Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇരവിപേരൂർ ഇമ്മനുവേൽ മാർത്തോമ്മ പള്ളി പൊളിച്ചുപണിയാനുള്ള വൈദിക നീക്കത്തിനെതിരെ വിശ്വാസികൾ നടത്തിയ നിയമപോരാട്ടത്തിന് ആദ്യ ജയം; 120 വർഷം മുൻപ് തച്ചു ശാസ്ത്ര പ്രകാരം നിർമ്മിച്ച ചരിത്ര സ്മാരകം പൊളിക്കാനുള്ള നീക്കത്തിന് ഹൈക്കോടതിയുടെ താൽകാലിക സ്‌റ്റേ; ഉടമസ്ഥാവകാശം സംബന്ധച്ച് കേസ് നിലനിൽക്കുന്നതിനിടെയുള്ള പൊളിക്കൽ നീക്കം തടയുമ്പോൾ പ്രതീക്ഷയോടെ സംരക്ഷണ സമിതി

ഇരവിപേരൂർ ഇമ്മനുവേൽ മാർത്തോമ്മ പള്ളി പൊളിച്ചുപണിയാനുള്ള വൈദിക നീക്കത്തിനെതിരെ വിശ്വാസികൾ നടത്തിയ നിയമപോരാട്ടത്തിന് ആദ്യ ജയം; 120 വർഷം മുൻപ് തച്ചു ശാസ്ത്ര പ്രകാരം നിർമ്മിച്ച ചരിത്ര സ്മാരകം പൊളിക്കാനുള്ള നീക്കത്തിന് ഹൈക്കോടതിയുടെ താൽകാലിക സ്‌റ്റേ; ഉടമസ്ഥാവകാശം സംബന്ധച്ച് കേസ് നിലനിൽക്കുന്നതിനിടെയുള്ള പൊളിക്കൽ നീക്കം തടയുമ്പോൾ പ്രതീക്ഷയോടെ സംരക്ഷണ സമിതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പത്തനംതിട്ട ജില്ലയിൽ ഇരവിപേരൂരിലെ പഴക്കമേറിയ ഇമ്മാനുവൽ മാർത്തോമ പള്ളി പൊളിച്ച് പുതിയത് പണിയുന്നത് ഹൈക്കോടതി തടഞ്ഞു. നൂറുകൊല്ലത്തിലധികം പഴക്കമുള്ള പള്ളിക്കെട്ടിടം പൗരാണികസ്മാരകമായി നിലനിർത്തണമെന്നാവശ്യപ്പെടുന്ന ഹർജിയിലാണ് ഈ ഇടക്കാല ഉത്തരവ്. ഈ വിഷയം ആദ്യമായി പുറം ലോകത്ത് എത്തിച്ചത് മറുനാടനായിരുന്നു.

120 വർഷം പഴക്കമുള്ള ഇരവിപേരൂർ ഇമ്മനുവേൽ മാർത്തോമ്മ പള്ളി പൊളിക്കുന്നതിനെതിരെ പ്രതിഷേധവുമായി വിശ്വാസികൾ രംഗത്ത് വന്നിരുന്നു. ഏറെ ചരിത്രപ്രാധാന്യമുള്ള ഇരവിപേരൂർ പള്ളി മാർത്തോമസമഭയുടെ അദ്യത്തെ ഓടുമേഞ്ഞ പള്ളിയാണ്. അതിലുപരി സഭയുടെ വലിയ മെത്രാപൊലീത്ത ആയ ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തെ മാമോദീസ മുക്കിയ പള്ളിയെന്ന പ്രത്യേകതയും ഇതിനുണ്ട്. കേരള ഏൻഷ്യന്റ് മോണമെന്റ്സ് ആൻഡ് ആർക്കിയോളജിക്കൽ സൈറ്റ്സ് ആൻഡ് റിമൈൻഡ് ആക്ട് 1968 പ്രകാരം പള്ളിക്കെട്ടിടം നിലനിർത്തണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് പരാതി നൽകിയെങ്കിലും വികാരി ഡാനിയേൽ വർഗീസും കൂട്ടരും പള്ളി പൊളിക്കാനുള്ള നീക്കവുമായി മുന്നോട്ടുപോകുന്നതായാണ് ആരോപണം. ഇതോടെയാണ് ഹൈക്കോടതിക്ക് മുമ്പിൽ കേസ് എത്തിയത്.

പുതുക്കിപ്പണിയാൻ റവന്യൂ അധികൃതർ നൽകിയ നിരാക്ഷേപപത്രമാണ് സ്റ്റേ ചെയ്തിട്ടുള്ളത്. ഇരവിപേരൂർ ഇമ്മാനുവൽ മാർത്തോമപള്ളി സംരക്ഷണസമിതിയാണ് പൗരാണികകെട്ടിടം പൊളിക്കുന്നതിനെതിരേ കോടതിയെ സമീപിച്ചത്. 121 കൊല്ലംമുമ്പ് പണിതതാണ് പള്ളിയെന്ന് ഹർജിക്കാർ പറയുന്നു. പുരാവസ്തുവകുപ്പ് നടത്തിയ പഠനത്തിൽ കെട്ടിടത്തിന് നൂറുകൊല്ലത്തിലധികം പഴക്കമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് പൗരാണികസ്മാരകമായി പ്രഖ്യാപിക്കുന്ന നടപടി വേഗം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ചരിത്രപ്രാധാന്യമുള്ളതും സംരക്ഷിത സ്മാരകമായി നിലനിർത്തേണ്ടതുമായ ഈ ദേവാലയം നിലനിർത്താൻ സർക്കാർ നേരിട്ട് ഇടപെട്ട് നിലനിർത്താനും നിയമത്തിൽ വ്യവസ്ഥയുണ്ട്. കഴിഞ്ഞ പത്തുവർഷത്തിനിടെ സംസ്ഥാനത്ത് സംരക്ഷിത സ്മാരകമായി നിലനിർത്തേണ്ട ഒട്ടേറെ ക്രൈസ്തവ ദേവാലയങ്ങൾ പൊളിച്ച് കോൺക്രീറ്റ് കെട്ടിടങ്ങൾ പണിയുന്നത് പതിവായിരിക്കുകയാണ്. ഇത്തരം നിർമ്മാണങ്ങളിലൂടെ ഒരു സംഘം വൈദികർക്കും അവരുടെ അനുയായികൾക്കും ലഭിക്കുന്ന ലക്ഷങ്ങളുടെ കമ്മീഷനാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിലെന്ന് ആരോപണമുണ്ട്. പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ കൈവശമില്ലാതെ അനധികൃതമായാണ് വൈദികർ കെട്ടിടനിർമ്മാണത്തിന് അനുമതി തേടാൻ ശ്രമിക്കുന്നതെന്നും ആരോപണം ഉയർന്നിരുന്നു.

വസ്തു ശങ്കരമംഗലത്തു കുടുംബത്തിൽപ്പെട്ടവരുടേതാണെന്നാണ് തണ്ടപ്പേരിൽ പറയുന്നത്. ശങ്കരമംഗലം കുടുംബക്കാർ പള്ളി പണിയുന്നതിനായി 120 വർഷം മുൻപ് ഇടവകയ്ക്കു നൽകിയ ഭൂമിയിലാണ് ഇപ്പോൾ അനധികൃത നിർമ്മാണത്തിന് ശ്രമിക്കുന്നത്. ഉടമസ്ഥാവകാശം സംബന്ധിച്ച് തിരുവല്ല മുൻസിഫ് കോടതിയിലും കേസ് നിലനിൽക്കുമ്പോഴാണ് ഇപ്പോഴത്തെ വികാരിയുടെ നേതൃത്വത്തിൽ പള്ളി പൊളിക്കാൻ ശ്രമം നടക്കുന്നത്. റോമൻ വാസ്തുശിൽപ മാതൃകയിൽ കുന്നിന്മുകളിൽ പണിത പള്ളി വാസ്തുശാസ്ത്രപരമായി ഏറെ പ്രത്യേകതകളുള്ളതാണ്. കേരള തച്ചുശാസ്ത്രവിധി പ്രകാരം നിർമ്മിച്ചതാണെന്ന് ഇതിന്റെ പല ഭാഗങ്ങളുമെന്ന് ആറന്മുള വാസ്തുവിദ്യാ പഠന കേന്ദ്രത്തിലെ വിദഗ്ദ്ധർ കണ്ടെത്തിയിട്ടുണ്ട്. വെട്ടുകല്ലിൽ കുമ്മായവും സുർക്കിയും ഉപയോഗിച്ച് നിർമ്മച്ച ഈ പള്ളിയുടെ ഭിത്തികൾ 120 വർഷം പിന്നിട്ടിട്ടും യാതൊരു കേടുപാടും കൂടാതെ നിലനിൽക്കുകയാണ്.

തടികൊണ്ടു നിർമ്മിച്ച മേൽക്കൂരയും ഉൾഭാഗത്തുള്ള മൂന്നു ബാൽക്കണികളും കേരളീയ തച്ചുശാസ്ത്രത്തിന്റെ പ്രതീകങ്ങളാണ്. അതുകൊണ്ടുതന്നെ പുരാവസ്തുവകുപ്പ് പള്ളി ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന നിർദ്ദേശവും വർഷങ്ങൾക്ക് മുൻപ്തന്നെ ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP