Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വനംവകുപ്പിന്റെ കസ്റ്റഡിയിലിരുന്ന കൊമ്പനാനയെ കാണാതായി! രോഗം ബാധിച്ചതിനെ തുടർന്ന് ചികിത്സയ്ക്കായി ഏറ്റെടുത്ത വളഞ്ഞമ്പലം ഗണപതി 'മിസ്സിങ്' ആയതോടെ കണ്ടെത്താൻ നെട്ടോട്ടം; ഒടുവിൽ ആന ഉടമസംഘം നേതാവായ വക്കീലിന്റെ സ്ഥലത്തുനിന്ന് 'കാണാതായ' ആനയെ കണ്ടെത്തി തിരിച്ചുപിടിച്ച് വനംവകുപ്പ്; ആനയെ കടത്തിയതിന് ഉടമയ്‌ക്കെതിരെ കേസും

വനംവകുപ്പിന്റെ കസ്റ്റഡിയിലിരുന്ന കൊമ്പനാനയെ കാണാതായി! രോഗം ബാധിച്ചതിനെ തുടർന്ന് ചികിത്സയ്ക്കായി ഏറ്റെടുത്ത വളഞ്ഞമ്പലം ഗണപതി 'മിസ്സിങ്' ആയതോടെ കണ്ടെത്താൻ നെട്ടോട്ടം; ഒടുവിൽ ആന ഉടമസംഘം നേതാവായ വക്കീലിന്റെ സ്ഥലത്തുനിന്ന് 'കാണാതായ' ആനയെ കണ്ടെത്തി തിരിച്ചുപിടിച്ച് വനംവകുപ്പ്; ആനയെ കടത്തിയതിന് ഉടമയ്‌ക്കെതിരെ കേസും

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: രോഗബാധിതൻ ആയതിനെത്തുടർന്ന് വനംവകുപ്പ് മഹസർ എഴുതി ഏറ്റെടുത്ത് ചികത്സ നടത്തിവന്നിരുന്ന കൊമ്പനെ കാണാതായതിൽ ഞെട്ടി വനംവകുപ്പ്. എന്നാൽ അന്വേഷണം തുടങ്ങിയതോടെ താമസിയാതെ കൊമ്പനെ കണ്ടെത്താൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് അവർ. ചാലക്കുടി റെയിഞ്ചിന് കീഴിൽ മാള എരവത്തൂരിൽ എറണാകുളം സ്വദേശി ഈശ്വരപിള്ളയുടെ സ്ഥലത്ത് തളച്ചിരുന്ന വളഞ്ഞമ്പലം ഗണപതി എന്ന ആനയെയാണ് ഇക്കഴിഞ്ഞ പതിനഞ്ചിന് കാണാതാവുന്നത്.

ആനയുടെ ഉടമയും ഈശ്വരപിള്ള തന്നെയാണെങ്കിലും വനംവകുപ്പ് ഏറ്റെടുത്തതായിരുന്നു കൊമ്പനെ. 2014-ൽ ഈ ആന ഒരാളെ കുത്തിക്കൊന്നിരുന്നു. ഈ സംഭവത്തിൽ മലയാറ്റൂർ ഡിഎഫ്ഒയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയും കേസെടുക്കുകയും ചെയ്തിരുന്നു.

തുടർന്ന് എരവത്തൂരിലെ പറമ്പിൽ തളച്ച ആനയെ പിന്നെ ഒരിടത്തേക്കും കൊണ്ടുപോയിട്ടില്ല. ആനയുടെ സംരക്ഷണത്തിനായി രണ്ട് പാപ്പാന്മാരെയും ഏതാനും സഹായികളെയും ഇയാൾ ചുമതലപ്പെടുത്തിയിരുന്നു. ഈ ആനയെ കെട്ടിയിട്ട സ്ഥലത്ത് കാണാനില്ലെന്ന വിവരം വന്നതോടെ വനംവകുപ്പ് അധികൃതർ അങ്കലാപ്പിലായി.

എന്നാൽ തിരച്ചിലിനും അന്വേഷണത്തിനും ഒടുവിൽ കൊമ്പനെ കണ്ടെത്തുകയായിരുന്നു. പെരുമ്പാവൂരിലെ ആന ഉടമ സംഘം നേതാവ് അഡ്വ.അരുൺകുമാറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നാണ് ആനയെ കണ്ടെത്തിയത്. വനംവകുപ്പ് തിരികെ പിടിച്ച വളഞ്ഞമ്പലം ഗണപതിയെ കോടനാട് കപ്രിക്കാട്ടെ ആന സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. അനുമതിയില്ലാതെ ആനയെ കടത്തിയ സംഭവത്തിൽ ഉടമയ്‌ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

ആനയെ തനിക്ക് സംരക്ഷിക്കാൻ കഴിയില്ലെന്നും അതിനാൽ ഏറ്റെടുക്കുകയോ സംരക്ഷിക്കാൻ താൽപര്യമുള്ളവർക്ക് നൽകുകയോ ചെയ്യാൻ സമ്മതമാണെന്നും കാണിച്ച് നേരത്തെ ഈശ്വരപിള്ള വനംവകുപ്പിന് അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിനിടെ ആന രോഗാവസ്ഥയിലാണെന്ന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധിക്കുകയും ശരീരത്തിൽ പലഭാഗത്തും മുറിവുകൾ കണ്ടെത്തുകയും ചെയ്തു. തുടർന്ന് ഈ മാസം ഏഴിന് മഹസർ എഴുതി ആനയെ ഏറ്റെടുത്ത് രണ്ട് ഡോക്്ടർമാരെ ചികത്സക്കായി ചുമതലപ്പെടുത്തി. അങ്ങനെ രോഗം ഭേദപ്പെട്ടുവരുന്നതിനിടെ ആണ് ഗണപതിയെ ഈ മാസം 15ന് എരവത്തൂരിൽ നിന്നും കാണാതാവുന്നത്.

സോഷ്യൽ ഫോറസ്റ്ററി തൃശ്ശൂർ റെയിഞ്ചിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അഡ്വ.അരുൺകുമാറിന്റെ സ്ഥലത്തെത്തി വളഞ്ഞമ്പലം ഗണപതിയെന്ന ആനയെ പിടിച്ചെടുത്തതെന്നും തുടർന്ന് ഇന്നലെ രാത്രി കപ്രിക്കാട്ടെത്തിച്ചു എന്നുമാണ് പെരുമ്പാവൂർ സോഷ്യൽ ഫോറസ്റ്റി റെയിഞ്ചോഫീസർ ഇത് സംബന്ധിച്ച്് മറുനാടനുമായി പങ്കുവച്ച വിവരം.

സംഭവത്തെക്കുറിച്ച് വനംവകുപ്പ് അധികൃതർ നൽകുന്ന വിവരം ഇങ്ങിനെ:

ആനക്ക് സുഖമില്ലന്നും പെരുമ്പാവൂരിലെ ആനയുടമ സൗജന്യമായി ചികത്സിക്കാമെന്ന് വാക്കുതന്നിട്ടുണ്ടെന്നും അതിനാൽ ആനയെ കൊണ്ടുപോകാൻ ആനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഈശ്വരപിള്ള ചാലക്കുടി സോഷ്യൽ ഫോറസ്റ്ററി റെയിഞ്ചോഫീസർക്ക് അപേക്ഷ നൽകി. ഈ അപേക്ഷയിൽ തീരുമാനമായിരുന്നില്ല.

ഇതിനിടെയാണ് കഴിഞ്ഞ ദിവസം തൃശ്ശൂർ മാള എരവത്തൂരിൽ തളച്ചിരുന്നിടത്തുനിന്നും ആനയെ കാണാതാവുന്നത്. അരുൺകുമാറിന്റെ സംരക്ഷണയിൽ ആനയെ വിടണമെന്ന ഈശ്വരപിള്ളയുടെ അപേക്ഷ ലഭിച്ചിരുന്നതിനാൽ ആനയെ കണ്ടെത്താൻ അന്വേഷണം ഇവിടേക്ക് വ്യാപിപ്പിക്കാൻ ചാലക്കുടി റെയിഞ്ചോഫീസറും സംഘവും തീരുമാനിച്ചു.

വിവരം ചാലക്കുടി റെയിഞ്ചോഫീസിൽ നിന്നും പെരുമ്പാവൂർ റെഞ്ചോഫീസർ ജയകുമാറിനെ അറിയിക്കുകയും ഉദ്യോഗസ്ഥ സംഘവുമായി എത്തി ഇദ്ദേഹം ആനയെ കണ്ടെത്തി കസ്റ്റഡിയിലെടുത്ത് കോടനാട്ടേക്ക് മാറ്റുകുമായിരുന്നു. താൻ എത്തുമ്പോൾ പറഞ്ഞുകേട്ടതിൽ നിന്നും ആനയുടെ അസുഖം കുറഞ്ഞതായി നേരിൽ ബോദ്ധ്യമായതായി ജയകുമാർ വ്യക്തമാക്കി.

മുൻ കാലുകളിലെ മുറിവ് മൂലം ആനക്ക് എഴുന്നേൽക്കാൻ ബുദ്ധിമുട്ടുണ്ട്. തീറ്റയും വെള്ളവും എടുത്ത് തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളിൽ തുടർച്ചയായി ചികത്സ ലഭിക്കുന്നതോടെ കൊമ്പൻ പൂർണ്ണ ആരോഗ്യവാനാവുമെന്നാണ് താൻ കരുതുന്നതെന്നും ജയകുമാർ കൂട്ടിച്ചേർത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP