Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എത്യോപ്യയിൽ സൈനികമേധാവിയെ അംഗരക്ഷകൻ വെടിവച്ചുകൊന്നു; പ്രവിശ്യാത്തലവനുൾപ്പടെ മരിച്ചത് നാലുപേർ; ആക്രമണം അംഹാര മേഖലയിലെ ഭരണം അട്ടിമറിക്കാൻ സൈന്യം നടത്തിയ നീക്കത്തിനിടെ; രാജ്യത്ത് വീണ്ടും വംശീയസംഘർഷം; അംഹാര ഗവർണർ അംബാച്ച്യൂ മെക്കൊണനും ഉപദേഷ്ടാവും കൊല്ലപ്പെട്ടു

എത്യോപ്യയിൽ സൈനികമേധാവിയെ അംഗരക്ഷകൻ വെടിവച്ചുകൊന്നു; പ്രവിശ്യാത്തലവനുൾപ്പടെ മരിച്ചത് നാലുപേർ; ആക്രമണം അംഹാര മേഖലയിലെ ഭരണം അട്ടിമറിക്കാൻ സൈന്യം നടത്തിയ നീക്കത്തിനിടെ; രാജ്യത്ത് വീണ്ടും വംശീയസംഘർഷം; അംഹാര ഗവർണർ അംബാച്ച്യൂ മെക്കൊണനും ഉപദേഷ്ടാവും കൊല്ലപ്പെട്ടു

മറുനാടൻ ഡെസ്‌ക്‌

ആഡിസ് അബാബ: എത്യോപ്യൻ സൈനിക മേധാവി ജനറൽ സിറേ മെക്കൊണനെ അംഗരക്ഷകൻ വെടിവച്ചുകൊന്നു. തലസ്ഥാനമായ ആഡിസ് അബാബയിലെ അംഹാര മേഖലയിലെ ഭരണം അട്ടിമറിക്കുന്നതിന് സൈന്യം നടത്തിയ നീക്കം തടയുന്നതിനിടെയാണ് മെക്കൊണനെ അംഗരക്ഷകൻ വെടിവച്ചുകൊന്നത്.

എത്യോപ്യയിൽ സൈനികമേധാവിയും പ്രവിശ്യാത്തലവനുമുൾപ്പെടെ നാലുപേരാണ് വെടിയേറ്റുമരിച്ചത് സൈന്യത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് ജനറൽ സിയർ മെക്കോനെന്നും വടക്കൻ പ്രവിശ്യയായ അംഹാരയുടെ പ്രസിഡന്റ് ആംബച്യൂ മെക്കോനെന്നുമാണ് ശനിയാഴ്ച രണ്ടു വ്യത്യസ്തസംഭവങ്ങളിലായി കൊല്ലപ്പെട്ടത്.

ശനിയാഴ്ച വൈകീട്ട് തന്റെ വസതിയിൽവെച്ച് അംഗരക്ഷകന്റെ വെടിയേറ്റാണ് ജനറൽ സിയർ കൊല്ലപ്പെട്ടതെന്ന് പ്രധാനമന്ത്രി ആബി അഹമ്മദ് വ്യക്തമാക്കി. സിയറിനെ സന്ദർശിക്കാനെത്തിയ റിട്ട. ജനറൽ ജെസായി അബേരയും കൊല്ലപ്പെട്ടു. വെടിയുതിർത്ത അംഗരക്ഷകനെ കസ്റ്റഡിയിലെടുത്തതായും പ്രധാനമന്ത്രി അറിയിച്ചു.

ശനിയാഴ്ച നടന്ന മറ്റൊരാക്രമണത്തിൽ അംഹാര ഗവർണർ അംബാച്ച്യൂ മെക്കൊണനും അദ്ദേഹത്തിന്റെ ഉപദേഷ്ടാവും കൊല്ലപ്പെട്ടു. അംഹാരമേഖലയിലെ അട്ടിമറിശ്രമം ഭരണഘടനാവിരുദ്ധമാണെന്നും മേഖലയിലെ സമാധാനം സംരക്ഷിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 2018 ഏപ്രിലിൽ അബി അഹമ്മദ് അധികാരത്തിലെത്തിയതുമുതൽ എത്യോപ്യയിൽ ആഭ്യന്തരകലാപവും സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളും രൂക്ഷമായിരുന്നു. ഏതാനുംവർഷമായി അംഹാരമേഖലയിൽ വംശീയസംഘർഷം രൂക്ഷമാണ്.

അംഹാര പ്രവിശ്യാതലസ്ഥാനത്ത് ഉന്നതതലയോഗത്തിനിടെയുണ്ടായ വെടിവെപ്പിലാണ് ആംബച്യൂ മെക്കോനെന്നും അദ്ദേഹത്തിന്റെ മുതിർന്ന ഉപദേശകൻ എസെസ് വാസിയും കൊല്ലപ്പെട്ടത്. അറ്റോർണി ജനറലിന് പരിക്കേറ്റു. അംഹാര പ്രവിശ്യയുടെ സുരക്ഷാമേധാവി ബ്രിഗേഡിയർ ജനറൽ അസാമിന്യൂ സീജിന്റെ നേതൃത്വത്തിൽനടന്ന അട്ടിമറിശ്രമത്തിനിടെയാണ് ഇരുവരും കൊല്ലപ്പെട്ടതെന്ന് സർക്കാർ വക്താവ് ബിലെൻ സെയോം പറഞ്ഞു.

അട്ടിമറിശ്രമം നടത്തിയവരിൽ ഒട്ടേറെപ്പേരെ അറസ്റ്റുചെയ്തിട്ടുണ്ടെന്നും മറ്റുള്ളവരെ കസ്റ്റഡിയിലെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. എന്നാൽ, സീജിനെ അറസ്റ്റുചെയ്തിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല. സൈനികമേധാവിയുടെയും പ്രവിശ്യാ പ്രസിഡന്റിന്റെയും കൊലപാതകങ്ങൾ തമ്മിൽ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ആബി അഹമ്മദിന്റെ ഭരണപരിഷ്‌കാരങ്ങളിൽ രാജവ്യാപകമായി പ്രക്ഷോഭം നടന്നുവരുന്നതിനിടെയാണ് ശനിയാഴ്ച രണ്ട് പ്രധാനവ്യക്തികൾ വെടിയേറ്റ് കൊല്ലപ്പെടുന്നത്. 2018-ൽ ആബി അഹമ്മദ് അധികാരത്തിലേറിയതിനുപിന്നാലെ രാഷ്ട്രീയ അടിച്ചമർത്തൽ അവസാനിപ്പിക്കാനും രാഷ്ട്രീയത്തടവുകാരെ വിട്ടയക്കാനും രാഷ്ട്രീയപ്പാർട്ടികൾക്കുണ്ടായിരുന്ന വിലക്ക് റദ്ദാക്കാനുമുള്ള നടപടികൾ സ്വീകരിച്ചിരുന്നു. മനുഷ്യാവകാശലംഘനം ആരോപിക്കപ്പെട്ട ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കുകയുംചെയ്തു. അന്താരാഷ്ട്രതലത്തിൽ ഈ നീക്കങ്ങൾ കൈയടിനേടിയെങ്കിലും നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയതോടെ രാജ്യത്ത് വീണ്ടും വംശീയസംഘർഷം തലപൊക്കിത്തുടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP