Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ ഓടിക്കാൻ മനുഷ്യനൊരുക്കിയ കെണി; പൈനാപ്പിൾ തിന്നപ്പോൾ സഹ്യന്റെ മകൾ ഓർത്തില്ല ഒളിച്ചിരിക്കുന്ന ചതി; മേൽത്താടിയും കീഴത്താടിയും തകർന്ന് പഴുത്തപ്പോൾ ഈച്ച പോലും അസഹനീയമായി; പുഴയിൽ മുങ്ങി ഒടുവിൽ ദാരുണ മരണം; ഉദരത്തിലെ കുട്ടിയാനയും നൊമ്പരം; കേരളത്തിന് തീരാ നാണക്കേടുണ്ടാക്കി ഗർഭിണിയായ കാട്ടാനയുടെ വേദന; അന്വേഷണത്തിന് കേന്ദ്രം; ബോളിവുഡും കോലിയും ബ്ലാസ്‌റ്റേഴ്‌സും വേദനയിൽ; തിരുവിഴാംകുന്ന് വനമേഖലയിലെ ദുരന്തം ലോകം ചർച്ചയാക്കുമ്പോൾ

കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ ഓടിക്കാൻ മനുഷ്യനൊരുക്കിയ കെണി; പൈനാപ്പിൾ തിന്നപ്പോൾ സഹ്യന്റെ മകൾ ഓർത്തില്ല ഒളിച്ചിരിക്കുന്ന ചതി; മേൽത്താടിയും കീഴത്താടിയും തകർന്ന് പഴുത്തപ്പോൾ ഈച്ച പോലും അസഹനീയമായി; പുഴയിൽ മുങ്ങി ഒടുവിൽ ദാരുണ മരണം; ഉദരത്തിലെ കുട്ടിയാനയും നൊമ്പരം; കേരളത്തിന് തീരാ നാണക്കേടുണ്ടാക്കി ഗർഭിണിയായ കാട്ടാനയുടെ വേദന; അന്വേഷണത്തിന് കേന്ദ്രം; ബോളിവുഡും കോലിയും ബ്ലാസ്‌റ്റേഴ്‌സും വേദനയിൽ; തിരുവിഴാംകുന്ന് വനമേഖലയിലെ ദുരന്തം ലോകം ചർച്ചയാക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: 'ഇവൾ ഒറ്റയ്ക്കല്ല, ഗർഭിണിയാണ്, പോയതു 2 ജീവനുകളാണ്' പൈനാപ്പിളിൽ ഒളിപ്പിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു മുഖം തകർന്നു വേദന തിന്നു ചെരിഞ്ഞ കാട്ടാനയുടെ പോസ്റ്റ്‌മോർട്ടത്തിനിടെ വെറ്ററിനറി ഡോക്ടർ ഡേവിഡ് ഏബ്രഹാം ഈ സത്യം തിരിച്ചറിഞ്ഞു. വേദനയോടെയാണ് അവിടെ ഉണ്ടായിരുന്നവർ ഇത് കേട്ടത്. ഈ ആനയുടെ വേദന ലോകത്തിന്റെ നൊമ്പരമാകുകയാണ്. സഹ്യന്റെ ആ മകൾക്കൊപ്പം ഉദരത്തിൽ വളരാൻ തുടങ്ങിയ കുട്ടിയാനയും കേരളത്തിന് ഇന്ന് കളങ്കം. സംഭവത്തിൽ കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കർ റിപ്പോർട്ട് തേടി.

മണ്ണാർക്കാട് തിരുവിഴാംകുന്ന് വനമേഖലയിൽ അമ്പലപ്പാറ വെള്ളിയാറിൽ 15 വയസ്സുള്ള പിടിയാനയുടെയും ഉദരത്തിലെ കുട്ടിയുടെയും മരണം ലോകമാകെ ചർച്ചയാക്കുകയാണ്. മനുഷ്യരുടെ ക്രൂരതയുടെ ഉത്തമോദാഹരണം. മുൻ കേന്ദ്രമന്ത്രിമാരായ ശശി തരൂരും മേനക ഗാന്ധിയും ചലച്ചിത്ര താരങ്ങളായ അനുഷ്‌ക ശർമ, ശ്രദ്ധ കപൂർ, ജോൺ ഏബ്രഹാം, രൺദീപ് ഹൂഡ, പൃഥ്വിരാജ്, വ്യവസായി രത്തൻ ടാറ്റ, ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോലി തുടങ്ങിയവരുടെ പോസ്റ്റുകളിലൂടെ ഈ സംഭവം ലോകം ചർച്ച ചെയ്യുകയാണ്.

കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ ഓടിക്കാൻ മനുഷ്യനൊരുക്കിയ കെണിയാണ് ആനയുടെ ജീവനെടുത്തത്. പൈനാപ്പിൾ തിന്നപ്പോൾ പൊട്ടിത്തെറിച്ചു മേൽത്താടിയും കീഴ്‌ത്താടിയും തകർന്നു. മുറിവു പഴുത്തതോടെ തീറ്റയെടുക്കാൻ പോലും കഴിയാതെ കാട്ടാന പുഴയോരത്തു നിന്നു. മുറിവിൽ ഈച്ച വന്നു. പുഴയിൽ മുഖം താഴ്‌ത്തിയാണ് രക്ഷപ്പെടാൻ ശ്രമിച്ചത് പിന്നീട്. 4 ദിവസത്തിന് ശേഷം മരണം. ശ്വാസകോശത്തിൽ വെള്ളം കയറിയാണു മരണം. അതിദാരുണമായിരുന്നു ഇത്. മെയ്‌ 23നു പുഴയിൽ ആനയെ കണ്ട വനം ഉദ്യോഗസ്ഥർ കാട്ടിലേക്കു തിരിച്ചയയ്ക്കാൻ ശ്രമിച്ചെങ്കിലും പോയില്ല. കരയിലെത്തിച്ചു ചികിത്സ നൽകാൻ 2 കുങ്കിയാനകളെ എത്തിച്ചെങ്കിലും 27ന് ഉച്ചയോടെ ആന ചെരിഞ്ഞു. ഭ്രൂണത്തിന് 12 മാസം വളർച്ചയുണ്ടായിരുന്നു.

ഗർഭിണിയായ കാട്ടാന അനുഭവിച്ച വേദന പുറത്തറിയുന്നത് സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ. മോഹൻ കൃഷ്ണന്റെ സമൂഹമാധ്യമ കുറിപ്പിലൂടെയാണ്. ഫോറസ്റ്റ് കൺസർവേറ്റർ (വിജിലൻസ്) ഡോ. അടലരശന്റെ നേതൃത്വത്തിലുള്ള സംഘം സംഭവം അന്വേഷിക്കും. പൊലീസ് കേസെടുത്തു. വനം വകുപ്പിന്റെ പരാതിയിൽ സ്‌ഫോടക വസ്തു അലക്ഷ്യമായി ഉപയോഗിച്ചതിനാണു കേസ്. ഫ്‌ളയിങ് സ്‌ക്വാഡ് ഡിഎഫ്ഒ ആർ.ശിവപ്രസാദ് തെളിവെടുത്തു. മണ്ണാർക്കാട് ഡിഎഫ്ഒ കെ.കെ. സുനിൽകുമാർ ഉത്തര മേഖല ഫോറസ്റ്റ് കൺസർവേറ്റർക്ക് റിപ്പോർട്ട് നൽകും. പൈനാപ്പിൾ തോട്ടങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി.

ആഗോള മാധ്യമങ്ങളും ഈ വിഷയം ചർച്ചയാക്കുന്നുണ്ട്. കുറ്റവാളികൾക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. അശാസ്ത്രീയ ഇര പിടിത്തമാണ് ആനയുടെ ജീവനെടുത്തതെന്നാണ് ഉയരുന്ന ആരോപണം.

വേദന പങ്കവിച്ച് ബോളിവുഡ്

സിനിമാ പ്രവർത്തകരുൾപ്പെടെ നിരവധി പേരാണ് നടപടി ആവശ്യപ്പെട്ട് രംഗത്ത് വരുന്നത്. ബോളിവുഡ് താരങ്ങളായ അനുഷ്‌ക ശർമ, രൺദീപ് ഹൂഡ, ശ്രദ്ധ കപൂർ, ദിയ മിർസ, റിദ്ധിമ കപൂർ, ദിയ മിർസ തുടങ്ങി മിക്കവരും ആനയുടെ ചിത്രം പങ്കുവെച്ച് പ്രതിഷേധം അറിയിച്ചു.

താരങ്ങളിൽ പലരും മൃഗങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്നവരുമാണ്. ഇത്രയും ഹീനമായ പ്രവൃത്തിയോട് ഒരിക്കലും ക്ഷമിക്കാൻ കഴിയില്ലെന്നും പലരും ട്വീറ്റിലൂടെ വ്യക്തമാക്കി. ഇതുകൊണ്ടാണ് മൃഗങ്ങളോടുള്ള ക്രൂരതയ്ക്കെതിരെ ശക്തമായ നിയമം വേണ്ടത്, എന്നാണ് അനുഷ്‌ക ശർമ സംഭവത്തിന്റെ വാർത്ത പങ്കുവെച്ചു കൊണ്ട് കുറിച്ചത്. ആന ചരിഞ്ഞ സംഭവത്തിൽ പ്രതികരണവുമായി മൃഗസംരക്ഷണ പ്രവർത്തകയും മുൻകേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധി. എന്നാൽ സംഭവം മലപ്പുറം ജില്ലയിലാണെന്നും മലപ്പുറം ജില്ല മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതയ്ക്ക് കുപ്രസിദ്ധമാണെന്നുമാണ് മനേക ഗാന്ധി പ്രതികരിച്ചത്. മൃഗങ്ങളോടുള്ള ക്രൂരതകൾ തുടരുമ്പോഴും ഇതുവരെ ഒരു നടപടിയും ഇതിനെതിരെ സ്വീകരിച്ചിട്ടില്ലെന്ന് മനേക പറയുന്നു.

ഇതുവരെ 600 ഓളം ആനകൾ കേരളത്തിൽ വിവിധ അമ്പലങ്ങളിലായി കൊല്ലപ്പെട്ടിട്ടുണ്ട്. ഉടമസ്ഥരുടെ മർദനമേറ്റും പട്ടിണികിടന്നും അല്ലെങ്കിൽ ബോധപൂർവം കൊലപ്പെടുത്തിയതുമായി ഈ കേസുകൾ നിരവധി തവണ താൻ കേരളത്തിലെ വനംവകുപ്പിനെ അറിയിച്ചിട്ടുണ്ട്. എല്ലാ ആഴ്ചയും തന്നെ വകുപ്പുമായി സംസാരിക്കുമെങ്കിലും ഇതുവരെ ഒരുനടപടിയും ഉണ്ടായിട്ടില്ല. ഇപ്പോൾ തന്നെ കൂടൽമാണിക്യം ക്ഷേത്രത്തിൽ ഒരു ആന നിരന്തരം മർദനത്തിനിരയായിക്കൊണ്ടിരിക്കുന്നു. ഉടൻ അത് ചരിയും. ഇതിനെ കുറിച്ച് ഞാൻ വകുപ്പിൽ പരാതി നൽകിയിട്ട് ഒരു മാസമാവുന്നു. എന്നാൽ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും അവർ ആരോപിച്ചു.

നടപടി ആവശ്യപ്പെട്ട് എല്ലാവരും മന്ത്രിക്കും വകുപ്പ് സെക്രട്ടറിക്കും ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്കും ഇമെയിൽ ചെയ്യുകയും ഫോൺ വിളിക്കുകയും ചെയ്യണമെന്ന് അവർ ട്വിറ്ററിലൂടെ ആവശ്യപ്പെടുകയും അവരുടെ ഫോൺ നമ്പറുകളും ഇമെയിൽ വിലാസങ്ങളും ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. വിഷയത്തിൽ വനംവകുപ്പ് സെക്രട്ടിയെ നീക്കണം, ഏതെങ്കിലും തരത്തിലുള്ള ധാർമികത ഉണ്ടെങ്കിൽ വനംവകുപ്പ് മന്ത്രി രാജിവെയ്ക്കണം. രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിലാണ് ഇത് സംഭവിച്ചിരിക്കുന്നതെന്നും എന്തുകൊണ്ട് അദ്ദേഹം നടപടിയെടുക്കാൻ തയ്യാറാവുന്നില്ലെന്നും മനേക ഗാന്ധി എഎൻഐയോട് പ്രതികരിച്ചു.

കോലിയും ബ്ലാസ്‌റ്റേഴ്‌സും വേദനയിൽ

കായികലോകവും വേദനയിലാണ്. ആനയോടു മനുഷ്യൻ കാട്ടിയ കൊടും ക്രൂരതയിൽ വിമർശിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി, കേരളാ ബ്ലാസ്റ്റേഴ്‌സ് തുടങ്ങിയവർ രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലൂടെയാണ് കോലിയും കേരളാ ബ്ലാസ്റ്റേഴ്‌സും സംഭവത്തെ അപലപിച്ച് രംഗത്തെത്തിയത്. ചരിഞ്ഞ ആന ഗർഭിണിയായിരുന്നുവെന്ന് കാണിക്കുന്ന ഹൃദ്യമായൊരു ചിത്രത്തോടു കൂടിയാണ് കോലി സംഭവത്തോട് പ്രതികരിച്ചത്.

'കേരളത്തിൽ സംഭവിച്ച കാര്യം അക്ഷരാർഥത്തിൽ ഞെട്ടിച്ചുകളഞ്ഞു. മൃഗങ്ങളെയും ഏറ്റവും ഇഷ്ടത്തോടെ നമുക്ക് പരിഗണിക്കാം. ഇത്തരം ക്രൂരതകൾ അവസാനിപ്പിക്കേണ്ട സമയമായി' - കോലി കുറിച്ചു. ലോഗോയിലെ ആനയുടെ ചിത്രം അവ്യക്തമാക്കിയാണ് സംഭവത്തോട് കേരളാ ബ്ലാസ്റ്റേഴ്‌സ് പ്രതികരിച്ചത്. ചിത്രത്തോടൊപ്പം ഒരു കുറിപ്പുമുണ്ട്. 'ആരേയും ഉപദ്രവിക്കാത്ത ഒരു സാധു മൃഗത്തോട് ചിലർ ചെയ്ത ക്രൂരമായ പ്രവർത്തിയെക്കുറിച്ച് അറിഞ്ഞു. അതികഠിനമായ വേദന സഹിച്ചാണ് ആ സാധു മൃഗം ചരിഞ്ഞത്. ഗർഭിണിയായ ആനയ്ക്ക് പടക്കം ഭക്ഷണമായി നൽകുന്നതിൽ രസം കണ്ടെത്തിയ ചിലരാണ് ഈ നിർഭാഗ്യകരമായ സംഭവത്തിനു പിന്നിൽ. ഒരു സംസ്ഥാനം പതിറ്റാണ്ടുകളായി ജ്ഞാനത്തിന്റെയും വിശ്വസ്തതയുടെയും പ്രതീകമായി കാണുന്ന ആന എന്ന ജീവി നമ്മുടെ സംസ്‌കാരത്തിന്റെ കൂടി ഭാഗമാണ്. അതുകൊണ്ടു തന്നെ ഈ പ്രവർത്തിയെ എല്ലാവരും അപലപിക്കണമെന്ന് അഭ്യർത്ഥിക്കുന്നു - ബ്ലാസ്റ്റേഴ്‌സ് കുറിപ്പിൽ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP