Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

തിരുമേനി ചോദിച്ചപ്പോൾ തന്നെ സർക്കാർ കനിഞ്ഞു നൽകി; 5000 ലിറ്റർ വൈൻ ഉൽപ്പാദിപ്പിക്കുന്നത് എറണാകുളം രൂപതയിൽ മാത്രം; മറ്റ് രൂപതകളും അതേവഴിയിൽ: മദ്യനിരോധനത്തിന്റെ വക്താക്കൾ മദ്യം നിർമ്മിക്കുന്നത് ഇങ്ങനെ

തിരുമേനി ചോദിച്ചപ്പോൾ തന്നെ സർക്കാർ കനിഞ്ഞു നൽകി; 5000 ലിറ്റർ വൈൻ ഉൽപ്പാദിപ്പിക്കുന്നത് എറണാകുളം രൂപതയിൽ മാത്രം; മറ്റ് രൂപതകളും അതേവഴിയിൽ: മദ്യനിരോധനത്തിന്റെ വക്താക്കൾ മദ്യം നിർമ്മിക്കുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ബാർലൈസൻസ് വിവാദം മുറുകി നിന്ന അവസരത്തിലാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കേരളത്തിലെ ക്രിസ്ത്യൻ പള്ളികളിൽ ആരാധനയ്ക്കായി ഉപയോഗിക്കുന്ന വീഞ്ഞിന്റെ ഉൽപ്പാദനവും നിർത്തണമെന്ന അഭിപ്രായം രേഖപ്പെടുത്തി രംഗത്തെത്തിയത്. കത്തോലിക്കാ സഭ വിശ്വാസത്തിന്റെ പേരിൽ ഉപയോഗിക്കുന്ന വൈനിന്റെ വിവരം പുറത്തുവിടണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെടുകയുണ്ടായി. ഇതോടെയാണ് മദ്യനിരോധനത്തിനായി ആവശ്യപ്പെടുന്ന കത്തോലിക്കാ സഭയും സ്വന്തമായി വൈൻ ഉൽപ്പാദിപ്പിക്കുന്നുണ്ടെന്ന കാര്യം കേരളത്തിലെ നല്ലൊരു ശതമാനത്തിനും അറിവുണ്ടായത്. ഇതോടെ ആരാധനയ്ക്കായി വൈൻ ഉപയോഗിക്കേണ്ട പകരം കരിക്കിൻ വെള്ളമാകാം എന്നു പറഞ്ഞ് വിധത്തിൽ ഒരു വിഭാഗം വിശ്വാസികളും രംഗത്തെത്തി. ഇപ്പോഴിതാ കത്തോലിക്കാ സഭയുടെ വീഞ്ഞുൽപ്പാദനം വീണ്ടും മാദ്ധ്യമ വാർത്തകളിൽ നിറയുന്നു.

വിശ്വാസികളുടെ എണ്ണം കൂടയതിനാലും ആവശ്യക്കാർ ഏറിയതിനാലും വൈൻ ഉൽപ്പാദനം കൂട്ടുന്നതിനുള്ള അനുമതി തരണമെന്ന് കഴിഞ്ഞ ദിവസം സീറോ മലബാർ സഭ ആവശ്യപ്പെടുകയുണ്ടായി. ഈ ആവശ്യമുന്നയിച്ച് എക്‌സൈസ് വകുപ്പിന് സഭ കത്തുനൽകി. വിശ്വാസികളുടെ എണ്ണം കൂടിയെന്നും ആവശ്യക്കാരേറിയെന്നും വ്യക്തമാക്കി കദിനാൾ തന്നെയാണു കത്തു നൽകിയത്. കർദിനാൾ മാർ ജോർജ് ആലഞ്ചേരി നൽകിയ കത്തായതു കൊണ്ട് തന്നെ സർക്കാർ ഇക്കാര്യത്തിൽ ഉടനടി നടപടിയും സ്വീകരിച്ചു. അപേക്ഷ സ്വീകരിച്ച് ഉടൻ തന്നെ വൈൻ ഉൽപ്പാദിപ്പിക്കാനുള്ള അനുമതിയാണ് എക്‌സൈസ് വകുപ്പ് നൽകിയത്.

സഭയുടെ നിയന്ത്രണത്തിൽ തൃക്കാക്കരയിലാണു വൈൻ ഉത്പാദിപ്പിക്കുന്നത്. കഴിഞ്ഞ വർഷം 1600 ലിറ്ററിനുള്ള അനുമതിയായിരുന്നു നൽകിയിരുന്നത്. ഇത് 5000 ലിറ്ററാക്കി കൂട്ടണമെന്നാണ് സഭയുടെ ആവശ്യപ്പെട്ടത്. വിശ്വാസികളുടെ എണ്ണം ഏറിയെന്നും ആവശ്യം കൂടിയെന്നും അതിനാൽ കൂടുതൽ വൈൻ ഉൽപാദിപ്പിക്കാൻ അനുമതി നൽകണമെന്നുമാണ് കത്തിൽ പറഞ്ഞത്. എന്തായാലും അപേക്ഷ പരിഗണിച്ച് അനുമതി നൽകിയെങ്കിലും ഇതിൽ ചില വസ്തുതകൾ ഒളിഞ്ഞു കിടക്കുന്നുണ്ട്. സീറോ മലബാർ സഭയിലെ എറണാകുളം രൂപത മാത്രമാണ് ഇപ്പോൾ വീഞ്ഞു ഉൾപ്പാദിപ്പിക്കാനുള്ള അനുമതി തേടിയത്. 5000 ലിറ്റർ വൈൻ ഉൽപാദിപ്പിക്കാമെന്ന് അനുമതിയും സർക്കാർ നൽകി. എറണാകുളം രൂപയുടെ വഴിയേ മറ്റ് രൂപതകളും വൈൻ ഉൽപ്പാദനം വർധിപ്പിക്കാൻ അനുമതി തേടുന്നതോടെ സംസ്ഥാനത്ത് കത്തോലിക്കാ സഭ ഉൽപ്പാദിപ്പിക്കുന്ന വൈനിന്റെ അളവ് വളരെ വലുതായിരിക്കും.

സഭയ്ക്ക് വൈൻ ഉൽപ്പാദിപ്പിക്കാനുള്ള ലൈസൻസ് പ്രകാരമാണെങ്കിൽ കേരളത്തിൽ കത്തോലിക്കാ സഭ ഉൽപാദിപ്പിക്കുന്ന വൈൻ ഒരു ലക്ഷം ലിറ്ററിന് തന്നെ അടുത്തുവന്നേക്കും. ചുരുക്കത്തിൽ പറഞ്ഞാൽ ഒരു പ്രമുഖ വൈൻ കമ്പനി ഉൽപ്പാദിപ്പിക്കുന്ന വൈനിന്റേതിന് സമാനമായ മദ്യം കത്തോലിക്കാ സഭ ഉൽപ്പാദിപ്പിക്കുണ്ടെന്ന് വ്യക്തം. കുർബാനയ്ക്ക് ഉപയോഗിക്കുന്ന വീഞ്ഞ് നിർമ്മിക്കാൻ കേരളത്തിലെ കത്തോലിക്ക സഭയ്ക്ക് 23 ലൈസൻസുകളാണ് ഉള്ളത്. ഇതിൽ മെത്രാന്മാരുടെ പേരിലാണ് 22 ലൈസൻസും. ഒരു ലൈസൻസ് കന്യാസ്ത്രീയുടെ പേരിലും. കർമലീത്ത സന്ന്യാസിസഭ സുപ്പീരിയർ ജനറലിന്റെ പേരിലാണ് ഈ ലൈസൻസ്. ഇക്കാര്യം നേരത്തെ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു.

അബ്കാരി നിയമത്തിലെ കൊച്ചിൻ മാസ് വൈൻ റൂൾസ് പ്രകാരമാണ് കേരളത്തിൽ െ്രെകസ്തവ സഭകൾ 23 അബ്കാരി ലൈസൻസുകൾ കൈവശം വച്ചിരിക്കുന്നത്. വിശുദ്ധകുർബാനയ്ക്ക് വൈനുണ്ടാക്കാൻ വേണ്ടിയാണ് വിവിധ രൂപതകൾ അബ്കാരി ലൈസൻസെടുക്കുന്നത്. സഭകൾക്ക് ഏറ്റവുമധികം ലൈസൻസുകളുള്ളത് എറണാകുളത്താണ്. എട്ട് ലൈസൻസാണ് സഭയ്ക്ക് ഈ ജില്ലയിലുള്ളത്. കോട്ടയത്ത് നാലെണ്ണമുണ്ട്. കോഴിക്കോട്, തൃശൂർ ജില്ലകളിൽ രണ്ടു വീതമാണ് ലൈസൻസ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓരോ ലൈസൻസ് വീതവും സഭകൾക്കുണ്ട്.

റോമൻ കത്തോലിക്കാ സഭയിലെ ബിഷപ്പ്, മറ്റ് സഭകളിലെ ആർച്ച് ബിഷപ്പ് ഉൾപ്പടെയുള്ള ബിഷപ്പുമാർ, കർമലീത്ത സന്യാസിനി സമൂഹത്തിലെ പ്രിയോർ ജനറൽ, കപ്പൂച്ചിൻ സഭയിലെ മേജർ സുപ്പീരിയർ എന്നിവർക്കാണ് വൈൻ ലൈസൻസിന് അപേക്ഷിക്കാവുന്നത്. വർഷാവർഷം അതത് ജില്ലകളിലെ എക്‌സൈസ് കമ്മീഷണർമാർ അപേക്ഷ വാങ്ങി ലൈസൻസ് പുതുക്കുകയാണ് പതിവ്.

വൈൻ വാറ്റുന്നത് എവിടെ വച്ചാണെന്നും എത്രയളവ് നിർമ്മിക്കുന്നുവെന്നും കാണിച്ച് തുച്ഛമായ തുക ഫീസായി അടച്ചാൽ മാത്രം മതിയെന്നാണ സർക്കാറിന്റെ വ്യവസ്ഥ നിയമപ്രകാരം നിർമ്മിക്കുന്ന സ്ഥലത്ത് തന്നെയാകണം ഉപയോഗവും. ഉണക്കമുന്തിരി ഉപയോഗിച്ച് മാത്രമേ വൈൻ ഉണ്ടാക്കാവൂ. നിർമ്മാണ വേളയിലോ അതിനുശേഷമോ പഞ്ചസാരയോ പുളിപ്പിക്കുന്നതിനായി മറ്റ് വസ്തുക്കളോ ഉപയോഗിക്കാൻ പാടില്ല തുടങ്ങിവ ചട്ടങ്ങൾക്ക് അനുസൃതമായാണ് ലൈസൻസ് നൽകുന്നത്. നിർമ്മാണം പരിശോധിക്കാൻ എക്‌സൈസിന് അധികാരമുണ്ടെങ്കിലും വോട്ട്ബാങ്കിനെ പിണക്കാൻ താൽപ്പര്യമില്ലാത്തതിനാൽ മിക്കപ്പോഴും ആരും തന്നെ ഇതിന് മെനക്കെടാറില്ല.

രൂപതകളുടെ കീഴിലെ പള്ളികളുടെ എണ്ണത്തിന്റെ ആനുപാതികമായി മാത്രമാണ് സഭയുടെ വൈൻ ഉൽപ്പാദനം എന്നാണ് പൊതുവിൽ പറയുന്നത്. കുർബാനയ്ക്കുള്ള ആവശ്യങ്ങൾക്ക് മാത്രമാണ് വൈൻ ഉപയോഗിക്കുന്നതെന്നും സഭ വ്യക്തമാക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ പരിശോധനകൾ നടക്കാത്തതുകൊണ്ട് വ്യക്തമായ വിവരം അറിയാനും സാധിക്കാറില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP