Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാല് വർഷമായി ഫേസ്‌ബുക്കിലെ സുരക്ഷാ പിഴവുകൾ ചൂണ്ടിക്കാട്ടിയപ്പോൾ സ്വപ്ന ജോലി നൽകി സുക്കർബർഗ് ആദരിച്ച നീരജ് ഗോപാൽ പറയുന്നു; പരിശ്രമിച്ചാൽ എന്തും നേടാം, ഫേസ്‌ബുക്ക് ഒരു കുട്ടിക്കളിയല്ല; പ്രോഡക്ട് സെക്യൂരിറ്റി അസ്സസ്‌മെന്റ്‌സ് ആൻഡ് അനാലിസിസ് വിഭാഗത്തിലെ സെക്യൂരിറ്റി അനലിസ്റ്റ് ഫോർ വൈറ്റ് ഹാറ്റ് പദവിയിൽ നീരജ് എത്തുമ്പോൾ അഭിമാനത്തോടെ വടകരക്കാർ

നാല് വർഷമായി ഫേസ്‌ബുക്കിലെ സുരക്ഷാ പിഴവുകൾ ചൂണ്ടിക്കാട്ടിയപ്പോൾ സ്വപ്ന ജോലി നൽകി സുക്കർബർഗ് ആദരിച്ച നീരജ് ഗോപാൽ പറയുന്നു; പരിശ്രമിച്ചാൽ എന്തും നേടാം, ഫേസ്‌ബുക്ക് ഒരു കുട്ടിക്കളിയല്ല; പ്രോഡക്ട് സെക്യൂരിറ്റി അസ്സസ്‌മെന്റ്‌സ് ആൻഡ് അനാലിസിസ് വിഭാഗത്തിലെ സെക്യൂരിറ്റി അനലിസ്റ്റ് ഫോർ വൈറ്റ് ഹാറ്റ് പദവിയിൽ നീരജ് എത്തുമ്പോൾ അഭിമാനത്തോടെ വടകരക്കാർ

മറുനാടൻ ഡെസ്‌ക്‌

വടകര: ഫേസ്‌ബുക്ക് ഇന്നത്തെ യുവത്വത്തിന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. ഈ ഇഷ്ടമേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർ നിരവധിയുണ്ട്. ആ സ്വപ്‌ന ജോലിയിലേക്കാണ് ഒരു മലയാളി യുവാവ് ചുവടുവെച്ചത്. വടകര മണിയൂർ സ്വദേശിയായ യുവ എൻജിനീയർ നീരജ് ഗോപാലിന് ഫേസ്‌ബുക്ക് ജോലി വെച്ചു നീട്ടിയത് നിരന്തരമായി ഫേസ്‌ബുക്കിലെ സുരക്ഷാ പിഴവുകൾ ചൂണ്ടിക്കാണിച്ചതിനാണ്. ഫേസ്‌ബുക്ക് ലണ്ടനിൽ പ്രോഡക്ട് സെക്യൂരിറ്റി അസ്സസ്‌മെന്റ്‌സ് ആൻഡ് അനാലിസിസ് വിഭാഗത്തിൽ സെക്യൂരിറ്റി അനലിസ്റ്റ് ഫോർ വൈറ്റ് ഹാറ്റ് എന്ന പദവിയിലാണ് നീരജിന് നിയമനം ലഭിച്ചത്.

ജൂൺ 10നാണ് ജോലിയിൽ പ്രവേശിച്ചത്. ലോകമാകമാനമുള്ള മനുഷ്യരെ കണ്ണിചേർക്കുന്ന പ്രസ്ഥാനത്തിന്റെ ഭാഗമായതിൽ അഭിമാനമുണ്ടെന്ന് നീരജ് ഗോപാൽ പറയുന്നു. കഴിഞ്ഞ നാല് വർഷമായി സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ഫേസ്‌ബുക്കിന്റെ ഗുരുതര സെക്യൂരിറ്റി പിഴവുകൾ കണ്ടത്തെി റിപ്പോർട്ട് ചെയ്തിരുന്നുവെന്ന് നീരജ് പറഞ്ഞു. തുടർന്നാണ് ഇന്റർവ്യൂ നടക്കുന്നതും ജോലി ലഭിക്കുന്നതും. നാളിതുവരെ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട പഠനങ്ങളൊന്നും നടത്തിയിട്ടില്ല. ഗൂഗിളിൽ സേർച്ച് ചെയ്തും ഫേസ്‌ബുക്കിന്റെ സെക്യൂരിറ്റി പിഴവുകളെക്കുറിച്ചുള്ള ബ്‌ളോഗുകൾ പഠിക്കുന്നതും പതിവാക്കിയിരുന്നു.

10ാം ക്ലാസിൽ ഐ.ടി വിഷയത്തിൽ നല്ല മാർക്കുണ്ടായിരുന്നു. അതിന് ശേഷമാണ് വീട്ടിൽ കമ്പ്യൂട്ടർ വാങ്ങിത്തരുന്നത്. തുടക്കത്തിൽ എല്ലാവരെയും പോലെ കമ്പ്യൂട്ടർ ഗെയിമിലായിരുന്നു കമ്പം. പ്ലസ് ടു പൂർത്തിയാക്കിയ ശേഷം ഐ.ടിയിൽ ഡിപ്‌ളോമ കോഴ്‌സ് ചെയ്തു. പിന്നീട്, ക്യാമ്പസ് സെലക്ഷൻ വഴി ബംഗളൂരുവിൽ വിപ്രോയിൽ ജോലി ലഭിച്ചു. ജോലിക്ക് ഒപ്പം സിസ്റ്റംസ് എൻജിനീയറിങ്ങിൽ എം.എസ് ചെയ്തു. ആ സമയത്താണ് ഫേസ്‌ബുക്കിന്റെ ബഗ്ഗ് ഹണ്ടിങ് ആരംഭിക്കുന്നത്.

2016 മുതൽ 2019 വരെയുള്ള വർഷങ്ങളിൽ ഫേസ്‌ബുക് ഹാൾ ഓഫ് ഫെയിമിൽ ഇടം നേടി. കണ്ടുപിടിക്കുന്ന സെക്യൂരിറ്റി പിഴവ് എത്രത്തോളം ഗൗരവം ഏറിയതാണെന്നതും റിപ്പോർട്ടിന്റെ ക്വാളിറ്റിയെയും അടിസ്ഥാനപ്പെടുത്തിയാണ് ഫേസ്‌ബുക്കിന്റെ ഹാൾ ഓഫ് ഫെയിം റാങ്കിങ് നടത്തുന്നത്. എല്ലാ വർഷങ്ങളിലും ഹാൾ ഓഫ് ഫെയിമിൽ റാങ്കിംഗിൽ ആദ്യ 15 -ൽ ഇടം പിടിക്കാൻ നീരജിന് കഴിഞ്ഞു. തന്നെ സംബന്ധിച്ചിടത്തളം ഇതൊരു സ്വപ്ന ജോലിയാണെന്നാണ് നീരജ് പറയുന്നത്. ഗവേഷകർ കണ്ടുപിടിക്കുന്ന പിഴവുകളുടെ ഗൗരവവും റിപ്പോർട്ടിന്റെ ഉള്ളടക്കവും കണക്കിലെടുത്താണ് ഫേസ്‌ബുക്കിന്റെ ഹാൾ ഓഫ് ഫെയിം റാങ്കിങ്. ബഗ് ഹണ്ടിങ്ങിലൂടെ ഇതുവരെ 35000 ഡോളറിലധികം (25 ലക്ഷത്തിലേറെ രൂപ) നീരജിന് പ്രതിഫലമായി ലഭിച്ചിട്ടുമുണ്ട്.

എല്ലാ വർഷങ്ങളിലും റാങ്കിങ്ങിൽ മുൻപന്തിയിൽ വന്നതിനാൽ ഫേസ്‌ബുക് അവരുടെ എല്ലാ ലൈവ് ഹാക്കിങ് ഇവന്റ്സുകൾക്കും പ്രൈവറ്റ് ബഗ്ഗ് ബൗണ്ട്ടി മീറ്റിംഗുകൾക്കും നീരജിനെ സ്പോണ്സർഷിപ്പോടു കൂടി ക്ഷണിക്കാറുണ്ടായിരുന്നു. അങ്ങനെ 2018 ,2019 ഇൽ ലണ്ടനിലും സിങ്കപ്പൂർലും നടന്ന ഇവൻസുകളിൽ പങ്കെടുത്തു. 2019 ഇൽ ആണ് ഇന്റർവ്യൂ ക്ഷണം ലഭിക്കുന്നതും 5 റൗണ്ട്സുകൾ ഉള്ള ഇന്റർവ്യൂ ക്ലിയർ ചെയ്യുന്നതും. വിപ്രോയിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ആയിരുന്ന നീരജ് വെബ് അപ്ലിക്കേഷൻ സെക്യൂരിറ്റിയിലെ അനന്തത സാധ്യതകൾ മനസ്സിലാക്കി എത്തിക്കൽ ഹാക്കിങ് ഗൂഗ്ലിങ്ങിലൂടെയും റിസേർച്ചിങ്ങിലൂടെയും സ്വയം പഠിച്ചെടുക്കുകയായിരുന്നു. താൻ കണ്ടെത്തിയ ബഗ്ഗുകളിൽ ചിലതിനെകുറിച് നീരജ് ബ്ലോഗും എഴുതിയിട്ടുണ്ട്.

തന്റെ നേട്ടങ്ങൾക്കെല്ലാം കാരണം അച്ഛനാണ്. അധ്വാനിക്കാനുള്ള മനസുണ്ടെങ്കിൽ നേടിയെടുക്കാൻ കഴിയാത്ത ഒന്നുമില്ലെന്ന്' നീരജ് പറയുന്നു. തുറശ്ശേരിക്കടവ് സ്വദേശി പി കെ ഗോപാലൻ മാസ്റ്ററുടേയും നിർമ്മല ടീച്ചറുടേയും മകനാണ് നീരജ്. മുതുവന യു പി സ്‌കൂൾ, മണിയൂർ ഹൈസകൂൾ, സംസ്‌കൃതം ഹയർ സെക്കണ്ടറി സ്‌കൂൾ, എന്നിവടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം എൻ ടി ടി എഫ് ബാംഗ്ലൂർ സെന്ററിൽ പ്രവേശനം ലഭിക്കുകയായിരിന്നു. ഇൻഫർമേഷൻ ടെക്നോളജിലായിരുന്നു തുടർ പഠനം . ആയുർവേദ ഡോക്ടറായ അഞ്ജുഷയാണ് ഭാര്യ. ലസ്ന, ചിത്ര എന്നിവർ സഹോദരിമാരാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP