Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചില സിനിമകളിൽ സെറ്റിടാൻ സഹായിയായി പ്രവർത്തിച്ചത് അവസരമാക്കി; സിനിമാക്കാരുടെ ഉറ്റചങ്ങാതിയെന്ന് പറഞ്ഞ് യുവാക്കളെ ആകർഷിച്ചു; അഭിനയിക്കാൻ അവസരം പ്രതീക്ഷിച്ച് കള്ളനോട്ട് അടിക്കാനും കടത്താനും സഹായികളായി ചുള്ളന്മാരും; ബംഗളൂരുവിൽ കള്ളനോട്ടടിച്ച് കേരളത്തിൽ വിതരണം ചെയ്യുന്ന സംഘത്തലവൻ സാബു വിതരണം ചെയ്തത് ഒരു കോടിയിലേറെ രൂപയുടെ കള്ളനോട്ടുകൾ

ചില സിനിമകളിൽ സെറ്റിടാൻ സഹായിയായി പ്രവർത്തിച്ചത് അവസരമാക്കി;  സിനിമാക്കാരുടെ ഉറ്റചങ്ങാതിയെന്ന് പറഞ്ഞ് യുവാക്കളെ ആകർഷിച്ചു;  അഭിനയിക്കാൻ അവസരം പ്രതീക്ഷിച്ച് കള്ളനോട്ട് അടിക്കാനും കടത്താനും സഹായികളായി ചുള്ളന്മാരും; ബംഗളൂരുവിൽ കള്ളനോട്ടടിച്ച് കേരളത്തിൽ വിതരണം ചെയ്യുന്ന സംഘത്തലവൻ സാബു വിതരണം ചെയ്തത് ഒരു കോടിയിലേറെ രൂപയുടെ കള്ളനോട്ടുകൾ

കോഴിക്കോട്: സിനിമാ മേഖലയുമായുള്ള നേരിയ ബന്ധത്തിന്റെ മറവിലാണ് കഴിഞ്ഞ ദിവസം പിടിയിലായ പറയരുക്കണ്ടി സാബു കള്ള നോട്ടുകൾ വിതരണം ചെയ്തിരുന്നത്. സിനിമയിൽ അഭിനയിക്കാൻ അവസരം തരാമെന്ന് പറഞ്ഞാണ് യുവാക്കളെ ഇയാൾ ആകർഷിച്ചിരുന്നത്. ചില സിനിമകളിൽ സെറ്റിടാൻ സഹായിയായി ഇയാൾ പ്രവർത്തിച്ചിട്ടുണ്ട്. ബംഗളൂരുവിൽ വീട് വാടകയ്ക്കെടുത്ത് കള്ളനോട്ടടിച്ച് കേരളത്തിൽ വിതരണം ചെയ്യുന്ന സംഘം കഴിഞ്ഞ ദിവസം കൊടുവള്ളിയിൽ പൊലീസിന്റെ പിടിയിലായിരുന്നു.

ഈ സംഘത്തിൽപ്പെട്ടയാളാണ് പൂനൂർ പെരിങ്ങളം വയൽ സ്വദേശി സാബു. ആശാരി പണിക്കാരനാണ് ഇയാൾ. ചില സിനിമകളിൽ സെറ്റിടാൻ സഹായിയായി ഇയാൾ പ്രവർത്തിച്ചിട്ടുണ്ട്. ഈ ബന്ധം ഉപയോഗിച്ചാണ് യുവാക്കളെ കള്ളനോട്ട് വലയിൽ ഇയാൾ വീഴ്‌ത്തിയിരുന്നത്. സിനിമയിൽ അഭിനയിക്കാൻ അവസരം ഒരുക്കിത്തരാമെന്നാണ് ഇയാൾ യുവാക്കൾക്ക് വാഗ്ദാനം നൽകിയിരുന്നത്. ഇങ്ങനെയാണ് കോഴിക്കോട് സ്വദേശികളായ അശ്വിൻ, സനൽ, അസ്ലം എന്നിവർ ഇയാളുടെ വലയിൽ വീഴുന്നത്.

ആദ്യം കോഴിക്കോട് സ്വദേശികളായ മൂന്ന് പേരിൽ നിന്നും ഒരു ലക്ഷം രൂപ സാബു കടമായി വാങ്ങിച്ചു. പിന്നീട് രണ്ട് ലക്ഷം രൂപ അവർക്ക് സാബു തിരിച്ചു നൽകുകയും ചെയ്തിരുന്നു. പണം സൂക്ഷിക്കണമെന്നും പിന്നീട് വാങ്ങിക്കാമെന്നുമായിരുന്നു സാബു അവരോട് പറഞ്ഞിരുന്നത്. സിനിമയുടെ ആവശ്യത്തിനുള്ളതാണ് പണം എന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. അടുത്ത ഏതെങ്കിലും സിനിമയിൽ ചാൻസ് ഒരുക്കിത്തരാമെന്നുക്കൂടി പറഞ്ഞതോടെ മൂന്ന് പേരും പണം സൂക്ഷിക്കാൻ തയ്യാറായി. എന്നാൽ ഇവർ ഈ കള്ളപ്പണം എവിടേയും ചെലവഴിച്ചിട്ടില്ലെന്നാണ് പൊലീസിനോട് പറഞ്ഞിട്ടുള്ളത്.

വട്ടോളി പറമ്പിലെ ഒരു പെട്രോൾ പമ്പിൽ കള്ളനോട്ട് നൽകുന്നതിനിടയിലാണ് സാബു പിടിയിലാവുന്നത്. സംശയം തോന്നിയ പെട്രോൾ പമ്പ് ജീവനക്കാർ ഇയാളെ തടഞ്ഞുവെച്ച് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സാബുവിനെ ചോദ്യം ചെയ്തതോടെയാണ് കള്ളനോട്ട് സംഘം പൊലീസിന്റെ പിടിയിലാവുന്നത്. താൻ പണം സൂക്ഷിക്കാൻ നൽകിയ മൂന്ന് പേരുടെ വിവരങ്ങൾ സാബു പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് മൂന്ന് പേരേയും കൊടുവള്ളി സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പിന്നീട് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

സാബുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണം ബാംഗളൂരുവിലാണ് ചെന്നവസാനിച്ചത്. ഹൊസൂരിനടുത്തുള്ള ചന്താപുര രാംസാഗരയിലുള്ള വാടക വീട് കേന്ദ്രീകരിച്ച് കള്ളനോട്ട് അടിക്കുന്ന സംഘം പൊലീസിന്റെ പിടിയിലായി. കള്ള നോട്ടടിക്കാൻ നേതൃത്വം നൽകിയിരുന്ന പൂഞ്ഞാർ സ്വദേശികളായ ജോസഫ്, വിപിൻ, കാഞ്ഞങ്ങാട് സ്വദേശി ഷിഹാബ് എന്നിവരേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് 31.40 ലക്ഷം രൂപയുടെ കള്ളനോട്ടുകളും പൊലീസ് പിടിച്ചെടുത്തിരുന്നു. 19.40 ലക്ഷം രൂപ വരുന്ന 2000 ത്തിന്റെ നോട്ടുകളും 12 ലക്ഷം രൂപയുടെ 500ന്റെ കള്ള നോട്ടുകളുമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഒരു പുറം മാത്രം നോട്ടടിച്ച 700 പേപ്പറുകളും ഇവരിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു. ആറ് പ്രിന്റർ, രണ്ട് ലാപ്ടോപ്പ്, സ്‌കാനർ, മഷി, കളർ കാട്രിഡിജ് എന്നിവയും ഇവരിൽ നിന്ന് പിടിച്ചെടുത്തിരുന്നു.

മൂന്ന് മാസമായി സംഘം ബാംഗ്ലൂർ കേന്ദ്രീകരിച്ച് കള്ളനോട്ട് അടിക്കാൻ തുടങ്ങിയിട്ട്. ജോസഫും ഷിഹാബും നേരത്തെയും കള്ള നോട്ട് കേസിൽ പൊലീസ് പിടിയിലായിട്ടുണ്ട്. നാല് മാസം ജയിലിലും കിടന്നിരുന്നു. പിന്നീട് ജയിലിൽ നിന്നും പുറത്തിറങ്ങി ബാംഗളൂരു കേന്ദ്രീകരിച്ച് കള്ളനോട്ടടി തുടങ്ങുകയായിരുന്നു. ഇത്തവണ കള്ളനോട്ടടിക്കൽ തുടങ്ങിയതിന് ശേഷം കേരളത്തിലും ബാംഗ്ലൂരിലുമായി ഒരു കോടിരൂപയലധികം മൂല്യം വരുന്ന കള്ള നോട്ടുകൾ ഇവർ വിതരണം ചെയ്തിട്ടുണ്ട്. കള്ള നോട്ട് വിതരണവുമായി കൂടുതൽ പേർ ബന്ധപ്പെട്ടിട്ടുണ്ടോ എന്ന പരിശോധനയിലാണ് പൊലീസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP