Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദേശീയപാതാ അഥോറിറ്റി പണിതാൽ ടോൾ കൊടുത്തു മുടിയുമെന്നു പറഞ്ഞു സംസ്ഥാനം ഏറ്റെടുത്തത് നാല് പാലങ്ങൾ; വൈറ്റിലയിലും കുണ്ടന്നൂരിലും പാലങ്ങൾ ഉയരുന്നത് ഇഴഞ്ഞിഴഞ്ഞ് നീങ്ങി; ഇടപ്പള്ളി മേൽപാലം രക്ഷപ്പെട്ടത് ശിവൻകുട്ടി ഓട്ടിച്ചു വിടാൻ ശ്രമിച്ച മെട്രോ മാന്റെ ഉപദേശ കരുത്തിൽ; പാലാരിവട്ടത്തെ 'പഞ്ചവടി പാലത്തിന്റെ' പുനർനിർമ്മാണം ഊരാളുങ്കലിനെ ഏൽപ്പിക്കുമ്പോൾ പിണറായി അഭയം തേടുന്നതും ശ്രീധരന്റെ അനുഭവ സമ്പത്തിൽ; കൊച്ചി മെട്രോയ്ക്ക് ശേഷം ശ്രീധരൻ ഇഫട്കിന് കളമൊരുങ്ങുമ്പോൾ

ദേശീയപാതാ അഥോറിറ്റി പണിതാൽ ടോൾ കൊടുത്തു മുടിയുമെന്നു പറഞ്ഞു സംസ്ഥാനം ഏറ്റെടുത്തത് നാല് പാലങ്ങൾ; വൈറ്റിലയിലും കുണ്ടന്നൂരിലും പാലങ്ങൾ ഉയരുന്നത് ഇഴഞ്ഞിഴഞ്ഞ് നീങ്ങി; ഇടപ്പള്ളി മേൽപാലം രക്ഷപ്പെട്ടത് ശിവൻകുട്ടി ഓട്ടിച്ചു വിടാൻ ശ്രമിച്ച മെട്രോ മാന്റെ ഉപദേശ കരുത്തിൽ; പാലാരിവട്ടത്തെ 'പഞ്ചവടി പാലത്തിന്റെ' പുനർനിർമ്മാണം ഊരാളുങ്കലിനെ ഏൽപ്പിക്കുമ്പോൾ പിണറായി അഭയം തേടുന്നതും ശ്രീധരന്റെ അനുഭവ സമ്പത്തിൽ; കൊച്ചി മെട്രോയ്ക്ക് ശേഷം ശ്രീധരൻ ഇഫട്കിന് കളമൊരുങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാലാരിവട്ടം പാലം മുഴുവനായി പൊളിച്ചുപണിയേണ്ടി വരില്ല. പാലത്തിന്റെ 17 സ്പാനുകളാണ് പൂർണമായി പൊളിക്കേണ്ടി വരിക. പാലത്തിന്റെ പുനർനിർമ്മാണം കോഴിക്കോട്ടെ ഊരാളുങ്കൽ ലേബർ കോഓപ്പറേറ്റീവ് സൊസൈറ്റി ഏറ്റെടുക്കും. സാങ്കേതിക ഉപദേഷ്ടാവ് എന്ന നിലയിലാവും ഡോ.ഇ. ശ്രീധരന്റെ പങ്കാളിത്തവും ഉണ്ടാകും. 18.7 കോടി രൂപയാണു പ്രതീക്ഷിക്കുന്ന ചെലവ് . അതായത് മുമ്പ് കരാറുകാരന്റെ പിടിപ്പു കേടുകൊണ്ട് ഉണ്ടായ കുഴപ്പം പരിഹരിക്കാൻ പണം എടുക്കുന്നത് ഖജനാവിൽ നിന്നുമാണ്.

39 കോടി രൂപ ചെലവിൽ നിർമ്മിച്ച പാലം 2 വർഷം കൊണ്ടു നിർമ്മിക്കുകയാണ്. 2.5 വർഷത്തിനു ശേഷം 20 കോടി രൂപയുടെ അറ്റകുറ്റപ്പണി സിനിമയിലെ പഞ്ചവടിപ്പാലത്തെ വെല്ലും പാലാരിവട്ടത്തെ ഈ മേൽപാലം .ദേശീയപാത 66ൽ പാലാരിവട്ടം ജംക്ഷനിൽ ഈ അഴിമതിപ്പാലം നിർമ്മിച്ചപ്പോൾ ധനനഷ്ടം മാത്രമല്ല ഉണ്ടായത്, റോഡ്‌സ് ആൻഡ് ബ്രിജസ് കോർപറേഷൻ, കിറ്റ്‌കോ എന്നീ രണ്ടു സ്ഥാപനങ്ങൾക്ക് മാനനഷ്ടവും ഉണ്ടായി. ദേശീയപാതയിൽ കുണ്ടന്നൂർ, വൈറ്റില, പാലാരിവട്ടം, ഇടപ്പള്ളി ജംക്ഷനുകളിൽ മേൽപാലം പണിയാൻ ദേശീയപാതാ അഥോറിറ്റി ടെൻഡർ ചെയ്യുന്ന ഘട്ടമെത്തിയതാണ്.

ദേശീയപാതാ അഥോറിറ്റി പാലം പണിതാൽ ജനം ടോൾ കൊടുത്തു മുടിയുമെന്നു പറഞ്ഞു സംസ്ഥാന സർക്കാർ ഏറ്റെടുത്ത പാലമാണു പാലാരിവട്ടം. വൈറ്റിലയിലും കുണ്ടന്നൂരിലും മറ്റു രണ്ടു പാലങ്ങൾ ഇഴഞ്ഞിഴഞ്ഞ് ഉയരുന്നുണ്ട്. ഇടപ്പള്ളി മേൽപാലം ഡിഎംആർസി പണിതതുകൊണ്ടു രക്ഷപ്പെട്ടു. അതുകൊണ്ടാണ് പുതുക്കി പണിയലിന് ശ്രീധരനെ എത്തിക്കുന്നത്. മെട്രോയുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കൾ പോലും കടന്നാക്രമിച്ച ശ്രീധരൻ അങ്ങനെ സർക്കാരിന്റെ മാനം കാക്കാൻ വീണ്ടുമെത്തുകയാണ്. തിരുവനന്തപുരം ലൈറ്റ് മെട്രോയുമായി ബന്ധപ്പെട്ട് സിപിഎം നേതാവും മുമ്പ് നേമം എംഎൽഎയുമായ വി ശിവൻകുട്ടി ശ്രീധരനെ ചോദ്യം ചെയ്തത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായ സംഭവമാണ്. കൊച്ചി മെട്രോ ലാഭത്തിലേക്ക് കുതിക്കുമ്പോഴാണ് വീണ്ടും ഒരു പ്രോജക്ടുമായി ശ്രീധരൻ എത്തുന്നത്.

സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിയാണ് ഊരാളുങ്കൽ. സഹകരണ പ്രസ്ഥാനമായതു കൊണ്ട് തന്നെ ടെൻഡർ വിളിക്കാതെ പണി ഇവർക്ക് ഏൽപ്പിക്കാനാകും. അപ്പോൾ പഴി കേൾക്കാതിരിക്കാനുള്ള തന്ത്രമാണ് ശ്രീധരനെ മുമ്പിൽ നിർത്തുന്നതെന്ന വിമർശനവും സജീവമാണ്. പാലാരിവട്ടത്തെ പാലം ആർഡിഎസ് പ്രൊജക്ട്സ് ആണ് നിർവ്വഹിച്ചത്. മേൽനോട്ടം കിറ്റ്കോയ്ക്കായിരുന്നു. നിർവഹണ ഏജൻസി റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷനും. ഈ ഇടപാടിൽ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് അടക്കം പലരും അഴിക്കുള്ളിലായി. പാലം നിർമ്മാണത്തിലെ അഴിമതിയിൽ 4 പേർ അറസ്റ്റിലായി. ഇനി ആരൊക്കെ അറസ്റ്റിലാവുമെന്നു നിശ്ചയമില്ല. ഉത്തരവാദികൾ 4 പേരിൽ ഒതുങ്ങുന്നില്ലെന്ന ആക്ഷേപം വ്യാപകമാണ്. ഇതിനിടെയാണ് പാലം പുതുക്കി പണിയുന്നത്.

ഒരു മാസത്തിനുള്ളിൽ പണി തുടങ്ങണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുള്ളത്. ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയും വിധം പാലം പൊളിക്കലും പുനർനിർമ്മാണവും ഒരേ സമയം നടത്താനാണ് ലക്ഷ്യമിടുന്നത്. ഒന്നോ രണ്ടോ സ്പാനുകൾ വീതം പൊളിച്ച് അപ്പോൾ തന്നെ പുതിയവ നിർമ്മിക്കുകയാണു രീതി. പുതുക്കി നിർമ്മിക്കുന്ന പാലത്തിന്റെ ഡിസൈൻ ഡിഎംആർസിയുടെ നേതൃത്വത്തിൽ തയാറായതായും രണ്ടാഴ്ചയ്ക്കകം എസ്റ്റിമേറ്റും ടെൻഡർ രേഖയും സജ്ജമാകുമെന്നും ഇ.ശ്രീധരൻ പറഞ്ഞു. എസ്റ്റിമേറ്റും ടെൻഡർ രേഖകളും തയാറാകുന്ന മുറയ്ക്ക് ഊരാളുങ്കൽ സൊസൈറ്റി സർക്കാരുമായി കരാർ ഒപ്പുവയ്ക്കും. ഒക്ടോബർ ആദ്യ ആഴ്ചയിൽ തന്നെ പാലത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുമെന്ന് ഇ.ശ്രീധരൻ അറിയിച്ചു.

പാലാരിവട്ടം പാലത്തിൽ 19 സ്പാനുകളിൽ 17 എണ്ണത്തിലും 102 ഗർഡറുകളിൽ 97 എണ്ണത്തിലും വിള്ളലുണ്ട്. 17 സ്പാനുകളിൽ സാധാരണ കോൺക്രീറ്റ് ഗർഡറുകളാണ് ഉപയോഗിച്ചിട്ടുള്ളത്. 2 സ്പാനുകളുടെ നിർമ്മാണം പ്രീസ്ട്രസ്ഡ് കോൺക്രീറ്റ് കൊണ്ടാണ്. ഈ രണ്ടു സ്പാനുകൾക്കും കാര്യമായ കേടില്ല. അറ്റകുറ്റപ്പണി കൊണ്ടു ബലക്ഷയം പരിഹരിക്കാനാവാത്ത സാഹചര്യത്തിലാണു 17 സ്പാനുകളും പൊളിച്ചു പണിയുന്നത് . ഗർഡറുകളിൽ നടുവിലത്തെ രണ്ടെണ്ണം മാത്രം നിലനിർത്തി 100 എണ്ണവും പൊളിക്കാനാണ് തീരുമാനം. പുതുക്കി നിർമ്മിക്കുന്ന പാലത്തിൽ മുഴുവനായും പ്രീസ്ട്രസ്ഡ് കോൺക്രീറ്റ് ഗർഡറുകളാണ് ഉപയോഗിക്കുക. പിയർ ഹെഡിൽ വിള്ളലുണ്ട്. തൂണുകളും പിയർ ഹെഡുകളും കോൺക്രീറ്റ് കൊണ്ടു പൊതിഞ്ഞു ബലപ്പെടുത്തും.

എല്ലാ ബെയറിങ്ങുകളും മാറ്റും. രണ്ടു സ്പാനുകൾക്കിടയിലെ ജോയിന്റുകൾ മാറ്റേണ്ടി വരുമെന്ന സാഹചര്യത്തിൽ ഇടപ്പള്ളി മേൽപാലത്തിൽ ഉപയോഗിച്ച ജോയിന്റുകൾ ആവശ്യമില്ലാത്ത സാങ്കേതിക വിദ്യയാവും സ്വീകരിക്കുക. 2014 സെപ്റ്റംബറിലാണു പാലാരിവട്ടത്ത് പാലം നിർമ്മാണം തുടങ്ങുന്നത്. 2016 ഒക്ടോബറിൽ ഉദ്ഘാടനം. 2017 ജൂലൈയിൽ തന്നെ പാലത്തിൽ കുഴികളായി. പലവട്ടം ടാറിങ് നടത്തി. 2019 മെയ്‌ ഒന്നിനു പാലം താൽക്കാലിക അറ്റകുറ്റപ്പണിക്കായി അടച്ചു. പിന്നീട് ഇന്നേവരെ തുറന്നിട്ടില്ല. പാലത്തിന്റെ 16 തൂണുകളിൽ ഒന്നിന്മേൽ സ്ഥാപിച്ച ഒരു ബുഷ് തിരിഞ്ഞുപോയതാണു പാലത്തിന്റെ പ്രശ്‌നമെന്നു കരാറുകാർ വിജിലൻസ് കോടതിയിൽ പറഞ്ഞു. അതല്ല, സർവത്ര കുഴപ്പമാണെന്നു ചെന്നൈ ഐഐടി സംഘവും മെട്രോമാൻ ഇ. ശ്രീധരനും കണ്ടെത്തി. ഇതോടെയാണ് പുനർനിർമ്മാണത്തിലേക്ക് കാര്യങ്ങളെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP