Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മെക്‌സിക്കൻ മതിലിനെ ചൊല്ലിയുള്ള പോരിന് ഒടുവിൽ അമേരിക്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ട്രംപ്; മതിലിനായി ചോദിച്ച അഞ്ഞൂറ് കോടി ഡോളർ ജനപ്രതിനിധി സഭ നിരസിച്ചതോടെ രാജ്യത്തെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് പ്രസിഡന്റിന്റെ പ്രഖ്യാപനം; സെനറ്റിൽ പിന്തുണ ഇല്ലാതെ വന്നതോടെ യുഎസിൽ ഉണ്ടായിരിക്കുന്നത് വലിയ ഭരണപ്രതിസന്ധി; പല വകുപ്പുകളിലേക്കും ധനവിഹിതം വെട്ടിക്കുറച്ചും ഉദ്യാനങ്ങൾ അടച്ചിട്ടും ശമ്പളം മുടക്കിയും നടത്തിയ നീക്കം ഒടുവിൽ കലാശിക്കുന്നത് ദേശീയ അടിയന്തരാവസ്ഥയിൽ

മെക്‌സിക്കൻ മതിലിനെ ചൊല്ലിയുള്ള പോരിന് ഒടുവിൽ അമേരിക്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ട്രംപ്; മതിലിനായി ചോദിച്ച അഞ്ഞൂറ് കോടി ഡോളർ ജനപ്രതിനിധി സഭ നിരസിച്ചതോടെ രാജ്യത്തെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് പ്രസിഡന്റിന്റെ പ്രഖ്യാപനം; സെനറ്റിൽ പിന്തുണ ഇല്ലാതെ വന്നതോടെ യുഎസിൽ ഉണ്ടായിരിക്കുന്നത് വലിയ ഭരണപ്രതിസന്ധി; പല വകുപ്പുകളിലേക്കും ധനവിഹിതം വെട്ടിക്കുറച്ചും ഉദ്യാനങ്ങൾ അടച്ചിട്ടും ശമ്പളം മുടക്കിയും നടത്തിയ നീക്കം ഒടുവിൽ കലാശിക്കുന്നത് ദേശീയ അടിയന്തരാവസ്ഥയിൽ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: അമേരിക്കയിൽ കുറച്ചുനാളായി തുടരുന്ന ഭരണസ്തംഭനത്തിന് പിന്നാലെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് ട്രംപ്. ഇതോടെ അമേരിക്ക രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭരണ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

അടിയന്തരാവസ്ഥ സംബന്ധിച്ച ഉത്തരവിൽ ഒപ്പു വയ്ക്കുമെന്ന് വാർത്താ സമ്മേളനത്തിൽ ഡൊണാൾഡ് ട്രംപ് അറിയിക്കുകയായിരുന്നു. അതേസമയം, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെതിരെ കോൺഗ്രസ് അംഗങ്ങൾ വിമർശനവുമായെത്തി. അതേസമയം ട്രംപിന്റെ സ്വപ്ന പദ്ധതിയായ മെക്‌സിക്കൻ മതിലിന് ഫണ്ട് അനുവദിക്കില്ലെന്ന നിലപാടിൽ പ്രതിപക്ഷ അംഗങ്ങൾ ഉറച്ചുനിൽക്കുകയാണ്.

കോൺഗ്രസിനെ മറികടന്ന് ഫണ്ട് വിനിയോഗിക്കാനുള്ള നീക്കം അധികാര ദുർവിനിയോഗമാകും എന്നാണ് വിമർശനം ഉയർന്നിട്ടുള്ളത്. പ്രതിപക്ഷമായ ഡെമോക്രാറ്റുകൾക്കൊപ്പം റിപ്പബ്ലിക്കൻ അംഗങ്ങളും ട്രംപിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സർക്കാർ പ്രവർത്തനങ്ങൾക്കുള്ള പണം അനുവദിക്കാനുള്ള ബില്ലിൽ ഒപ്പിടുന്നതിനൊപ്പം ട്രംപ് അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചേക്കുമെന്ന സാധ്യത നേരത്തേയും ചർച്ചയായിരുന്നു അമേരിക്കയിൽ. ഇപ്പോൾ അതുതന്നെ സംഭവിക്കുകയും ചെയ്തു.

മെക്‌സിക്കൻ അതിർത്തിയിലെ മതിലിനെ ചൊല്ലിയാണ് കുറച്ചുകാലമായി പ്രശ്‌നം തുടരുന്നത്. അഞ്ഞൂറു കോടി ഡോളർ മെക്‌സിക്കൻ മതിലിനായി ട്രംപ് ആവശ്യപ്പെട്ടെങ്കിലും അത് അമേരിക്കൻ കോൺഗ്രസ് തള്ളിയതോടെയാണ് അടിയന്തരാവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങിയത്. കുറച്ചുകാലമായി ഈ ആവശ്യത്തിന്റെ പുറത്ത് ഭാഗിക ഭരണസ്തംഭനത്തിലാണ് അമേരിക്ക. മെക്‌സിക്കൻ മതിലിനുവേണ്ടി പണം നീക്കവയ്ക്കണമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവശ്യത്തിന് സെനറ്റിൽ പിന്തുണ കിട്ടാത്ത സാഹചര്യത്തിലാണ് പ്രതിസന്ധി രൂക്ഷമായതും നേരത്തേ തന്നെ ട്രംപ് അടിയന്തരാവസ്ഥ ഭീഷണി മുഴക്കിയതും.

100 അംഗ സെനറ്റിൽ 51 അംഗങ്ങളാണ് റിപബ്ലിക്കൻ പാർട്ടിക്ക്. ബിൽ പാസാകാൻ 60 വോട്ടുകൾ വേണം. ഡെമോക്രാറ്റ് അംഗങ്ങൾ ബിൽ പിന്തുണയ്ക്കാത്തതോടെ സ്ഥിതിക്ക് ന്യൂക്ലിയർ ഓപ്ഷൻ നടപ്പാക്കണമെന്ന് പ്രസിഡന്റ് സെനറ്റിലെ റിപബ്ലിക്കൻ നേതാവിനോട് ആവശ്യപ്പെട്ടിരുന്നു. 60 വോട്ടുകൾക്ക് പകരം 51 വോട്ടെന്ന ഭൂരിപക്ഷത്തിന് ബിൽ പാസാക്കാൻ അനുവദിക്കുന്നതാണ് ന്യൂക്ലിയർ ഓപ്ഷൻ. പക്ഷേ സെനറ്റിലെ റിപബ്ലിക്കൻ പക്ഷം അത് നിരാകരിച്ചിരുന്നു.

ഈ സാഹചര്യത്തിൽ ആഭ്യന്തരം, ഗതാഗതം, കൃഷി, നിയമം തുടങ്ങിയ വകുപ്പുകളിലേക്കുള്ള ധനവിഹിതം നൽകാൻ കഴിഞ്ഞിരുന്നില്ല. ഓഫീസുകളും ദേശീയ ഉദ്യാനങ്ങളും അടച്ചിടാനും തീരുമാനിച്ചിരുന്നു. ക്രിസ്മസ് അവധി തുടങ്ങാനിരിക്കെ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും പോലും മുടങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. എന്നാൽ പ്രശ്‌നം പരിഹരിക്കേണ്ട ഉത്തരവാദിത്തം പ്രതിപക്ഷമായ ഡെമോക്രാറ്റുകൾക്കാണെന്ന നിലപാടിലാണ് ട്രംപ്. മതിലിന് അനുകൂലമായും വിരുദ്ധമായും ജനങ്ങൾക്കിടയിലും ക്യാംപയിനുകൾ നടന്നുവരുന്നതിനിടെയാണ് ഇപ്പോൾ പ്രസിഡന്റ് ട്രംപ് തന്നെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.

റിപബ്ലിക്കൻ ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭ ട്രംപിന്റെ ആവശ്യം അനുസരിച്ചുള്ള ബിൽ പാസാക്കിയിരുന്നു. ഇതിന് പിന്നാലെ ജനുവരിയിലാണ് ഡമോക്രാറ്റ് അംഗങ്ങൾക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭ അധികാരമേറ്റത്. എന്നാൽ ഇവർ ട്രംപിന്റെ ആവശ്യം അംഗീകരിച്ചില്ല. ഇതേത്തുടർന്ന കുറച്ചുകാലമായി ട്രംപും സഭയും തമ്മിലുള്ള വലിയ പോര് നടന്നുവരികയായിരുന്നു. ഏറ്റവും ഒടുവിൽ ട്രംപിന്റെ ആവശ്യം അംഗീകരിക്കാത്ത ധന ബിൽ പാസാക്കപ്പെട്ടതോടെയാണ് ട്രംപ് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപനത്തിലേക്ക് നീങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP