Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സർക്കാർ വിദ്യാലയങ്ങളിൽ നിന്നുള്ള കൊഴിഞ്ഞു പോക്കിന്റെ കാലം കഴിഞ്ഞു; രവീന്ദ്രനാഥിന്റെ നിശബ്ദ വിപ്ലവത്തിൽ സർക്കാർ സ്‌കൂളിലേക്ക് ഇടിയോടിടി; എസ് എസ് എൽ സി പരീക്ഷയിൽ ഉയർന്ന വിജയശതമാനം കൂടിയായപ്പോൾ മിക്കയിടങ്ങളിലും ഹൗസ് ഫുൾ; അടിസ്ഥാന സൗകര്യം വർദ്ധിപ്പിച്ചു പൊതു വിദ്യാഭ്യാസത്തിന്റെ അന്തസ്സുയർത്താൻ മെനക്കെട്ടിറങ്ങി സർക്കാർ

സർക്കാർ വിദ്യാലയങ്ങളിൽ നിന്നുള്ള കൊഴിഞ്ഞു പോക്കിന്റെ കാലം കഴിഞ്ഞു; രവീന്ദ്രനാഥിന്റെ നിശബ്ദ വിപ്ലവത്തിൽ സർക്കാർ സ്‌കൂളിലേക്ക് ഇടിയോടിടി; എസ് എസ് എൽ സി പരീക്ഷയിൽ ഉയർന്ന വിജയശതമാനം കൂടിയായപ്പോൾ മിക്കയിടങ്ങളിലും ഹൗസ് ഫുൾ; അടിസ്ഥാന സൗകര്യം വർദ്ധിപ്പിച്ചു പൊതു വിദ്യാഭ്യാസത്തിന്റെ അന്തസ്സുയർത്താൻ മെനക്കെട്ടിറങ്ങി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിറം കെടുത്തിയെന്ന് ആരോപിക്കപ്പെട്ട തുടക്കം. ചോദ്യ പേപ്പർ ചോർച്ചയുൾപ്പെടെയുള്ള വെല്ലുവിളികൾ. ഇതോടെ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിനെതിരെ ആരോപണങ്ങൾ സജീവമായി. മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റുമെന്ന ചർച്ച പോലും ഉയർന്നു. അപ്പോഴും വിവാദങ്ങൾക്ക് വെടിമരുന്നിട്ടുകൊടുക്കാതെ കരുതലോടെ രവീന്ദ്രനാഥ് നീങ്ങി. അദ്ധ്യാപകന്റെ മെയ് വഴക്കത്തോടെ മുന്നോട്ട് പോവുകയും ചെയ്തു. നിശബ്ദവിപ്ലവത്തിനാണ് പിണറായി സർക്കാർ അധികാരത്തിലെത്തി രണ്ട് കൊല്ലം കഴിയുമ്പോൾ സംസ്ഥാനം സാക്ഷിയാകുന്നത്. ആരോടും ബഹളം വയ്ക്കാതെ വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന സമർത്ഥമായ ഇടപെടലിന്റെ ഫലം.

പൊതുവിദ്യാലയങ്ങളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് അഞ്ചുവർഷത്തിനിടെ പകുതിയായി കുറഞ്ഞെന്നു കണക്കുകൾ ഇതാണ് സൂചിപ്പിക്കുന്നത്. പിണറായി അധികാരത്തിലെത്തിയ ശേഷം ശതമാന കണക്കിൽ വലിയ മാറ്റവും ഉ്ണ്ട്. 2012ൽ 0.48 ശതമാനമായിരുന്നു കൊഴിഞ്ഞുപോക്കെങ്കിൽ, 2016-17ൽ അത് 0.20 ശതമാനമായി കുറഞ്ഞു. 2016നെ അപേക്ഷിച്ച് 2017ൽ പൊതുവിദ്യാലയങ്ങളിലെത്തിയ വിദ്യാർത്ഥികളുടെ എണ്ണത്തിൽ നാലു ശതമാനത്തിന്റെ വർധനയുണ്ടായി. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രമാക്കാനായി വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന നീക്കങ്ങളാണ് ഇതിനെല്ലാം അടിസ്ഥാനമാകുന്നത്. സൗകര്യങ്ങൾ ഒരുക്കി മെച്ചപ്പെട്ട അധ്യായനം സ്‌കൂളുകളിൽ രവീന്ദ്രനാഥ് എത്തിച്ചു. ഇതോടെ വീണ്ടും പൊതുവിദ്യാഭ്യാസം കരുത്തുള്ളതായി.

സ്‌കൂൾ പ്രവേശന തോത്, കുട്ടികളുടെ കൊഴിഞ്ഞു പോക്ക് തടയൽ, പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നൽകൽ എന്നിവയിലെല്ലാം കേരളം മുന്നേറിയിട്ടുണ്ട്. മാറുന്ന വിദ്യാഭ്യാസ, ആരോഗ്യ ആവശ്യങ്ങൾക്കനുസൃതമായി പൊതുസ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടതുണ്ട്. ഇതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടരുമെന്നത് തന്നെയാണ് പിണറായി സർക്കാരിന്റെ പൊതു അജണ്ട. ക്ലാസ് മുറികളുടെ നിലവാരം ഉയർത്തിയും സ്മാർട്ട് ക്ലാസുകൾ ആരംഭിച്ചുമെല്ലാം സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളെ എത്തിക്കുയാണ് സർക്കാർ. ഈ സാഹചര്യമാണ് പൊതുവിദ്യാലയങ്ങളിൽനിന്നുള്ള വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്ക് മുൻവർഷത്തേക്കാൾ വളരെയധികം കുറഞ്ഞതായി കണക്കുകൾ പുറത്തുവരാനും കാരണം. സർക്കാർ സ്‌കൂളുകളിൽ പത്താംക്ലാസിൽ വിജയ ശതമാനവും ഉയർന്നു. ഇതും പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് കരുത്തായി.

2015-16 അധ്യയന വർഷത്തെ അപേക്ഷിച്ച് ജില്ലയിലെ സർക്കാർ സ്‌കൂളുകളിൽനിന്നുള്ള വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് കഴിഞ്ഞ വർഷം പകുതിയിലേറെ കുറഞ്ഞു. എയ്ഡഡ് സ്‌കൂളിലേയും കണക്കുകൾ ശുഭ സൂചനയാണ്. സർക്കാർ സ്‌കൂളുകളിൽ മക്കളെ ചേർക്കുന്ന പ്രവണതയും രക്ഷിതാക്കളിൽ കൂടിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയും മികച്ച പഠനസൗകര്യങ്ങളൊരുക്കിയും ക്ലാസ്മുറികൾ വിദ്യാർത്ഥി സൗഹൃദമാക്കിയും ജൈവപൂന്തോട്ടമൊരുക്കിയും പച്ചക്കറി കൃഷി ആരംഭിച്ചുമൊക്കെ വിദ്യാലയങ്ങൾ ആകർഷകമാക്കിയതാണ് സർക്കാർ സ്‌കൂളുകളോട് താൽപ്പര്യം കൂടാൻ കാരണം. സർക്കാറിന്റെ പൊതു വിദ്യാലയ സംരക്ഷണ യജ്ഞം വിജയകരമാകുന്നതിന്റെ സൂചന.

സ്‌കൂൾ ഡാറ്റബാങ്കിനായി നടത്തിയ കണക്കെടുപ്പിൽ വിദ്യാഭ്യാസ മന്ത്രിയുടെ ജില്ലയായ തൃശൂരിന് ഏറെ സന്തോഷിക്കാവുന്ന കണക്കുകളാണ് പുറത്തു വന്നത്. 2015-16 അധ്യയന വർഷം 635 വിദ്യാർത്ഥികൾ ഇടക്കുവെച്ച് പഠനം നിർത്തിയപ്പോൾ 2016-17 വർഷം 350 കുട്ടികൾ മാത്രമാണ് കൊഴിഞ്ഞുപോയത്- 285 കുട്ടികളുടെ വ്യത്യാസം. കൊഴിഞ്ഞുപോയവരിൽതന്നെ അഞ്ചു ശതമാനത്തിൽ അധികം ഭിന്നശേഷി കുട്ടികളാണ്. സാധാരണകുട്ടികൾക്ക് ഒപ്പം പഠനം നടത്തിയ ഇക്കൂട്ടരുടെ ശരീരിക, മാനസിക പ്രശ്‌നങ്ങളാണ് പഠനം നിർത്താൻ കാരണം. നാട്ടിലേക്ക് തിരിച്ചുപോയ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ദമ്പതികളുടെ മക്കളും ഇതിൽ ഉൾപ്പെടും. സാമ്പത്തിക പ്രശ്‌നങ്ങളാൽ സ്‌കൂളിൽ എത്താത്തവർ മൂന്ന് ശതമാനമുണ്ട്. 2015 - 16 അധ്യയന വർഷം പട്ടികജാതിയിൽ പെട്ട 50 കുട്ടികളാണ് കൊഴിഞ്ഞുപോയത്. 2016-17ൽ ഇത് 15 ആയി കുറഞ്ഞു.

28 മുസ്ലിം കുട്ടികൾ സർക്കാർ സ്‌കൂളിൽനിന്ന് 2015-16ൽ പഠനം നിർത്തിയെങ്കിൽ 2016-17ൽ ഇത് 21 ആയി കുറഞ്ഞു. എയ്ഡഡിൽ 109തിൽനിന്ന് 58 ആയികുറഞ്ഞു. ക്രിസ്ത്യൻ വിഭാഗത്തിലെ 101 കുട്ടികളാണ് 2015-16ൽ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ നിന്നും കൊഴിഞ്ഞുപോയത്. ഇത് കഴിഞ്ഞ വർഷം 47 പേരായി കുറഞ്ഞു. എയ്ഡഡ് സ്‌കൂളുകളിൽ 132 കുട്ടികൾ കൊഴിഞ്ഞുപോയിടത്ത് 55 കുട്ടികൾ മാത്രമാണ് 2016 - 17 ൽ ഇടക്കുവെച്ച് പഠനം നിർത്തിയത്. പട്ടിക വർഗത്തിൽ പെട്ട ആറു കുട്ടികൾ സർക്കാർ സ്‌കൂളിൽ നിന്നും എയ്ഡഡ് സ്‌കൂളുകളിൽ നിന്നും 15 കുട്ടികളും അടക്കം 21 കുട്ടികളാണ് ഇടക്കുവെച്ച് പഠനം മുടക്കിയത്. തൃശൂരിൽ സ്‌കൂളുകളിൽ മന്ത്രി നേരിട്ട് നടത്തിയ ഇടപെടലായിരുന്നു ഇതിന് കാരണം. ഈ മാതൃകയിലാണ് സംസ്ഥാനത്തുടനീളം സ്‌കൂളുകളിലേക്ക് കൂടുതൽ വിദ്യാർത്ഥികളെത്തിയത്.

മുഴുവൻ പൊതു വിദ്യാലയങ്ങളും മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന പേരിൽ ബൃഹത്തായ പദ്ധതി പിണറായി സർക്കാർ നടപ്പാക്കിയത്. പൊതു വിദ്യാലയത്തിന്റെ സുഗമമായ പുരോഗമനത്തിന് പൊതുജനങ്ങളുടെ പൂർണ പിന്തുണ അനിവാര്യമാണെന്ന തിരിച്ചറിവിൽ നിന്നാണ് പദ്ധതി നടപ്പാക്കിയത്. ഇത് ലക്ഷ്യം കാണുന്നുവെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്ന കണക്കുകൾ. സംസ്ഥാനത്തെ വിദ്യാലയങ്ങളുടെ അക്കാദമിക മികവ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്നതാണ് പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ സർക്കാർ ലക്ഷ്യമാക്കുന്നത്.

തദ്ദേശ സ്ഥാപന പരിധിയിലുള്ള എല്ലാ വിദ്യാലയങ്ങളുടെയും വികസനത്തിന് തദ്ദേശ സ്ഥാപനങ്ങൾ കൂട്ടായി യത്നിക്കണം. വിദ്യാലയങ്ങളിൽ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉണ്ടോ എന്ന് ആവർത്തിച്ചു പരിശോധിച്ചുവേണം മാസ്റ്റർ പ്ലാൻ തയ്യാറാക്കേണ്ടത്. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ ഉന്നതതല സമിതികൾ വിലയിരുത്തണമെന്നും വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്താൻ വേണ്ടതെല്ലാം ചെയ്യണമെന്നതുമാണ് യജ്ഞത്തിലൂടെ ലക്ഷ്യമിട്ടത്. വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 220 ഹയർസെക്കൻഡറി സ്‌കൂളുകളിലും വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിലും രണ്ടു കോടി രൂപ വീതവും 640 എൽ.പി., യു.പി. സ്‌കൂളുകളിൽ ഒരുകോടി രൂപ വീതവും 140 ഹൈസ്‌കൂളുകളിൽ അഞ്ചുകോടി രൂപ വീതവും ചെലവഴിക്കാനുള്ള നീക്കവും ഫലം കണ്ടു,

ആയിരം ഹൈസ്‌കൂൾ ലാബുകൾ നവീകരിക്കാൻ എട്ടു ലക്ഷം രൂപ വീതവും പതിനായിരം ജൈവ വൈവിധ്യ ഉദ്യാനങ്ങൾ, ടാലന്റ് പാർക്കുകൾ എന്നിവ സ്ഥാപിക്കാൻ 1,50,000 രൂപ വീതവും 140 കലാ, കായിക, സാംസ്‌കാരിക പാർക്കുകൾ സ്ഥാപിക്കാൻ ഒരുകോടി രൂപ വീതവും 140 നീന്തൽ കുളങ്ങൾക്കായി 20 ലക്ഷം രൂപ വീതവും എൽ.പി., യു.പി. സ്‌കൂളുകളിൽ കമ്പ്യൂട്ടർ സൗകര്യം ഏർപ്പെടുത്തുന്നതിന് 2.1 ലക്ഷം രൂപ വീതവും എട്ട് മുതൽ 12 വരെ 45,000 ക്ലാസുകൾ ഹൈടെക് ആക്കാൻ ഒരു ലക്ഷം രൂപ വീതവും ചെലവിടും. ക്ലാസ് മുറിയിലെ ഭൗതിക സൗകര്യങ്ങൾ, പഠന സംവിധാനങ്ങൾ, വിനിമയരീതി, അദ്ധ്യാപക പരിശീലനം, മൂല്യനിർണയം, ഭരണ- മോണിറ്ററിങ് സംവിധാനങ്ങൾ എന്നിവയിലെല്ലാം ഹൈടെക് സൗകര്യങ്ങൾ പ്രയോജനപ്പെടുത്തും. കേരളത്തിലെ എല്ലാ സ്‌കൂളുകളിലും ജനുവരി 27ന് പി.ടി.എ., പൂർവ വിദ്യാർത്ഥികൾ എന്നിവരെ പങ്കെടുപ്പിച്ച് ഗ്രീൻ കാമ്പസ് പ്രോട്ടോക്കോൾ പ്രഖ്യാപനം സംഘടിപ്പിക്കാനും പദ്ധതി തയ്യാറാക്കി. ഒന്നുമുതൽ 12 വരെ എല്ലാ സ്‌കൂളുകളിലും ബ്രോഡ്ബാൻഡ് കണക്ടിവിറ്റി 60 ശതമാനം പൂർത്തിയായതായും അക്കാഡമിക് മോണിറ്ററിങ്ങിന് സമ്പൂർണ സ്‌കൂൾ മാനേജ്മെന്റ് സിസ്റ്റം നടപ്പിലാക്കിയതും രവീന്ദ്രനാഥിന്റെ മന്ത്രിപദത്തിന് മാറ്റ് കൂട്ടുന്നു.

തളിപ്പറമ്പിലെ ടാഗോർ വിദ്യാനികേതൻ ഹയർസെക്കൻഡറി സ്‌കൂളിൽ അഞ്ചാം ക്ലാസിലേക്കുള്ള പ്രവേശനത്തിനായി രക്ഷിതാക്കളുടെയും കുട്ടികളുടെയും തള്ളിക്കയറ്റം സംഘർഷത്തിൽ കലാശിച്ചിരുന്നു. കോടതി ഇഠപെടൽ പോലും ഉണ്ടായി. ഇത്തരം ചർച്ചകളും വാർത്തകളും സർക്കാർ സ്‌കൂളിലേക്കും പ്രതീക്ഷകളെത്തി. സർക്കാർ വിദ്യാലയത്തിൽ കുട്ടികളെ ചേർക്കാൻ രക്ഷിതാക്കൾ തലേദിവസം രാത്രി തന്നെ സ്‌കൂളിലെത്തി തമ്പടിച്ച വാർത്തയാണ് തളിപ്പറമ്പ് ടഗോർ വിദ്യാനികേതൻ ഗവ ഹയർ സെക്കൻഡറി സ്‌കൂളിനു പറയാനുള്ളത്. എസ്എസ്എൽസി പരീക്ഷയിൽ സ്ഥിരമായി നൂറ് ശതമാനം വിജയം നേടുന്ന സ്‌പെഷൽ സ്‌കൂളാണിത്. 50 ശതമാനത്തിലേറെ പേർക്കെങ്കിലും ഡിസ്റ്റിങ്ഷനും ലഭിക്കും. അദ്ധ്യാപകർക്കു പ്രത്യേക അലവൻസ് ലഭിക്കുന്ന സംസ്ഥാനത്തെ ഏക വിദ്യാലയമാണിത്. കലക്ടർ ചെയർമാനായ സമിതിയാണു സ്‌കൂൾ പ്രവർത്തനം നിയന്ത്രിക്കുന്നത്. കോഴിക്കോട് എ പ്രദീപ് കുമാർ എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന സർക്കാർ സ്‌കൂൾ പിരഷ്‌കരണ മാതൃകകളും സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് ശ്രമിച്ചു. ഇതും സർക്കാർ സ്‌കൂളിന് നേട്ടമായി.

വയനാട് പോലുള്ള ജില്ലകളിൽ ആദിവാസി വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ കർമ്മസമിതി രൂപീകരിച്ചു. വിവിധ കാരണങ്ങളാൽ ജില്ലയിലെ സ്‌കൂളിൽ നിന്നും ആദിവാസി വിദ്യാർത്ഥികൾ സ്‌കൂൾ പഠനം ഉപേക്ഷിച്ച പോകുന്ന അവസ്ഥ ഗൗരവമായി ചർച്ചചെയ്യപ്പെട്ടു. വയനാട്ടിസ് കഴിഞ്ഞ അധ്യയനവർഷം 607 കുട്ടികൾ വിവിധ ക്ലാസ്സുകളിൽ നിന്നും കൊഴിഞ്ഞു പോയതായി കണക്കെടുപ്പിൽ കണ്ടെത്തിയിരുന്നു. ഇടയ്ക്കുള്ള കൊഴിഞ്ഞുപോക്ക്, സ്ഥിരമായുള്ള കൊഴിഞ്ഞു പോക്ക്, പ്രത്യേക അവസരത്തിൽ മാത്രം ക്ലാസ്സിൽ നിന്നും വിട്ടുനിൽക്കുക എന്നതാണ് മിക്ക വിദ്യാലയങ്ങളിലും ഉണ്ടാവുന്നത്. കാപ്പി, അടക്ക തുടങ്ങിയ വിളകളുടെ വിളവെടുപ്പ് കാലം, ഉത്സവ കാലം, മഴക്കാലം തുടങ്ങിയ അവസരങ്ങളിലാണ് സ്‌കൂളിൽ നിന്നും ഏറ്റവും കൂടുതൽ കൊഴിഞ്ഞു പോക്കുള്ളത്. ആരോഗ്യം, സാമൂഹികം, സാമ്പത്തിക പ്രശ്‌നങ്ങളാണ് സ്‌കൂൾ പഠനത്തിൽ നിന്നും കുട്ടികളെ പിന്തിരിപ്പിക്കുന്നത്. ഇത്തര മേഖലകളിൽ സർക്കാർ കൃത്യമായ ഇടെപടൽ നടത്തി.

വയനാട്ടിലെ കോളനിയിൽ സാംക്രമിക രോഗങ്ങൾ പിടിപെടുന്നത്, സ്‌കൂളിൽ പോകാൻ യൂണിഫോമില്ലാത്ത സാഹചര്യം എന്നീ സന്ദർഭങ്ങളിലും കുട്ടികൾ പഠനം മുടക്കുന്നതായി എസ്എസ്എ നടത്തിയ സർവെയിൽ കണ്ടെത്തിയിരുന്നു. വീട്ടിൽ പാഠപുസ്തകങ്ങളും മറ്റും സൂക്ഷിക്കാനുള്ള സൗകര്യം ഇല്ലാത്തതിനാൽ ഇവ നഷ്ടപ്പെടുമ്പോൾ സ്‌കൂളിലേക്ക് പോകാൻ ഇവർ മടികാണിക്കുന്നു. വൈദ്യുതി ഇല്ലാത്തതും യാത്രാ സൗകര്യമില്ലാത്തതുമെല്ലാം കൊഴിഞ്ഞുപോക്കിന് കാരണമായിട്ടുണ്ടെന്നും കണ്ടെത്തി ബദർ മാർഗ്ഗത്തിന് കർമ്മ സമിതിയുമായി. ഇതോടെ ഇവിടേയും സ്‌കൂളുകൾ സജീവമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP