Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫേസ്‌ബുക്ക് ലൈവിന്റെപേരിൽ നടന്ന അറസ്റ്റിനെതിരെ പ്രതിഷേധം വ്യാപകമായപ്പോൾ കൈകെഴുകി അധികൃതർ; പ്രശ്‌നം വളഷാക്കിയതിന്റെ ഉത്തരവാദിത്തം ചില ഓൺലൈൻ മാധ്യമങ്ങൾക്ക്; ഷൈജു ഡോക്ടർക്കെതിരെ അസഭ്യവർഷം നടത്തുകയും കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തു; അറസ്റ്റിന് കാരണം ഫേസ്‌ബുക്ക് ലൈവല്ല; ആശുപത്രിയിൽ പൊതുപെരുമാറ്റച്ചട്ടം നടപ്പിലാക്കുമെന്നും രോഗീ സൗഹൃദമാക്കുമെന്നും കൊയിലാണ്ടി നഗരസഭാ ചെയർമാൻ

ഫേസ്‌ബുക്ക് ലൈവിന്റെപേരിൽ നടന്ന അറസ്റ്റിനെതിരെ പ്രതിഷേധം വ്യാപകമായപ്പോൾ കൈകെഴുകി അധികൃതർ; പ്രശ്‌നം വളഷാക്കിയതിന്റെ ഉത്തരവാദിത്തം ചില ഓൺലൈൻ മാധ്യമങ്ങൾക്ക്; ഷൈജു ഡോക്ടർക്കെതിരെ അസഭ്യവർഷം നടത്തുകയും കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തു; അറസ്റ്റിന് കാരണം ഫേസ്‌ബുക്ക് ലൈവല്ല; ആശുപത്രിയിൽ പൊതുപെരുമാറ്റച്ചട്ടം നടപ്പിലാക്കുമെന്നും രോഗീ സൗഹൃദമാക്കുമെന്നും കൊയിലാണ്ടി നഗരസഭാ ചെയർമാൻ

കെ വി നിരഞ്ജൻ

കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ വിഷയം നാട്ടിലാകെ ചർച്ച ചെയ്യപ്പെടുകയാണ്. പനി ബാധിച്ച ഏഴുവയസ്സുകാരനായ മകനുമായി ആശുപത്രിയിലെത്തിയ ഉള്ളിയേരി സ്വദേശി ഷൈജു ഡോക്ടർക്കും ആശുപത്രി അധികൃതർക്കുമെതിരെ ഫേസ് ബുക്ക് ലൈവിടുകയായിരുന്നു. സംഭവത്തിൽ ഷൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് പ്രതിഷേധങ്ങൾ ശക്തമായത്. തിരക്കുള്ളപ്പോൾ ആശുപത്രി അധികൃതർ വരി ലംഘിച്ച് ചില സ്വന്തക്കാരെ അകത്തേക്ക് കടത്താൻ ശ്രമിച്ചത് താൻ ചോദ്യം ചെയ്യുകയും ലൈവിടുകയുമായിരുന്നുവെന്നാണ് ഷൈജു പറയുന്നത്. എന്നാൽ സംഭവത്തിൽ കുറ്റം മുഴുവൻ ഷൈജുവിന്റെയും ഓൺലൈൻ മാധ്യമങ്ങളുടെയും തലയിൽ ചാരി ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയും നഗരസഭ ചെയർമാനും രംഗത്തുവന്നു.

പ്രശ്‌നം വഷളാക്കിയതിന്റെ ഉത്തരവാദിത്തം ചില ഓൺലൈൻ മാധ്യമങ്ങൾക്കാണെന്ന് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി വ്യക്തമാക്കി. ഡോക്ടർക്കെതിരെ നടത്തിയ ആരോപണം വാസ്തവ വിരുദ്ധമാണ്. സത്യാവസ്ഥ മനസ്സിലാക്കാതെ മാധ്യമങ്ങൾ പ്രത്യേകിച്ച് ഓൺലൈൻ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തു. ഹോസ്പിറ്റൽ മാനേജ്‌മെന്റിന്റെ ഭാഗം കേൾക്കാൻ താത്പര്യം കാട്ടിയില്ലെന്നും ഇവർ കുറ്റപ്പെടുത്തി. ഫേസ്‌ബുക്ക് ലൈവ് ചെയ്തതാണ് ഉള്ളിയേരി സ്വദേശി ഷൈജു അറസ്റ്റു ചെയ്യപ്പെടാൻ കാരണമായതെന്നാണ് മാധ്യമങ്ങളിൽ വാർത്ത വന്നത്. എന്നാൽ ഇത് തെറ്റാണ്. ഡോക്ടറുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്ന പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൽ തുടരെ തുടരെ ഡോക്ടർക്കെതിരെ അസഭ്യവർഷം നടത്തുകയായിരുന്നുവെന്ന് മാനേജ്‌മെന്റ് വിശദീകരിച്ചു.

വിഷയം ചർച്ചയായ സാഹചര്യത്തിൽ ആശുപത്രിയിൽ പൊതുപെരുമാറ്റച്ചട്ടം നടപ്പിലാക്കുമെന്നും രോഗീ സൗഹൃദമാക്കുമെന്നും കൊയിലാണ്ടി നഗരസഭ ചെയർമാൻ കെ സത്യൻ പറഞ്ഞു. കാഷ്വാലിറ്റിയിൽ ഒരു ഡോക്ടറെ കൂടി നിയമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  ഡോക്ടർക്കെതിരെ വലിയ ആക്രണമാണ് നടക്കുന്നത്. ഇതിൽ പ്രതിഷേധിക്കുന്നു. ആശുപത്രിക്കെതിരെ ഓൺലൈൻ മാധ്യമങ്ങൾ സൈബർ ആക്രണമാണ് നടത്തിയത്. സത്യാവസ്ഥ മനസ്സിലാക്കാതെയായിരുന്നു പലരും വാർത്ത നൽകിയത്. സംഭവ ദിവസം ഞായറാഴ്ചയായതുകൊണ്ട് പനി ക്ലിനിക്കിൽ ഡോക്ടർ ഉണ്ടായിരുന്നില്ല. ഇരുന്നൂറ്റമ്പതോളം രോഗികൾ ആശുപത്രിയിലുണ്ടായിരുന്നു. അപ്പോഴാണ് ആറു മണിയോടെ ഷൈജു പനി ബാധിച്ച മകനുമായെത്തിയത്. കാഷ്വാലിറ്റിയിൽ അതി ഗുരുതരങ്ങളായ കേസുകളാണ് ആദ്യം പരിഗണിക്കുക.

അപകടങ്ങളിൽ പെട്ടവരും ഗുരുതരമായ രോഗമുള്ളവരും നിരവധി പേരുണ്ടായിരുന്നു. റേപ്പ് ഉൾപ്പെടെ വിവിധ കേസുകളിൽ പെട്ടവരുമായി പൊലീസുകാരും വന്നു. ഷൈജുവിന്റെ മകന് അത്രത്തോളം ഗുരുതരമായ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ സ്വാഭാവികമായും ഒന്നര മണിക്കൂറോളം ക്യൂ നിന്നാലെ ഡോക്ടറെ കാണാൻ പറ്റുമായിരുന്നുള്ളു. എന്നാൽ കാത്തു നിൽക്കാൻ കഴിയാതെ ഷൈജു ബഹളം ഉണ്ടാക്കുകയായിരുന്നു. പിന്നീടിയാൾ ഡോക്ടറെ അസഭ്യം പറയാനും ജോലി തടസ്സപ്പെടുത്താനും തുടങ്ങി. ഇരുപത് മിനുട്ടോളമാണ് ഇയാൾ ഡോക്ടറെ അസഭ്യം പറഞ്ഞത്. ഡോക്ടറെ മാനസികമായി തളർത്തുന്ന രീതിയിലായിരുന്നു ഷൈജുവിന്റെ പെരുമാറ്റം.

അത്യാഹിത വിഭാഗത്തിലും ഒ പിയിലുമൊക്കെ രോഗികളുടെ വലിയ തള്ളിക്കയറ്റമാണ്. അതനുസരിച്ച് ജീവനക്കാർ ഇല്ലാത്തതും പ്രശ്‌നമാണ്. കാര്യങ്ങൾ മനസ്സിലാക്കാതെയായിരുന്നു ഷൈജുവിന്റെ നടപടി. അത്യാഹിത വിഭാഗം അടിയന്തിര ചികിത്സ വേണ്ടവർക്ക് മാത്രമുള്ളതാണെന്നും നിസ്സാര രോഗമുള്ളവർ പോലും ഇവിടെ എത്താറുണ്ടെന്നും ഇതിന് പരിഹാരം കാണുമെന്നും ചെയർമാൻ വ്യക്തമാക്കി.

എന്നാൽ ആശുപത്രി അധികൃതരുടെ അനീതിക്കെതിരെ ഫേസ് ബുക്ക് ലൈവിട്ടതിന്റെ പ്രതികാര നടപടിയെന്നോണമാണ് അറസ്റ്റ് ചെയ്‌തെന്നാണ് ജാമ്യത്തിലിറങ്ങിയ ഷൈജു പറയുന്നത്. തിരക്കുള്ളപ്പോൾ ആശുപത്രി അധികൃതർ വരി ലംഘിച്ച് ചില സ്വന്തക്കാരെ അകത്തേക്ക് കടത്താൻ ശ്രമിച്ചു. ഇത് ചോദ്യം ചെയ്ത് താൻ ലൈവിടുകയായിരുന്നുവെന്നാണ് ഷൈജു പറയുന്നത്. സംഭവം നടന്ന് അഞ്ച് ദിവസം കഴിഞ്ഞാണ് വനിതാ ഡോക്ടറുടെ പരാതിയിൽ തന്നെ അറസ്റ്റു ചെയ്യുന്നത്. തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ തന്നെ അന്നു തന്നെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്നും ഇത് ഗൂഢാലോചനയുടെ ഭാഗമാണഎന്നും ഷൈജു പറയുന്നു.

ഷൈജുവിന്റെ കുടുംബം മനുഷ്യാവകാശ കമ്മീഷനും ജില്ലാ കലക്ടർക്കും ഉൾപ്പെടെ പരാതി നൽകിയിട്ടുണ്ട്. വനിതാ ഡോക്ടറുടെ പരാതിക്കൊപ്പം പൊലീസ് രാഷ്ട്രീയ താത്പര്യത്തോടെ പ്രവർത്തിച്ചുവെന്നാണ് ഷൈജുവിന്റെ കുടുംബത്തിന്റെ ആരോപണം. സംസാരിച്ച് തീർക്കാവുന്ന വിഷയമാണ് അറസ്റ്റിലേക്ക് വരെ എത്തിച്ചത്. അത് ചിലരുടെ ഇടപെടൽ കാരണമാണ്. ഇക്കാര്യം സമഗ്രമായി അന്വേഷിക്കണമെന്നും കുടുംബം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP