Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചപ്പാത്തി പരത്തുന്നതിനിടെ വഴക്കുപറഞ്ഞപ്പോൾ കുട്ടി സ്‌ളാബിൽനിന്ന് വീണെന്ന് കള്ളം പറച്ചിൽ ഊരാക്കുടുക്കായി; മൂന്ന് വയസ്സുകാരനെ തലയ്ക്കടിച്ച് മൃതപ്രായനാക്കിയ 'അമ്മ'യുടെ മുഖത്തുള്ളത് നിർവികാരത മാത്രം; കുട്ടിയെ പറ്റി ഒരു വാക്ക് പോലും ചോദിക്കാതെ മൗനിയായി പ്രതി; കുട്ടിയുടെ പിതൃത്വവും മാതൃത്വവും ഉറപ്പിക്കാൻ ഡിഎൻഎ പരിശോധനയ്ക്ക് പൊലീസ്; ഏലൂരിലെ ക്രൂരതയിൽ പെട്ട് പിഞ്ചു കുരുന്ന് ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിൽ; ബംഗാളി കുട്ടിയുടെ ജീവന് വേണ്ടി പ്രാർത്ഥിച്ച് മലയാള നാട്

ചപ്പാത്തി പരത്തുന്നതിനിടെ വഴക്കുപറഞ്ഞപ്പോൾ കുട്ടി സ്‌ളാബിൽനിന്ന് വീണെന്ന് കള്ളം പറച്ചിൽ ഊരാക്കുടുക്കായി; മൂന്ന് വയസ്സുകാരനെ തലയ്ക്കടിച്ച് മൃതപ്രായനാക്കിയ 'അമ്മ'യുടെ മുഖത്തുള്ളത് നിർവികാരത മാത്രം; കുട്ടിയെ പറ്റി ഒരു വാക്ക് പോലും ചോദിക്കാതെ മൗനിയായി പ്രതി; കുട്ടിയുടെ പിതൃത്വവും മാതൃത്വവും ഉറപ്പിക്കാൻ ഡിഎൻഎ പരിശോധനയ്ക്ക് പൊലീസ്; ഏലൂരിലെ ക്രൂരതയിൽ പെട്ട് പിഞ്ചു കുരുന്ന് ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിൽ; ബംഗാളി കുട്ടിയുടെ ജീവന് വേണ്ടി പ്രാർത്ഥിച്ച് മലയാള നാട്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എറണാകുളം ഏലൂരിൽ അമ്മയുടെ കൊടുംക്രൂരതയ്ക്ക് ഇരയായ മൂന്ന് വയസ്സുകാരന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ജീവൻ നിലനിർത്താനായി നിലവിലെ ചികിത്സ തുടരാൻ കോട്ടയം മെഡിക്കൽ കോളേജിൽ നിന്നെത്തിയ മൂന്നംഗ മെഡിക്കൽ സംഘം അധികൃതർക്ക് നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസമാണ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള മെഡിക്കൽ സംഘം കുഞ്ഞിനെ സന്ദർശിച്ചത്. കുഞ്ഞിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. തലച്ചോറിൽ പലയിടങ്ങളിലായി രക്തം കട്ടപിടിച്ചു തലച്ചോറിന്റെ പ്രവർത്തനം നിലച്ച് തുടങ്ങി. ഇതോടെ കുഞ്ഞിന്റെ ജീവൻ അപകടത്തിലാണെന്ന് ആശുപത്രി അധികൃതർ പറയുന്നു. ജീവൻ നിലനിർത്താനായി നിലവിലെ ചികിത്സ തുടരാനാണ് വിദഗ്ധ മെഡിക്കൽ സംഘം ആശുപത്രി അധികൃതർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. കുഞ്ഞിന്റെ ആരോഗ്യ നില സംബന്ധിച്ച് മെഡിക്കൽ സംഘം ആരോഗ്യവകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചു.

ഇതരസംസ്ഥാനക്കാരായ ദമ്പതികളുടെ മൂന്ന് വയസ്സുള്ള മകനെ ഗുരുതര പരുക്കുകളോടെ ബുധനാഴ്ചയാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഞ്ഞിന്റെ ശരീരമാസകലം മർദ്ദനമേറ്റതിന്റെയും പൊള്ളലേറ്റതിന്റെയും പാടുകൾ പരിശോധനയിൽ കണ്ടെത്തി. ഇതോടെ നടത്തിയ ചോദ്യം ചെയ്യലിലാണ് കുഞ്ഞിന്റെ അമ്മയാണ് ക്രൂര പീഡനത്തിന് പിന്നിലെന്ന് കണ്ടെത്തിയത്. കുഞ്ഞിന്റെ അമ്മയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. ഇവർക്കെതിരെ വധശ്രമം ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കസ്റ്റഡിയിലുള്ള കുഞ്ഞിന്റെ അച്ഛന്റെ പശ്ചാത്തലവും പൊലീസ് പരിശോധിക്കും. കുഞ്ഞിന് മർദ്ദനമേറ്റ സമയം താൻ ഉറക്കത്തിലായിരുന്നെന്നാണ് ഇയാളുടെ മൊഴി.

ചപ്പാത്തി പരത്തുന്നതിനിടെ വഴക്കുപറഞ്ഞപ്പോൾ കുട്ടി സ്‌ളാബിൽനിന്ന് വീണെന്നാണ് അമ്മ പൊലീസിനോട് ആദ്യം പറഞ്ഞത്. എന്നാൽ, മറ്റ് പരിക്കുകൾ എങ്ങനെയെന്ന ചോദ്യം കുരുക്കിയതോടെ ഇവർ കുറ്റം സമ്മതിച്ചു. കുട്ടിയുടെ പിന്നിലേറ്റ പൊള്ളൽ ഇവർ ചട്ടുകം പഴുപ്പിച്ചു വെച്ചതാണെന്ന് സമ്മതിച്ചിട്ടുണ്ട്. തലയ്‌ക്കേറ്റ ഗുരുതര പരിക്ക് സംഭവിച്ചതെങ്ങനെയെന്ന് പൊലീസിന് ഇപ്പോഴും സംശയമുണ്ട്. കുട്ടി വീണതിനെക്കുറിച്ച് അമ്മ പറഞ്ഞ അറിവേ അച്ഛനുള്ളൂ. കുട്ടിയെ ആശുപത്രിയിലെത്തിക്കുക മാത്രമാണ് ഇയാൾ ചെയ്തത്. കുടുംബമായി താമസിക്കുന്നിടത്ത് മറ്റാരും വന്ന് ഉപദ്രവിക്കില്ലെന്നായിരുന്നു പൊലീസ് നിഗമനം. ഇതോടെ പിന്നിൽ അമ്മതന്നെയെന്ന് പൊലീസ് ഉറപ്പിച്ചു. ഇതോടെ അറസ്റ്റും രേഖപ്പെടുത്തി.

അമ്മ പൊലീസ് സ്റ്റേഷനകത്തും തെളിവെടുപ്പിനു വാടക വീട്ടിലെത്തിച്ചപ്പോഴും ചാനലുകാർക്കും നാട്ടുകാർക്കും മുന്നിൽ നിന്നതു നിർവികാരതയോടെയാണ്. കുട്ടിയെക്കുറിച്ചോ കുട്ടിയുടെ ആരോഗ്യനിലയെക്കുറിച്ചോ ഒന്നും അവർ തിരക്കിയില്ല. ആശുപത്രിയിൽ കഴിയുന്ന കുട്ടിയെ കാണണമെന്ന് ഒരിക്കൽപോലും അവർ പൊലീസിനോടോ സ്റ്റേഷനിൽ സമീപത്തിരുന്ന ഭർത്താവിനോടോ ആവശ്യപ്പെട്ടതുമില്ല. മാധ്യമ പ്രവർത്തകർക്കു മുന്നിലൂടെ കൂസലെന്യേ അവർ നടന്നു പൊലീസ് ജീപ്പിൽ കയറി. താമസിച്ചിരുന്ന വാടകവീട്ടിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ ഇവരെ കാണാൻ സമീപവാസികളായ സ്ത്രീകളടക്കം തടിച്ചുകൂടി. അവിടെയും അവർ മൗനിയായിരുന്നു. നാട്ടുകാരുടെ പഴിവാക്കുകളൊന്നും മനസ്സിലായതുമില്ല. ബംഗാൾ റാണിഗഞ്ച് സ്വദേശിയായ ഇവരെ വധശ്രമ കുറ്റം ആരോപിച്ചാണ് കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ബാലനീതി നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കോടതി റിമാൻഡ് ചെയ്ത ഇവർക്കെതിരെ ബോധപൂർവം പരുക്കേൽപിക്കൽ, മാരകായുധങ്ങൾ ഉപയോഗിച്ച് ഗുരുതരമായി പരുക്കേൽപിക്കൽ എന്നീ വകുപ്പുകളും ചേർക്കുമെന്ന് പൊലീസ് അറിയിച്ചു.

കുട്ടിയുടെ അച്ഛൻ പൊലീസ് കസ്റ്റഡിയിലാണ്.ഏലൂരിലാണ് കുട്ടിയുടെ കുടുംബം താമസിക്കുന്നത്. അബോധാവസ്ഥയിൽ, ബുധനാഴ്ച ഉച്ചയ്ക്ക് 1.45നാണ് കുട്ടിയെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏണിപ്പടിയിൽനിന്ന് വീണതാണെന്നാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ പിതാവ് പറഞ്ഞത്. എന്നാൽ, തലച്ചോറിലെ പൊട്ടൽ അടുക്കളയിലെ മൂന്നടി ഉയരത്തിലുള്ള സ്ലാബിന് മുകളിൽ നിന്നുള്ള വീഴ്ചയിൽ ഉണ്ടായതാണെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കുട്ടിയെ താൻ മർദിച്ചതായും അരക്ക് പിൻഭാഗത്തിന് കീഴെ ചട്ടുകംവെച്ച് പൊള്ളിച്ചതായും ഇവർ പൊലീസിനോട് സമ്മതിച്ചു. സാധാരണവീഴ്ചയിൽ ഉണ്ടാകാൻ സാധ്യതയില്ലാത്ത പരിക്കുകളാണ് കേസിൽ നിർണായകമായത്. ഇത് തിരിച്ചറിഞ്ഞാണ് ഡോക്ടർമാർ പൊലീസിനെ വിവരം അറിയിച്ചത്. ഇതോടെ അമ്മ കുടുങ്ങുകയായിരുന്നു.

ഈ മാസം ഒന്നിനാണ് ഏലൂർ പുത്തലത്തെ മെട്രോയുടെ കോൺക്രീറ്റിങ് യാർഡിന് സമീപം മാടപ്പാട് വാടകക്ക് താമസിക്കാൻ കുട്ടിയുമൊത്ത് ദമ്പതികളെത്തിയത്. യാർഡിലെ പുള്ളർ ഡ്രൈവറാണ് പിതാവ്. മകനോട് ഏറെ വാൽസല്യമുള്ള പിതാവ് ബുധനാഴ്ച ഉച്ചഭക്ഷണത്തിന് വീട്ടിലെത്തിയപ്പോഴാണത്രേ പരിക്കേറ്റ് അവശനിലയിലായ കുട്ടിയെ കാണുന്നത്. ഉടൻ ഇയാൾതന്നെ ആശുപത്രിയിൽ എത്തിച്ചു. ഏലൂർ പൊലീസ് ആശുപത്രിയിൽ പിതാവിൽനിന്ന് മൊഴിയെടുത്തശേഷമാണ് വാടകവീട്ടിലെത്തി മാതാവിനെ കസ്റ്റഡിയിലെടുത്തത്. നാട്ടിലെ ബന്ധുക്കളിൽനിന്ന് തെളിവ് ശേഖരിക്കുന്നതിനൊപ്പം ആവശ്യമെങ്കിൽ ഡി.എൻ.എ പരിശോധന നടത്താനും പൊലീസ് ആലോചിക്കുന്നുണ്ട്.

തെളിവെടുപ്പിന് പ്രതിയുമായി പൊലീസ് വാടകവീട്ടിലെത്തുമ്പോഴാണ് ക്രൂര മർദനത്തിന്റെ കഥ സമീപവാസികളും നാട്ടുകാരും അറിയുന്നത്. കുട്ടിയെ തങ്ങളാരും പുറത്ത് കണ്ടിട്ടില്ലെന്ന് അയൽവാസികൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP