംഎൽഎ. കെ.കുഞ്ഞിരാമന് സംഭവത്തിൽ പങ്കുണ്ടെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ് കൃഷ്ണനും ശരത് ലാലിന്റെ പിതാവ് സത്യനാരായണനും ആരോപിക്കുന്നു. സത്യാവസ്ഥ പുറത്തുകൊണ്ടു വരാൻ സിബിഐ. അന്വേഷണം വേണം. കൊലപാതകം ആസൂത്രണം ചെയ്തത് എംഎൽഎ. യുടെ അറിവോടെയാണ്. പാർട്ടി നിർദ്ദേശ പ്രകാരം സിപിഎം. ലോക്കൽ കമ്മിറ്റി അംഗം എ. പീതാംബരൻ കുറ്റം ഏൽക്കുകയായിരുന്നു.

സിപിഎമ്മിന്റെ ഏരിയാ ലോക്കൽ കമ്മിറ്റികൾ ചേർന്ന് ആസൂത്രണം ചെയതാണ് കൊലപാതകമെന്ന് കൊല്ലപ്പെട്ടവരുടെ രക്ഷിതാക്കൾ ആരോപിക്കുന്നു. മാസങ്ങൾക്കു മുമ്പേ ഗൂഢാലോചന നടന്നിരുന്നു. ശരത്തിനേയും കൃപേഷിനേയും കൊലപ്പെടുത്തുമെന്ന് പാർട്ടി അനുഭാവികൾക്കും അറിയുമായിരുന്നു. കണ്ണൂരിലെ പ്രൊഫഷണൽ ക്രിമിനൽ സംഘവുമായി പീതാംബരൻ നേരത്തെ തന്നെ ബന്ധപ്പെട്ടിരുന്നുവെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു. എന്നാൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും കെ. കുഞ്ഞിരാമൻ പറയുന്നു. മക്കൾ നഷ്ടപ്പെട്ട മാതാപിതാക്കളുടെ ദുഃഖം മനസ്സിലാക്കുന്നുവെന്ന് കുഞ്ഞിരാമൻ പറഞ്ഞു. സിബിഐ. അന്വേഷണത്തിൽ ഉറച്ച് നിന്നുകൊണ്ട് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളും അവർക്ക് പിൻതുണയുമായി കോൺഗ്രസ്സിന്റെ ജില്ലാ പ്രാദേശിക ഘടകങ്ങളും ഉറച്ച് നിൽക്കുകയാണ്. പെരിയ ഇരട്ട കൊലയിൽ യഥാർത്ഥ ആസൂത്രണധാരനെ കണ്ടെത്താനുള്ള ഉറച്ച നിലപാടിലാണ് കോൺഗ്രസ്സ് നേതൃത്വം.

അതേസമയം, പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾ സന്ദർശിച്ച റവന്യൂവകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരനെതിരേ വിമർശനവുമായി എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ രംഗത്തെത്തി. എൽ ഡി എഫ് നേതാക്കൾ ഈയൊരു സാഹചര്യത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകളിൽ പോകുന്നത് നല്ല സന്ദേശം നൽകാനാണെന്ന് കരുതുന്നില്ലെന്ന വിമർശനമാണ് ഇ. ചന്ദ്രശേഖരനെതിരേ എൽ.ഡി.എഫ് കൺവീനർ ഉന്നയിച്ചിരിക്കുന്നത്. എന്നാൽ ജില്ലയിലെ മന്ത്രിയെന്ന നിലയിൽ ഇ. ചന്ദ്രശേഖരൻ സന്ദർശനം നടത്തിയതിൽ തെറ്റില്ലെന്നും വിജയരാഘവൻ പറഞ്ഞു. പെരിയയിലെ ഇരട്ട കൊലപാതകത്തെ പാർട്ടി അനുകൂലിക്കുന്നില്ല. ഇത് ഒരു പ്രാദേശിക വിഷയം മാത്രമാണ്. അതിനെ അപലപിക്കുന്നു. അക്രമരാഷ്ട്രീയത്തെ എൽ.ഡി.എഫ്. അനുകൂലിക്കുന്നില്ല. ഈ സാഹചര്യങ്ങളെ ഗൗരവമായി കാണുന്നൂവെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP