Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലോഡ് ഷെഡ്ഡിങ് ഇല്ലാതെ കേരളത്തെ കാത്ത ധീരനായ മന്ത്രിയെന്ന് സൈബർ സഖാക്കൾ ഗീർവാണം മുഴക്കിയത് കേന്ദ്രഗ്രിഡിൽ നിന്നും പതിവിലും അധികമായി വൈദ്യുതി ലഭിച്ചതു കൊണ്ട്; ഇടവപ്പാതി പ്രതീക്ഷിച്ചു നിയന്ത്രണം ഒന്നുമില്ലാതെ വെള്ളമൊഴുക്കി ഉൽപ്പാദനം കൂട്ടി കാര്യങ്ങൾ നടത്തിയതോടെ എം എം മണിയുടെ ഇമേജ് ഉയർന്നു; അപ്രതീക്ഷിതമായി മഴ ചതിച്ചതോടെ ലോഡ് ഷെഡ്ഡിംഗിന് പകരം പകൽ മുഴുവൻ കരണ്ട് നിർത്തേണ്ട അവസ്ഥ: കേരളം നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വൈദ്യുതി പ്രതിസന്ധി

ലോഡ് ഷെഡ്ഡിങ് ഇല്ലാതെ കേരളത്തെ കാത്ത ധീരനായ മന്ത്രിയെന്ന് സൈബർ സഖാക്കൾ ഗീർവാണം മുഴക്കിയത് കേന്ദ്രഗ്രിഡിൽ നിന്നും പതിവിലും അധികമായി വൈദ്യുതി ലഭിച്ചതു കൊണ്ട്; ഇടവപ്പാതി പ്രതീക്ഷിച്ചു നിയന്ത്രണം ഒന്നുമില്ലാതെ വെള്ളമൊഴുക്കി ഉൽപ്പാദനം കൂട്ടി കാര്യങ്ങൾ നടത്തിയതോടെ എം എം മണിയുടെ ഇമേജ് ഉയർന്നു; അപ്രതീക്ഷിതമായി മഴ ചതിച്ചതോടെ ലോഡ് ഷെഡ്ഡിംഗിന് പകരം പകൽ മുഴുവൻ കരണ്ട് നിർത്തേണ്ട അവസ്ഥ: കേരളം നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വൈദ്യുതി പ്രതിസന്ധി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തിലുണ്ടായ പ്രളയം വൈദ്യുതി മന്ത്രി എം എം മണിയുടെ വകുപ്പിന്റെ പിടിപ്പുകേടാണെന്ന ആക്ഷേപങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. സർക്കാർ ഈ വാദങ്ങളൊക്കെ തള്ളിയെങ്കിലും ഡാം തുറന്നുവിട്ട കാര്യത്തിൽ അടക്കം പിടിപ്പുകേട് മണിക്കുണ്ടായി എന്നായിരുന്നു വിമർശനങ്ങൾ. എന്നാൽ, ഈ വിമർശനങ്ങളെ മറികടക്കാൻ സൈബർ സഖാക്കൾ ഉപയോഗിക്കുകയും എടുത്തുകാട്ടിയതുമായി കാര്യം വേനൽകാലത്ത് പോലും വൈദ്യുതി തടസ്സമില്ലാതെ ലഭിച്ചു എന്നതായിരുന്നു. ഇക്കാര്യം കൊണ്ടു തന്നെ മണിയെ പുകഴ്‌ത്തിക്കൊണ്ടായിരുന്നു സഖാക്കൾ രംഗത്തെത്തിയത്. എന്നാൽ, ഈ ഗീർവാണം മുഴക്കൽ വെറുതേയായിരുന്നു എന്നാണ് അറിയുന്നത്. കേന്ദ്ര ഗ്രിഡിൽ നിന്നും പതിവിൽ കൂടുതൽ വൈദ്യുതി ലഭിച്ചതു കൊണ്ടായിരുന്നു വൈദ്യുതി വിഷയത്തിൽ മണിയുടെ ഇമേജുയർത്താൻ സാധിച്ചത്. എന്നാൽ, അപ്രതീക്ഷിതമായി മഴ ചതിച്ചതോടെ കാര്യങ്ങൾ തിരിഞ്ഞു. ഇപ്പോൾ കേരളം വലിയ വൈദ്യുതി പ്രതിസന്ധിയെയാണ് നേരിടുന്നത്.

ഇടവപ്പാതി കനിയുമെന്ന പ്രതീക്ഷയിൽ ഡാമുകളിലെ വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദനം കാര്യമായി തന്നെ നടന്നിരുന്നു. ഇക്കാര്യത്തിൽ ഒരു നിയന്ത്രണവും പാലിച്ചില്ല. ഇപ്പോൾ കാലവർഷം കനിയാതെ വന്നതോടെ കേരളത്തിൽ പ്രതിസന്ധി രൂക്ഷമാകുകയാണ്. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ മഴ പെയ്തില്ലെങ്കിൽ ലോഡ് ഷെഡ്ഡിങ് വേണ്ടി വരുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. വൈദ്യുതിനില ആശങ്കാജനകമായി തുടരുന്നതിനിടെ ഉചിത തീരുമാനങ്ങളെടുക്കാൻ വൈദ്യുതിബോർഡ് നാലാംതീയതി യോഗംചേരും. ഈ സർക്കാർ അധികാരത്തിൽ കയറിയശേഷം നൽകിയ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ലോഡ് ഷെഡ്ഡിങ് ഉണ്ടാകില്ല എന്നത്. എന്നാൽ, ഈ വാഗ്ദാനം പാലിക്കാൻ സർക്കാറിന് കഴിയില്ലെന്നാണ് ഇതോടെ വ്യക്തമാകുന്നത്.

അണക്കെട്ടുകളിൽ അവശേഷിക്കുന്ന വെള്ളത്തിന്റെ അളവ്, കാലാവസ്ഥാവകുപ്പിന്റെ റിപ്പോർട്ടുകൾ, ഓരോദിവസത്തെയും ശരാശരി വൈദ്യുതോപയോഗം എന്നിവ കണക്കാക്കി ലോഡ്ഷെഡ്ഡിങ്ങിന്റെ സാധ്യതകൾ വിലയിരുത്തുമെന്ന് വൈദ്യുതിബോർഡ് വ്യക്തമാക്കുന്നു. നിശ്ചിത ഇടവേളകളിൽ വൈദ്യുതി നിയന്ത്രിക്കാനാണ് ആലോചിക്കുന്നത്. ലോഡ് ഷെഡ്ഡിങ് എന്ന് പറയാതെ കരണ്ട് പോകുന്ന അവസ്ഥ ഇതോടെ വരു. മഴ ശക്തമായാൽ ഈ പ്രതിസന്ധികളെ മറികടക്കാൻ ബോർഡിന് സാധിക്കുകയും ചെയ്യും.

അതേസമയം കേന്ദ്രപൂളിൽ നിന്നുള്ള വൈദ്യുതി എത്തിക്കാൻ ലൈനുകൾ ഇല്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. കൂടംകുളം - ഇടമൺ - കൊച്ചി ലൈൻ ഇക്കഴിഞ്ഞ മാർച്ചിൽ പൂർത്തിയാകേണ്ടതായിരുന്നെങ്കിലും ഒരുസ്ഥലം കേസിൽപ്പെട്ടതു മൂലം വൈകുകയാണ്. കൊല്ലം ജില്ലയിലെ ഇടമൺ മുതൽ കൊച്ചി വരെയുള്ള 148 കിലോമീറ്ററിൽ 600-650 മീറ്ററിലാണ് തർക്കം. ഇവിടെ അലൈന്മെന്റ് മാറ്റണമെന്ന് പണികൾ നടത്തുന്ന പവർഗ്രിഡ് കോർപ്പറേഷനോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഒരുടവർ മാത്രം ഉൾക്കൊള്ളുന്ന ഇത്രയും സ്ഥലത്തിനായി അലൈന്മെന്റ് മാറ്റുന്നതിന്റെ പ്രായോഗികബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിക്കുമെന്ന് പവർഗ്രിഡ് കോർപ്പറേഷൻ അധികൃതർ പറഞ്ഞു.

കേരളത്തിന്റെ 15-20 വർഷത്തേക്കുള്ള വൈദ്യുതിആവശ്യം നിറവേറ്റാൻ കഴിയുന്നതാണ് കൂടംകുളം-ഇടമൺ-കൊച്ചി 400 കെ.വി.ലൈൻ. കൊല്ലം-22കി.മീ., പത്തനംതിട്ട-47 കി.മീ., കോട്ടയം-51കി.മീ., എറണാകുളം-28കി.മീ. എന്നിങ്ങനെയാണ് ലൈൻ കടന്നുപോകുന്നത്. കൂടംകുളം ആണവവൈദ്യുതിനിലയത്തിൽനിന്നുള്ള കേരളത്തിന്റെ വിഹിതം ഇപ്പോൾ കൊണ്ടുവരുന്നത് കൂടംകുളം - തിരുനെൽവേലി- ഉദുമൽപേട്ട്- മാടക്കത്തറ ലൈനിലൂടെയാണ്. ഇടമൺ-കൊച്ചിയെക്കാൾ 250- ഓളം കിലോമീറ്റർ കൂടുതലാണിത്. പ്രസരണനഷ്ടം, വഴിമാറി വരുന്നതു കൊണ്ടുള്ള സാങ്കേതികപ്രശ്നങ്ങൾ എന്നിവയെല്ലാം പ്രതിസന്ധി സൃഷ്ടിക്കുന്നു.

സംസ്ഥാനത്ത് ആവശ്യമുള്ളതിന്റെ 30 ശതമാനം വൈദ്യുതിയേ ഇവിടെ ഉത്പാദിപ്പിക്കുന്നുള്ളൂ. ബാക്കി ഇതരസംസ്ഥാനങ്ങളിൽനിന്ന് എത്തിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഇപ്പോൾ 2900 മെഗാവാട്ട് കൊണ്ടുവരാനുള്ള ശേഷിയേ നമ്മുടെ ലൈനുകൾക്കുള്ളൂ. ഇടമൺ-കൊച്ചി ലൈൻ പൂർത്തിയായാൽ 1000 മെഗാവാട്ട്കൂടി കൊണ്ടുവരാൻ സാധിക്കും.

400 കെ.വി.ഡബിൾ സർക്യൂട്ട് ലൈനുകളായി നിലവിലുള്ളത് ഉദുമൽപേട്ട്-പാലക്കാട്, തിരുനെൽവേലി-പള്ളിപ്പുറം (തിരുവനന്തപുരം), മൈസൂർ-അരീക്കോട് (മൂന്നിന്റെയും ഉടമസ്ഥർ പവർഗ്രിഡ് കോർപ്പറേഷൻ) തുടങ്ങിയവയാണ്. ചുരുക്കിപ്പറഞ്ഞാൽ കേന്ദ്രഗ്രിഡിൽ നിന്നും കൂടുതൽ വൈദ്യുതി എത്തിയില്ലെങ്കിൽ കേരളത്തിലെ കാര്യങ്ങളെല്ലാം അവതാളത്തിലാകുന്ന അവസ്ഥയാണ് വരാനിരിക്കുന്നത്. ഇക്കാര്യത്തിൽ വേണ്ടത്ര മുൻകരുതൽ നടപടി സ്വീകരിക്കാൻ വൈദ്യുതി വകുപ്പിന് സാധിച്ചില്ലെന്ന വിമർശനവും ഇതോടെ ശക്തമാകുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP