Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മണ്ഡലകാലം ആരംഭിച്ച് 24 ദിവസം പിന്നിടുമ്പോൾ നടവരവിൽ 24 കോടിയുടെ കുറവ് ! യുവതീപ്രവേശന വിഷയത്തിന് പിന്നാലെ ഭക്തരുടെ ഒഴുക്ക് കുറഞ്ഞതോടെ പ്രതിദിനം ഒരു കോടി രൂപയുടെ വരുമാനമാണ് ഇടിഞ്ഞതെന്ന് ദേവസ്വം ബോർഡ് അധികൃതർ; ഗണ്യമായി കുറഞ്ഞത് മലയാളി തീർത്ഥാടകരുടെ എണ്ണം; കനത്ത നഷ്ടം നേരിടുന്നതിനാൽ രണ്ടാം ഗഡു ലേലത്തുക അടയ്ക്കാൻ സാധിക്കാതെ ശബരിമലയിലെ വ്യാപാരികൾ

മണ്ഡലകാലം ആരംഭിച്ച് 24 ദിവസം പിന്നിടുമ്പോൾ നടവരവിൽ 24 കോടിയുടെ കുറവ് ! യുവതീപ്രവേശന വിഷയത്തിന് പിന്നാലെ ഭക്തരുടെ ഒഴുക്ക് കുറഞ്ഞതോടെ പ്രതിദിനം ഒരു കോടി രൂപയുടെ വരുമാനമാണ് ഇടിഞ്ഞതെന്ന് ദേവസ്വം ബോർഡ് അധികൃതർ; ഗണ്യമായി കുറഞ്ഞത് മലയാളി തീർത്ഥാടകരുടെ എണ്ണം; കനത്ത നഷ്ടം നേരിടുന്നതിനാൽ രണ്ടാം ഗഡു ലേലത്തുക അടയ്ക്കാൻ സാധിക്കാതെ ശബരിമലയിലെ വ്യാപാരികൾ

മറുനാടൻ ഡെസ്‌ക്‌

ശബരിമല: ശബരിമല യുവതീ പ്രവേശന വിഷയം ഉണ്ടാക്കിയ അലയോലികൾ കുറഞ്ഞു വരുന്നതിനൊപ്പം ആശങ്കാപരമായ മറ്റൊരു വാർത്ത കൂടി. മുൻ വർഷങ്ങളെ അപേക്ഷിച്ച് ശബരിമലയിലെ ഭക്തരുടെ എണ്ണത്തിൽ കുറവ് വന്നതോടെ അത് നടവരവിനേയും കാര്യമായി ബാധിച്ചു. പ്രതിദിനം ഒരു കോടി രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. മണ്ഡലകാലം ആരംഭിച്ച് 24 ദിവസം പിന്നിടുമ്പോൾ 24 കോടിയുടെ നഷ്ടമാണ് നടവരവിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ദേവസ്വം ബോർഡ് അധികൃതർ പറയുന്നു.

മലയാളി തീർത്ഥാടകരുടെ എണ്ണത്തിലാണ് ഗണ്യമായ കുറവുണ്ടായിരിക്കുന്നതെന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം. തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നും പിന്നെയും തീർത്ഥാടകർ എത്തുന്നുണ്ട്. ഇതിനൊപ്പം തന്നെ ആശങ്കയുയർത്തുന്ന വാർത്തയാണ് ഇവിടത്തെ വ്യാപാരികളും കനത്ത നഷ്ടം നേരിടുന്നു എന്നുള്ളത്.

കച്ചവടം നടക്കാത്തതിനാൽ വ്യാപാരികൾ ദേവസ്വം ബോർഡിൽ അടയ്ക്കേണ്ട രണ്ടാം ഗഡു ലേലത്തുക ഇതുവരെ അടച്ചിട്ടില്ല. നവംബർ 30ന് മുൻപ് അടയ്ക്കണമെന്നായിരുന്നു ദേവസ്വം ബോർഡ് നോട്ടീസ് നൽകിയിരുന്നത്. കച്ചവടം നഷ്ടമായതിനെ തുടർന്ന് ലേലത്തുകയിൽ കുറവ് വരുത്തണമെന്നാണ് വ്യാപാരികളുടെ ആവശ്യം. അതേസമയം, തീർത്ഥാടകർ കൂടുമ്പോൾ സ്ഥിതിക്ക് മാറ്റം വരുമെന്ന നിലപാടിലാണ് ബോർഡ്. യുവതീ പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ സംഘപരിവാർ നടത്തുന്ന വ്യാപക പ്രചരണം ശബരിമലയിലെ വരുമാനത്തെയും ബാധിച്ചതായാണ് ബോർഡിന്റെ വിലയിരുത്തൽ.

46,02,195 രൂപയുടെ അഭിഷേകമാണ് ഇതുവരെ നടന്നത്. ഇത് കഴിഞ്ഞ തവണ 50 ലക്ഷത്തിന് മുകളിലായിരുന്നു. അതിനിടെ സംസ്ഥാന സർക്കാരിനെതിരെ ദക്ഷിണേന്ത്യയിൽ പ്രചാരണം ശക്തമാക്കാൻ കഴിഞ്ഞദിവസം പത്തനംതിട്ടയിൽ ചേർന്ന ഗുരുസ്വാമിമാരുടെ യോഗം തീരുമാനിച്ചു. ആന്ധ്ര, തെലങ്കാന, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള ഗുരുസ്വാമിമാരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്.

മണ്ഡലപൂജ - മകരവിളക്ക് സമയത്ത് അയൽ സംസ്ഥാന തീർത്ഥാടകർ ശബരിമലയിലേക്ക് കൂടുതലായി എത്താറുണ്ട്. ഈ സമയങ്ങളിൽ പ്രചാരണ യോഗങ്ങൾ സംഘടിപ്പിക്കാനും ശബരിമലയിൽ നടക്കുന്ന നാമജപത്തിൽ പങ്കെടുക്കാനും ഗുരുസ്വാമിമാർ അയ്യപ്പഭക്തരോട് അഭ്യർത്ഥിച്ചു. സന്നിധാനത്ത് ഇപ്പോൾ നടക്കുന്ന നാമജപം മകരവിളക്കിന് ശേഷം നട അടയ്ക്കുന്നതുവരെ തുടരാനാണ് സംഘപരിവാറിന്റെ നീക്കം.

'മുൻ വർഷത്തെ അപേക്ഷിച്ച് വരുമാനം കുറഞ്ഞു എന്നത് സത്യമാണ്. ഇപ്പോൾ ഭക്തരുടെ വരവ് കൂടിയിട്ടുണ്ട്. ഭക്തർക്കിടയിലുണ്ടായ തെറ്റിദ്ധാരണ മാറിയിട്ടുണ്ട്. വരും ദിവസങ്ങളിൽ വരുമാന വർദ്ധന ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും' ദേവസ്വം ബോർഡ് അംഗം കെ.പി ശങ്കരദാസ് അറിയിച്ചു.

ശബരിമലയിൽ സാഹചര്യങ്ങൾ മാറി : ഹൈക്കോടതി

ശബരിമലയിൽ സാഹചര്യങ്ങൾ മാറിയെന്നും നിലവിൽ പ്രശ്‌നമുള്ളതായി കാണുന്നില്ലെന്നും ഹൈക്കോടതി വാക്കാൽ പരാമർശിച്ചു. ബിജെപിക്കാരായതിനാൽ ശബരിമല ദർശനത്തിനു പോയ തങ്ങളെ പമ്പയിൽ തടഞ്ഞതായി പരാതിപ്പെട്ട് കൊടകര സ്വദേശി വിബിൻ തുടങ്ങി മൂന്നു പേർ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണു പരാമർശം. ഹർജിക്കാർക്കു ദർശനത്തിന് ഏതുദിവസവും പോകാൻ തടസ്സമില്ലെന്ന് സർക്കാർ അറിയിച്ചതിനെത്തുടർന്നു ഹർജി തീർപ്പാക്കി.

നവംബർ 29നു 35 ഭക്തരുടെ സംഘത്തിൽനിന്നു തങ്ങളെ മൂന്നു പേരെ പമ്പയിൽ തടഞ്ഞുവെന്നാണു ഹർജിക്കാരുടെ പരാതി. പ്രത്യേക രാഷ്ട്രീയ പാർട്ടി ഇറക്കിയ സർക്കുലറിന്റെ അടിസ്ഥാനത്തിൽ ശബരിമലയിൽ എത്തിയവരാണെന്ന് സർക്കാർ ആരോപിച്ചു. സുപ്രീംകോടതി വിധിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഇവർക്കെതിരെ നേരത്തേ കേസുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP