Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശരിയായി മലയാളം വായിക്കാത്തതിന് രണ്ടാം ക്ലാസുകാരന് ടീച്ചർ പഴുപ്പിച്ച ചൂരലിന് നൽകിയത് 21 അടി; കുട്ടിയെ പൊതിരെ തല്ലിയത് മാതാപിതാക്കൾ അറിയുന്നത് വീട്ടിലെത്തി കാലു കാണിച്ചതോടെ; ക്രൂരമർദനമേറ്റ പ്രണവിനെ കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; മാതൃഭാഷ നേരെ ചൊവ്വെ വായിച്ചില്ലെന്ന് ആരോപിച്ച് രണ്ടാം ക്ലാസുകരന് അദ്ധ്യാപികയിൽ നിന്ന് നേരിട്ടത് ക്രൂരമർദനം; കുറവിലങ്ങാട് എൽ.പി എസിലെ അദ്ധ്യാപിക സൗമ്യക്കെതിരെ കുട്ടിയുടെ മാതാപിതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം : മലയാളം വായിച്ചത് ശരിയല്ലെന്ന് ആരോപിച്ച് രണ്ടാം ക്ലാസുകാരനെ അദ്ധ്യാപിക ക്രൂരമായി തല്ലിച്ചതച്ചു. എയ്ഡഡ് സ്‌കൂളായ കുറുപ്പന്തറ മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് എൽ പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി പ്രണവ് രാജിനാണ് അദ്ധ്യാപികയുടെ ക്രൂരമർദനമേറ്റത്. സംഭവത്തിൽ കുട്ടിയുടെ മാതാവ് കുറുപ്പന്തറ കളത്തൂക്കുന്നേൽ സൗമ്യ ടീച്ചർക്കെതിരെ പരാതിയുമായി രംഗത്തെത്തി. കുട്ടിയുടെ രണ്ടു കാലുകളിലുമായി അടിയുടെ 21 പാടുകളുണ്ട്. രാത്രിയോടെ കുട്ടിയെ കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ തേടി.

ഉച്ചഭക്ഷണത്തിനുശേഷം മലയാളം വായിപ്പിക്കാൻ കുട്ടിയെ ടീച്ചറുടെ അടുത്തേക്ക് വിളിപ്പിച്ചു. വായിക്കുന്നത് ശരിയായില്ലെന്ന് പറഞ്ഞ് ടീച്ചർ ചൂരലിന് തല്ലുകയായിരുന്നുവെന്ന് കുട്ടിയുടെ അമ്മ സൗമ്യ പറഞ്ഞു. വൈകീട്ട് വീട്ടിലെത്തിയ കുട്ടിയുടെ ഇരുകാലുകളും തടിച്ചു കിടക്കുന്നതു കണ്ട് അമ്മൂമ്മ തിരക്കിയപ്പോഴാണ് ടീച്ചർ തല്ലിയകാര്യം പറയുന്നത്. ഉടൻതന്നെ മുത്തശ്ശി കുട്ടിയുമായി സ്‌കൂളിലെത്തിയെങ്കിലും അദ്ധ്യാപിക പോയിരുന്നു. തുടർന്നാണ് ബന്ധുക്കളും നാട്ടുകാരും സംഭവം അറിയുന്നത്. ടീച്ചറോട് ചോദിച്ചപ്പോൾ മലയാളം വായിച്ച് കണ്ണ് തെളിയാനാണ് കുട്ടിയെ തല്ലിയതെന്നാണ് മറുപടി നൽകിയതെന്ന് അമ്മ പറഞ്ഞു.

തുടർന്ന് ജനമൈത്രി പൊലീസുമായി ബന്ധപ്പെട്ട് ഇവർ ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു. സംഭവം വിവാദമായതോടെ സ്‌കൂൾ അധികൃതർ ക്ഷമചോദിച്ച് വീട്ടിലെത്തി. എന്നാൽ പരാതിയിൽ ഉറച്ചു നിൽക്കുകയാണെന്ന് വീട്ടുകാർ അറിയിച്ചു. സംഭവത്തിൽ പ്രഥമാധ്യാപിക പ്രതികരിക്കാൻ തയ്യാറായില്ല. ഒരുവർഷം മുമ്പ് നടന്ന അപകടത്തിൽ അച്ഛൻ മരിച്ച ശേഷം കുട്ടിയുടെ അമ്മ ജോലിചെയ്താണ് കുടുംബം പുലർത്തുന്നത്.

രാത്രിയിലാണ് വിവരം അറിഞ്ഞതെന്നും, മലയാള അക്ഷരം പഠിപ്പിക്കുന്നതിനിടയിൽ അശ്രദ്ധ കാണിച്ച കുട്ടിക്ക് ചെറിയ ശിക്ഷ നൽകിയെന്നുമാണ് പ്രഥമാധ്യാപിക പറഞ്ഞതെന്ന് കുറവിലങ്ങാട് എഇഒ ഇ എസ് ശ്രീലത പറഞ്ഞു. സ്‌കൂളിൽ ചൂരൽ ഉൾപ്പെടെയുള്ള വടികൾ ഉപയോഗിച്ചു കുട്ടികളെ ശിക്ഷിക്കാൻ പാടില്ലെന്ന വിദ്യാഭ്യാസവകുപ്പിന്റെ ചട്ടം നിലനിൽക്കെയാണ് ഈ ശിക്ഷ. വിശദമായ അന്വേഷണം നടത്തി അദ്ധ്യാപികയ്ക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും എഇഒ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP