Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മതരഹിത സമൂഹത്തിൽ ജീവിക്കുമ്പോൾ നമ്മൾ ഒറ്റപ്പെട്ട് പോവില്ലേ? കുട്ടികൾക്ക് എന്ത് പേരിടും? നൂറുകൂട്ടം സംശയങ്ങൾക്ക് 'മതത്തിൽ നിന്ന് പുറത്തുവന്ന' മൂന്നുപേരുടെ ഉഗ്രൻ മറുപടികൾ; കുട്ടികളുടെ ഐക്യു വിലയിരുത്തുന്നത് തട്ടിപ്പെന്ന് ആദ്യ സെഷനിൽ ധന്യഭാസ്‌കരൻ; സ്വതന്ത്ര ചിന്തകരുടെ സംഗമമായ എസൻഷ്യ'19 ന് കൊച്ചിയിൽ പ്രൗഢോജ്വല തുടക്കം; പരിപാടിയിൽ വൻജനപങ്കാളിത്തം

മതരഹിത സമൂഹത്തിൽ ജീവിക്കുമ്പോൾ നമ്മൾ ഒറ്റപ്പെട്ട് പോവില്ലേ? കുട്ടികൾക്ക് എന്ത് പേരിടും? നൂറുകൂട്ടം സംശയങ്ങൾക്ക് 'മതത്തിൽ നിന്ന് പുറത്തുവന്ന' മൂന്നുപേരുടെ ഉഗ്രൻ മറുപടികൾ; കുട്ടികളുടെ ഐക്യു വിലയിരുത്തുന്നത് തട്ടിപ്പെന്ന് ആദ്യ സെഷനിൽ ധന്യഭാസ്‌കരൻ;  സ്വതന്ത്ര ചിന്തകരുടെ സംഗമമായ എസൻഷ്യ'19 ന് കൊച്ചിയിൽ പ്രൗഢോജ്വല തുടക്കം; പരിപാടിയിൽ വൻജനപങ്കാളിത്തം

സുവർണ പി.എസ്‌

കൊച്ചി: എസെൻഷ്യ'19 ന്റെ മൂന്നാമത് വാർഷികത്തിന് കൊച്ചിയിൽ തുടക്കമായി. കൊച്ചി ടൗൺ ഹാളിലാണ് പരിപാടികൾ അരങ്ങേറുന്നത്. സ്വതന്ത്ര ചിന്താ പ്രസ്ഥാനം നടത്തുന്ന പരിപാടിയായ എസെൻഷ്യയ്ക്ക് കേരളത്തിൽ മറ്റ് ഏത് പരിപാടിയേക്കാളും കൂടുതൽ സ്വീകാര്യതയാണ് ലഭിക്കുന്നത്. കേരളീയ സമൂഹത്തിൽ ശാസ്ത്ര അഭിരുചിയും, മാനവികതയും, സ്വതന്ത്ര ചിന്തയും വളർത്തുക എന്ന ലക്ഷ്യത്തോട് കൂടി തുടങ്ങിയ ഒരു കൂട്ടായ്മയാണ് എസെൻസ്. കേരളത്തിലും ഇന്ത്യയ്ക്ക് പുറത്തും എസെൻസിന് യൂണിറ്റുകൾ ഉണ്ട്. ആ എസെൻസിന്റെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ചുള്ള പരിപാടിയിൽ പങ്കെടുക്കാൻ നിരവധി ആളുകളാണ് കൊച്ചി ടൗൺ ഹാളിൽ എത്തിയിരിക്കുന്നത്. അവധി ദിവസം അല്ലാതിരുന്നിട്ട് കൂടിയും നല്ല തിരക്കാണ് പരിപാടിക്ക്. മുപ്പതിലധികം പ്രഭാഷകർ എത്തുന്ന പരിപാടിയിൽ പങ്കെടുക്കാൻ എണ്ണൂറിലധികം ആളുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ശാസ്ത്രവും, മാനവികതയും, സ്വതന്ത്രചിന്തയും ലക്ഷ്യം വെച്ചുള്ള പരിപാടികളാണ് ഇന്ന് ഇവിടെ നടക്കുന്നത്. കൂടാതെ മതത്തിൽ നിന്ന് പുറത്ത് വന്ന മൂന്ന് പേർ നടത്തുന്ന 'നിർമതം' എന്ന സംവാദവും ഉണ്ട്.

രാവിലെ 9 മണിക്ക് ആരംഭിച്ച പരിപാടിയിലെ ആദ്യ സെഷനിൽ ധന്യ ഭാസ്‌ക്കരൻ ഐക്യുവിനെ കുറിച്ചാണ് സംസാരിച്ചത്. 'ഐക്യൂ കണ്ടെത്തുക എന്നത് തട്ടിപ്പാണ്. ഐക്യൂവിന് അനുസരിച്ചല്ല കുട്ടികളുടെ പ്രവർത്തനം. ഓരോ കുട്ടികളും മൾട്ടിപ്പിൾ ജീനിയസുകളാണ്. ഐക്യൂവിന്റെ അടിസ്ഥാനത്തിൽ കുട്ടികളെ വിലയിരുത്താൻ കഴിയില്ല.' അമേരിക്കയിൽ ഐക്യൂ കുറവുള്ള രക്ഷിതാക്കളുടെ കുട്ടികളെ അബോർഷൻ ചെയ്യിപ്പിക്കുമായിരുന്നെന്നും ധന്യ കൂട്ടിച്ചേർത്തു. ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം കുട്ടികളുടെ സമഗ്ര വികസനത്തിന് അപര്യാപ്തമാണെന്നും അവർ നിരീക്ഷിച്ചു. ധന്യക്ക് ശേഷം പ്രശാന്ത് വേങ്ങര അടക്കമുള്ളവർ സംസാരിച്ചു.

അതേസമയം പരിപാടിയുടെ ശ്രദ്ധേയമായ ഭാഗം 'നിർമതം' എന്ന സെഷനാണ്. ജാമിദ ടീച്ചർ, അയൂബ് പി.എം, മുൻ ക്രൈസ്തവ പുരോഹിതനായ ശ്രീ മാണി പറമ്പത്ത് എന്നിവർ പങ്കെടുത്ത പരിപാടിയിൽ ഷിബു ഈരിക്കലായിരുന്നു മോഡറേറ്റർ. 'മതരഹിതമായ ഒരു ലോകം സാധ്യമാണോ' എന്നതായിരുന്നു സംവാദ വിഷയം. ഇന്ത്യ പോലുള്ള രാജ്യത്ത് പൗരത്വ ബില്ലിനെക്കുറിച്ചുള്ള ആശങ്കകൾ ഉയരുന്ന സമയത്ത്, പൂർണ്ണമായും ഒരു മത രാഷ്ട്രമാവാൻ കഴിയില്ല, അയൂബ് പറഞ്ഞു. കാരണം മതരാഷ്ട്രമാവണമെങ്കിൽ നമ്മൾ വർഷങ്ങളോളം പിന്നോട്ട് പോകണം. ആധുനിക സമൂഹത്തിന്റെയും സമ്പത്തിന്റെയും അഭിവൃദ്ധിയുടെയും എല്ലാം കാതൽ ജനാധിപത്യമാണ്. അതുകൊണ്ടെല്ലാം തന്നെ ഒരു രാഷ്ട്രവും മതരാഷ്ട്രമാവാൻ ആഗ്രഹിക്കുന്നില്ലെന്നും അയൂബ് വാദിച്ചു.

ചെറുപ്പത്തിലെ തന്നെ മുസ്ലിം കുട്ടികളുടെ ഇടയിലും, പിന്നീട് മദ്രസയിലും, ദറസിലുമെല്ലാമായി മതം അടിച്ചേൽപ്പിക്കുന്നതാണ് അതിങ്ങനെ പ്രചരിക്കാനുള്ള കാരണമെന്ന് ജാമിദ ടീച്ചർ പറഞ്ഞു. 'അടിച്ചേൽപ്പിക്കപ്പെടുന്ന മതത്തിൽ നിന്ന് അവർക്ക് മോചനം ഉണ്ടാവില്ല. യുക്തിയുടെയും ശാസ്ത്രബോധത്തിന്റെയും മേഖലകളെ അടിച്ച് ഒതുക്കി കളയുകയാണ് മതം ചെയ്യുന്നത്. ഇതിന് പരിഹാരമായി നമ്മൾ വീട്ടിൽ യുക്തിബോധവും ശാസ്ത്രബോധവും വളർത്താനുള്ള പരിശീലനം രക്ഷിതാക്കൾക്ക് കൊടുക്കുകയാണ് വേണ്ടത്. കുട്ടികളിലേക്ക് സ്വന്തം വിശ്വാസം അടിച്ചേൽപ്പിക്കുന്നതിന് പകരം കുട്ടികളെ ചിന്തിക്കാൻ പഠിപ്പിക്കുകയാണ് വേണ്ടത്. പുതിയ തലമുറ ഖുറാനൊന്നും കൊടുത്താൽ വായിക്കുകപോലുമില്ല. അവർക്ക് മതഗ്രന്ഥങ്ങളോടൊന്നും ആഭിമുഖ്യമില്ല. ഇത്തരം മതഗ്രന്ഥങ്ങളെക്കാൾ അവർക്ക് താൽപര്യം ഡോക്യുമെന്ററികളോ, സിനിമകളോ ആണെന്നാണ് ജാമിദ ടീച്ചറുടെ അഭിപ്രായം. കാലം മാറുമെന്നും ഇന്ത്യയും ഒരു മതരഹിത സമൂഹമാവുന്ന കാലം വിദൂരമല്ലെന്നുമാണ് ജാമിദ ടീച്ചറുടെ പ്രവചനം.

അതേസമയം ലോകത്ത് ഏറ്റവും കൂടുതൽ ക്രൂരതകൾ കാണിച്ചത് മതവും ദൈവവും തന്നെയാണെന്നാണ് മുൻ പുരോഹിതൻ മാണി പറമ്പത്ത് പറഞ്ഞത്. 'യൂറോപ്യൻ രാജ്യങ്ങളിലെല്ലാം ഉയർന്ന് വന്നിട്ടുള്ള മതരഹിത സമൂഹങ്ങൾ എന്ന് പറയുന്നത് ഈ ക്രൂരതകൾക്ക് എതിരായുള്ള ഒരു പ്രചാരണമായിരുന്നു. അവിടെയെല്ലാം സമൂഹങ്ങളിൽ മതത്തിന് യാതൊരു വിലയുമില്ല. അങ്ങനെ ഒന്ന് ഇന്ത്യയിൽ സാധ്യമാവാത്തത് ചെറുപ്പം മുതലുള്ള മതത്തിന്റെ ഒരു പിടികൊണ്ടാണ്. അതുകൊണ്ട് തന്നെ മതമാണ് സമൂഹത്തിലെ ഏറ്റവും വലിയ ക്രൂരത. ആ മതത്തിൽ നിന്ന് രക്ഷപ്പെടാനുള്ള സംവിധാനങ്ങൾ ചെറുപ്പം മുതലേ ശീലിക്കണം. ഇന്ത്യയിലെ മതേതരത്വം കപടമാണ്. ഇവിടെയുള്ളത് മതസൗഹാർദമാണ്. മതേതരത്വം എന്ന് പറഞ്ഞാൽ ഒരുമതത്തെയും രാഷ്ട്ര ശരീരത്തിലേക്ക് ഇടപെടാൻ സമ്മതിക്കാതിരിക്കുക എന്നതാണ്. എന്നാൽ ഇവിടെ നടക്കുന്നത് ഒരു സംഭവം ഉണ്ടായാൽ ഒരു പള്ളീലച്ചനും, മൗലവിയും, പൂജാരിയും ചേർന്ന് നിൽക്കുന്ന ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റിടും. ഇതൊരു വ്യാജസംഭവമാണ്. മതേതരത്വം എന്ന് പറഞ്ഞാൽ മതത്തിന് പരിഗണന കൊടുക്കാതെയിരിക്കുകയാണ്. നമ്മുടെ നാട്ടിൽ നടക്കുന്നത് മത സൗഹാർദമാണ്. അതുകൊണ്ടാണ് ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ മതത്തിന് ഇത്ര പ്രാധാന്യം ലഭിക്കുന്നതെന്നും മാണി പറമ്പത്ത് പറഞ്ഞു.

സംവാദശേഷം അംഗങ്ങളിമായി ഇന്റർആക്ടീവ് സെഷനുമുണ്ടായിരുന്നു. മതരഹിത സമൂഹത്തിൽ ജീവിക്കുമ്പോൾ നമ്മൾ ഒറ്റപ്പെട്ട് പോവില്ലേ? കുട്ടികൾക്ക് എന്ത് പേരിടും എന്നെല്ലാമായിരുന്നു ഒട്ടുമിക്കവരുടെയും സംശയം. എന്ത് പേരിടും എന്നതിൽ പ്രാധാന്യം ഒന്നുമില്ലെന്നും നമ്മുടെ ചിന്താഗതി മാറുക എന്നതാണ് പ്രധാനമെന്നാണ് പാനലിലുള്ളവരുടെമറുപടി.

'നിർമതം' സെഷ്‌ന ശേഷം ഉച്ചയ്ക്ക് 3 മണി മുതൽ എസെൻസ് മാസ്റ്റർമൈന്റ് ക്വിസ് 19 മത്സരത്തിന്റെ ഫൈനൽ നടക്കും. മേഖലാ മത്സരങ്ങളിലെ വിജയികൾ പങ്കെടുക്കുന്ന ഈ ഫൈനലിൽ വിജയികൾക്ക് സമ്മാനങ്ങളുമുണ്ട്. ഇതിന് ശേഷം രാത്രി 8 വരെ പ്രഭാഷണപരിപാടികൾ തുടരും. രാത്രി 8 മുതൽ ന്യൂ ഈയർ ആഘോഷങ്ങളും ആരംഭിക്കും..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP