Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കഴുത്തിൽ വെടിയുണ്ടയുമായി ജീവിക്കുന്ന സിപിഎം നേതാവ്; പിണറായിയെ ലക്ഷ്യമാക്കി വച്ച വെടിയുണ്ട നീക്കം ചെയ്താൽ ജീവൻ അപകടത്തിൽ എന്നു ഡോക്ടർമാർ വിലയിരുത്തിയപ്പോൾ കഴുത്തിൽ തന്നെ വെടിയുണ്ട സൂക്ഷിച്ചു ജീവിതം; കണ്ണൂർ രാഷ്ട്രീയത്തിൽ പിണറായിയേക്കാൾ കരുത്തൻ

കഴുത്തിൽ വെടിയുണ്ടയുമായി ജീവിക്കുന്ന സിപിഎം നേതാവ്; പിണറായിയെ ലക്ഷ്യമാക്കി വച്ച വെടിയുണ്ട നീക്കം ചെയ്താൽ ജീവൻ അപകടത്തിൽ എന്നു ഡോക്ടർമാർ വിലയിരുത്തിയപ്പോൾ കഴുത്തിൽ തന്നെ വെടിയുണ്ട സൂക്ഷിച്ചു ജീവിതം; കണ്ണൂർ രാഷ്ട്രീയത്തിൽ പിണറായിയേക്കാൾ കരുത്തൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: രാഷ്ട്രീയ എതിരാളികളുടെ വെടിയുണ്ടയിൽ രണ്ടു ദശാബ്ദം മുമ്പു ജീവൻ പൊലിയേണ്ട വ്യക്തിയായിരുന്നു ഇ പി ജയരാജൻ. വെടിയുണ്ടകളെയും തോൽപ്പിച്ചു ജീവിതത്തിലേക്കു മടങ്ങിവന്ന വിപ്ലവവീര്യമാണ് ഇപ്പോൾ ബന്ധുനിയമന വിവാദത്തിനു മുന്നിൽ തോറ്റു പിന്മാറിയത്.

പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളെ ലക്ഷ്യമിട്ട് എതിരാളികൾ തൊടുത്ത വെടിയുണ്ടകളിലൊന്ന് ഇ പി ജയരാജന്റെ ശരീരത്തിൽ ഇപ്പോഴുമുണ്ട്. ഈ വെടിയുണ്ട നീക്കം ചെയ്താൽ ജീവൻ അപകടത്തിലാകുമെന്നു ഡോക്ടർമാർ വിധിയെഴുതിയപ്പോൾ കഴുത്തിൽ തന്നെ ആ വെടിയുണ്ട സൂക്ഷിച്ചാണ് കണ്ണൂരിൽ നിന്നുള്ള ഈ നേതാവു ജീവിക്കുന്നത്.

1995 ഏപ്രിൽ 12നു ന്യൂഡൽഹി-ചെന്നൈ രാജധാനി എക്സ്‌പ്രസിൽ മുഴങ്ങിയ വെടിയൊച്ച ഇന്നും കേരളത്തിന്റെ മനസ്സിൽ പ്രതിധ്വനിക്കുന്നുണ്ട്. ചണ്ഡീഗഢിൽ സിപിഐ(എം) പതിനഞ്ചാം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത് കുടുംബസമേതം നാട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയായ ഇ പി ജയരാജനെ ഇല്ലാതാക്കാനുള്ള ശ്രമമുണ്ടായത്. നിഷ്ഠൂരമായ ഈ ആക്രമണം സമ്മാനിച്ച വേദനയും ശാരീരിക അസ്വാസ്ഥ്യങ്ങളും പേറിയാണ് ഇന്നും ഇ പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇ.പി ജയരാജന്റെ ജീവിതം. അഴീക്കോട് മണ്ഡലം എം എൽ എ കൂടിയായിരുന്നു ഇ പി അന്ന്. ട്രെയിനിൽ വച്ച് കൊന്ന് പുറത്തേക്ക് തള്ളാനായിരുന്നു പദ്ധതി. സഹയാത്രക്കാരുടെ സമയോചിതമായ ഇടപെടലും ദീർഘനാൾ മദ്രാസിലും പിന്നീട് ലണ്ടനിലുമുള്ള ചികിത്സയ്ക്കും സങ്കീർണ്ണമായ ശസ്ത്രക്രിയയ്ക്കും ശേഷമാണ് ജയരാജൻ അത്ഭുതകരമായി രക്ഷപ്പെട്ടത്. എം വി രാഘവനും കെ സുധാകരനും ആർ എസ് എസും ചേർന്ന് നടത്തിയ അവിശുദ്ധ കൂട്ടുകെട്ടായിരുന്നു കൊലപാതക ശ്രമത്തിനു പിന്നിലെന്നാണ് അന്നു പാർട്ടി പ്രവർത്തകർ ആരോപിച്ചിരുന്നത്. കണ്ണൂരിൽ നൂറുക്കണക്കിന് സഖാക്കളെ കൊന്നു തള്ളിയിട്ടും തളരാത്ത ഒരു പ്രസ്ഥാനത്തിന്റെ നേതാക്കളെ ഉത്മൂലനം ചെയ്ത് തകർക്കാമെന്ന മോഹമായിരുന്നു എതിരാളികൾക്കെന്നും പാർട്ടി പ്രവർത്തകർ പറയുന്നു.

ശക്തരായ മറ്റു രണ്ടു നേതാക്കളായ പിണറായി വിജയനേയും കോടിയേരി ബാലകൃഷ്ണനേയും ഇ പിയേയും ഒരുമിച്ചായിരുന്നു ഉന്നം വച്ചെതെങ്കിലും ഒത്തുകിട്ടിയത് ഇ പിയെ മാത്രമായിരുന്നു. ജില്ലാ സെക്രട്ടറിയായിരിക്കെ രണ്ടു തവണ ആർഎസ്എസ് ബോംബാക്രമണത്തിൽ നിന്ന് ഇ.പി തലനാരിഴയ്ക്ക് രക്ഷപ്പെട്ടിട്ടുണ്ട്. പാനൂരിലെ ആക്രമണത്തിൽ അദ്ദേഹം സഞ്ചരിച്ച വാഹനത്തിന് കാര്യമായ തകരാർ സംഭവിച്ചിരുന്നു. കൂത്തുപറമ്പ് തൊക്കിലങ്ങാടിയിൽ കാറിനെ ലക്ഷ്യമാക്കിയെറിഞ്ഞ ബോംബുകൾ തൊട്ടുമുന്നിൽ പാർട്ടി പ്രവർത്തകർ സഞ്ചരിച്ച വാഹനത്തിലാണ് പതിച്ചത്. അനേകം തീക്ഷ്ണാനുഭവങ്ങളിലൂടെ ഉരുകിത്തെളിഞ്ഞ ജീവിതമാണ് ഇ.പിയെന്ന പോരാളിയെ സൃഷ്ടിച്ചത്. മട്ടന്നൂരിൽനിന്ന് രണ്ടാംവട്ടവും റെക്കോർഡ് ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട ഇ.പി ജയരാജന് മന്ത്രിസഭയിൽ ഇടം ലഭിച്ചപ്പോൾ നാലര പതിറ്റാണ്ടിലേറെ നീണ്ട സമർപ്പിത രാഷ്ട്രീയപ്രവർത്തനത്തിനുള്ള അംഗീകാരം കൂടിയായാണ് പാർട്ടി പ്രവർത്തകർ വിലയിരുത്തിയത്.

തനിക്കു നേരെ ട്രെയിനിലുണ്ടായ ആക്രമണത്തെക്കുറിച്ചു ജയരാജൻ തന്നെ പിന്നീട് ഒരു അഭിമുഖത്തിൽ വിവരിച്ചത് ഇങ്ങനെ: ''പാർട്ടി കോൺഗ്രസ് കഴിഞ്ഞ് നിസാമുദ്ദീനിന്നാണ് ഞങ്ങൾ രാജധാനി എക്പ്രസ്സിൽ കയറുന്നത്. കൂടെ ഭാര്യ ഇന്ദിരയും കുട്ടികളും. മൂത്തമകൻ ജയ്സണിന് അന്ന് പന്ത്രണ്ട് വയസാണ്. ജിജിത്തിന് പത്തും. പി കെ ശ്രീമതിയും അവരുടെ ഭർത്താവും ഞങ്ങളോടൊപ്പതന്നെയുണ്ട്. തൊട്ടടുത്ത മുറിയിൽ എം വിജയകുമാർ പിരപ്പൻകോട് മുരളി, കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയ സഖാക്കളുമുണ്ടായിരുന്നു. രാവിലെ അവരൊക്കെ അടുത്തു വന്ന് കുറേനേരം സംസാരിച്ചിരുന്നാണ് പോയത്. ആന്ധ്രപ്രദേശിലെ ചിരാല പൊലീസ്സ്റ്റേഷൻ അതിർത്തിയിലുള്ള ഓംകോൾ എന്ന സ്ഥലത്തെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ഡൽഹിയിൽ നിന്ന്തന്നെ സ്പെഷ്യൽ ഗുണ്ടകളായിട്ടുള്ള രണ്ടുപേർ ആയുധങ്ങളുമായിട്ട് വണ്ടിയിൽ കയറിയിരുന്നു. വാഷ് ബേയ്സിനടുത്തുള്ള ചെറിയ സീറ്റിൽ അവർ ഇരിക്കുന്നുണ്ടായിരുന്നു.

ചിരാലയിലെത്തിയപ്പോൾ മുഖം കഴുകുന്നതിനുവേണ്ടി ഞാൻ വാഷ്ബേയിസിന്റെ അടുത്തേക്ക് പോയ തായിരുന്നു. മുഖം കഴുകിക്കൊണ്ടിരിക്കുമ്പോഴാണ് വെടിവച്ചത്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായിരുന്നില്ല. ട്രെയിൻ അട്ടിമറിയുകയാണെന്നാണ് അപ്പോൾ തോന്നിയത്. രണ്ട് തവണവെടിവച്ചു. ചുറ്റും പുകമൂടിയിരുന്ന. ശരീരം കുഴഞ്ഞുപ്പോകുന്നപോലെ. ഞാൻ നിലത്തു വീണു. കൂടെയുള്ളവർ ഓടിയെത്തി. ഭാര്യയും ശ്രീമതിയും ചേർന്ന് എഴുന്നേൽപ്പിച്ച് മടിയിൽ കിടത്തി. എം വിജയകുമാറും പിരിപ്പൻകോട് മുരളിയും കടകംപള്ളി സുരേന്ദ്രനും മറ്റു യാത്രക്കാരും ഓടിയെത്തി. കൂട്ടത്തിൽഅമേരിക്കയിൽ പ്രാക്റ്റീസ് ചെയ്യുന്ന തഞ്ചാവൂർ സ്വദേശിയായ ഒരു ലേഡി ഡോക്ടർ അപ്പോൾതന്നെ പ്രാഥമിക ചികിത്സതന്നു. ഓകോർ സ്റ്റേഷനിൽ വണ്ടി എത്തിയപ്പോൾ അവിടെ ഉണ്ടായിരുന്ന ഡോക്ടർമാരുടെ സഹായത്തോടെ മദ്രാസിലെത്തി. ദീർഘകാലം അവിടെ ചികിത്സിച്ചു. പലതരത്തിലുള്ള ശസ്ത്രക്രിയകൾ അവിടെനിന്ന് നടത്തി വെടിയുണ്ട പുറത്തെടുത്തു. അതിന് ശേഷം വിദദ്ധചികിത്സയ്ക്കാണ് ലണ്ടനിൽ പോയത്. വെടിയുണ്ട മദ്രാസ് ഹോസ്പിറ്റലിൽ നിന്ന് നീക്കം ചെയ്തിരുന്നെങ്കിലും അതിന്റെ അവശിഷ്ടങ്ങൽ ബാക്കിയുണ്ടായിരുന്നു. ലണ്ടനിൽ നിന്ന് വിദഗ്ധപരിശോധന നടത്തിയപ്പോഴാണ് അത് കണ്ടെത്തിയത്. അത് മജ്ജയിൽ കലർന്ന്പോയിട്ടുണ്ട്. അത് നീക്കം ചെയ്യണമെങ്കിൽ മജ്ജയെടുത്ത് മാറ്റണം. അപ്പോൾ എന്ത് സംഭവിക്കുമെന്ന് പറയാൻ പറ്റില്ല. അതുകൊണ്ട് അങ്ങിനെ റിസ്‌ക്ക് എടുത്ത് ഓപ്പറേഷൻ നടത്തണ്ടായെന്ന് അവിടെത്തെ ഡോക്ടർമാർ പറഞ്ഞു. രക്ഷപ്പെട്ടത് തന്നെ അത്യപൂർവ്വമായ സംഭവമാണ്. ഇനി ഇതിന്റെ ഭാഗമായി ഉണ്ടാകുന്ന പ്രശ്നങ്ങൾ സഹിക്കുകയല്ലാതെ വേറെയൊന്നും ചെയ്യാനില്ല. ബ്ലെഡിൽ ലെഡിന്റെ അംശം കൂടുമ്പോൾ അപ്പോൾ ചികിത്സിക്കണം. അതങ്ങിനെ തുടരുകമാത്രമെ ഇനി നിർവാഹമുള്ളു. ചികിത്സയുടെ ഭാഗമായ മരുന്നുകൾ തുടർച്ചയായി ഇപ്പോഴും കഴിച്ചുക്കൊണ്ടിരിക്കുകയാണ്. അടുത്തകാലത്തായിട്ടാണ് ഉറങ്ങാൻ കഴിയാത്ത പ്രശനം ഉണ്ടായത്. കിടന്ന് ഉറക്കം തുടങ്ങുമ്പോഴേക്കും ശ്വാസം കിട്ടില്ല. അപ്പോൾ എഴുന്നേറ്റിരിക്കണം. തിരുവനന്തപുരത്തെ കിംസ് ഹോസ്പ്പിറ്റലിലെ ഡോക്ടർമാർ നിദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ ഒരു എക്യുപ്മെന്റെ് ഉപയോഗിച്ചാണ് ഇപ്പോൾ ഉറങ്ങുന്നത്. ഈ യന്ത്രം ഉപയോഗിച്ച് ഓക്സിജൻ വലിച്ചെടുക്കാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. അത് കരണ്ടിൽ ഉപയോഗിക്കുന്നതാണ്. ട്രെയിനിലൊക്കെ യാത്രചെയ്യുമ്പോൾ പ്ലഗ്ഗ് സൗകര്യം ഉള്ളസ്ഥലത്ത് തന്നെ കിടക്കണം. കടുത്ത ആരോഗ്യപ്രശ്നങ്ങൾ അലട്ടിക്കൊണ്ടിരിക്കുകയാണ്. ശരീരത്തിന്റെ തളർച്ച അനുദിനം കൂടിവരുകയാണ്. തുടച്ചയായിയാത്ര ചെയ്യാൻ കഴിയാതെയായിട്ടുണ്ട്. ഇപ്പോൾ പോകുന്നിടത്തെല്ലാം ഈ യന്ത്രവും കൊണ്ടാണ് പോകുന്നത്. കേൾവിക്കുറവും കാഴ്‌ച്ചക്കുറവും കൂടിക്കൊണ്ടിരിക്കുകയാണ്. അധികകാലം ഇങ്ങനെ മുന്നോട്ട് പോകാൻ കഴിയണമെന്നില്ല''.

കോൺഗ്രസും ആർ എസ് എസും പൊലീസും ചേർന്ന് ക്രൂരമായി വേട്ടയാടിയ ഈ രാഷ്ട്രീയ നേതാവിനു കണ്ണൂരിൽ പിണറായിക്കൊപ്പമോ അതിനു മുകളിലോ സ്വാധീനം പ്രവർത്തകരിലുണ്ട്. ശാരീരികമായ അസ്വസ്ഥതകൾ വകവെക്കാതെ അവിശ്രമം ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ഇ പി പാർട്ടിയുടെ കേന്ദ്രകമ്മറ്റി അംഗം, ദേശാഭിമാനി മാനേജർ, കർഷസംഘം സംസ്ഥാന പ്രസിഡണ്ട് തുടങ്ങിയ നിലകളിൽ സേവനം അനുഷ്ഠിച്ചു.

1950 മെയ് 28ന് കണ്ണൂർ ജില്ലയിലെ ഇരിണാവിൽ ബി.എം കൃഷ്ണൻനായരുടെയും ഇ.പി പാർവതിയമ്മയുടെയും മകനായാണ് ജയരാജൻ ജനിച്ചത്. പ്രീഡിഗ്രിയും ഇലക്ട്രിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമയും നേടി. എസ്എഫ്‌ഐയിലൂടെ പൊതുരംഗത്തെത്തി. പിന്നീട് കെഎസ്വൈഎഫ് നേതൃനിരയിലെത്തി. 1980-ൽ ഡിവൈഎഫ്‌ഐ രൂപം കൊണ്ടപ്പോൾ സ്ഥാപക അഖിലേന്ത്യാ പ്രസിഡന്റായി. മികച്ച പാർലമെന്റേറിയനായ ഇ പി 1991ൽ അഴീക്കോടുനിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്. ദേശാഭിമാനിയെ ആധുനികവത്കരിച്ച് പ്രൊഫഷണൽ മികവിലേക്ക് നയിച്ചതിൽ ഇ.പിയുടെ പങ്ക് വലുതാണ്. പറശ്ശിനിക്കടവിലെ വിസ്മയ അമ്യൂസ്‌മെന്റ് പാർക്കിന്റെ ആശയം ഇ.പിയുടേതായിരുന്നു. കണ്ണൂർ തെക്കിബസാറിൽ മാതൃകാപരമായി പ്രവർത്തിക്കുന്ന മൈത്രി വയോധികസദനത്തിലും ഈ ജനനേതാവിന്റെ സ്‌നേഹാർദ്രമായ കൈയൊപ്പു കാണാം. പാപ്പിനിശേരി കീച്ചേരിയിലാണ് താമസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP