Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പാവങ്ങളുടെ ഡോക്ടർ ഷാനവാസിനെ കുടുക്കാൻ നല്കിയ കള്ളക്കേസ് കോടതി തള്ളി; വാർത്ത നൽകിയ മാതൃഭൂമിക്കെതിരേ മാനനഷ്ടക്കേസ് കൊടുക്കും; നഷ്ടപരിഹാരത്തുകയും ആദിവാസികളുടെ ചാരിറ്റിക്ക്

പാവങ്ങളുടെ ഡോക്ടർ ഷാനവാസിനെ കുടുക്കാൻ നല്കിയ കള്ളക്കേസ് കോടതി തള്ളി; വാർത്ത നൽകിയ മാതൃഭൂമിക്കെതിരേ മാനനഷ്ടക്കേസ് കൊടുക്കും; നഷ്ടപരിഹാരത്തുകയും ആദിവാസികളുടെ ചാരിറ്റിക്ക്

എം പി റാഫി

മലപ്പുറം: ആദിവാസികോളനികളിൽ മരുന്നും ഭക്ഷണവും വസ്ത്രവുമെത്തിച്ച് ആതുരസേവനരംഗത്തു വേറിട്ട പ്രവർത്തനം നടത്തിവരുന്ന യുവഡോക്ടർ നിലമ്പൂർ വടപുറം സ്വദേശി ഷാനവാസിനെതിരേ കള്ളക്കേസ് ചമച്ച് പ്രവർത്തനങ്ങൾ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചവർക്ക് തിരിച്ചടിയായി കോടതിവിധി. കള്ളക്കേസ് ചമച്ച് ഡ്യൂട്ടി സമയത്ത് മദ്യപിച്ചെന്നു കാട്ടി ഡോക്ടർക്കെതിരേ ചിലർ നടത്തിയ നാടകമായിരുന്നു കേസിനു പിന്നിൽ.

എന്നാൽ കഴിഞ്ഞ ദിവസം നിലമ്പൂർ കോടതി ഡോക്ടർ ഷാനവാസ് കുറ്റക്കാരനല്ലെന്നും ഷാനവാസിന്റെ ദേഹപരിശോധനാ മെഡിക്കൽ റിപ്പോർട്ടിൽ മദ്യപിച്ചതായി യാതൊരു തെളിവും ഇല്ലെന്നും കണ്ടെത്തിയതിനെ തുടർന്ന് കേസ് തള്ളുകയായിരുന്നു.

ഷാനവാസിനെതിരേ തെറ്റായ വാർത്ത ഫോട്ടോ സഹിതം പ്രസിദ്ധീകരിച്ച മാതൃഭൂമി ദിനപത്രത്തിനെതിരേ മാനനഷ്ടത്തിനു കേസു കൊടുക്കുമെന്നു ഡോ. ഷാനവാസ് അറിയിച്ചു. നഷ്ടപരിഹാരമായി ലഭിക്കുന്ന തുക ആദിവാസികൾക്കുള്ള ചാരിറ്റി പ്രവർത്തനങ്ങൾക്ക് ചെലവഴിക്കാനാണ് ഈ യുവഡോക്ടറുടെ തീരുമാനം.

ഒന്നര വർഷം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. 2013-ൽ ചുങ്കത്തറ ഗവൺമെന്റ് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഡോ.ഷാനവാസ് ഒഴിവുസമയങ്ങളിൽ ആദിവാസി കോളനികളിൽ സൗജന്യ ചികിത്സ നടത്താൻ സമയം കണ്ടെത്തിയിരുന്നു. ഡിസ്പൻസറിയിലേക്ക് ഷാനവാസിനെ തേടിയെത്തുന്ന രോഗികൾക്ക് സൗജന്യമരുന്നുകളും മറ്റു സഹായങ്ങളും സ്വന്തം ചെലവിൽത്തന്നെ നൽകിയിരുന്നു. ഇതോടെ ഗവൺമെന്റ് ആശുപത്രിയുടെ മുഖച്ഛായ മാറുന്ന കാഴ്ചയായിരുന്നു.

സ്വകാര്യ ആശുപത്രികളിൽനിന്നുമെല്ലാം ഷാനവാസിനെ തേടി എത്തുന്ന രോഗികളുടെ എണ്ണം ദിനേന കൂടിത്തുടങ്ങി. ഇത് പരിസരത്തുള്ള ക്ലിനിക്കുകളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുമെന്ന ഭീതിയായപ്പോൾ ഷാനവാസിനെതിരെ കള്ളക്കേസ് ചമയ്ക്കുകയായിരുന്നുവേ്രത. ഗവൺമെന്റ് ഡോക്ടർമാരും ഒപ്പം സ്വകാര്യ ക്ലിനിക്ക് നടത്തിയിരുന്നവരും രാഷ്ട്രീയക്കാരെ കൂട്ടുപിടിച്ചുനടത്തിയ നാടകമായിരുന്നു അതെന്ന് ഷാനവാസ് പറയുന്നു.

നിലമ്പൂർ ജില്ലാ ആശുപത്രിയിലെ പ്രമുഖ ഡോക്ടരും പഞ്ചായത്തിലെ പ്രമുഖരും മറ്റു ചിലരും ചേർന്നായിരുന്നു തന്നെ കുടുക്കിയതെന്നും കുറ്റവാളികളെ പിടികൂടി കൊണ്ടുപോകുന്ന തരത്തിൽ പൊലീസ് കൊണ്ടുപോവുകയായിരുന്നുവെന്നും ഷാനവാസ് പറയുന്നു. തനിക്കെതിരെയുണ്ടായ നീക്കങ്ങളെ കുറിച്ച് ഡോക്ടർ ഷാനവാസ് മറുനാടൻ മലയാളിയുമായി പങ്കുവച്ചതിങ്ങനെ:

''ചാരിറ്റി പ്രവർത്തനങ്ങളുമായി ഞാൻ രണ്ടുദിവസം ഉണ്ടായിരുന്നില്ല, ഈ സമയത്ത് എന്നെ നിർബന്ധിച്ച് ആശുപത്രിയിലേക്ക് വിളിപ്പിക്കുകയായിരുന്നു. ഞാൻ ഡ്യൂട്ടിയിൽ ഇല്ലാതിരുന്നിട്ടും എന്നെ വിളിക്കുകയും ആളില്ലാത്തതിനാൽ ഞാൻ അന്ന് ഡ്യുട്ടിയിൽ കയറുകയും ചെയ്തു. കഴിഞ്ഞ മൂന്നുദിവസത്തെ ഉറക്ക ക്ഷീണം എനിക്ക് നന്നായി ഉണ്ടായിരുന്നു. കാരണം, പട്ടാമ്പിയിലും മറ്റു പലയിടത്തും വനത്തിലുമൊക്കെയായി ചില ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി പോയതായിരുന്നു. പക്ഷേ, പെട്ടെന്ന് സൂപ്രണ്ടും മറ്റു ഡോക്ടർമാരും ചേർന്ന് ഞാൻ മദ്യപിച്ചെന്നു പറഞ്ഞ് ബഹളമുണ്ടാക്കുകയാണ് ചെയ്തത്. ഇതിനായി ചില ആളുകളെ പരസരത്ത് തയ്യാറാക്കി നിർത്തിയിരുന്നു. അവരും ഓടിയെത്തി. തിരക്കഥ പോലെ പിന്നാലെ പഞ്ചായത്ത് പ്രസിഡന്റും ഉണ്ടായിരുന്നു. അവർ പത്രക്കാരെയും പൊലീസിനെയും വിവരമറിയിച്ച് ഒരു ക്രിമിനലിനെ കൊണ്ടു പോകുന്ന തരത്തിൽ എന്നെ പൊലീസ് ജീപ്പിൽ കൊണ്ടു പോയി. ശേഷം താലൂക്ക് ആശുപത്രിയിൽ കൊണ്ടു പോയി എന്നെ പരിശോധിച്ച ഉടനെ അവിടത്തെ ഡോക്ടർ പറഞ്ഞിരുന്നു ഞാൻ മദ്യപിച്ചിട്ടില്ലെന്ന്, എന്നിട്ടും അത് മാറ്റി എഴുതാൻ ആ ഡോക്ടർക്ക് സമ്മർദവും ഉണ്ടായിരുന്നു.

എനിക്ക് ഏറ്റവും വിഷമം തോന്നിയത് സത്യമറിയാതെ മാതൃഭൂമിയിൽ എന്റെ ഫോട്ടോ സഹിതം വാർത്ത കൊടുത്തതാണ്. അതുകാരണം എനിക്ക് ഒരുപാട് മാനസിക സംഘർഷങ്ങൾ അനുഭവിക്കേണ്ടി വന്നു. പല വിവാഹാലോചനയും ഇതു കാരണം മുടങ്ങി. വേറെയും വ്യക്തിപരമായ പല പ്രശ്‌നങ്ങളുണ്ടായി. ഞാൻ കരുളായിയിലേക്ക് സ്ഥലം മാറിയെങ്കിലും ഇവർ കുറച്ചു പേരെ എതിർ കക്ഷിയാക്കി കേസ് നടക്കുന്നുണ്ടായിരുന്നു. ഡ്യൂട്ടിസമയത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നായിരുന്നു അതിലെ കുറ്റം. എന്നാൽ കോടതി എന്റെ നിരപരാധിത്വം മനസിലാക്കി കഴിഞ്ഞ ദിവസം നിലമ്പൂർ സി.ജെ.എം കോടതി വെറുതെ വിട്ടു. ഡോക്ടറുടെ പരിശോധനാ സർട്ടിഫിക്കറ്റ് മുൻ നിർത്തിയായിരുന്നു വിധി.''

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP