Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിൽ നിന്നും ദുബായിലേക്കുള്ള മിക്ക വിമാനങ്ങളും ഇന്നും റദ്ദ് ചെയ്തു; എട്ടാം തീയതിയേ ഇനി യാത്രയുള്ളൂവെന്ന് ഇൻഡിഗോ; ഉടൻ ജോലിയിൽ കയറിയില്ലെങ്കിൽ പണം പോകുന്നവർ ആശങ്കയോടെ എയർപോർട്ടുകളിൽ; ജീവനെല്ലാം കാത്തെങ്കിലും എമിറൈറ്റ്‌സിന് നഷ്ടം ശതകോടികൾ

കേരളത്തിൽ നിന്നും ദുബായിലേക്കുള്ള മിക്ക വിമാനങ്ങളും ഇന്നും റദ്ദ് ചെയ്തു; എട്ടാം തീയതിയേ ഇനി യാത്രയുള്ളൂവെന്ന് ഇൻഡിഗോ; ഉടൻ ജോലിയിൽ കയറിയില്ലെങ്കിൽ പണം പോകുന്നവർ ആശങ്കയോടെ എയർപോർട്ടുകളിൽ; ജീവനെല്ലാം കാത്തെങ്കിലും എമിറൈറ്റ്‌സിന് നഷ്ടം ശതകോടികൾ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ് : എമിറേറ്റ്‌സ് വിമാനാപകടത്തെ തുടർന്നു സർവീസുകൾ താളംതെറ്റിയ ദുബായ് രാജ്യാന്തര വിമാനത്താവളം ഇനിയും പൂർണതോതിൽ പ്രവർത്തനസജ്ജമായിട്ടില്ല. നാളെ മാത്രമേ പ്രശ്‌നങ്ങൾ തീരുവെന്നാണ് സൂചന. ഇന്നലെ വരെ 242 സർവീസുകളാണു റദ്ദാക്കിയത്. 64 സർവീസുകൾ സമീപ വിമാനത്താവളങ്ങളിലേക്കു തിരിച്ചുവിട്ടു. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ ഇരുപതിനായിരത്തിലേറെ യാത്രക്കാർ വലഞ്ഞു.

വിമാനം കത്തിപോയതുൾപ്പെടെ ശതകോടികളുടെ നഷ്ടമാണ് എമിറേറ്റ്‌സിന് ഉണ്ടായിരിക്കുന്നത്. ജീവനക്കാരെ രക്ഷിക്കാനായി എന്നത് മാത്രമാണ് ഏക ആശ്വാസം. രാജ്യാന്തര റൂട്ടുകളിൽ ലോകത്തെ ഏറ്റവും വലിയ നാലാമത്തെ വിമാനക്കമ്പനിയായ എമിറേറ്റ്‌സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അപകടമാണ് ഇന്നലെയുണ്ടായത്. അവരുടെ ഒരു വിമാനം മൊത്തത്തിൽ കത്തി നശിച്ച് പോകുന്നതും ഇതാദ്യം. ലോകത്തെ ഏറ്റവും സുരക്ഷിതമെന്നു കരുതപ്പെടുന്ന ബോയിങ്ങ് 777 ഇനത്തിൽ പെട്ടതാണ് ഇന്നലെ ദുബായിൽ തകർന്നു വീണ വിമാനം. വളരെ കുറഞ്ഞ അപകടങ്ങളേ ഈ ഇനം വിമാനങ്ങൾക്ക് ഉണ്ടായിട്ടുള്ളൂ.

അപകടത്തെ തുടർന്ന് നിരവധി വിമാനങ്ങളാണ് റദ്ദാക്കിയത്. ഇന്നു രാവിലെത്തെ ദുബായ്-തിരുവനന്തപുരം എയർ ഇന്ത്യ എക്സ്‌പ്രസ് സർവീസ് റദ്ദാക്കി. സ്‌പൈസ് ജെറ്റ്, ഇൻഡിഗോ സർവീസുകളും ചില സർവീസുകളേ നടത്തുകയുള്ളൂ എന്നാണ് അറിയിപ്പ്. ഇനി എട്ടാം തീയതിയേ പോകാനാകൂ എന്നാണ് ഇൻഡിഗോ യാത്രക്കാരെ തിരുവനന്തപുരത്ത് അറിയിച്ചിട്ടുള്ളത്. ഇത് പല പ്രവാസികളേയും വെട്ടിലാക്കി. ഉടൻ ജോലിക്ക് കയറിയില്ലെങ്കിൽ പലമലയാളികൾക്കും ജോലി നഷ്ടമാകും. ജോലിക്കരാർ അനുസരിക്കാൻ കഴിയുന്നത് പലരേയും വിഷമത്തിലാക്കിയിട്ടുണ്ട്. ഇത് കേരളത്തിലെ വിമാനത്താവളങ്ങളിൽ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു.

കഴിഞ്ഞദിവസം രാത്രി മുതൽ ദുബായിലേക്കു പോകാൻ കഴിയാതെ കോഴിക്കോട് വിമാനത്താവളത്തിൽ വലഞ്ഞ യാത്രക്കാർ വിവരങ്ങൾ ലഭിക്കാതെ പ്രയാസത്തിലായി. ഒടുവിൽ യാത്രക്കാർ ബഹളംവച്ചു. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്‌പ്രസ് കൗണ്ടറുകളിൽ മറുപടി പറയാൻപോലും ജീവനക്കാർ ഇല്ലായിരുന്നു. ഒടുവിൽ പകൽ 11.05നു ദുബായിലേക്കു പോകേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം 11.45നു ഷാർജയിലേക്കു പുറപ്പെട്ടു. ഇന്നു പുലർച്ചെ 12.15നും 12.25നും ദുബായിലേക്കുള്ള ഇൻഡിഗോ, സ്‌പൈസ് ജെറ്റ് സർവീസുകൾ റദ്ദാക്കി. ഇന്നലെ രാത്രി 11.05നുള്ള ദുബായ് -കോഴിക്കോട് സ്‌പൈസ് ജെറ്റ്, ഇന്നു രാവിലെ 9.50നുള്ള ദുബായ് -കോഴിക്കോട് ഇൻഡിഗോ സർവീസുകളും റദ്ദാക്കി. യാത്ര മുടങ്ങിയവർക്ക് കൂടുതൽ സൗകര്യം ഏർപ്പെടുത്തുമെന്നു എമിറേറ്റ്‌സ് എയർെലെൻസ് അറിയിച്ചു. ടിക്കറ്റ് ക്യാൻസലേഷൻ ചാർജുകൾ ഒഴിവാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

കേടുപാടു സംഭവിച്ച റൺവേയുടെ അറ്റകുറ്റപ്പണി അതിവേഗം പുരോഗമിക്കുകയാണ്. ശേഷിക്കുന്ന ഒരു റൺവേ മാത്രം ഉപയോഗിക്കുന്നതിനാലാണു സർവീസുകൾക്കു നിയന്ത്രണമെന്നും അസൗകര്യത്തിൽ ഖേദിക്കുന്നതായും ദുബായ് വിമാനത്താവള അധികൃതർ അറിയിച്ചു. പ്രതിസന്ധി നേരിടാൻ സമീപത്തെ ജബൽ അലി അൽ മക്തൂം രാജ്യാന്തര വിമാനത്താവളം പരമാവധി ഉപയോഗപ്പെടുത്തിവരികയാണ്. അപകടത്തിൽപ്പെട്ട വിമാനത്തിലെ യാത്രക്കാരെ വിവിധയിടങ്ങളിൽ എത്തിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. വീസാ കാലാവധി കഴിഞ്ഞവരുടെയും പാസ്‌പോർട്ട് നഷ്ടപ്പെട്ടവരുടെയും പ്രശ്‌നങ്ങൾ പരിഹരിക്കാൻ എമിഗ്രേഷൻ വിഭാഗവുമായി സഹകരിച്ചു നടപടികൾ സ്വീകരിക്കുന്നു. അപകടകാരണമറിയാൻ വിമാനത്തിലെ ബ്ലാക്ക് ബോക്‌സിൽനിന്നു വിവരങ്ങൾ ശേഖരിച്ചു. ഫ്‌ലൈറ്റ് ഡേറ്റയും കോക്പിറ്റ് സംഭാഷണങ്ങളും വിമാന ഭാഗങ്ങളും പരിശോധിച്ചുവരികയാണ്. ദുബായ് ജനറൽ സിവിൽ ഏവിയേഷൻ അഥോറിറ്റിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ ബോയിങ്, എമിറേറ്റ്‌സ്, റോൾസ് റോയ്‌സ് എന്നിവയും സഹകരിക്കുന്നു.

ലോകത്തിലെ പ്രധാന നാലു വിമാനക്കമ്പനികളിലൊന്നാണ് എമിറേറ്റ്‌സ് എയർെലെൻസ്. കഴിഞ്ഞ വർഷം 5.13 കോടി യാത്രക്കാരാണ് ഈ വിമാനക്കമ്പനിയെ ആശ്രയിച്ചത്. 250 വിമാനങ്ങളാണ് ഈ കമ്പനിക്കുള്ളത്. 1985ൽ പ്രവർത്തനം തുടങ്ങിയ എമിറേറ്റ്‌സ് 30 വർഷം കൊണ്ട് ലോകത്തെ ഏറ്റവും പ്രമുഖ കമ്പനികളിലൊന്നായി വളർന്നിട്ടുണ്ട്. ഏറെ പ്രഫഷണലായി നടക്കുന്ന വിമാനക്കമ്പനി മികച്ച സേവനമാണ് യാത്രക്കാർക്ക് നൽകുന്നത്. ദുബായ് സർക്കാരിന്റെ കീഴിലെ ഇൻവെസ്റ്റ്‌മെന്റ് കോർപറേഷനാണ് ഉടമസ്ഥർ. ഒരാഴ്ച 3300ൽ അധികം സർവീസുകളാണ് ഇവർ നടത്തുന്നത്. ആറു ഭൂഖണ്ഡങ്ങളിലെ 78 രാജ്യങ്ങളിലെ 148 നഗരങ്ങളിലേക്ക് എമിറേറ്റ്‌സ് സർവീസ് നടത്തുന്നുണ്ട്. എൻപതുകളിൽ ബഹ്‌റൈൻ ആസ്ഥാനമായ ഗൾഫ് എയർ ദുബായിലേക്കുള്ള സർവീസുകൾ വെട്ടിക്കുറച്ചപ്പോളാണ് സ്വന്തം വിമാനക്കമ്പനിയേക്കുറിച്ച് ദുബായ് ഭരണാധികാരികൾ ആലോചിച്ചു തുടങ്ങിയത്.പാക്കിസ്ഥാൻ എയർലൈൻസ് പാട്ടത്തിനു നൽകിയ രണ്ടു വിമാനങ്ങൾ ഉപയോഗിച്ച് സർവീസ് തുടങ്ങിയ എമിറേറ്റ്‌സ് പിന്നീട് ലോകത്തിലെ ഏറ്റവും മികച്ച വിമാനക്കമ്പനിയായി വളരുകയായിരുന്നു. പൈലറ്റുമാർക്ക് 7,000 മണിക്കൂർ വിമാനം പറത്തി പരിചയമുണ്ടെന്ന് എമിറേറ്റ്‌സ് എയർെലെൻസ് സിഇഒ. ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മഖൗം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP