Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കത്തി കുത്തി കോപ്പിയടിക്കുന്നത് പഴയ കാലം; ഇന്ന് അദ്ധ്യാപകരും ജീവനക്കാരും വിദ്യാർത്ഥി നേതാക്കളും ഭായി ഭായി...; ചോദ്യം കിട്ടിയാൽ ഉത്തരക്കടലാസുമായി കുട്ടി സഖാക്കൾ പുറത്തു പോകും; വൃത്തിയും വെടിപ്പുമായി ഉത്തരമെഴുതി തിരികെ നൽകും! നേതാക്കളും അടുപ്പക്കാരും പരീക്ഷയിൽ 'ഉന്നത വിജയം' നേടുന്നത് കുറുക്ക് വഴിയിലൂടെ; കത്തികൂത്ത് കേസിലെ പ്രതിയുടെ വീട്ടിലെ ഉത്തരക്കടലാസുകൾ പുറത്തു കൊണ്ടു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; യൂണിവേഴ്‌സിറ്റി കോളേജിലെ വിവാദത്തിൽ ഇനി നടക്കുക തട്ടിപ്പ് അന്വേഷണം

കത്തി കുത്തി കോപ്പിയടിക്കുന്നത് പഴയ കാലം; ഇന്ന് അദ്ധ്യാപകരും ജീവനക്കാരും വിദ്യാർത്ഥി നേതാക്കളും ഭായി ഭായി...; ചോദ്യം കിട്ടിയാൽ ഉത്തരക്കടലാസുമായി കുട്ടി സഖാക്കൾ പുറത്തു പോകും; വൃത്തിയും വെടിപ്പുമായി ഉത്തരമെഴുതി തിരികെ നൽകും! നേതാക്കളും അടുപ്പക്കാരും പരീക്ഷയിൽ 'ഉന്നത വിജയം' നേടുന്നത് കുറുക്ക് വഴിയിലൂടെ; കത്തികൂത്ത് കേസിലെ പ്രതിയുടെ വീട്ടിലെ ഉത്തരക്കടലാസുകൾ പുറത്തു കൊണ്ടു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; യൂണിവേഴ്‌സിറ്റി കോളേജിലെ വിവാദത്തിൽ ഇനി നടക്കുക തട്ടിപ്പ് അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കത്തി മേശപ്പുറത്ത് കുത്തി പരീക്ഷ എഴുതുന്ന വിദ്യാർത്ഥി നേതാക്കളുടെ ചരിത്രം കേരളത്തിനും പറയാനുണ്ട്. യൂണിവേഴ്‌സിറ്റി കോളേജിലും അതിന് തൊട്ടടുത്തുള്ള സംസ്‌കൃത കോളേജിലും ഇത് സർവ്വ സാധാരണമായിരുന്നു ഒരു കാലത്ത്. കേരളാ യൂണിവേഴ്‌സിറ്റിയെ നയിക്കാൻ വിളനിലം എത്തിയപ്പോൾ അത് ചർച്ചയാവുകയും ചെയ്തു. വിളനിലം അതിശക്തമായ നടപടികളെടുത്തു. ഇതോടെ താൽകാലി വിരമം എല്ലാത്തിനും വന്നു. എന്നാൽ പുതിയ കാലത്ത് പുതിയ രൂപത്തിൽ അത് വീണ്ടും അവതരിപ്പിക്കുന്നു. വിളനിലത്തിന്റെ ഇച്ഛാശക്തിയും കെ കരുണാകനെ പോലൊരു മുഖ്യമന്ത്രിയുടെ കാർക്കശ്യവും ഇല്ലാതാക്കിയതാണ് വീണ്ടും സജീവ ചർച്ചയാകുന്നത്. യൂണിവേഴ്‌സിറ്റി കോളജിൽ വിദ്യാർത്ഥി നേതാക്കളും അവരുടെ അടുപ്പക്കാരും പരീക്ഷയിൽ 'ഉന്നത വിജയം' നേടുന്നത് കുറുക്ക് വഴിയിലൂടെയാണ്.

അതിനിടെ കേരള സർവകലാശാലയിൽ ഉത്തരകടലാസുകളുടെ വിതരണവും ഏകോപനവും തൃപ്തികരമല്ലെന്ന് ഓഡിറ്റ് റിപ്പോർട്ട് ചർച്ചയാവുകയാണ്. ഉത്തരകടലാസ് സെന്ററുകളിൽനിന്ന് തിരികെ ലഭിക്കുന്നില്ലെന്നും അവശേഷിക്കുന്നവയുടെ എണ്ണം സംബന്ധിച്ച് സർവകലാശാലയ്ക്ക് കൃത്യതയില്ലെന്നും കേരള സർവകലാശാലയുടെ 2017-18 ഓഡിറ്റ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. യൂണിവേഴ്‌സിറ്റി കോളേജിൽ മാത്രമല്ല പലയിടത്തും തട്ടിപ്പ് നടക്കുന്നുവെന്നതിന്റെ സൂചനയാണ്. തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി കോളേജും സംസ്‌കൃത കോളേജും ആർട്‌സ് കോളേജും സംശയ നിഴലിലാണ്. യൂണിവേഴ്‌സിറ്റി കോളജിൽ വിദ്യാർത്ഥി നേതാക്കളും അവരുടെ അടുപ്പക്കാരും പരീക്ഷയിൽ 'ഉന്നത വിജയം' നേടുന്നത് അദ്ധ്യാപകരുടേയും ജീവനക്കാരുടേയും സഹായത്തോടെയാണെന്ന ആരോപണങ്ങൾ സാധൂകരിക്കുന്നതാണ് സർവകലാശാലയുടെ റിപ്പോർട്ട്.

പണ്ട് പരീക്ഷയിൽ കോപ്പിയടിക്കാൻ പരീക്ഷാ ഹോളിലെ മേശപ്പുറത്ത് നേതാക്കൾക്ക് കുത്തി നിർത്തേണ്ടി വന്നു. എന്നാൽ ഇന്ന് എല്ലാം നടക്കുന്നത് അദ്ധ്യാപകരുടെയും ജീവനക്കാരുടെയും സഹായത്തോടെ. ഇടത് സംഘടനാ നേതാക്കളാണ് കുട്ടി സഖാക്കളെ ഉന്നത വിജയത്തിന് സഹായിക്കുന്നത്. ഈ സാഹചര്യത്തിലാണ് ആരോപണങ്ങൾ പരിശോധിക്കാൻ കേരള സർവകലാശാല ആലോചിക്കുന്നുത്. പരീക്ഷാ നടത്തിപ്പിന് സർവകലാശാല നൽകിയ നിർദ്ദേശങ്ങളൊന്നും യൂണിവേഴ്‌സിറ്റി കോളജ് അധികൃതർ പാലിച്ചിരുന്നില്ലെന്നും ആക്ഷേപമുണ്ട്. ഉത്തരക്കടലാസുകൾ പരീക്ഷയ്ക്കു മുൻപ് ജീവനക്കാർ ചോർത്തി നൽകുമെന്നാണു പ്രധാന ആരോപണം. ഇതെല്ലാം അന്വേഷിക്കാനാണ് തീരുമാനം. എന്നാൽ വിവാദങ്ങൾ തുടരുമ്പോൾ അന്വേഷണം പ്രഹസനമാകും. അദ്ധ്യാപകർക്കിടയിൽ ഇടത് സംഘടനകൾക്കുള്ള സ്വാധീനമാണ് ഇതിന് കാരണം.

വിദ്യാർത്ഥിയെ കുത്തിയ കേസിലെ ഒന്നാം പ്രതിയും എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റുമായ ആർ.ശിവരഞ്ജിത്തിന്റെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ കേരള സർവകലാശാലയുടെ പരീക്ഷ എഴുതാനുള്ള പേപ്പറുകളും കേരള യൂണിവേഴ്‌സിറ്റി ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടറുടെ സീലും കണ്ടെത്തിയിരുന്നു. ക്ലാസിൽ വരാത്ത എസ്എഫ്‌ഐ നേതാക്കളും പാർട്ടിക്കു വേണ്ടപ്പെട്ടവരും സർവകലാശാല പരീക്ഷയിൽ വിജയം നേടുന്നത് ചില അദ്ധ്യാപകരുടെയും ജീവനക്കാരുടെയും സഹായത്തോടെയാണെന്നു വിദ്യാർത്ഥികൾ ആരോപിക്കുന്നു. പരീക്ഷ സർവകലാശാല നടത്തുമ്പോൾ വിതരണം ചെയ്യുന്ന പേപ്പറിൽ പ്രത്യേക കോഡ് രേഖപ്പെടുത്തിയിരിക്കും.

ഉദാഹരണത്തിന്, സി എന്ന കോഡ് രേഖപ്പെടുത്തിയ പേപ്പറാണ് പരീക്ഷയ്ക്ക് വിതരണം ചെയ്യേണ്ടതെങ്കിൽ കോളജ് ജീവനക്കാരിൽ വിദ്യാർത്ഥി നേതാക്കളോട് അടുപ്പമുള്ളവർ വിവരം കൈമാറും. പേപ്പർ ചോർത്തിക്കൊടുക്കും. ശിവരഞ്ജിത്തിന്റെ വീട്ടിൽ കണ്ടെത്തിയ പേപ്പർ ഓഫിസിൽനിന്ന് എടുത്തു നൽകിയത് ജീവനക്കാരാണെന്ന് വ്യക്തമാണ്. ഹാളിലുള്ളത് ഇടതു സംഘടനയിൽ സജീവമായ അദ്ധ്യാപകരാണെങ്കിൽ കോളടിച്ചു. പേപ്പർ പുറത്തുകൊണ്ടുപോയി എഴുതി തിരികെയെത്തിക്കാൻ അനുവദിക്കുന്നതായും ആക്ഷേപമുണ്ട്. പരീക്ഷയെഴുതാനറിയാത്തവർക്ക് പകരക്കാർ പരീക്ഷയെഴുതി നൽകും. കയ്യക്ഷരവും സീരിയൽ നമ്പറും പരിശോധിച്ചാൽ തട്ടിപ്പ് വ്യക്തമാകും. കേരള സർവകലാശാല ഈ രീതിയിലുള്ള പരിശോധനയ്ക്കാണു തയ്യാറെടുക്കുന്നത്.

പരീക്ഷ എഴുതുന്നവരുടെ ഡെസ്‌കിൽ നമ്പർ രേഖപ്പെടുത്തണമെന്നും ഇതിന്റെ രജിസ്റ്റർ സൂക്ഷിണമെന്നുമുള്ള സർവകലാശാലയുടെ നിർദ്ദേശവും യൂണിവേഴ്‌സിറ്റി കോളജ് അധികൃതർ പാലിക്കാറില്ല. വിദ്യാർത്ഥി നേതാക്കൾക്ക് ഇഷ്ടമുള്ള സ്ഥലത്തിരുന്ന് പരീക്ഷ എഴുതാം. പരീക്ഷ കഴിഞ്ഞാൽ അന്നു തന്നെ ഉത്തരക്കടലാസുകൾ സീൽ ചെയ്ത് സർവകലാശാലയിൽ എത്തിക്കണമെന്ന നിർദ്ദേശവും പാലിക്കാറില്ല. ജീവനക്കാർ ചോർത്തി നൽകുന്ന പരീക്ഷാ പേപ്പറുകൾ പുറത്തെത്തിച്ച് എഴുതി തിരികെവയ്ക്കും. അതിന് ശേഷമേ പേപ്പർ സർവ്വകലാശാലയിൽ എത്തൂ.

വീഴ്ച ചൂണ്ടിക്കാട്ടി ഓഡിറ്റ് വിഭാഗവും

കേരള സർവകലാശാലയുടെ എക്‌സാം സ്റ്റോറിൽനിന്ന് വിവിധ പരീക്ഷകളുടെ ആവശ്യത്തിനായി സെന്ററുകളിൽ വിതരണം ചെയ്യുന്ന ഉത്തരകടലാസുകളിൽ അവശേഷിക്കുന്നവ തിരികെ ലഭിക്കുന്നില്ലെന്നാണ് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നത്. വിനിയോഗിച്ച ഉത്തരകടലാസുകളുടെ എണ്ണമോ അവശേഷിക്കുന്നവയുടെ എണ്ണമോ സംബന്ധിച്ച് കൃത്യമായ കണക്കുകൾ സർവകലാശാലയിലില്ല.

അവസാന പരീക്ഷാദിവസം ഉത്തരകടലാസുകൾ സർവകലാശാലയ്ക്ക് തിരികെ നൽകണമെന്നാണ് ചട്ടം. എന്നാൽ ഒരു നടപടിയും സർവകലാശാല സ്വീകരിക്കുന്നില്ല. വിതരണം ചെയ്ത ഉത്തരകടലാസുകളുടെ എണ്ണം സ്റ്റോറിൽ ലഭ്യമാണ്. എന്നാൽ പരീക്ഷ കഴിഞ്ഞശേഷം അവശേഷിക്കുന്നവയുടെ എണ്ണത്തിൽ വ്യക്തത ഇല്ല. അവശേഷിക്കുന്ന ഉത്തര കടലാസുകളുടെ എണ്ണം ഉറപ്പാക്കാതെ പരീക്ഷാ ചോദ്യ പേപ്പറുകൾക്കൊപ്പം ഉത്തരകടലാസുകൾ വിതരണം ചെയ്യുന്ന അവസ്ഥയാണുള്ളത്. 2017-18 സാമ്പത്തിക വർഷം പരീക്ഷാ സെന്ററുകളുടെ എണ്ണം 284 ആയിരുന്നു.

എന്നാൽ ഉത്തരകടലാസുകൾ എത്ര ഉപയോഗിച്ചു എന്നുള്ള സാക്ഷ്യപത്രം 167 സെന്ററിൽനിന്ന് മാത്രമേ ലഭിച്ചിട്ടുള്ളൂ. സ്വാശ്രയ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള പരീക്ഷാ സെന്ററുകളിൽ ഉത്തരകടലാസ് കെട്ടികിടക്കുന്നത് ഗുരുതര വീഴ്ചയാണ്. ഉത്തരകടലാസ് വിതരണം കംപ്യൂട്ടർവൽക്കരിക്കാൻ സർവകലാശാല തയാറായിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP