ഭീതിയുടെ വാക്കുകൾ തുടങ്ങിവെച്ചത് സ്ഥലം എംഎൽഎ പി സി ജോർജ്ജ്; അനേകം പേരെ മുൻകരുതലായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയപ്പോൾ അനുനിമിഷം വ്യാജ ഉരുൾപൊട്ടലുകൾ; കോട്ടയം ജില്ലയിലെ കിഴക്കൻ മലകളിലെ താമസക്കാൻ കടന്നു പോയത് ഭീതിയുടെ ദിനങ്ങളിലൂടെ; ഒടുവിൽ എല്ലാം ശരിയായെന്ന് കരുതി ആളുകൾ മടങ്ങുന്നു; പൂഞ്ഞാർ മുതൽ മുണ്ടക്കയം വരെയുള്ള സ്ഥലങ്ങളുടെ മലനിരകൾ എന്നും ഭീതിയുടെ നിഴലിൽ
August 15, 2019 | 07:23 AM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
ഈരാറ്റുപേട്ട: കനത്ത മഴയെ തുടർന്ന് വയനാട്ടിലും മലപ്പുറത്തും ഉരുൾപൊട്ടലുണ്ടായ സാഹചര്യത്തിൽ ഈരാറ്റുപേട്ട മേഖലയിലും ഉരുൾപൊട്ടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കഴിഞ്ഞ ദിവസം രംഗത്തുവന്നത് പൂഞ്ഞാർ എംഎൽഎ പി സി ജോർജ്ജ് ആയിരുന്നു. തീക്കോയി, തലനാട്, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ മേഖലയിൽ ഉരുൾ പൊട്ടൽ സാധ്യത ഉണ്ടെന്ന് പറഞ്ഞു വെച്ചത് എംഎൽഎ തന്നെയായിരുന്നു. എംഎൽഎയുടെ സന്ദേശം വന്നതോടെ ആളുകൾ ഭീതിയിലായി. ഇതോടെ അധികൃതർ ക്യാമ്പുകളും തുറന്നു. ഇതിന് പിന്നാലെയായി ഇപ്പോൾ വ്യാജ പ്രചരണങ്ങൽ കൊണ്ട് വശംകെട്ടിരിക്കയാണ് നാട്ടുകാർ.
മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതകൾ മുന്നിൽക്കണ്ടാണ് ജില്ലയുടെ കിഴക്കൻ മേഖലയിലെ 4 പഞ്ചായത്തുകളിലെ അപകട സാധ്യതാ മേഖലകളിൽ നിന്ന് ആളുകളെ ക്യാംപുകളിലേക്കു മാറ്റിയത്. തീക്കോയി, തലനാട്, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ പഞ്ചായത്തുകളിൽ ക്യാംപുകൾ തുറന്നു. പ്രാഥമിക കണക്ക് അനുസരിച്ച് 177 കുടുംബങ്ങളിൽ നിന്നായി 601 പേരാണ് ക്യാംപുകളിൽ രജിസ്റ്റർ ചെയ്തത്. ചൊവ്വാഴ്ച രാവിലെ മുതൽ മലയോര മേഖലകളിൽ ശക്തമായ മഴയാണ് ലഭിച്ചത്. ക്യാംപുകളിലേക്കു കഴിഞ്ഞ ദിവസം രാത്രി എത്തിയവർ രാവിലെ വീടുകളിലേക്ക് പോയെങ്കിലും പലരും വൈകിട്ട് തിരിച്ചെത്തി.
ഈരാറ്റുപേട്ട വാഗമൺ റോഡിൽ കാരിക്കാട് ടോപ്പിനു സമീപം ഉരുൾപൊട്ടിയ മേഖല ഇപ്പോഴും സുരക്ഷിതമല്ല. ഇവിടെ മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്നു പ്രദേശവാസികൾ പറയുന്നു. വാഗമൺ റോഡിൽ 4 സ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ മണ്ണിടിഞ്ഞു വീണത്. തീക്കോയി, തലനാട് എന്നിവിടങ്ങളിലെ പഞ്ചായത്ത് റോഡുകളിലും മണ്ണിടിഞ്ഞു വീണിരുന്നു. ഇവിടങ്ങളിലെ കൃഷി നാശത്തിന്റെ തോത് പൂർണമായും കണക്കാക്കിയിട്ടില്ല. തോട്ടങ്ങളിലും കൃഷിസ്ഥലങ്ങളിലും മണ്ണിടിഞ്ഞ് കിടപ്പുണ്ട്.
അടിവാരം, തലനാട്, തീക്കോയി ഭാഗങ്ങളിൽ ഉരുൾപൊട്ടലുണ്ടായി എന്ന വ്യാജ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പരക്കുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ വിവിധ സ്ഥലങ്ങളിൽ ഉരുൾപൊട്ടി എന്ന തരത്തിലുള്ള സന്ദേശങ്ങളാണ് വാട്സാപ് വഴി പരക്കുന്നത്. പ്രദേശത്ത് ബന്ധുക്കളുള്ള ആളുകൾ വിദേശത്ത് നിന്നുവരെ, സന്ദേശങ്ങൾ സത്യമെന്നു വിശ്വസിച്ച് ആശങ്കപ്പെടുന്ന സാഹചര്യവുമുണ്ടായി. 4 പഞ്ചായത്തുകളിലെ മുഴുവൻ ആളുകളെയും ഒഴിപ്പിക്കുന്നു എന്ന പ്രചാരണവുമുണ്ടായി. എന്നാൽ മലയിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളെ മാത്രമാണു മാറ്റിയതെനു പഞ്ചായത്ത്, റവന്യു അധികൃതർ വ്യക്തമാക്കി.
പി.സി.ജോർജ് എംഎൽഎയുടെ വോയ്സ് ക്ലിപ്പിനു വിശദീകരണം തേടി കലക്ടറെ വിളിച്ചെന്നുള്ള ശബ്ദസന്ദേശവും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പൂഞ്ഞാർ തെക്കേകര,തീക്കോയി, കൂട്ടിക്കൽ പഞ്ചായത്തുകളിലെ മലയോര മേഖലയിൽ താമസിക്കുന്ന മുഴുവൻ ആളുകളും ഓഗസ്റ്റ് 15 വരെയുള്ള രാത്രികാലങ്ങളിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി താമസിക്കണമെന്ന മുന്നറിയിപ്പാണ് പി.സി. ജോർജ് നൽകിയത്. ഇദ്ദേഹത്തിന്റെ ശബ്ദ സന്ദേശം വാട്സാപ്പിൽ കൂടി പ്രചരിക്കുന്നുമുണ്ട്. പ്രചരിക്കുന്ന ശബ്ദസന്ദേശം തന്റേത് തന്നെയെന്ന് പി.സി. ജോർജ് എംഎൽഎ മാതൃഭൂമി ഡോട്ട് കോമിനോട് സ്ഥിരീകരിക്കുകയും ചെയ്തിരുന്ു. അതേസമയം പരിഭ്രമിക്കേണ്ട സാഹചര്യമൊന്നുമില്ലെന്നും പ്രസ്തുത പ്രദേശങ്ങൾക്ക് മാത്രമായി പ്രത്യേക മുന്നറിയൊപ്പൊന്നും നൽകിയിട്ടില്ലെന്നുമാണ് കേരള സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി ഇതിൽ വ്യക്തമാക്കിയത്.
എംഎൽഎ പറഞ്ഞിട്ടുള്ള പ്രദേശങ്ങൾ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള മേഖലകളാണ്. മുമ്പ് ഇവിടെ അത്തരം സംഭവങ്ങൾ ഉണ്ടായിട്ടുമുണ്ട്. എന്നാൽ അദ്ദേഹം പറയുന്നതുപോലെ ഭീതിജനകമായ സാഹചര്യം അവിടെ ഇല്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
