Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

ഇപിഎഫ് എന്ന സാമൂഹിക സുരക്ഷാ പദ്ധതിയെ അട്ടിമറിക്കാൻ എൻപിഎസ് ഓപ്ഷൻ; അട്ടിമറിക്കുന്നത് കുടുംബങ്ങൾക്കു സംരക്ഷണം നൽകുന്ന പദ്ധതി; ഓഹരി വിപണിയിലെ ഏറ്റക്കുറച്ചിൽ അനുസരിച്ചും ലാഭം നിശ്ചയിക്കുന്നതിനൊപ്പം ആദായനികുതി വരാനും സാധ്യതയുണ്ട്; പ്രോവിഡന്റ് ഫണ്ട് പെൻഷൻ പദ്ധതിയിലേക്കുള്ള വാർഷിക വിഹിതം മോദി സർക്കാർ കൊടുക്കാത്തത് മനപ്പൂർവ്വം; ഇപിഎസിൽ തർക്കം മുറുകുമ്പോൾ

ഇപിഎഫ് എന്ന സാമൂഹിക സുരക്ഷാ പദ്ധതിയെ അട്ടിമറിക്കാൻ എൻപിഎസ് ഓപ്ഷൻ; അട്ടിമറിക്കുന്നത് കുടുംബങ്ങൾക്കു സംരക്ഷണം നൽകുന്ന പദ്ധതി; ഓഹരി വിപണിയിലെ ഏറ്റക്കുറച്ചിൽ അനുസരിച്ചും ലാഭം നിശ്ചയിക്കുന്നതിനൊപ്പം ആദായനികുതി വരാനും സാധ്യതയുണ്ട്; പ്രോവിഡന്റ് ഫണ്ട് പെൻഷൻ പദ്ധതിയിലേക്കുള്ള വാർഷിക വിഹിതം മോദി സർക്കാർ കൊടുക്കാത്തത് മനപ്പൂർവ്വം; ഇപിഎസിൽ തർക്കം മുറുകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രോവിഡന്റ് ഫണ്ട് പെൻഷൻ പദ്ധതിയിലേക്കുള്ള(ഇ.പി.എസ്.) വിഹിതം നൽകാതെ പദ്ധതി കൈയൊഴിയാൻ കേന്ദ്രനീക്കം. നരേന്ദ്ര മോദി സർക്കാർ 2014-ൽ അധികാരത്തിലേറിയശേഷം പെൻഷൻ പദ്ധതിയിലേക്ക് കൃത്യമായി വാർഷികവിഹിതം നൽകിയിട്ടില്ല. വൻതുക കുടിശ്ശിക വരുത്തുമ്പോൾത്തന്നെ മറുവശത്ത് പെൻഷൻ പദ്ധതി പരിഷ്‌കരിക്കാൻ ധനമന്ത്രാലയം സമ്മർദം ചെലുത്തുകയാണ്. ഇ.പി.എസിലെ അംഗങ്ങൾക്കുവേണമെങ്കിൽ ദേശീയ പെൻഷൻ പദ്ധതിയിലേക്കു മാറാമെന്നും പെൻഷൻ 60 വയസ്സിനുശേഷം നൽകാമെന്നുമുള്ള നിർദേശങ്ങളാണ് പരിഗണനയിലുള്ളത്. ദേശീയ പെൻഷൻ പദ്ധതിയിലേക്ക് കാര്യങ്ങളെത്തിക്കാനാണ് ഈ നീക്കം.

പ്രോവിഡന്റ് ഫണ്ട് വരിക്കാരുടെ ശമ്പളത്തിന്റെ 1.16 ശതമാനം കേന്ദ്രസർക്കാർ പെൻഷൻ പദ്ധതിയിലേക്കു വിഹിതമായി നൽകണമെന്നാണു വ്യവസ്ഥ. ഇതാണ് മോദി സർക്കാർ ചെയ്യാതിരിക്കുന്നത്. ഇതുവരെ 9115 കോടി രൂപയാണ് കേന്ദ്രസർക്കാർ ഇ.പി.എഫ്.ഒ.യ്ക്ക് നൽകാനുള്ളത്. പി.എഫ്. പദ്ധതിയനുസരിച്ച് തൊഴിലാളിയും തൊഴിലുടമയും ശമ്പളത്തിന്റെ 12 ശതമാനമാണ് വിഹിതമടയ്ക്കുന്നത്. തൊഴിലുടമയുടെ 12 ശതമാനം വിഹിതത്തിൽനിന്ന് 8.33 ശതമാനം പെൻഷൻ ഫണ്ടിലേക്കും ബാക്കി പി.എഫ്. നിക്ഷേപത്തിലേക്കും പോകും. നിയമപ്രകാരം കേന്ദ്രസർക്കാർ 1.16 ശതമാനം അടയ്ക്കണം. ഇതാണ് പാലിക്കാത്തത്.

അന്താരാഷ്ട്ര രീതികളുമായി സമാനപ്പെടുത്തി ഇ.പി.എഫ്. പെൻഷൻ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഇതിനായി ആവശ്യമുള്ള നിയമഭേദഗതി വരുത്താൻ നടപടി തുടങ്ങിക്കഴിഞ്ഞു. നിലവിൽ 58 വയസ്സായാൽ പെൻഷൻ പറ്റാമെന്നതാണ് വ്യവസ്ഥ. 58 വയസ്സിൽ വിരമിക്കുന്നവർക്കും 60 വയസ്സുവരെ തുക ഇ.പി.എഫിൽ നിക്ഷേപമായി സൂക്ഷിക്കാൻ വഴിയൊരുക്കുന്നതാണ് പുതിയ വ്യവസ്ഥ. ഇതെല്ലാം ഭാവിയിൽ ദേശീയ പെൻഷൻ പദ്ധതിയുമായി ഇതിനെ യോജിപ്പിക്കാനുള്ള നീക്കമായി സംശയമുണ്ട്. അടുത്ത മാസം ചേരുന്ന ഇപിഎഫ്ഒ യോഗത്തിനുശേഷം ഇത് കേന്ദ്ര തൊഴിൽ മന്ത്രാലയം ശുപാർശ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടും. മന്ത്രിസഭ അംഗീകരിച്ചാൽ നിയമം പ്രാബല്യത്തിലാകും.

പ്രായപരിധി ഉയർത്തുന്നത് വഴി ഗുണഭോക്താക്കൾക്ക് എങ്ങനെ നേട്ടമുണ്ടാക്കാം എന്നതാണ് സ്വാഭാവികമായും ഉയർന്നു വരുന്ന സംശയം. പ്രായപരിധി ഉയർത്തുന്നതോടെ 58 വയസ്സിൽ വിരമിക്കുന്നവർക്കും 60 വയസ്സുവരെ തുക ഇപിഎഫിൽ നിക്ഷേപമായി സൂക്ഷിക്കാം എന്നതാണ് പ്രഥമികമായും ഉണ്ടാകുന്ന മാറ്റം. അതായത് ഇതുവഴി രണ്ടു വർഷത്തെ അധികപലിശ ലഭിക്കും എന്നതു മാത്രമാണ് ഏക പ്രയോജനം. എന്നാൽ 58 വയസ്സിൽ പെൻഷനാകുന്നവർക്ക് അടുത്ത രണ്ട് വർഷം നരക യാതന നൽകുന്നതാകും പുതിയ തീരുമാനമെന്നതാണ് വസ്തുത.

ഇപിഎഫ് നിയമഭേദഗതി നടപ്പാക്കുമ്പോൾ ദേശീയ പെൻഷൻ പദ്ധതിയിലേക്ക് (എൻപിഎസ്) മാറാൻ അവസരം നൽകുന്നതിനുള്ള നിർദ്ദേശം കേന്ദ്ര സർക്കാർ മുമ്പോട്ട് വയ്ക്കുന്നുണ്ട്. അതിനിടെ ബിഎംഎസ് അടക്കമുള്ള തൊഴിലാളി സംഘടനകളുടെയും ജീവനക്കാരുടെയും പൊതുവികാരം ഇതിന് എതിരാണ്. എൻപിഎസിലേക്കു മാറാനുള്ള സൗകര്യമൊരുക്കുന്നതിനെ 2015 ൽ തന്നെ തൊഴിലാളി സംഘടനകൾ എതിർത്തിരുന്നതാണ്. എന്നാൽ തൊഴിൽസുരക്ഷ ചട്ടത്തിന്റെ കരട് പ്രസിദ്ധീകരിച്ചപ്പോൾ ഇതു വീണ്ടും ഉൾപ്പെടുത്തി. കഴിഞ്ഞ മാസം തൊഴിലാളി സംഘടനകളുമായി നടത്തിയ ചർച്ചയിൽ ബിഎംഎസ് കടുത്ത എതിർപ്പുയർത്തി. ഇപിഎഫ് എന്ന സാമൂഹിക സുരക്ഷാ പദ്ധതിയെ അട്ടിമറിക്കുന്നതാണ് എൻപിഎസ് ഓപ്ഷൻ എന്നാണ് തൊഴിലാളി സംഘടനകളുടെ വാദം. കുടുംബങ്ങൾക്കു സംരക്ഷണം നൽകുന്നത് ഇപിഎസും ഇപിഎഫുമാണ്. ഇതിനെ അപേക്ഷിച്ച് ദേശീയ പെൻഷൻ പദ്ധതി അനിശ്ചിതത്വം നിറഞ്ഞതാണ്. ഓഹരി വിപണിയിലെ ഏറ്റക്കുറച്ചിൽ അനുസരിച്ചാണ് എൻപിഎസിലെ വരുമാന വിഹിതം നിശ്ചയിക്കപ്പെടുന്നത്. ആദായനികുതി വരാനും സാധ്യതയുണ്ട്.

പെൻഷൻ പദ്ധതിയിലെ വരിക്കാരുടെ വിഹിതമെന്ന നിലയിൽമാത്രം 8063 കോടി രൂപ കേന്ദ്രം പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന് കുടിശ്ശികയുണ്ട്. മിനിമം പെൻഷൻ 1000 രൂപയായി വർധിപ്പിച്ച വകയിലുള്ളതാണ് ബാക്കിതുക. 2018-'19-ൽ 5483 കോടി രൂപയായിരുന്നു കേന്ദ്രസർക്കാരിന്റെ വിഹിതം. ഇത് നൽകിയില്ല. ഇ.പി.എഫ്.ഒ.യുടെ സമ്മർദമുണ്ടായപ്പോൾ നേരത്തേ നൽകാനുണ്ടായിരുന്ന കുടിശ്ശികയിൽ 3900 കോടി രൂപ കൈമാറി. മന്മോഹൻ സർക്കാർ 2005-'06 ലും 2012-'13-ലും തൊഴിലാളികളുടെ പെൻഷൻ വിഹിതം താമസിച്ചാണു നൽകിയത്. യു.പി.എ. സർക്കാർ അധികാരമൊഴിയുന്ന സമയത്ത് 2882 കോടി രൂപയായിരുന്നു കുടിശ്ശിക. ഇതാണിപ്പോൾ 9,115 കോടിയായത്.

ശമ്പളം എത്രയായാലും 2014-ലെ പി.എഫ്. നിയമ ഭേദഗതിയനുസരിച്ച് 15,000 രൂപ പരിധി കണക്കാക്കിയാണ് ഇപ്പോൾ എല്ലാവരും വിഹിതം നൽകേണ്ടത്. അതുപോലും കേന്ദ്രം നൽകുന്നില്ല. നിയമപ്രകാരമുള്ള പരിധി നോക്കാതെ യഥാർഥശമ്പളത്തിന്റെ അടിസ്ഥാനത്തിൽ പി.എഫിലേക്കും പെൻഷൻ പദ്ധതിയിലേക്കും വിഹിതമടച്ച് പെൻഷൻ പറ്റിയവർക്കും ഇപ്പോൾ അടച്ചുകൊണ്ടിരിക്കുന്നവർക്കും മുഴുവൻ ശമ്പളത്തിന്റെയടിസ്ഥാനത്തിൽ ഉയർന്ന പെൻഷന് അർഹതയുണ്ടെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 2014-ലെ പി.എഫ്. നിയമഭേദഗതി റദ്ദാക്കിക്കൊണ്ടായിരുന്നു അത്. സുപ്രീംകോടതി അതു ശരിവെച്ചു.

ഇതിനെതിരേ നൽകിയ റിവ്യൂ ഹർജി തൊഴിൽമന്ത്രാലയത്തിന്റെ പുതിയ ഹർജിയും സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഈ ഹർജികളിൽ ഉടൻ തന്നെ അന്തിമതീർപ്പ് ഉണ്ടാകുമെന്നാണു കരുതുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP