Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലാലേട്ടനെന്താ കൊമ്പുണ്ടോ! ആനക്കൊമ്പ് സൂക്ഷിച്ച കേസിൽ നടൻ മോഹൻലാലിനെ സഹായിക്കാൻ വനംവകുപ്പ് ചട്ടലംഘനം നടത്തിയെന്ന് സിഎജി റിപ്പോർട്ട്; മൃഗശേഷിപ്പുകൾ വെളിപ്പെടുത്താൻ നടന് മാത്രമായി അവസരം നൽകി ഉത്തരവിറക്കിയത് വന്യജീവി നിയമങ്ങളുടെ നഗ്ന ലംഘനം; താരത്തെ തുണച്ച ഗണേശ് കുമാറും കുരുക്കിൽ; കേന്ദ്രവും സംസ്ഥാനവും ഒന്നിച്ച് സഹായിച്ചിട്ടും സൂപ്പർതാരത്തെ വിടാതെ ആനക്കൊമ്പ് കേസ്

ലാലേട്ടനെന്താ കൊമ്പുണ്ടോ! ആനക്കൊമ്പ് സൂക്ഷിച്ച കേസിൽ നടൻ മോഹൻലാലിനെ സഹായിക്കാൻ വനംവകുപ്പ് ചട്ടലംഘനം നടത്തിയെന്ന് സിഎജി റിപ്പോർട്ട്; മൃഗശേഷിപ്പുകൾ വെളിപ്പെടുത്താൻ നടന് മാത്രമായി അവസരം നൽകി ഉത്തരവിറക്കിയത് വന്യജീവി നിയമങ്ങളുടെ നഗ്ന ലംഘനം; താരത്തെ തുണച്ച ഗണേശ് കുമാറും കുരുക്കിൽ; കേന്ദ്രവും സംസ്ഥാനവും ഒന്നിച്ച് സഹായിച്ചിട്ടും സൂപ്പർതാരത്തെ വിടാതെ ആനക്കൊമ്പ് കേസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിനെ വിട്ടൊഴിയാതെ ആനക്കൊമ്പ് കേസ്. മുൻ മന്ത്രി ഗണേശ്‌കുമാറിന്റെയൊക്കെ സഹായത്തോടെ ഒരുതരത്തിൽ ഊരിയെടുത്ത കേസ് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ ( സിഐജി) രൂക്ഷവിമർശനത്തോടെ ഇപ്പോൾ വീണ്ടും മാധ്യമ ശ്രദ്ധയിലേക്ക് വരികയാണ്.ആനക്കൊമ്പ് സൂക്ഷിച്ച കേസിൽ നടൻ മോഹൻലാലിനെ സഹായിക്കാൻ വനംവകുപ്പ് ചട്ടലംഘനം നടത്തിയെന്ന് സിഎജി റിപ്പോർിൽ വ്യക്തമായി പറയുന്നു. മൃഗശേഷിപ്പുകൾ വെളിപ്പെടുത്താൻ അവസരം നൽകി നടന് മാത്രമായി ഉത്തരവിറക്കിയത് വന്യജീവി നിയമത്തിലെ സെക്ഷൻ 40ന്റെ ലംഘനമാണെന്നാണ് വിമർശനം.സമാനകുറ്റം നേരിടുന്നവർക്ക് ഉത്തരവ് ബാധമാക്കാതിരുന്നതിനെയും റിപ്പോർട്ട് വിമർശിക്കുന്നു.

മോഹൻലാലിന്റെ വീട്ടിൽനിന്ന് നാല് ആനക്കൊമ്പുകൾ പിടിച്ചപ്പോൾ പ്രത്യേക ഉത്തരവിറക്കി ഉടമസ്ഥത വെളിപ്പെടുത്താൻ അവസരം നൽകിയെന്നാണ് സിഎജി റിപ്പോർട്ട് പറയുന്നത്. വെളിപ്പെടുത്തലിനുള്ള അവസരം ഗസറ്റിൽ വിജ്ഞാപനം ചെയ്യുന്നതിന് പകരം നടന് മാത്രമായി ഉത്തവിറക്കിയത് ചട്ടലംഘനമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഊരാളുങ്കൽ സൊസൈറ്റിക്ക് ടെൻഡർ വിളിക്കാതെ കരാർ നൽകിയതിൽ ക്രമക്കേടുണ്ടെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്. ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വെച്ച സാമ്പത്തികമേഖലയെ സംബന്ധിച്ച സി.എ.ജി റിപ്പോർട്ടിലാണ് ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് ഏകപക്ഷീയമായി കരാർ കൊടുത്തതിനെതിരെ പരാമർശമുള്ളത്.സർക്കാർ ഏജൻസി കരാർ നൽകുന്നതിന് സ്വീകരിക്കേണ്ട അടിസ്ഥാന മാനദണ്ഡം ടെൻഡർ അല്ലെങ്കിൽ പൊതുലേലം ആണെന്ന് കേന്ദ്രവിജിലൻസ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ ഫിനാൻഷ്യൽ കോഡും ഇക്കാര്യം പറയുന്നുണ്ട്.ഇതെല്ലാം ലംഘിച്ചാണ് ഊരാളുങ്കൽ സൊസൈറ്റിക്ക് ഏകപക്ഷീയമായി അഞ്ച് പ്രവർത്തികളിലായി 809.93 കോടിയുടെ കരാർ നൽകിയതെന്ന് സി.എ.ജി ചൂണ്ടിക്കാട്ടുന്നു.

2016 ഫെബ്രുവരി 20നാണ് കരാർ നൽകിയത്. സൊസൈറ്റിയെ ചുമതലയേൽപ്പിക്കാൻ കഴിയുന്ന ഒറ്റ പ്രവർത്തിയുടെ മൂല്യം 25 കോടിയും ഒരു കാലയളവിൽ കൈവശം വെയ്ക്കാവുന്ന പരമാവധി പ്രവർത്തികളുടെ മൂല്യം 250 കോടിയുമാണ്.സർക്കാരിന്റെ ഈ മാർഗ നിർദ്ദേശം ലംഘിച്ചുകൊണ്ടാണ് 809.93 കോടിയുടെ പ്രവർത്തികൾ നൽകിയതെന്നും സി.എ.ജി ചൂണ്ടിക്കാട്ടുന്നു.ഇത് മന്ത്രിസഭാ തീരുമാനം ആണെന്ന് സർക്കാർ വാദിക്കുന്നുണ്ടെങ്കിലും പബ്‌ളിക് അക്കൗണ്ട്‌സ് കമ്മിറ്റി നിരാകരിച്ചതാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.സെക്യൂരിറ്റി ഡെപ്പോസിറ്റ് സൂക്ഷിക്കുന്നതിലും ഇളവ് നൽകി സൊസൈറ്റിക്ക് അനർഹമായ ആനൂകൂല്യം നേടിക്കൊടുത്തതായും സി.എ.ജി വിമർശിക്കുന്നു.

നിയമങ്ങൾ കാറ്റിൽ പറത്തിയ ലാലിന്റെ ആനക്കൊമ്പ് കേസ്

കഴിഞ്ഞ ഏഴുവർഷമായി മോഹൻലാലിനെ നിരന്തരം വേട്ടയാടുന്ന കേസാണിത്. 2011 ജൂലൈ 22 നാണ് മോഹൻലാലിന്റെ വീട്ടിൽ ആദായവകുപ്പ് റെയ്ഡ് നടത്തിയപ്പോൾ രണ്ട് ആനക്കൊമ്പുകൾ കണ്ടെത്തിയത്. സിഎൻ കൃഷ്ണകുമാർ, എൻ കൃഷ്ണ കുമാർ എന്നിവരുടെ പേരിലാണ് ആനക്കൊമ്പുകൾ സൂക്ഷിക്കാനുള്ള ലൈസൻസ് ഉള്ളത്. ഇവർ വിദേശത്ത് പോയപ്പോൾ സൂക്ഷിക്കാൻ ഏൽപിച്ചതാണെന്നാണ് ലാലിന്റെ വിശദീകരണം. ആനക്കൊമ്പുകൾ താൻ പണം കൊടുത്ത് വാങ്ങിയതല്ലെന്ന് മോഹൻലാൽ വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തിൽ പൊലീസ് മോഹൻലാലിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. രാജ്യത്തെ ഏറ്റവും ശക്തമായ നിയങ്ങളാണ് വന്യജീവി സംരക്ഷണത്തിലുള്ളത്. ഈ കേസിൽ മോഹൻലാൽ നിയമവിരുദ്ധമായി പ്രവർത്തിച്ചു എന്ന് തെളിഞ്ഞാൽ കടുത്ത നടപടികളുണ്ടാകും എന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിലാണ് നിയമ മാറ്റത്തിലൂടെ താരത്തെ രക്ഷിക്കാനുള്ള ശ്രമം നടന്നത്.

മലയണ്ണാനെയും മുള്ളൻപന്നിയെയുമൊക്കെ കൊന്നു തിന്നവർക്കുപോലും അഞ്ചുവർഷം ശിക്ഷ കിട്ടിയ നാടാണിത്. വന്യജീവി നിയമങ്ങളുടെ ഊരാക്കുടുക്കിൽപെട്ട് കൃഷി നശിപ്പിക്കുന്ന പന്നിയെ കൊല്ലാൻപോലും കർഷകൻ പേടിക്കുന്ന കാലം. അപ്പോഴാണ് ആനക്കൊമ്പ് കേസിൽ മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ പെട്ടത്. അതോടെ ഒരു ഗുണമുണ്ടായി. ലാലിനെതിരെ നടപടിയെടുക്കാതിരിക്കാൻ നിയമംതന്നെ മാറ്റുകയാണ് കഴിഞ്ഞ സർക്കാർ ചെയ്തത്.

നടൻ മോഹൻലാലിന്റെ കൈവശമുള്ള രണ്ട് അനധികൃത ആനക്കൊമ്പുകൾ നിയമവിധേയമാക്കാനാണ് അധികഫതർ തീരുമാനിച്ചത്. മന്ത്രി ഗനേഷ്‌കുമാർ അടക്കമുള്ളവർ തൊട്ട് രാഷ്ട്രീയഭേദമില്ലാതെ നടത്തിയ സമ്മർദത്തിനൊടുവിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ സംയുക്തമായാണ് നടപടി സ്വീകരിച്ചത്. ആനക്കൊമ്പുകൾ നിയമവിധേയമാക്കാൻ അവസരം നൽകുംവിധം, 1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം പുനഃപരിശോധനക്ക് വിധേയമാക്കുകയാണ് കേന്ദ്രനീക്കചെയ്തത്. ഒപ്പം, ആനക്കൊമ്പുകൾ കൈവശം വെക്കാനുള്ള ലൈസൻസ് നൽകാൻ സംസ്ഥാനവും നടപടി ആരംഭിച്ചു. വന്യജീവി സംരക്ഷണ നിയമം 40ാം വകുപ്പിലെ ഉപവകുപ്പ് അനുസരിച്ച് ആനക്കൊമ്പുകൾ കൈവശമുണ്ടെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡനെയോ ഉത്തരവാദപ്പെട്ട അധികാരികളെയോ അറിയിക്കാനാണ് സംസ്ഥാന വനംവകുപ്പ് മോഹൻലാലിനോട് നിർദ്ദേശിച്ചിരിക്കുന്നത്. ഇതോടെ ഏറെ വിവാദം സൃഷ്ടിച്ച ആനക്കൊമ്പ് കേസ് ഫലത്തിൽ ഇല്ലാതാവുകയായിരുന്നു.

ആനക്കൊമ്പുകൾ കൈവശം വെക്കാൻ ലൈസൻസിനായി മോഹൻലാൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചിരുന്നു. ഇതടക്കം സമാന അപേക്ഷകൾ 1972 ലെ വന്യജീവി സംരക്ഷണ നിയമം പുനഃപരിശോധിക്കുമ്പോൾ പരിഗണിക്കുമെന്നാണ് കേന്ദ്ര വനം മന്ത്രാലയ ഐ.ജി അറിയിച്ചിരിക്കുന്നത്. ആനക്കൊമ്പുകൾ കൈവശം ഉണ്ടെന്ന് ഉത്തരവാദപ്പെട്ട അധികാരികളെ അറിയിക്കാൻ സംസ്ഥാന സർക്കാറിനെ സമീപിക്കാനും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. കൈവശമുള്ള കൊമ്പുകൾ തന്റെ പേരിൽ രജിസ്റ്റർ ചെയ്തതതല്ലെന്നും ലൈസൻസ് സുഹൃത്തിന്റെ പേരിലാണെന്നും മോഹൻലാൽ അറിയിച്ചതായും ഉത്തരവിൽ പറയുന്നു.

2012 ലെ റെയ്ഡിലാണ് മോഹൻലാലിന്റെ വീട്ടിൽനിന്ന് രണ്ട് ആനക്കൊമ്പുകൾ കണ്ടെടുത്തത്. തുടർന്ന് ഇവ വനംവകുപ്പിന് കൈമാറി.അനധികൃതമായി വന്യജീവികളോ ബന്ധപ്പെട്ട വസ്തുക്കളോ കൈവശമുള്ളവർക്ക് ഇത് സർക്കാറിനെ അറിയിക്കാൻ 1978 ലും 2002 ലും കേന്ദ്രം അനുമതി നൽകിയിരുന്നു. ഇതിനുശേഷം ലൈസൻസില്ലാത്തതും രജിസ്റ്റർ ചെയ്യത്തതുമായ ഇത്തരം വസ്തുക്കൾ കൈവശം വെക്കുന്നത് ശിക്ഷാർഹമാണ്. മറ്റുള്ളവരിൽനിന്ന് ഇതു സൂക്ഷിക്കാൻ പോലും വാങ്ങി കൈവശം വെക്കാൻ പാടില്ലെന്നാണ് നിയമം. കോന്നി ആർ.എ.എഫ് ഡി.എഫ്.ഒ നടത്തിയ അന്വേഷണത്തിൽ രണ്ട് ആനക്കൊമ്പുകളും മോഹൻലാലിൻേറത് അല്ലെന്ന് തെളിഞ്ഞിരുന്നു. വനംവകുപ്പ് ഡി.എഫ്.ഒ അന്വേഷിച്ച് കേസ് രജിസ്റ്റർ ചെയ്യകയും കുറ്റപത്രം സമർപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്ത വിഷയമാണ് ഇപ്പോൾ നിയമവിധേയമാക്കുന്നത്. അനധികൃതമായി ആനക്കൊമ്പ് സൂക്ഷിക്കുന്നത് വന്യജീവി സംരക്ഷണ നിയമം സെക്ഷൻ 51 പ്രകാരം 7 വർഷം മുതൽ 10 വർഷം വരെ തടവും 25000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

ആനവേട്ട, കൊമ്പ് വിൽപ്പന തുടങ്ങി വന്യമൃഗങ്ങൾക്കു ദോഷകരമാവുന്ന കുറ്റകൃത്യങ്ങൾക്കെല്ലാം ഏറെക്കുറേ ഇതേ ശിക്ഷയാണ് ഈ സെക്ഷനിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. മോഹൻലാലിനെതിരെയുള്ള കേസ് നടപടികൾ മരവിപ്പിക്കാൻ അന്ന് വനംമന്ത്രിയും സുഹൃത്തുമായിരുന്ന കെ ബി ഗണേശ്കുമാർ ഉദ്യോഗസ്ഥ സംഘത്തിന് നിർദ്ദേശം നൽകിയിരുന്നതായി ആരോപണമുയർന്നിരുന്നു. കേസ് നടപടികൾ അതിവേഗം പുരോഗമിക്കുന്നതിനിടെയായിരുന്നു ഈ ആരോപണം പ്രചരിച്ചത്. അന്ന് മന്ത്രി ഇക്കാര്യം നിഷേധിച്ചിരുന്നെങ്കിലും പിന്നിടുള്ള കേസിന്റെ ഗതി ഇക്കാര്യം അടിവരയിട്ടുറപ്പിക്കുന്ന തരത്തിലായെന്നതാണ് വാസ്തവം. അതിന് പിന്നാലെയാണ് ഇപ്പോൾ നിയമമാറ്റത്തിലൂടെ മോഹൻലാലിനെ രക്ഷിക്കാനുള്ള ശ്രമം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടത്തുന്നത്.

മോഹൻലാലിന്റെ വസതിയിൽ നിന്നും ആനക്കൊമ്പ് പിടിച്ചെടുത്ത ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥർ അത് അദ്ദേഹത്തിനു തന്നെ തിരികെ നൽകുകയായിരുന്നു. വകുപ്പുദ്യോഗസ്ഥരുടെ ഈ നടപടിയെ ചോദ്യം ചെയ്ത് പാലക്കാട്ടെ ഓൾ കേരള ആന്റി കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്‌സ് പ്രോട്ടക്ഷൻ കൗൺസിൽ പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. മജിസ്‌ട്രേറ്റ് കോടതി ഈ ഹർജി തള്ളുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്. വനസംരക്ഷണ നിയമപ്രകാരം ആനക്കൊമ്പ് പിടിച്ചെടുക്കണമെന്നായിരുന്നു ഹർജിക്കാരന്റെ വാദം.

അന്വേഷണം നടക്കുന്നതിനിടെ പിടിച്ചെടുത്ത ആനക്കൊമ്പ് വിട്ടുനൽകിയത് എന്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്ന് വാദം കേൾക്കവെ ജസ്റ്റിസ് കെ.രാമകൃഷ്ണൻ ചോദിച്ചിരുന്നു. തുടർന്ന് കേസ് ഹൈക്കോടതിയിലും എത്തിയെങ്കിലും നിയമമാറ്റം മോഹൻലാലിന് തുണയായി. പക്ഷേ ഇപ്പോഴിതാ സിഐജി വിമർശനത്തോടെ വിഷയം വീണ്ടും സജീവമായിരക്കയാണ്. ഇനി പുനരന്വേഷണം ഉണ്ടാവുമോ എന്നും കാത്തിരുന്ന് കാണണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP